Monday 31 March 2014

ശ്രേഷ്ഠഭാഷയും സിനിമയും

മലയാള സിനിമയെ സമഗ്രമായി ശ്രേഷ്ഠഭാഷ പദവിക്കു് അനുസൃതമായി വിലയിരുത്തപ്പെടുന്നു.

സ്വാതന്ത്രലബ്ധിക്കു ശേഷം ആറു് ദശകങ്ങള്‍ പിന്നിട്ട ശേഷം ഇതാ കുഴിച്ചുമൂടപ്പെട്ട ആ ആംഗലേയ ഭാഷാപ്രയോഗം വീണ്ടും തല പൊക്കിയിരിക്കുന്നു. 2013 മേയ് 23നു് മലയാളനാടിനും ഭാഷയ്ക്കും അഭിമാന ദിനം! നമ്മുടെ മാതൃഭാഷ മലയാളത്തിനു് ശ്രേഷ്ഠഭാഷ പദവി നല്‍കിക്കൊണ്ടു് രാഷ്ട്രം ബഹുമാനിച്ചിരിക്കുന്നു! ഒമ്പതാം നൂറ്റാണ്ടു മുതലേ സ്വതന്ത്രഭാഷ ആയിരുന്ന മലയാളം പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ തനതായ സാഹിത്യകൃതികള്‍ നല്‍കിവന്നു. ആ ഭാഷയ്ക്കു്, നമ്മുടെ അമ്മ മലയാളത്തിനു് ലഭിച്ചിരിക്കുന്നു ശ്രേഷ്ഠഭാഷ പദവി.....

ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമ ഈ ഭാഷയുടെ ശ്രേഷ്ഠത്വം എങ്ങനെ കാണുന്നു? മലയാള സിനിമയുടെ ഭാഷാസ്നേഹം ഒന്നു് വിലയിരുത്തേണ്ടേ? നമുക്കു് ശീര്‍ഷകങ്ങള്‍ എന്ന സുന്ദര മലയാള പദം മനസ്സിലാകാത്ത മലയാളിക്കു് വേണ്ടി ഈ പദം ഉപയോഗിക്കുന്നതു് മുതല്‍ തുടങ്ങാം.....

മലയാള സിനിമയെ സമഗ്രമായി ശ്രേഷ്ഠഭാഷ പദവിക്കു് അനുസൃതമായി വിലയിരുത്താനും വിശകലനം ചെയ്യാനും ലേഖനം മതിയാവില്ല......

വിദേശചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ sub-titles മലയാളത്തിലോ മറ്റു പ്രാദേശിക ഭാഷകളിലെ കാണിക്കുന്നതു പോലെ  മലയാള സിനിമയ്ക്കു് മലയാളത്തില്‍ sub-titles എഴുതിക്കാണിക്കേണ്ടിവരും, അത്ര വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ.....

ആംഗലേയ ഭാഷയോടു് എന്തിനീ വിധേയത്വം?....

പടങ്ങളുടെ പേരിലെങ്കിലും ശ്രേഷ്ഠഭാഷയെ നമുക്കു് പ്രതിഷ്ഠിച്ചുകൂടെ?...

ഇവിടെ വായിക്കുക

.

Sunday 23 February 2014

ലിപികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം

പഴയലിപിയുടെയും പുതിയലിപിയുടെയും അച്ചടിയിലെ വലിപ്പച്ചെറുപ്പം സംബന്ധിച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരസ്പരവിരുദ്ധമായി വന്ന ലേഖനങ്ങള്‍ ഒന്നു വിശകലനം ചെയ്യാനുള്ള ഒരു ശ്രമം ആണിവിടെ. ഞാന്‍ വിദഗ്ദ്ധന്‍ അല്ല എന്ന കാരണത്താല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇതിനോടൊപ്പം ചേര്‍ക്കുന്നു. വിധികര്‍ത്താക്കള്‍ നിങ്ങളാണു്. തെറ്റുണ്ടെങ്കില്‍ തിരുത്താം.

1.
'പരിഷ്കരിച്ചു് പരിഷ്കരിച്ചു് ഭാഷയെ കൊല്ലുന്നു' എന്നു ഡിസംബര്‍ 22, 2013 ലെ ലേഖനം, Page 47ല്‍ ലേഖകന്‍ റൂബിന്‍ ഡിക്രൂസ് പറയുന്നു - 'സ്ഥലം കൂടുതല്‍ എടുക്കുമെന്നതിനാല്‍ പത്ര-പുസ്തക പ്രസാധന സംവിധാനത്തിനു് പഴയ ലിപിയിലേക്കു് മടങ്ങിപ്പോകാനാവില്ല. പഴയ ലിപി ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ വരികള്‍ക്കു് ഇടയില്‍ വിടേണ്ട ഇടം വല്ലാതെ കൂടുന്നു. തൃശ്ശൂരില്‍ എന്നെഴുതുമ്പോള്‍ ഇരട്ട ശയുടെ താഴെ വരുന്ന ു അടയാളം മുതല്‍ രിയില്‍ വരുന്ന വള്ളിയുടെ തുഞ്ചംവരെയാണു് ഒരു അക്ഷരത്തിന്റെ പൊക്കത്തിനായി വിടേണ്ടുന്ന സ്ഥലം. ഒരു ഡെക്കു കൂടുതല്‍ എന്നു പറയാം. ട്ടു, ക്രു, മ്പ്യൂ, ഗ്രൂ, ബ്ദ, സ്ത എന്നിവ പോലുള്ളവയും സ്ഥലം കൂടുതലെടുക്കുന്നു. പിരിച്ചെഴുതുന്ന വ്യഞ്ജനങ്ങള്‍ കൂട്ടി എഴുതുമ്പോള്‍ ലാഭിക്കുന്ന സ്ഥലത്തേക്കാള്‍ കൂടുതലാണു് വരികള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന സ്ഥലം. വ്യഞ്ജനത്തിന്റെ, പ്രത്യേകിച്ചും കൂട്ടക്ഷരത്തിന്റെ താഴെയും മറ്റും വരുന്ന സ്വരാടയാളങ്ങള്‍ വായിക്കുവാന്‍ പറ്റാത്ത വിധം ചെറുതുമായിരിക്കും. വരികള്‍ക്കിടയില്‍ കിടക്കുന്നതിന്റെ അഭംഗിയും ഉണ്ടാവും. പഴയ ലിപി കുറച്ചു സ്ഥലമേ എടുക്കൂ എന്ന പ്രചാരണം അസത്യമാണെന്നു് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണു്.'

2.
'തനതു ലിപി തന്നെ വേണം. മാനകീകരണവും അനിവാര്യം' എന്നു ഡിസംബര്‍ 29, 2013 ലെ ലേഖനം Page 32 ല്‍ ലേഖകന്‍ മനോജ് കെ പുതിയവിള പറയുന്നു 'തനതുലിപിയില്‍ നിന്നു് വിഘടിത ലിപിയിലേക്കുള്ള മാറ്റത്തില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ അധികം സ്ഥലം അച്ചടിക്കാനായെടുക്കും എന്നൊരു കണക്കു് മുന്‍പു തന്നെയുണ്ടു്. 'കു'യു, 'കൂ'യും 'ക്ത'യുമൊക്കെ പിരിച്ചു നീളം വെപ്പിക്കലായിരുന്നല്ലോ പരിഷ്ക്കരണം. തനതു ലിപിയിലേക്കു് തിരിച്ചു പോകുമ്പോള്‍ സ്വാഭാവികമായും ഇത്രയും സ്ഥലം അച്ചടിയില്‍ ലാഭിക്കാന്‍ കഴിയും. ജിസ്റ്റില്‍ അടിച്ച ഒരു പുസ്തകം രചനയില്‍ അടിക്കുമ്പോള്‍ (കണ്‍വര്‍ട്ടു് ചെയ്യുമ്പോള്‍) ഇരുപതു ശതമാനം വരെ കുറവുവരാറുണ്ടു്. ഫോണ്ടിന്റെ സൈസില്‍ ഒരു ചെറുതാക്കലും വരുത്താതെയാണിതു്. നൂറു പേജ് അച്ചടിക്കുന്ന പുസ്തകം എണ്‍പതു പേജായി ചുരുങ്ങുക എന്നതു് പ്രസാധനവ്യവസായത്തെ സംബന്ധിച്ചു് അവഗണിക്കാന്‍ കഴിയാത്ത കണക്കാണു്. ഇതു് പത്തോ അഞ്ചോ ശതമാനം എന്നു പരിഗണിച്ചാല്‍ പോലും വലിയ നേട്ടമാണു്.

പത്രങ്ങളിലേക്കും ആഴ്ചപ്പതിപ്പുകളിലേക്കും വരുമ്പോള്‍ ഈ സ്പേസ്‌ലാഭം മറ്റൊരു രൂപം കൊള്ളുന്നു. തനതുലിപിയില്‍ സ്പേസ് കുറയുമെന്നുവച്ചു് പത്രങ്ങളും മാഗസീനുകളും പേജുകളുടെ എണ്ണം കുറയ്ക്കാന്‍ പോകുന്നില്ല. തനതു ലിപിയിലേക്കു് മാറുകയാണെങ്കില്‍ അഞ്ചു ശതമാനം സ്പേസ് ലാഭിക്കാമെന്നു വെക്കുക. പ്രധാന ദിനപ്പത്രത്തില്‍ എല്ലാ പേജുകളിലുമായി അത്രയും സ്പേസില്‍ ഇടാന്‍ കഴിയുന്ന ഒരു ദിവസത്തെ പരസ്യങ്ങള്‍ക്കു് എത്ര ലക്ഷങ്ങള്‍ വിലവരും? ഇവിടെയാണു് പുതിയ സാങ്കേതികയും പഴയ ലിപിയും പ്രസാധനവ്യവസായത്തെ ഭ്രമിപ്പിക്കാന്‍ പോകുന്നതു്.'

3.
'തനതുലിപി ഹരിതസാങ്കേതികയാണു് ' എന്നു ഫെബ്രുവരി 23, 2014 ലെ ലേഖനം Page 42ല്‍ ലേഖകന്‍ കെ എച്ച് ഹുസൈന്‍ പറയുന്നു 'പരിഷ്ക്കരിച്ച ലിപിയിലേക്കു മാറുമ്പോള്‍ അഞ്ചുമുതല്‍ ഏഴുവരെ ശതമാനം സ്പേസ് കൂടുതലെടുക്കും എന്നു്എഴുപതുകളില്‍ തന്നെ എന്‍ വി കൃഷ്ണവാരിയരും ഡോ പരമേശ്വരനും കണ്ടെത്തിയിരുന്നു. സാമാന്യ യുക്തികൊണ്ടു് എത്തിച്ചേരാവുന്ന ഈ നിഗമനമാണതു്. സ്വരചിഹ്നങ്ങള്‍ വ്യഞ്ജനങ്ങളില്‍ നിന്നു വേര്‍പെടുത്തി കൂട്ടക്ഷങ്ങളെല്ലാം ചന്ദ്രക്കലയിട്ടു പിരിക്കുമ്പോള്‍ പുതിയ ലിപിയില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരുകയേയുള്ളു. പഴയ ലിപിയിലേക്കു്അച്ചടി തിരിച്ചു പോകുമ്പോള്‍ കണക്കൊന്നു് തിരിച്ചിട്ടാല്‍ മതി. അഞ്ചോ ആറോ ശതമാനം സ്പേസ് അച്ചടിയില്‍ കുറയും. അതിനൊരു കാരണവും അദ്ദേഹം കണ്ടെത്തുന്നു. മലയാളത്തിലെ ലംബമായി വരുന്ന കൂട്ടക്ഷരങ്ങള്‍ സ്ഥലലാഭം തനതുലിപിയില്‍ ലഭിക്കുന്നു എന്നതാണു് ഇതുവരെയുള്ള അനുഭവം. ഫോണ്ടിന്റെ വലുപ്പത്തില്‍ കുറവു വരുത്താതെയാണു് ഇതു് നേടിയെടുക്കുന്നതു്.'

ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കി നിങ്ങള്‍ തന്നെ തീരുമാനിക്കൂ ഇതില്‍ ഏതാണു് ശരിയെന്നു്

ഒരേ ഫോണ്ട് സൈസ് 18ല്‍ അഞ്ജലി പഴയ ലിപിയും അഞ്ജലി പുതിയ ലിപിയും ആണു് റ്റൈപ്പടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതു്. (വലിപ്പം തുല്യമാണെന്നു വിശ്വസിക്കുന്നു)
Paint.net ല്‍ ടെക്‍സ്റ്റു് ഇന്‍പുട്ടു് വഴിയാണു് അക്ഷരങ്ങല്‍ ചേര്‍ത്തിരിക്കുന്നതു്.


രണ്ടു ലിപികളും തമ്മിലുള്ള നീളവ്യത്യാസം വ്യക്തമാണു്.

ഇനി നമുക്കു് അടുത്തടുത്തായി കിടക്കുന്നു 'റ്റുകി' പ്രത്യേകം എടുക്കാം. റ്റു ന്റെ താഴെ മുതല്‍ കി യുടെ മുകളില്‍ വരെയുള്ളതു പൊക്കമായും റ്റു ന്റെ ഇടതു അറ്റം മുതല്‍ കിയുടെ വലതേ അറ്റം വരെ നീളമായും എടുക്കാം.

പഴയ ലിപിയില്‍ മൊത്തം നീളം 314 pixels ഉം, പൊക്കം 259 pixels ഉം. രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 81326 pixels.


പുതിയ ലിപിയില്‍ മൊത്തം നീളം 368 pixels ഉം, പൊക്കം 224 pixels ഉം, രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 82432 pixels.


ചിത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവ റീസൈസ് ചെയ്തു ഇവിടെ തരികിട കാണിച്ചിട്ടുണ്ടെന്നു ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഇതു് സ്വയം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണു്.

വേണമെങ്കില്‍ ലേഖകന്‍ പറഞ്ഞ വാക്കു് തൃശ്ശൂരില്‍ തന്നെ നോക്കാവുന്നതാണു്.



പഴയ ലിപി - 348x122=42456 pixels
പുതിയ ലിപി - 407x111=45177 pixels
വ്യത്യാസം = 2721 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

പക്ഷെ കുറച്ചു അക്ഷരങ്ങള്‍ മാത്രം വിശകലനം ചെയ്തിട്ടു കാര്യമില്ല. കാരണം ലിപികള്‍ തമ്മിലുള്ള പൊക്കവ്യത്യാസം 59 pixels എന്നു മുകളിലെ ചിത്രത്തിലേതു് വരിയെ മൊത്തം ബാധിക്കും എന്നതിനാല്‍ നമുക്കു് ഒരു വരി മുഴുവന്‍ എടുത്തു നോക്കാം.‌



പഴയ ലിപി 516x38=19608 pixels
പുതിയ ലിപി 559x34=19006 pixels
ഇവിടെ വലിപ്പവ്യത്യാസം  602 pixels നേരെ വിപരീതമായി. (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികള്‍ തമ്മിലുള്ള അകലം പരിശോധിക്കാം


വരികള്‍ തമ്മിലുള്ള അകലം പഴയ ലിപിയില്‍ കുറവായാണു് കാണുന്നതു്. അക്ഷങ്ങള്‍ തമ്മിലുള്ള പൊക്കവ്യത്യാസം വരികള്‍ തമ്മിലുള്ള അകലത്തില്‍ കണക്കു തീര്‍ത്തിരിക്കുന്നു.

പഴയ ലിപി 205x199=40795 pixels
പുതിയ ലിപി 227x203=46081 pixels
വ്യത്യാസം 5286 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ മദ്ധ്യം തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി 205x205=42025 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 3827 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ വക്കുകള്‍ തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി  206x223=45938 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 83 pixels (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഒരേ വലുപ്പത്തിലുള്ള പഴയ ലിപിയും പുതിയ ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തിയതില്‍ ശ്രദ്ധയില്‍ പെട്ടതു്.

ഉകാരം ചേര്‍ന്ന പഴയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കൂടുതലും നീളക്കുറവും വിസ്തീര്‍ണ്ണക്കുറവും. ഉകാരം ചേര്‍ന്ന പുതിയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കുറവും നീളക്കൂടുതലും വിസ്തീര്‍ണ്ണക്കൂടുതലും. പഴയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കൂടുതല്‍. പുതിയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കുറവു്. വരികളുടെ മദ്ധ്യഭാഗം തമ്മില്‍ സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കുറച്ചു മതി. വരികള്‍ക്കിടയിലെ വിടവു് സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കൂടുതല്‍  വേണം.

പ്രശ്നം ഇവിടെ തീരുന്നില്ല.

ലിപികള്‍ ഏതുപയോഗിച്ചാലും അതു് വ്യക്തമായി വായിക്കുവാന്‍ സാധിക്കണം. പഴയ ലിപിയിലെ ഉകാരവും ഊകാരവും ചില അക്ഷരങ്ങളില്‍ വ്യക്തമായി കാണുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ പഴയ ലിപി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫോണ്ടിന്റെ വലുപ്പം പുതിയ ലിപിയെ അപേക്ഷിച്ചു് വലുതായിരിക്കണം. അങ്ങനെ വരുമ്പോള്‍ സ്വരങ്ങള്‍ വ്യഞ്ജനത്തോടു് ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന സ്ഥലലാഭം പഴയലിപിയുടെ കൂടിയ വലുപ്പത്തില്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. വലുപ്പം പിന്നെയും കൂടിയാല്‍ പഴയ ലിപി അച്ചടിക്കാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവന്നേക്കാം.


ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു് ലേഖകരും പൂര്‍ണ്ണമായ സത്യം പറഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍.

കാര്യമാത്രപസക്തമായ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

.

Friday 21 February 2014

തനതുലിപി ഹരിതസാങ്കേതികതയാണു്

.
ലിപിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഓരോന്നിനും അക്കമിട്ടുള്ള മറുപടിയാണു് ഈ പ്രതികരണത്തില്‍.

പക്ഷെ

1. //ഈ ഫോണ്ടുകളിലൂടെ തനത് അക്ഷരങ്ങളിലാണു് ഇന്ന് വിദ്യാര്‍ത്ഥികളും എഴുത്തുകാരുമൊക്കെ ഓണ്‍ലൈന്‍ പത്രങ്ങളും മാസികകളും ബ്ലോഗുകളും മലയാളം വിക്കിയുമൊക്കെ വായിക്കുന്നതു്// എന്ന നിഗമനത്തില്‍ എത്താനുള്ള അടിസ്ഥാനം എന്താണെന്നു ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. താഴെ കൊടുത്തിരിക്കുന്ന പടം നോക്കൂ. ബ്രൗസറിലെ ഡിഫാള്‍ട്ടു് ഫോണ്ടു് മാറ്റിയാല്‍ അവനവനു് ഇഷ്ടമുള്ള ലിപിയില്‍ ഇന്റര്‍നെറ്റു് താളുകള്‍ വായിക്കുവാന്‍ സാധിക്കും എന്നു കാണാം.


 2. //കേരള ഗസറ്റിന്റെ ഇരുപതു ലക്ഷത്തിലേറെ പേജുകളും സര്‍ക്കാര്‍ ഉത്തരവുകളുമാണ് തനതു ലിപിയില്‍ ഇന്ന് അന്വേഷണവിധേയമാകുന്നതു്// എന്നു പറയുമ്പോള്‍ ഉദ്ദേശിച്ചതു് യൂണിക്കോഡ് കോഡ് എന്നായിരിക്കാം. പക്ഷെ യൂണിക്കോഡെന്നു പറയുന്നതും ഫോണ്ടു് എന്നു പറയുന്നതും രണ്ടും രണ്ടാണെന്ന തിരിച്ചറിവിന്റെ ലക്ഷണം ഇവിടെ സ്പഷ്ടമല്ല. ഇലക്ട്രോണിക്കു് ഡേറ്റ സൂക്ഷിക്കപ്പെടുന്നതു് ഫോണ്ടായിട്ടല്ല മറിച്ചു് യൂണിക്കോഡ് ആയിട്ടാണെന്നും സര്‍ച്ചു് ചെയ്യപ്പെടുന്നതു് ലിപി അല്ല മറിച്ചു് കോഡ് ആണെന്നും ഉള്ള കാര്യം ലേഖകന്‍ വ്യക്തമാക്കുന്നില്ല.

3. //രണ്ടാമത്തെ ഭാഗത്തെത്തിയപ്പോള്‍ (മലയാളം ഉള്ള ഭാഗത്തു്) ഇരുപതിനായിരത്തിലേറെ മലയാള പദങ്ങള്‍ സോര്‍ട്ടു് ചെയ്യാന്‍ ഐ എസ് എം ജിസ്റ്റിലുള്ള പേജ്മേക്കറിനോ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനോ കഴിയാതെ വന്നു. ഓരോ വരികളുമെടുത്തു് വെട്ടി മാറ്റി മാനുവല്‍ ആയി സോര്‍ട്ടു് ചെയ്യാന്‍ മാസങ്ങളെടുക്കും.// മലയാളം സോര്‍ട്ടു് ചെയ്യാന്‍ പറ്റാതെ വന്നതിനു കാരണം അവ ASCII ലെ മലയാളം ആയിരുന്നു എന്നതിനാലാണെന്നു മനസ്സിലാക്കാം.

4. // ടെക്‍സ്റ്റ് മൊത്തം യൂണിക്കോഡിലേക്കു് മാറ്റി ലിനക്സില്‍ സോര്‍ട്ടു ചെയ്യുക എന്നൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു. ഋഷികേശ് അത് ഏറ്റെടുത്ത് ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ തനതുലിപിയിയില്‍ അകാരാദിക്രമത്തില്‍ അടുക്കി. അപ്പോഴാണു് മറ്റൊരു പ്രശ്നം. പഴയ ലിപിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു് പ്രസിദ്ധീകരിക്കില്ല. സോര്‍ട്ടു ചെയ്ത പദാവലി മുഴുവന്‍ ഇപ്പോള്‍ പുതിയ ലിപിയിലേക്കു് മാറ്റി അവര്‍ പ്രൂഫു് വായിച്ചുകൊണ്ടിരിക്കുകയാണു്. // എന്നും പറയുന്നതു് പൂര്‍ണ്ണമായും ശരിയാണോ? ഡിജിറ്റല്‍ ഡേറ്റ അകാരാദിക്രമത്തില്‍ അടുക്കാന്‍ ഉപയോഗപ്പെടുത്തുന്നതു് അതിന്റെ കോഡല്ലേ? ഫോണ്ടാണോ? പുതിയ ലിപി ആയാലും പഴയ ലിപി ആയാലും അതു് യീണിക്കോഡിലായതിനാല്‍ അല്ലേ സോര്‍ട്ടു് ചെയ്യാന്‍ എളുപ്പമാകുന്നതു് ? അല്ലാതെ തനതു ലിപിയില്‍ ആയതുകൊണ്ടാണോ? കോഡ് ASCIIല്‍ ആണെങ്കില്‍ ഫോണ്ടു് തനതു് ലിപി ആയാലും പുതിയ ലിപി ആയാലും സോര്‍ട്ടു് ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ലേ?


