Wednesday 2 October 2013

ശ്രേഷ്ഠഭാഷയ്ക്കായി കേന്ദ്രസ്ഥാപനം ആവശ്യപ്പെടും - മുഖ്യമന്ത്രി

മാതൃഭൂമി. ഒക്ടോബര്‍ 2, 2013

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തില്‍ മലയാള ഭാഷയ്ക്കായി തിരുവനന്തപുരം ആസ്ഥാനമാക്കി പഠന - ഗവേഷണ സ്ഥാപനമനുവദിക്കാന്‍ ആവശ്യപ്പെട്ടു് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു് തീരുമാനം.

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ച സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനത്തിനു പ്രസക്തിയുണ്ടു്. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ശശി തരൂറിനു് ഇക്കാര്യത്തില്‍ സഹായകമായ നിലപാടു് സ്വീകരിക്കാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു് ശ്രേഷ്ഠഭാഷാദിനമായി ആചിരിക്കും. തിരുവനന്തപുരത്തും മറ്റു ജില്ലകളിലും ഇതോടനുബന്ധിച്ചു പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ശ്രേഷ്ഠഭാഷാദിനം സമുചിതമായി ആഘോഷിക്കണം.