വാദിച്ചുജയിക്കാനുള്ള ആവേശത്തില്‍ ശാസ്ത്രം മറന്നുള്ള അഭിപ്രായപ്രകടനം ഉണ്ടായതു് ഭാഷയോടുള്ള അമിതമായ സ്നേഹം കൊണ്ടായിരിക്കാം.

താഴെ കൊടുത്തിരിക്കുന്നതു് ശരിയാണോ അല്ലയോ എന്നു വിദഗ്ദ്ധര്‍ പറയട്ടെ :

യൂണിക്കോഡു് എന്നതു് ഒരു എന്‍കോഡിംഗു് രീതിയാണു്.  പുതിയ ലിപിയോ പഴയലിപിയോ ആയിട്ടല്ല CPU യൂണിക്കോഡ് മലയാളത്തെ കാണുന്നതു്. ഉദാ: പഴയ ലിപിയോ പുതിയ ലിപിയോ ഏതുപയോഗിച്ചും കര്‍ക്കിടകം എന്നു റ്റൈപ്പു് ചെയ്തുകഴിഞ്ഞാല്‍ യൂണിക്കോഡു് അതിനെ ക + ര + ് + ക + ് + ക + ി + ട + ക + ം എന്നിങ്ങനെ പിരിച്ചതിനു ശേഷം ഓരോന്നിന്റെയും അക്ഷങ്ങളായിട്ടു് തിരിച്ചറിയുന്നതിനു പകരം അതാതിന്റെ കോഡ്‌നമ്പര്‍ ആയിട്ടാണു് വിശകലനം ചെയ്യുന്നതും ഹാര്‍ഡ്‌ഡിസ്കില്‍ ശേഖരിക്കുന്നതും. വിശകലനം കഴിഞ്ഞാല്‍ കോഡു് നമ്പര്‍ മോണിറ്ററില്‍ തെളിയിക്കുന്നതിനു പകരം അതാതിന്റെ അക്ഷരങ്ങള്‍ ആയി മോണിറ്ററില്‍ കാണിക്കും. അതു വായിക്കുവാന്‍ ഉപയോഗിക്കുന്നതു് പഴയ ലിപിയിലെ ഫോണ്ടാണോ പുതിയ ലിപിയിലെ ഫോണ്ടാണോ എന്നതാശ്രയിച്ചാണു് ഓരോ കോഡ്‍നമ്പറും ലിപിയുടെ രൂപം കൈക്കൊള്ളുന്നതു്. അതായതു് ഇന്‍പുട്ടു് ചെയ്ത ലിപി ഏതു തന്നെ ആയാലും ഔട്ട്പുട്ടു് ചെയ്യുന്ന രീതിക്കുപയോഗിക്കുന്ന ഫോണ്ടിനനുസരിച്ചു് ലിപിക്കു് രൂപഭേദമുണ്ടാകും.

മുകളില്‍ കൊടുത്തിരിക്കുന്ന അഭിപ്രായം തിരുത്തലിനു വിധേയമാക്കാവുതാണു്.

.

Monday 17 February 2014

തമിഴിന്റെ നഷ്ടവും മലയാളത്തിന്റെ നേട്ടവും

ലിപിയില്‍ അക്ഷരങ്ങള്‍ കുറക്കുന്നതു് കാലക്രമേണ വളരെ ദോഷം ചെയ്യും അന്നതു് മനസ്സിലാക്കണമെങ്കില്‍ മലയാളം ലിപിയും തമിഴ് ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി.

തമിഴിലെ അക്ഷരമാലയും മലയാളത്തിലെ അക്ഷരമാലയും പരിശോധിച്ചാല്‍ തമിഴില്‍ അക്ഷരങ്ങള്‍ കുറവാണെന്നു കാണാം. ഇതു ലിപിയുടെ കാര്യത്തില്‍ ശരിയാണെങ്കിലും ഉച്ചാരണത്തില്‍ എല്ലാ അക്ഷരങ്ങളും അവര്‍ ഉച്ചരിച്ചിരുന്നു. നഩവു് എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമായ ഩ എന്നതിനു പകരം ന ആണു് മലയാളികള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നതെങ്കിലും ഉച്ചരിക്കുമ്പോള്‍ ആദ്യത്തെ ന യും രണ്ടാമത്തെ ന യും രണ്ടു തരത്തിലാണു് ഉച്ചരിക്കുന്നതു് എന്നു പറഞ്ഞതു പോലെയാണു് തമിഴര്‍ അക്ഷരമാലയിലെ തമിഴക്ഷരം ഉപയോഗിച്ചു് വാക്കുകള്‍ ഉച്ചരിച്ചിരുന്നതു്.

തമിഴ് അക്ഷരമാല

അആഇഈഉഊഋൠഌൡഎഏഐഒഓഔഅംഅഃ - அஆஇஈஉஊஎஏஐஒஓஔஅ​ஃ
ചിഹ്നങ്ങള്‍ - ്ാിീുൂൃെേൈൊോൗംഃ - ்ாிீுூெேைொ ோ ை ஃ
കഖഗഘങ - கxxxங (x = ലിപി ഇല്ല)
ചഛജഝഞ - சxஜxஞ
ടഠഡഢണ - டxxxண
തഥദധന - தxxxந
ഺഩ - ഺந
പഫബഭമ - பxxxxம
യരലവ - யரலவ
ശഷസഹ - ஷஷஸஹ
ളറഴ - ளறழ
എന്നിങ്ങനെ എഴുതുമ്പോള്‍ തമിഴ് ലിപിയില്‍ ഖരം, അതിഖരം, മൃദു, ഘോഷം എന്നിവയ്ക്കെല്ലാം ഖരാക്ഷരം മാത്രം എഴുതുവാന്‍ ഉപയോഗിച്ചു് സന്ദര്‍ഭം അനുസരിച്ചു് അതു് ഖരമായോ, അതിഖരമായോ, മൃദുവായോ, ഘോഷമായോ ഉച്ചരിക്കുന്ന രീതിയാണു് പിന്‍തുടര്‍ന്നിരുന്നതു്. സ്വരങ്ങളില്‍ ൠഌൡ എന്നിവ തമിഴില്‍ ഇല്ല. ശഷ എന്നിവയക്കു് രണ്ടിനും കൂടി ஷ എന്ന ഒരക്ഷരമേ ലിപിയില്‍ ഉള്ളു.

തമിഴര്‍ അക്ഷരങ്ങളുടെ എണ്ണം കുറച്ചതു് പോലെ നമുക്കു് മലയാളത്തില്‍ എന്തിനാണു് ഇത്ര അക്ഷരം എന്നു ചിന്തിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ടു്. മലയാളത്തിലെ അക്ഷരങ്ങള്‍ കുറക്കുന്നതു് കൊണ്ടു് എന്തെങ്കിലും നേട്ടും ഉണ്ടോ? അതുകൊണ്ടു് മലയാളം പഠിക്കുന്നതു് എളുപ്പമാകുമോ? വാസ്തവത്തില്‍ മലയാളികള്‍ കാലകൃമേണ ഉപേക്ഷിച്ചുകളഞ്ഞ ൠഌൡഩ എന്നിവയും റ്റ യുടെ ഇരട്ടിപ്പില്ലാത്ത വര്‍ത്സ്യഖരവും മലയാളത്തിലെ അക്കങ്ങളും വിഭിന്ന സംഖ്യകളും തിരിച്ചു് മലയാളത്തില്‍ കൊണ്ടുവരുന്നതല്ലേ മലയാളത്തെ കുറച്ചുകൂടി സമ്പന്നമാക്കാന്‍ നല്ലതു്?

സ്വയം അനുഭവിച്ചറിയുന്നതിനേക്കാള്‍ നല്ലതു് മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതല്ലേ? തമിഴരുടെ അനുഭവത്തില്‍ അവരുടെ അക്ഷരമാലയിലില്ലാത്ത അക്ഷരങ്ങള്‍ അവര്‍ പണ്ടു് ഉച്ചരിച്ചിരുന്നുവെങ്കിലും കാലക്രമേണ വിദ്യാഭ്യാസമില്ലാത്തവര്‍ ഉച്ചാരണശുദ്ധി ഇല്ലാത്തവര്‍ ആവുകയും ലിപി മറന്നു പോവുകയും ചെയ്യുന്നു. മലയാളത്തിലെ വാക്കുകള്‍ കുറച്ചാല്‍ ഇതു തന്നെ മലയാളത്തിനും സംഭവിക്കാവുന്നതാണു്.

വിദേശഭാഷയും സ്വദേശഭാഷയും കൂടിക്കലരുമ്പോള്‍ ഒരു സങ്കരഭാഷ ഉണ്ടാവുക സ്വാഭാവികമാണെന്നു് പല രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. സ്വദേശഭാഷയെ മാറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതു് ലിപിയാണു്. മലയാളത്തിലെ ലിപികള്‍ വ്യക്തവും ശക്തവും ആയതിനാല്‍ സംസാരരീതി വടക്കനോ തെക്കനോ കിഴക്കനോ പടിഞ്ഞാറനോ ഏതായാലും ലിപി അതിന്റേതായ രൂപത്തില്‍ തന്നെ തുടരും. ഉച്ചാരണത്തിനു് ഇംഗ്ലീഷില്‍ (phonetics) പ്രത്യേകലിപികള്‍ ഉപയോഗിച്ചു് കാണിക്കുന്നതു് പോലെ മലയാളത്തിനു് വിവിധ പ്രാദേശിക ഉച്ചാരണത്തിനു് പ്രത്യേക ലിപികള്‍ ഉപയോഗിക്കേണ്ടതില്ല.

രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ പല തീവെപ്പും കൊള്ളയും പണ്ടു നടന്നിരുന്നതുകൊണ്ടും, സായിപ്പിന്റെ ഭരണകാലത്തു് പല രേഖകളും വിദേശമ്യൂസിയങ്ങളിലേക്കും സ്വകാര്യശേഖരങ്ങളിലേക്കും കപ്പല്‍ കയറിയതുകൊണ്ടും, നാട്ടുകാര്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ തല്‍പ്പരര്‍ അല്ലാതിരുന്നതുകൊണ്ടും മലയാളത്തിലെ പ്രാചീനലിപിരൂപങ്ങളെപ്പറ്റിയുള്ള രേഖകള്‍ പലതും നമുക്കു് നഷ്ടമായി. എങ്കിലും പഴമക്കാര്‍ പറഞ്ഞുകേട്ടു് എഴുതിക്കാണിച്ച അറിവു് വച്ചു് നോക്കുമ്പോള്‍ പരമ്പരാഗത മലയാളം ലിപി കുറച്ചുകൂടി ധന്യയായിരുന്നു എന്നു വേണം കരുതാന്‍. ഫയല്‍ ഫണം എന്നിവയിലെ രണ്ടു തരം ഫകാരത്തിനും, നഩവു് എന്നതിലെ രണ്ടു തരം നകാരത്തിനും, ഇരട്ടിക്കാത്ത റ്റകാരത്തിനും, അക്കങ്ങള്‍ക്കും, ഭിന്നസംഖ്യകള്‍ക്കും പ്രത്യേകം ലിപി പണ്ടു് മലയാളത്തിനു് ഉണ്ടായിരുന്നു. നഩവു് എന്ന വാക്കിലെ വ്യഞ്ജനങ്ങള്‍ എഴുതുവാന്‍ ഒരേ ലിപി ഉപയോഗിച്ചു് നനവു് എന്നെഴുതി രണ്ടു തരത്തില്‍ വായിച്ചുച്ചരിക്കുന്ന രീതിയാണു് നമ്മള്‍ തുടര്‍ന്നുപോരുന്നതു്. തമിഴര്‍ക്കു സംഭവിച്ചതു് പോലെ അക്ഷരങ്ങള്‍ കുറക്കുന്നതിനു പകരം മലയാള അക്ഷരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഭാഷയ്ക്കു് ഉത്തമം. ഒരു ശരാശരി മലയാളിക്കു് ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ (മലയാളം, English, Manഗ്ലീഷ്, हिन्दि, தமிழ், അറബി) സ്വായത്തമാക്കാമെങ്കില്‍ ലിപിയില്‍ ഒന്നുരണ്ടക്ഷരം കൂടുന്നതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ആയിരിക്കുമെന്നു പറയുന്നതില്‍ ന്യായം കാണുന്നില്ല.
.

Sunday 16 February 2014

സംവൃതോകാരം

കേരള പാണിനീയം - ഉമ്മറപ്പടി
കേരള പാണിനീയം
വിക്കിപീഡിയ
ചിന്ത - പി സോമനാഥന്‍, മലയാള വിഭാഗം, കലിക്കറ്റു് യുണിവേഴ്സിറ്റി
സിബു സി ജെ
ഉമേഷ്
സംവൃതോകാരവും ലിപി പരിഷ്കരണവും - ഉമേഷ്
വിശദീകരണം - ഉമേഷ്
ശരിയും തെറ്റും - ചര്‍ച്ച
നര്‍മ്മം - ഒളിയമ്പുകള്‍
ഒളിയമ്പുകള്‍ - മാരീചന്‍

ഒരു തീരുമാനവും ആകാതെ ചര്‍ച്ചകള്‍ അങ്ങനെ നീണ്ടു പോകുന്നു. കാര്‍ന്നോര്‍ ഇത്രയും കാലം എഴുതിപ്പോന്നിരുന്നതു് തെറ്റെന്നു് കുട്ടികള്‍. കുട്ടികള്‍ പഠിച്ചതു് തെറ്റെന്നും അതു് തിരുത്തണം എന്നു് കാര്‍ന്നോര്‍. ആരു് പറയുന്നതാണു് ശരി?

ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ മലയാളം വിദ്വാന്മാര്‍ അറിയുന്നില്ല. അറിയുന്നവര്‍ക്കു് കംപ്യൂട്ടറും ഇന്റര്‍നെറ്റും മലയാളം ടൈപ്പടിയും ബാലികേറാമലയായി ഇപ്പോഴും നിലകൊള്ളുന്നതിനാല്‍ മറുപടി എഴുതുവാന്‍ സാധിക്കുന്നില്ല.

Wednesday 12 February 2014

എന്റെ മലയാളം

മലയാളമനോരമ, ഫെബ്രുവരി 12, 2014

ശ്രേഷ്ഠഭാഷാവര്‍ഷത്തില്‍ മലയാളമനോരമയുടെ പ്രവര്‍ത്തനം.

' സമാന മലയാള പദത്തിനായി മലയാള മനോരമ കണ്ടെത്തിയ 50 വാക്കുകളില്‍ ഓരോന്നിനും വായനക്കാര്‍ നല്‍കിയതു് നൂറുകണക്കിനു് നിര്‍ദ്ദേശങ്ങള്‍. അവയില്‍ സമാനപദങ്ങളാണു് അര്‍ത്ഥവും ആശയവും വ്യക്തമാകുന്നുവെന്നു പരിശോധനാസമിതി കണ്ടെത്തിയതു്. ഇവയ്ക്കൊപ്പം മറ്റു 15 വാക്കുകള്‍ക്കു് ഇപ്പോള്‍ പ്രചാരത്തിലുള്ള ചില വാക്കുകള്‍ കൃത്യമായി യോജിക്കുന്നവയാണെന്നും സമിതി കണ്ടെത്തി. പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചവരില്‍ നിന്നു നറുക്കെടുത്ത 15 വിജയികളുടെ പട്ടികയും ഇതോടൊപ്പം '

മലയാളമനോരമയും മറ്റു മാദ്ധ്യമങ്ങളും മനസ്സു വച്ചാല്‍ ഈ വാക്കുകള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ സാധിക്കും. മാദ്ധ്യമങ്ങള്‍ അതു് ചെയ്യും എന്നു നമുക്കു് പ്രത്യാശിക്കാം.


alzheimers - മറവിരോഗം
archive - പുരാശേഖരം
database - വിവരശേഖരം
dementia - ഓര്‍മ്മക്ഷയം
demonstration - മാതൃകാവതരണം
directory - യന്ത്രപ്പടി
dubbing - മൊഴിപ്പകര്‍ച്ച
episode - ലക്കം
flag march - ജാഗ്രതാജാഥ
generic medicine - മൂലൗഷധം
house boat - വഞ്ചിവീടു്
hump - വേഗത്തട
menu - ഇനിവിവരം
moral police - സദാചാരഗുണ്ട
peak load - പരമോപയോഗം
petroling - റോന്ത്
prospectus - വിവരപത്രിക
secretariate - ഭരണാലയം
social media - സമൂഹമാദ്ധ്യമം
stem cell - മൂലകോശം
ticket counter - ചീട്ടിടം
toilet - ശുചിമുറി
track record - കര്‍മ്മരേഖ
users fee - ഉപയോഗച്ചുങ്കം
vote on account - ചിലവനുമതി
warm up - മെയ്യൊരുക്കം
warrant - ആജ്ഞാപത്രം
warranty - ഉറപ്പുരേഖ
wig - പൊയ്‌മുടി

.

കേരളകൗമുദി പഴയലിപിയിലേക്കു് - ഭാഗികമായി

http://www.keralakaumudi.com/news/print/feb11/page1.pdf

പത്രാധിപര്‍ എഴുതുന്നു -

കേരളകൗമുദിയുടെ 103ാം വാര്‍ഷിക ദിനമാണു് ഇന്ന്. പത്രത്തിന് പ്രസരിപ്പിന്റെ പുതിയ ഒരു മുഖം നല്‍കാനുള്ള യത്നത്തിന് ഞങ്ങള്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. ഉള്ളടക്കവും അവതരണവും ഭാഷയും മാത്രമല്ല ലിപി പോലും പരിഷ്കരിച്ചുകൊണ്ടാണ് ഈ ഉദ്യമം. ഉള്ളടക്കത്തിന് കൂടുതല്‍ വൈവിദ്ധ്യവും അവതരണത്തില്‍ കൂടുതല്‍ ആധുനികതയും വരമൊഴിയുടെ തൊങ്ങലുകള്‍ പരമാവധി ഒഴിവാക്കിയ ഭാഷയും മാന്യവായനക്കാര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കിന്നത്. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളത്തെ അതിന്റെ തനിമയിലേക്കു് ആനയിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ലിപിയിലെ പരിഷ്കാരം. അടുത്ത വര്‍ഷം സംസ്ഥാനത്തെ സ്കൂളുകള്‍ പഴയ ലിപി സമ്പ്രദായത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവേ ഈ മാറ്റം പുതുതലമുറയ്ക്ക് വഴികാട്ടിയാകുമെന്ന് ഞങ്ങള്‍ കരുതുന്നു. മാന്യവായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണു്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

-എഡിറ്റര്‍

കേരളകൗമുദി ദിനപ്പത്രത്തില്‍ തലക്കെട്ടുകള്‍ ഒഴികെ വാര്‍ത്തകളില്‍ അച്ചടിക്കാനായി പഴയ ലിപി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെങ്കിലും അതും പൂര്‍ണ്ണമായി പഴയ ലിപി ആയെന്നു പറയാനാവില്ല.

൧. വടിയും കുനിപ്പും ഉപേക്ഷിച്ചു് ഉകാരവും ഊകാരവും റകാരവും വ്യഞ്ജനത്തോടു് ചേര്‍ത്തിട്ടുണ്ടു് എന്നതാണു് ശ്രദ്ധേയമായ മാറ്റം.
൨. കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മേല്‍കീഴായിയുള്ള കൂട്ടക്ഷരങ്ങള്‍ ഇപ്പോഴും ചന്ദ്രക്കല ഇട്ടു് വേര്‍തിരിച്ചാണു് അച്ചടിക്കുന്നതു്. ഉദാഃ ഴ്‌ച, ഫ്‌ള, ശ്‌ന, യ്‌തു ഇത്യാദി.
൩. സംവൃതോകാരം ഉപയോഗിക്കുന്നില്ല.
൪. രേഫം ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.

Kerala Koumudi Daily - February 15, 2014 by Madhava Bhadran





Saturday 8 February 2014

പ്രത്യയയോഗവും പദയോഗവും

Prathyayogavum Padayogavum - Dr PK Tilak Feb 02, 2014 by Madhava Bhadran

ഭാഷയിലെ സന്ധി നിയമങ്ങള്‍ പരീക്ഷയ്ക്കു് വേണ്ടി മാത്രം പഠിക്കേണ്ടുന്ന ഒന്നല്ല. ഭാഷയുടെ മാനകീകരണവുമായി ബന്ധപ്പെട്ടു് ഗൗരവകരമായി പരിഗണിക്കേണ്ടുന്ന വിഷയമാണു്. സംസ്കൃതം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ നിന്നു് മലയാളം പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ടു്. പ്രത്യയങ്ങളോടു ചേര്‍ന്നുള്ള പദങ്ങള്‍ പോലും നിരവധി കാണാം. ഓരോ ഭാഷയ്ക്കും അതിന്റെതായ സന്ധിരീതികള്‍ ഉണ്ടു്. കടമെടുത്ത പദങ്ങള്‍ അതു് പ്രകടിപ്പിക്കുകയും ചെയ്യും.

Wednesday 5 February 2014

മലയാളം ലിപി - ഉത്ഭവവും വികാസവും


.
...ജീവത്ഭാഷകളെല്ലാം പരിണാമത്തിനു വിധേയമാണു്. ആ മാറ്റം ലിപിഘടനയിലും വന്നുചേരും. അതുകൊണ്ടു് കാലം കഴിയുമ്പോള്‍ ലിപികള്‍ക്കു് ഇനിയും മാറ്റമുണ്ടാകാം. ആ മാറ്റമെല്ലാം നാം സ്വാഗതം ചെയ്യേണ്ടതാണു്.

എങ്കില്‍ പിന്നെ - ു ൂ ൃ മുതലായ പുതിയ ലിപി ചിഹ്നങ്ങള്‍ 1971ലെ സര്‍ക്കാര്‍ ഉത്തരവു് വഴി നിലവില്‍ വരുത്താമെങ്കില്‍ എന്തുകൊണ്ടു് പഴയ വര്‍ത്സ്യാക്ഷരങ്ങള്‍ (ചിത്രം കാണുക) കൂടി വീണ്ടും ഒരു സര്‍ക്കാര്‍ ഉത്തരവു് വഴി പ്രാബല്യത്തില്‍ വരുത്തിക്കൂട?
വിക്കിപീഡിയ
വിക്കി സംവാദം
മലയാളം ലിപി ഉത്ഭവവും വികാസവും
.

Saturday 1 February 2014

സന്ധിയും വര്‍ണ്ണവികാരവും

Sandhiyum Varnavikaravum - Dr PK Thilak - Jan 26, 2014 by Madhava Bhadran

.

സങ്കര ലിപി

പഴയ ലിപിയും പുതിയ ലിപിയും ഇടകലര്‍ത്തി ഉപയോഗിക്കുമ്പോഴും താന്‍ ചെയ്യുന്നതെന്താണെന്നു് എഴുതുന്നവര്‍ പോലും അറിയുന്നില്ല. ഈ പേജില്‍ അതിനുള്ള ഉദാഹരണങ്ങള്‍ ആണു് പോസ്റ്റ് ചെയ്യുന്നതു് കൂടുതല്‍ കിട്ടുന്ന മുറയ്ക്കു് പുതിയവ ചേര്‍ക്കുന്നതായിരിക്കും.

ആലപ്പുഴ പൂങ്കാവു് ലെവല്‍ ക്ലോസ്സില്‍ കണ്ടതു് - ഇന്ത്യന്‍ റെയില്‍വേ വക

കയ്യക്ഷരത്തില്‍ രണ്ടു തരം ഉകാരം - പഴതും പുതിയതും

പോസ്റ്റര്‍



Monday 27 January 2014

ഭാഷമാത്രം ശ്രേഷ്ഠമായാല്‍ മതിയോ? അക്ഷരങ്ങള്‍ വേണ്ടേ?

കെ എച്ച് ഹുസൈന്‍ സംസാരിക്കുന്നു. Copy of post by നാലാമിടം on June 13, 2013

ശ്രേഷ്ഠ ഭാഷാ പ്രഖ്യാപനത്തോടെ സംവാദങ്ങളുടെ പെരുവഴിയിലാണു് നമ്മുടെ മലയാളം. ഭാഷയുടെ പല തലങ്ങള്‍ സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതിലൊന്നും ഇടം കിട്ടാതെ ഒരു സുപ്രധാന വിഷയം ദൂരെ മാറി നില്‍ക്കുന്നുണ്ടു് - മലയാളത്തിന്റെ അക്ഷരങ്ങള്‍. പൊതു ചര്‍ച്ചകള്‍ക്കോ അഭിപ്രായ സമന്വയങ്ങള്‍ക്കോ ഇടം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്കു് മാറ്റിയ ലിപി ഇന്നും നമ്മുടെ ചര്‍ച്ചകളുടെ പുറത്താണു്.

എന്നാല്‍, ഭാവിയുടെ മലയാള ലിപി എന്താവണമെന്ന ചര്‍ച്ച അനിവാര്യമായ സന്ധിയിലാണു് നമ്മള്‍. പുതിയ ലിപിയെന്നു പറഞ്ഞു പാഠപുസ്തകങ്ങളിലൂടെ സര്‍ക്കാര്‍ പോറ്റിവളര്‍ത്തിയ അക്ഷര സഞ്ചയങ്ങള്‍ ഭാഷാ സാങ്കേതികതയുടെ കാലത്തു് പിന്നിലേക്കു പോവുകയാണു്. പഴയതെന്നു പറഞ്ഞു തള്ളിക്കളഞ്ഞ ലിപി ഒരു സംഘം ഭാഷാപ്രേമികളുടെ മുന്‍കൈയില്‍ വിവരവിനിമയങ്ങളുടെ പാതയിലേക്കു് ഉജ്വലമായി തിരിച്ചെത്തുകയുമാണു്. ഇ-ബുക്കുകളുടെയും ഇ-റീഡറുകളുടെയും ഓപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്നിഷന്റെയും യാന്ത്രിക വിവര്‍ത്തനത്തിന്റെയും ഭാവിയിലേക്കു ലിപികളെ സജ്ജമാക്കേണ്ട നേരമാണിതു്. പുതുതായി രൂപം കൊണ്ട മലയാള സര്‍വ്വകലാശാലയുടെ ആലോചനകളില്‍ പോലും ഇതില്ല.

ഈ പശ്ചാത്തലത്തില്‍, ഗൌരവമേറിയ ഈ വിഷയം കേരളത്തിന്റെ പരിഗണനയ്ക്ക വെക്കുകയാണു് മലയാള ഭാഷാ സാങ്കേതികതയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ പ്രധാനിയായ കെ.എച്ച് ഹുസൈന്‍. 

ഭാഷയുടെ പഴമ ഒരു ഭാഷാസമൂഹത്തിന്റെ ആഴങ്ങളാണു്. മലയാളം ശ്രേഷ്ഠമാകുമ്പോള്‍ കടന്നുപോന്ന കാലത്തിന്റെ വിസ്തൃതിയോളം മലയാളി വലുതാകുന്നു.

ശ്രേഷ്ഠഭാഷാപദവി കിട്ടുന്നതിനായി പല സംഘടനകളുടെയും പണ്ഡിതരുടേയും അക്ഷീണശ്രമങ്ങളുണ്ടായിട്ടുണ്ടു്. മലയാളം അംഗീകരിക്കപ്പെടാനുള്ള സാദ്ധ്യതകള്‍ ഇതരഭാഷാപ്രേമികളുടെ ഇടപെടല്‍മൂലം പലപ്പോഴും മങ്ങിപ്പോയിരുന്നു. അതൊക്കെ മറികടന്നാണു് നമ്മുടെ മാതൃഭാഷ ഔദ്യോഗികമായി ശ്രേഷ്ഠപദവിയിലേക്കുയര്‍ത്തപ്പെടുന്നതു്. വര്‍ഗ്ഗ-ജാതിഭേദങ്ങളെ ഭാഷ അതിവര്‍ത്തിക്കുമ്പോഴും അതെത്രമാത്രം കക്ഷിരാഷ്ട്രീയപരിഗണനകള്‍ക്കു വിധേയമാണു് എന്നു കൂടി ഈ സന്ദര്‍ഭം വെളിവാക്കുന്നു.

അടുത്ത കാലത്തായി പൊതുമാദ്ധ്യമങ്ങളില്‍ ശ്രേഷ്ഠഭാഷാപദവിയെ കുറിച്ചു ധാരാളം ചര്‍ച്ചകളും അഭിമുഖങ്ങളും നാം കണ്ടു. സാഹിത്യകാരന്മാരും ഭാഷാവിദഗ്ദ്ധരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ഇതില്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും അനുമാനങ്ങളും ചരിത്രവസ്തുതകളും അവതരിപ്പിക്കപ്പെട്ടു. അത്ഭുതകരമെന്നു പറയട്ടെ പലരും പറയാന്‍ വിട്ടുപോയ ഒരു കാര്യമുണ്ടു്. നമ്മുടെ അക്ഷരങ്ങളെക്കുറിച്ചു്. അതേതു കോലത്തിലായാലും വേണ്ടിയില്ല, ശ്രേഷ്ഠപദവി കിട്ടിയാല്‍ മതി എന്നുവരെ തോന്നിച്ചു അക്ഷരത്തെക്കുറിച്ചുള്ള മൗനം. നൂറുകണക്കിനു സംവാദങ്ങളില്‍നിന്നും ഒറ്റപ്പെട്ട് സി. രാധാകൃഷ്ണന്‍ മാത്രം ‘മലയാള’ത്തിലെ പംക്തിയില്‍ ലിപിയെ സ്പര്‍ശിച്ചെഴുതി. വിവിധ സോഫ്റ്റ്‌വെയറുകളിലും പ്രയോഗങ്ങളിലും അക്ഷരങ്ങളുടെ ഏകീകരണം സാദ്ധ്യമാക്കണമെന്ന പ്രധാനപ്പെട്ട ഒരു തത്വം അദ്ദേഹം ഉന്നയിച്ചു.

അക്ഷരങ്ങളുടെ രൂപത്തെക്കുറിച്ചു് ഈയിടെ ഒരു തമിഴു് പണ്ഡിതനുമായി സംസാരിക്കാനിടയായി. അക്ഷരങ്ങള്‍ക്കു് രൂപങ്ങള്‍ കൈവരുന്നതിനെക്കുറിച്ചു് അദ്ദേഹം പറഞ്ഞ അഭിപ്രായം ‘ശബ്ദത്തില്‍ത്തന്നെ രൂപം അടങ്ങിയിരിക്കുന്നു, രൂപം ശബ്ദത്തിന്റെ പ്രതിബിംബമാണു്’ എന്നൊക്കെയായിരുന്നു. മലയാളിയ്ക്കു് ഇതു് വിചിത്രവും അസംബന്ധവുമായ വാദങ്ങളാണു് എന്നു് ഞാന്‍ പറഞ്ഞു. അക്ഷരങ്ങളുടെ രൂപങ്ങള്‍ക്കു് അത്ര പ്രാധാന്യമില്ലെന്നും, ആശയങ്ങളും അര്‍ത്ഥങ്ങളുമാണു് ഞങ്ങള്‍ക്ക് വലുതു് എന്നും കൂട്ടിച്ചേര്‍ത്തു. അക്ഷരങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്കരിക്കാമെന്നും അനാവശ്യമെന്നു തോന്നുന്നവ നഖം ചെത്തിമിനുക്കുന്നതു പോലെ ഒതുക്കിയെടുക്കാമെന്നും ആ വഴിക്കുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ നാല്പതുവര്‍ഷമായി കഠിനമായി മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. തമിഴു് പണ്ഡിതനു് ഇതൊന്നും ആലോചിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല. തര്‍ക്കിക്കാനോ തിരുത്താനോ അദ്ദേഹം മുതിര്‍ന്നതുമില്ല. സംസാരത്തിന്റെ അവസാനം ഒന്നു മാത്രം പറഞ്ഞു: “നിങ്ങളുടെ ഭാഷയ്ക്കു് അധികം ആയുസ്സില്ല.”

ലിപിയുടെ തനിമയും സമഗ്രതയും

1999 ല്‍ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. “ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി അതിന്റെ ലിപി മാറ്റലാണു്.” മലയാളം കമ്പ്യൂട്ടിംഗില്‍ മാതൃഭാഷയുടെ നഷ്ടപ്പെട്ടുപോയ എല്ലാ ലിപിരൂപങ്ങളും പുനഃസൃഷ്ടിക്കാന്‍ കഴിയും എന്നു് വാദിച്ച രചന അക്ഷരവേദിയുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഈ അഭിപ്രായപ്രകടനം ഉണ്ടായതു്. “നമ്മുടെ ഭാഷയ്ക്കു് നമ്മുടെ ലിപി” എന്നതായിരുന്നു രചനയുടെ സന്ദേശം. പതിനാലു വര്‍ഷങ്ങള്‍കൊണ്ടു് മലയാളഭാഷാസാങ്കേതികത കൈവരിച്ച വളര്‍ച്ചയുടെ ദിശാബോധം നിര്‍ണ്ണയിച്ചതു് ചിത്രജകുമാറിന്റെ നേതൃത്വത്തിലാരംഭിച്ച രചന അക്ഷരവേദിയായിരുന്നു. പിന്നീടതിന്റെ പ്രവര്‍ത്തനങ്ങള്‍ ‘സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് ‘ വിപുലപ്പെടുത്തുകയും ഭാഷാസാങ്കേതികതയുടെ വികസനത്തില്‍ സുപ്രധാന സംഭാവനകള്‍ നല്കുകയും ചെയ്തു.
ഈയടുത്തകാലംവരെ കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് രചനയ്ക്കെതിരായിരുന്നു. ലിപിപരിഷ്ക്കരണത്തിനു് നേതൃത്വം വഹിച്ചവരെന്നനിലയ്ക്കു് അവരുടെ എതിര്‍പ്പു് സ്വാഭാവികവുമായിരുന്നു. ഭാഷാസാങ്കേതികത ഇന്നെത്തിനില്ക്കുന്ന വളര്‍ച്ച നിരീക്ഷിക്കുമ്പോള്‍ മലയാളത്തിന്റെ എല്ലാ കൂട്ടക്ഷരങ്ങളും പ്രത്യേക സ്വരരൂപങ്ങളും ഉള്‍ക്കൊണ്ടു് രചന അവതരിപ്പിച്ച സമഗ്രലിപിസഞ്ചയം ഭാഷാവ്യവഹാരത്തിന്റെ അടിസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നു കാണാം. മലയാളത്തിലെ ക്ലാസ്സിക് ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും രചന ഉപയോഗിച്ചു തനതുലിപിയില്‍ ഇതിനകം അച്ചടിച്ചുകഴിഞ്ഞു.

ആദ്ധ്യാത്മരാമായണം (ഡി.സി.), ദശോപനിഷത്തു് (ഡി.സി.), ചതുര്‍വ്വേദം (മാതൃഭൂമി), സത്യവേദപുസ്തകം-ബൈബിള്‍ (ഗോസ്പല്‍ ഫോര്‍ ഏഷ്യ), യതിചരിതം (മലയാള പഠന ഗവേഷണകേന്ദ്രം) തുടങ്ങി ഇരുന്നൂറോളം ബൃഹത്ഗ്രന്ഥങ്ങളാണു് ഈ നിരയിലുള്ളതു്. യൂണികോഡ് ഭാഷാസാങ്കേതികതയുടെ വരവോടെ മലയാളത്തിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളൊക്കെ തനതുലിപി സാദ്ധ്യമാക്കുന്ന രചന, മീര എന്നീ ഫോണ്ടുകളിലാണു് പ്രസാധനം ചെയ്യപ്പെടുന്നതു്. പ്രമുഖ പത്രങ്ങളായ മാതൃഭൂമി, മംഗളം, ദേശാഭിമാനി, ചന്ദ്രിക എന്നിവ ഇതിലുള്‍പ്പെടും. യൂറോപ്യന്‍ ഭാഷകളേക്കാള്‍ പേജ്‌ഡെപ്തില്‍ മുന്നില്‍ നില്ക്കുന്ന മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നതു മലയാളത്തിന്റെ തനതുലിപിയാണു്. രചനയും മീരയുമാണു് അതിന്റെ ‘ഡിഫോള്‍ട്ട് ഫോണ്ടുകള്‍’.

പഴയതു്, പരിഷ്കരിച്ചതു്, ഏറ്റവും പുതിയതു്

‘പഴയലിപി’ അങ്ങനെ മലയാളത്തിന്റെ ‘ഏറ്റവും പുതിയ ലിപി’യായി മാറിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ ഏഴെട്ടുവര്‍ഷങ്ങളായി ഐ ടി അറ്റ് സ്കൂള്‍ ലിനക്‌സി (it@schoollinux) ലൂടെ മുപ്പതു് ലക്ഷത്തിലേറെ കുട്ടികള്‍ രചനയും മീരയും ഉപയോഗിച്ച് മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെട്ടുകഴിഞ്ഞു. കേരള ഐടി മിഷന്റെ കീഴിലുള്ള മലയാളം കമ്പ്യൂട്ടിംഗ് കോഴ്സ് മീര ഉപയോഗിച്ചു തനതുലിപിയിലാണു പഠിപ്പിക്കുന്നതു്. പാഠപുസ്തകങ്ങളെല്ലാം പരിഷ്കരിച്ച ലിപിയിലാണെന്നതോ, ഒന്നാംക്ലാസ്സുമുതല്‍ പഠിക്കുന്നതു് ‘പുതിയ ലിപി’യിലാണെന്നതോ വിദ്യാര്‍ത്ഥികള്‍ക്കു് തനതുലിപി പരിചയിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളതാണു് കൗതുകകരം.

മലയാളിയുടെ ചരിത്രബോധത്തിനും സൗന്ദര്യബോധത്തിനും ഇണങ്ങിയ യഥാര്‍ത്ഥ ലിപിരൂപം അന്യംനിന്നുപോകില്ലെന്ന രചനയുടെ വാദം ശരിവയ്ക്കുകയാണു പുതിയ തലമുറ. നാലോ അഞ്ചോ വര്‍ഷത്തെ ശ്രമവും ശ്രദ്ധയുമുണ്ടെങ്കില്‍ 40 വര്‍ഷത്തെ ലിപിസ്ഖലിതങ്ങളെ നേരെയാക്കിയെടുക്കാമെന്നുള്ളതാണു് യാഥാര്‍ത്ഥ്യം.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളം അച്ചടിയില്‍ വരാന്‍പോകുന്ന വമ്പിച്ചമാറ്റം ക്ലാസിക്കല്‍ അക്ഷരരൂപങ്ങളുടെ പുനഃസ്ഥാപനത്തിനു വേഗം കൂട്ടും. മലയാളം ടൈപ്പ്‌സെറ്റിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന അഡോബ് പേജ്‌മേക്കര്‍ യൂണീകോഡിലേക്കുള്ള ചുവടുവെയ്പാരംഭിച്ചിട്ടു് ഒരു വര്‍ഷം കഴിയുന്നു. അഡോബ് ഇന്‍ഡിസൈന്‍ സിസി7 (Adobe InDesign CC7) ല്‍ മലയാള അക്ഷരങ്ങളുടെ രൂപപ്പെടലി (Rendering) ലുണ്ടായ അപാകതകളൊക്കെ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിലെ രജീഷ് കെ. നമ്പ്യാരുടേയും അഡോബിലെ വിനോദ് ബാലകൃഷ്ണന്റേയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ മലയാളത്തിന്റെ ആയിരത്തോളം വരുന്ന എല്ലാ അക്ഷരരൂപങ്ങളും അനായാസമായി പേജ് ലേഔട്ടില്‍ ആവിഷ്കക്കരിക്കാം എന്നിടത്തു് എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി ഡിറ്റിപിയില്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്ന ISM ഗിസ്റ്റിന്റേയും പരിഷ്കരിച്ച ലിപിയുടേയും പ്രഭവകാലം അസ്തമിക്കുകയാണു്.

സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ അനേകായിരം കമ്പ്യൂട്ടറുകളില്‍ വേഡ്‌പ്രൊസസ്സിംഗില്‍ മീര ഫോണ്ടിന്റെ പ്രായോഗക്ഷമത ഇന്നു് അംഗീരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റിലെ മലയാളം സൈറ്റുകളിലും ബ്ലോഗുകളിലും തനതുലിപിയുടെ സ്വീകാര്യത ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണു്. സ്കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും തനതുലിപിയിലുള്ള മലയാളം കമ്പ്യൂട്ടിംഗ് പഠനം പൂര്‍വ്വാധികം വ്യാപകമാകുകയാണു്. പത്രമാസികകള്‍ പഴയ ലിപിയിലിറങ്ങാനുള്ള ഡിറ്റിപിയിലെ മുന്നൊരുക്കങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കകം പ്രസാധനവ്യവസായത്തെ അടിമുടി മാറ്റിമറിക്കും. ഇതിനൊക്കെ ആസ്പദമായ ഭാഷാസാങ്കേതികത മലയാളത്തിന്റെ ക്ലാസിക്കല്‍ അക്ഷരങ്ങളുടെ ആവിഷ്കാരത്തിനായി പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുകയാണു്.

ആഹ്ലാദകരമായ ഇത്തരമൊരവസ്ഥ, മറ്റൊരു മേഖലയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, സന്നിഗ്ദ്ധാവസ്ഥകളും സൃഷ്ടിക്കും. ഭാഷാസാങ്കേതികതയിലെ മാറ്റങ്ങള്‍ കണക്കാക്കാതെ പാഠപുസ്തകങ്ങള്‍ പഴഞ്ചനായ പരിഷ്കരിച്ച ലിപിയില്‍ത്തന്നെ അച്ചടിച്ചിറക്കാനുള്ള സംവിധാനങ്ങളും മനോഭാവങ്ങളുമാണു ഇപ്പോഴുമുള്ളതു് . ഈ വര്‍ഷം മുതല്‍ പരിഷ്കരിക്കാന്‍ പോകുന്ന മലയാളത്തിലെ പാഠപുസ്തകങ്ങള്‍ തനതുലിപിയില്‍ അച്ചടിച്ചു് ശ്രേഷ്ഠപദവിയെയും വരുംതലമുറയെയും നാം ആദരിക്കാന്‍ തയ്യാറാകണം. അതിനാവശ്യമായ എല്ലാ സാങ്കേതിക മികവും മലയാളം ഇന്നു് കൈവരിച്ചുകഴിഞ്ഞിട്ടുണ്ടു്.

ആയിരക്കണക്കിനു വരുന്ന വര്‍ഷങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണു് നാം ശ്രേഷ്ഠപദവി നേടിയെടുത്തതു്. മലയാള അക്ഷരരൂപങ്ങളുടെ വ്യക്തമായ പരിണാമം ആരംഭിക്കുന്നതു് 8-ാം നൂറ്റാണ്ടുമുതലാണെന്നു് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥമെഴുത്തും ‘നാനംമോന’വുമൊക്കെയായി മലയാള അക്ഷരങ്ങളുടെ രൂപങ്ങള്‍ പരിണമിക്കുകയും വികാസം പ്രാപിക്കുകയും ചെയ്ത ആയിരം വര്‍ഷങ്ങളില്‍ ദേവനാഗരിയിലുള്ള സംസ്കൃതഗ്രന്ഥങ്ങളുടെ മലയാളത്തിലേക്കുള്ള ലിപ്യന്തരണം കൂട്ടക്ഷരങ്ങളുടെ സമ്പന്നതയ്ക്കു് വഴിയൊരുക്കി. 1824 ല്‍ ബെഞ്ചമിന്‍ ബെയ്‌ലി അച്ചടിക്കായി ലോഹടൈപ്പുകളുണ്ടാക്കുന്നതോടെ അക്ഷരരൂപങ്ങള്‍ സ്ഥിരപ്പെടുകയും പുസ്തകപ്രസാധനത്തിലൂടെ കേരള ജനത സ്വന്തം അക്ഷരങ്ങള്‍ വ്യാപകമായി വായിക്കാനും പഠിക്കാനും ഇടവരികയും ചെയ്തു. ഭാരതീയഭാഷകളുടെ ലിപികള്‍ ബ്രഹ്മിലിപിയുടെ താവഴിയില്‍ പിറന്നതും പരിണമിച്ചതുമാണു്. സംയുക്താക്ഷരങ്ങളുടെ ഘടനയ്ക്കും വ്യജ്ഞന-സ്വരബന്ധങ്ങള്‍ക്കും ഒരു ദേശീയസ്വഭാവം കണ്ടെത്താന്‍ കഴിയും. ഈയൊരു ദേശീയതയെ മാനിച്ചുകൊണ്ടാണു് ബെയ്‌ലി മലയാള അക്ഷരങ്ങള്‍ രൂപകല്പനചെയ്തതു്.

മലയാളത്തിന്റെ ക്ലാസിസ്സിസം വ്യക്തമായി അടയാളപ്പെടുന്നതു് നമ്മുടെ തനതുലിപിയിലാണു്. ഒന്നരനൂറ്റാണ്ടോളം സ്വയംപൂര്‍ണ്ണമായി വ്യവസ്ഥപ്പെട്ടു പ്രചരിച്ച മലയാളിയുടെ സ്വന്തം അക്ഷരങ്ങളായി അതു് മാറുകയും ചെയ്തു. 1970 കള്‍ക്കുശേഷം പരിഷ്കരിച്ച ലിപി പ്രചാരത്തിലായെങ്കിലും 2000ത്തോടെ ക്ലാസ്സിക് അക്ഷരങ്ങളിലേക്കു് വീണ്ടും മലയാളം എത്തിപ്പെട്ടു. ഇതു് പഴയതിന്റെ പുനരാവാഹനമല്ല. ഭാഷയുടെ നേര്‍രൂപങ്ങളുടെ കണ്ടെത്തലാണു്. പരിഷ്കരിച്ച ലിപിമൂലം അവ്യവസ്ഥമാക്കപ്പെട്ട ഭാഷാപഠനവും പ്രയോഗങ്ങളും നേര്‍വഴിക്കാക്കാന്‍ തനതുലിപിക്കേ കഴിയൂ എന്നു് ഭാഷാപണ്ഡിതരും സാഹിത്യകാരന്മാരും അദ്ധ്യാപകരും ഇന്നു തിരിച്ചറിയുന്നുണ്ടു്.

അക്ഷരവും വിദ്യാഭ്യാസവും

മലയാളത്തിനായി ഒരു സര്‍വ്വകലാശാല സ്ഥാപിതമായ സമയത്തു തന്നെയാണു് മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതു് എന്നതു് ശുഭസൂചകമാണു്. അക്ഷരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില ചിന്തകള്‍ ഈയവസരത്തില്‍ പ്രസക്തമാണു്. ലോകത്തു് ഏഴായിരം ഭാഷകളുള്ളതില്‍ 700 ഭാഷാസമൂഹങ്ങളില്‍ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നിലനില്ക്കുന്നുള്ളു. ഇതിന്റെ ഏകകാരണം 700 ഭാഷകള്‍ക്കേ ലിഖിതരൂപങ്ങളുള്ളൂ എന്നുള്ളതാണു്. വിദ്യാഭ്യാസവും സിലബസ്സും സ്കൂളുകളും സര്‍വ്വകലാശാലകളും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനശില അതിനാല്‍ അക്ഷരങ്ങളാണു്. മറ്റുവിഷയങ്ങള്‍ രേഖപ്പെടുത്തുന്നതും പഠനവിധേയമാകുന്നതും തലമുറകളിലേയ്ക്കു് കൈമാറുന്നതും അക്ഷരങ്ങളിലൂടെയാണു്.

കമ്പ്യൂട്ടറിന്റെ വരവോടെ അക്ഷരങ്ങളുടെ മാദ്ധ്യമങ്ങളും പ്രയോഗങ്ങളും വമ്പിച്ച മാറ്റങ്ങള്‍ക്കു് വിധേയമായിട്ടുണ്ട്. അച്ചടിക്കപ്പെടുന്നതെന്തും കമ്പ്യൂട്ടറിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടു്. കഴിഞ്ഞ 25 വര്‍ഷത്തെ മലയാളത്തിലെ കമ്പ്യൂട്ടര്‍ പ്രയോഗങ്ങള്‍ കേവലം വേഡ്‌പ്രോസസ്സിംഗിലും ഡിറ്റിപിയിലും ഒതുങ്ങിനില്ക്കുകയായിരുന്നു. ഇന്നു് സ്ഥിതി മാറിയിരിക്കുന്നു. യൂണികോഡ് മലയാളത്തിന്റെ വരവോടെ വിപുലമായ വിവരവ്യവസ്ഥകള്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മലയാളത്തിന്റെ അക്ഷരങ്ങളില്‍ത്തന്നെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളം വിക്കിയും ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇതിനു് ഉദാഹരണങ്ങളാണു്.

മാറുന്ന വായന, മാറാത്ത അക്ഷരങ്ങള്‍

കടലാസ്സിലെ അച്ചടിയും പ്രസാധനവും ഇനിയും നൂറ്റാണ്ടുകള്‍ അതേപടി നിലനില്ക്കും എന്ന വാദത്തിനു ഗൃഹാതുരത്വത്തിന്റെ പിന്‍ബലമേയുള്ളു. ഒരു ദശകത്തിനകം ലോകത്തിലെ പുസ്തകപ്രസാധനത്തിലെ വലിയൊരു പങ്കു് ഇ-ബുക്കുകളിലേയ്ക്കും ഇ-റീഡറുകളിലേയ്ക്കും ചേക്കേറും. ഇ-ബുക്കുകളുടേതു് ഒരു ഹരിതസാങ്കേതികതയാണെന്നുള്ളതാണു് കാരണം. പേപ്പര്‍ പള്‍പ്പിനുവേണ്ടിയുള്ള മരങ്ങളുടേയും വനങ്ങളുടേയും വന്‍തോതിലുള്ള നശീകരണം അധികകാലം മനുഷ്യനും ഭൂമിക്കും താങ്ങാന്‍ കഴിയില്ല. ഒരു പുസ്തകം വിപണിയിലിറക്കാനുള്ള സമയവും അദ്ധ്വാനവും പണവും നൂറിലൊന്നായി ചുരുകൂന്നതും ഇ-ബുക്ക്/റീഡറുകളുടെ വര്‍ദ്ധനവിനു കാരണമാണു്. പകല്‍ വെളിച്ചത്തില്‍ കടലാസ്സില്‍ അച്ചടിക്കപ്പെട്ട അക്ഷരങ്ങളേക്കാള്‍ തെളിമയും വ്യക്തതയും ഇന്നു് ഇ-റീഡറുകള്‍ക്കുണ്ടു്. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനും പേജുകള്‍ മറിക്കാനും ബുക്ക്മാര്‍ക്ക് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ നിരവധിയാണു്.

ഇരുട്ടില്‍ വായിക്കാന്‍ വിളക്കിന്റെ ആവശ്യവുമില്ല. അക്ഷരം ശബ്ദമായി രൂപാന്തരപ്പെടുത്തുന്ന ഇ-സ്പീക് സാങ്കേതികതയുടെ പൂര്‍ണ്ണതക്കായി മലയാളത്തിലുള്‍പ്പെടെ സാര്‍ത്ഥകമായ ഗവേഷണങ്ങള്‍ നടക്കുന്നു. കണ്ണുപയോഗിച്ചു വായിക്കാതെ കാതുകൊണ്ടു് വായിക്കാന്‍/കേള്‍ക്കാന്‍ കഴിയുന്ന അവസ്ഥ ആദ്യഘട്ടത്തില്‍ ഉപകാരപ്പെടുക കണ്ണുകാണാത്തവര്‍ക്കായിരിക്കും. വായനയുടെ പരമ്പരാഗതശീലങ്ങള്‍ ഇന്റര്‍നെറ്റും ഹൈപ്പര്‍ലിക്കൃം കഴിഞ്ഞ ഒരു ദശകത്തിനകത്തു് അട്ടിമറിച്ചതിന്റെ തുടര്‍ച്ച ‘ശ്രവണപാരായണ’ത്തിലേക്കു് സംക്രമിക്കുകയാണു്. വിവരസാങ്കേതികതയുടെ ഈയൊരു മുന്നേറ്റത്തില്‍ പരമ്പരാഗതമാധ്യമങ്ങള്‍ സങ്കല്പങ്ങള്‍ക്കതീതമായി രൂപാന്തരപ്പെടുകയും പോപ്പുലറൈസ് ചെയ്യുകയും ചെയ്യുമ്പോള്‍ മാറാതെ നില്ക്കുന്ന ഒന്നേയുള്ളൂ – അക്ഷരങ്ങള്‍. അവയില്ലാതെ ഇന്‍ഫര്‍മേഷന്‍ ടെകേ്‌നാളജിയില്ല. അതിന്റെ അനന്ത സാദ്ധ്യതകളുമില്ല.

മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകാശന-വിതരണരൂപങ്ങള്‍ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോവുകതന്നെ ചെയ്യും. അച്ചടി പ്രചാരത്തിലായപ്പോള്‍ ഓലയിലെഴുത്തു അപ്രത്യക്ഷമായതിനേക്കാള്‍ വേഗത്തിലാണിതു് സംഭവിക്കുക. അച്ചടിച്ച അക്ഷരങ്ങളെ ടെക്‌സ്റ്റ് ആയി പരിവര്‍ത്തനപ്പെടുത്തുന്ന ഓപ്റ്റിക്കല്‍ കാരക്ടര്‍ റെകഗ്നിഷന്‍ (OCR) , ഇതര ഭാരതീയഭാഷകളേക്കാള്‍ അത്യന്തം സങ്കീര്‍ണ്ണമായ പദസംയോജനങ്ങളുടേയും വര്‍ണ്ണങ്ങളുടേയും വെല്ലുവിളികള്‍ നേരിടുന്ന സെ്പല്‍ചെക്‌സിസ്റ്റം, ഇനിയും ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത യാന്ത്രിക വിവര്‍ത്തനം (Automatic Translation) . . . മലയാളം കടന്നുപോകേണ്ട വളര്‍ച്ചയുടെ പടവുകള്‍ നിരവധിയാണു്.

അക്ഷരങ്ങളുടെ കാലിഗ്രാഫിക് പാരമ്പര്യങ്ങളേയും ഇനിയും കണ്ടെത്തേണ്ട ടൈപ്പോഗ്രാഫിക് ജ്യാമിതികളേയും സംയോജിപ്പിച്ചു ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്യാനുള്ള പദ്ധതികള്‍ക്കു് ഇതുവരെ തുടക്കമായിട്ടില്ല. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മലയാളഭാഷാ സാങ്കേതികതയിലുണ്ടായ വളര്‍ച്ചയില്‍ സര്‍ഗ്ഗാത്മകമായ സംഭാവനകള്‍ നല്കിയതു് സര്‍ക്കാര്‍ ഏജന്‍സികളല്ല, സന്നദ്ധപ്രവര്‍ത്തകരാണു്. മലയാളം സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതെല്ലാം സമഗ്രമായി അവലോകനം ചെയ്യപ്പെടുമെന്നും ഉചിതമായ പദ്ധതികളാവിഷ്കരിച്ചു സന്നദ്ധപ്രവര്‍ത്തനങ്ങളെ മുന്നോട്ടു് നയിക്കുമെന്നുമുള്ള പ്രതീക്ഷ സൈബര്‍/ ഇ-മലയാളരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായിരുന്നു. പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സൈബര്‍ സാഹിത്യവും പഠനങ്ങളും അധികൃതരെ സ്പര്‍ശിച്ച മട്ടുകാണുന്നില്ല.

കമ്പ്യൂട്ടേഷനല്‍ ലിംഗിസ്റ്റിക്‌സിനും മലയാള അക്ഷരങ്ങളുടെ പരിപോഷണത്തിനും ഒരു ഫാക്കല്‍റ്റി മലയാളം സര്‍വ്വകലാശാലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതു് ആശങ്കകള്‍ക്കു് ഇടനല്കുന്നു. ശ്രേഷ്ഠമാക്കപ്പെടുമ്പോള്‍ ലഭിക്കുന്ന കോടികളില്‍ ഒരു രൂപയുടെ പരിഗണനപോലും മലയാള അക്ഷരസാങ്കേതികതയ്ക്ക് വേണ്ടതില്ലെന്നാണോ വിദ്യാഭ്യാസവിചക്ഷണര്‍ കരുതുന്നതു്? ഇനി അഥവാ ഏതെങ്കിലും പ്രോജക്ടുകളുടെ ഭാഗമായി ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പണം വകയിരുത്തിയാല്‍ ഏതക്ഷരങ്ങള്‍ക്കുവേണ്ടിയതു് വിനിയോഗിക്കും? കാലവും സാങ്കേതികതയും മലയാളിയും തള്ളിക്കളഞ്ഞ അംഗവൈകല്യം ബാധിച്ച അക്ഷരങ്ങള്‍ക്കുവേണ്ടിയോ?

കാബിനറ്റ് ഡിസിഷനിലും നൂറുകോടിയിലുമല്ല ശ്രേഷ്ഠത തിരയേണ്ടതു്. അക്ഷരങ്ങളിലാണു്. ഒരിക്കലും നശിക്കില്ലെന്നു് നാം അര്‍ത്ഥമോതുന്ന അക്ഷരങ്ങളില്‍ .

.

Wednesday 22 January 2014

കാലഹരണപ്പെട്ട സര്‍ക്കാര്‍ ഉത്തരവു് റദ്ദാക്കപ്പെടുമോ?

1971ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവു് വളരെ അധികം പഠനത്തിനു ശേഷം ഇറക്കിയതായിരുന്നുവെങ്കിലും അതില്‍ ഉപയോഗിച്ച പദങ്ങള്‍ പല രീതിയിലും വ്യാഖ്യാനം ചെയ്യാവുന്ന തരത്തിലായിരുന്നു.

'എഴുതുന്നതിനു് ഇപ്പോഴത്തെ സമ്പ്രദായം തന്നെ തുടര്‍ന്നുകൊണ്ടു് ടൈപ്പ്റൈറ്റിംഗിനും അച്ചടിയിലും പുതിയ സമ്പ്രദായം സ്വീകരിച്ചാല്‍ മതിയാകുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടു്' എന്നു് വളരെ ഒഴുക്കന്‍ മട്ടില്‍ ഉത്തരവിന്റെ അവസാനം പറയുന്നുണ്ടെങ്കിലും അതിനു മുമ്പു് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും വിപരീതമാണു്.


പടത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ അച്ചടിക്കുകയെന്നോ റ്റൈപ്പ് ചെയ്യുക എന്നോ അല്ല മറിച്ചു് "എഴുതുക" എന്നുള്ള പദം തന്നെയാണു് സ്വീകരിക്കുന്നതു്. കുട്ടികളെ പുതിയ ലിപി പഠിപ്പിച്ച അദ്ധ്യാപകരുടെ രക്ഷയ്ക്കായി എത്തുന്നതു് സര്‍ക്കാര്‍ ഉത്തരവിലെ ഈ പിഴവിലെ വിശകലനത്തിലാണു്.

സര്‍ക്കാര്‍ ഉത്തരവു് ശരിയായ രീതിയില്‍ വിശകലനം ചെയ്ത വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ പഴയ ലിപിയില്‍ തന്നെ എഴുതി ശീലിച്ചുപോന്നു. വിഘടിതലിപിയില്‍ എഴുതി ശീലിച്ച കുട്ടികള്‍ പണ്ടച്ചടിച്ച പുസ്തകങ്ങളിലെ ലിപിയുടെ സ്വാധീനത്താല്‍ സ്വയം അറിയാതെ സങ്കരലിപിപ്രയോഗികളായി മാറി. സാഹചര്യത്തിനു് ഇരയായതു് ഇവരുടെ കുറ്റമാണെന്നു പറയാനും കഴിയില്ല. താന്‍ എഴുതിപ്പഠിച്ച സങ്കരലിപി പെട്ടെന്നൊരു ദിവസം മാറുന്നു എന്നു കേള്‍ക്കുമ്പോള്‍ പഴയ തലമുറ അനുഭവിച്ച അതേ മാനസിക വിഭ്രാന്തി ഇക്കൂട്ടരേയും ബാധിക്കുന്നതു് സ്വാഭാവികം തന്നെ. പക്ഷെ, പണ്ടത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ വേദി ഇല്ലാതിരുന്നിടത്തു് ഇന്നത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വേദികള്‍ ഉണ്ടു്. അവര്‍ പ്രതികരിക്കുന്നുമുണ്ടു്. അതും വളരെ ശക്തിയുക്തം.

ഭാഷയുടെ വെല്ലുവിളികള്‍ക്കു് ഉപകരണം വഴങ്ങുമെങ്കില്‍ എന്തു കൊണ്ടു് അതു് പരമാവധി പ്രയോജനപ്പെടുത്തിക്കൂട?


അച്ചടിയും മലയാളം പഠനവും എളുപ്പമാക്കാന്‍ അച്ചടിഉപകരണങ്ങളുടെ സൗകര്യാര്‍ത്ഥവും കാലാകാലങ്ങളില്‍ ഉപേക്ഷിച്ച പല മലയാള അക്ഷരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഏകീകൃത അക്ഷരശൈലി ശ്രേഷ്ടഭാഷയ്ക്കു് ആവശ്യമാണു്. അതിലേക്കുള്ള ചര്‍ച്ചകള്‍ ഒറ്റക്കും ചെറിയ ചര്‍ച്ചാ സമൂഹമായും നടത്തിയിട്ടു് കാര്യമില്ല. കംപ്യൂട്ടറിലെ അനന്തസാദ്ധ്യതകളെപ്പറ്റി മലയാള പണ്ഡിതരും മലയാളത്തിലെ നിയമങ്ങളെപ്പറ്റി ഫോണ്ടു നിര്‍മ്മാതാക്കളും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. ഫോണ്ടു നിര്‍മ്മാതാക്കളും മലയാളം പണ്ഡിതരും പരസ്പരപൂരകമായി അവരവര്‍ക്കു് അറിയാവുന്ന വിജ്ഞാനം പരസ്പരം കൈമാറി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഏകീകൃത അഭിപ്രായം സ്വരൂപിച്ചു അദ്ധ്യാപകസംഘടനകളും അച്ചടിമാദ്ധ്യമങ്ങളുമായി കൂടിയാലോചിച്ചു് പ്രായോഗിക രീതിയില്‍ ഒരു ഏകീകൃത അച്ചടിലിപി സ്വീകരിക്കേണ്ടിയിരിക്കുന്നു.

അനാവശ്യ തര്‍ക്കങ്ങള്‍

1971 നു മുന്‍പു് പഴയ ലിപിയില്‍ പഠിച്ചവര്‍ക്കു് പുതിയ ലിപി തികച്ചും പുതിയ ഒരനുഭവം ആയിരുന്നെങ്കിലും രണ്ടു തരം ലിപികളും വായിച്ചു ശീലിച്ച പുതിയ തലമുറയ്ക്കു് പഴയ ലിപിയിലേക്കുള്ള മാറ്റം അത്ര ബുദ്ധിമുട്ടാവും എന്നു വാദിക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? പഴയ ലിപിയെന്നു പറഞ്ഞാല്‍ വയോജനങ്ങളുടെ ലിപിയാണോ, പുതിയ ലിപിയെന്നു പറഞ്ഞാല്‍ ജനകീയ ലിപിയാണോ, തനതു് ലിപി എന്നു പറഞ്ഞാല്‍ പ്രാചീനകാലം മുതല്‍ ഉപയോഗിച്ചു പോന്ന ലിപിയാണോ, ഒരു തരം ലിപിയില്‍ എഴുതി പഠിച്ചവര്‍ക്കു് മറ്റേ തരം ലിപി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമോ, കാണാന്‍ നല്ലതു് ഏതു ലിപിയാണു്, ശാസ്ത്രീയമായി ഏതു ലിപിയാണു ശരി എന്നീവക തര്‍ക്കങ്ങളിലേക്കു് കടന്നു് സമയം വെറുതെ കളയുന്നതിനു പകരം ലിപിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ ഏറ്റവും നല്ലതു് ചെയ്തുപോയ ഒരുബദ്ധം തിരുത്തുക എന്ന രീതിയില്‍, 1971ലെ ഉത്തരവു് റദ്ദാക്കുകയല്ലേ? അതല്ലേ എളുപ്പം? റ്റൈപ്പ്റൈറ്റര്‍ കാലഹരണപ്പെട്ട സ്ഥിതിക്കു് അതല്ലേ ന്യായം?

.

Monday 20 January 2014

മലയാളം മാഷും ഒരു അക്ഷരമാറ്റവും

സ്ക്കൂള്‍ കഥകള്‍ April 18, 2011

Author: കരിപ്പാറ സുനില്‍, ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍.

ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം . മലയാളം മാഷ് പൂമുഖത്തിരുന്നു പ്രത്രം വായിക്കുകയായിരുന്നു ചായ അല്പാല്പം കുടിച്ചു കൊണ്ടു്. അന്നേരമാണു മാഷ് മുറ്റത്തു് ഒരു മുരടനക്കം കേട്ടതു്. മാഷ് പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നോക്കി. മുറ്റത്തു് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.

( കുസൃതിക്കുട്ടനെക്കുറിച്ചു് രണ്ടു് വാക്കു് :- മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണു് കുസൃതിക്കുട്ടന്‍. തൊട്ടടുത്ത ഹൈസ്കൂളിലാണു പഠിക്കുന്നതു്. കുസൃതിക്കുട്ടനു് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ടു്. പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണു് വരിക.)

മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു. മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി. മാഷിനു കാര്യം മനസ്സിലായി. എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണു് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നതു്. അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു "ചോദ്യം വേഗം പറഞ്ഞാട്ടെ"

പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല. അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു. എന്നീട്ട് മാഷോട് ചോദിച്ചു "ഇതില്‍ ഏതാ ശരി?"

മാഷ് കടലാസ് കഷണത്തിലേക്കു നോക്കി. അതില്‍ 1. അദ്ധ്യാപകന്‍ 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ടു്. ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു. അതിനുശേഷം പറഞ്ഞു "ഇതു രണ്ടും ശരിയാണു്"

"അതായതു്" കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി. " 'ദ്ധ' എന്ന അക്ഷരത്തിനു പകരം 'ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്നല്ലേ"

മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു. അതില്‍ 'ബുദ്ധന്‍' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു "ബുദ്ധന്‍ എന്ന വാക്കില്‍ 'ദ്ധ' ക്കു പകരം 'ധ ഉപയോഗിക്കുവാന്‍ പറ്റുമോ?"

മാഷ് വല്ലാതായി. കുസൃതിക്കുട്ടന്‍ വിട്ടില്ല "ബുധന്‍ എന്ന വാക്കില്‍ 'ധ' ക്കു പകരം ‍'ദ്ധ' ഉപയോഗിക്കുവാന്‍ പറ്റുമോ?"

"അതിപ്പോ ...................." മാഷിനു് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു. അതില്‍ 1. സാവധാനം, 2. ആയുധം, 3. യുദ്ധം, 4. ബുദ്ധിമുട്ടു്, 5. ബുദ്ധി, 6. ശ്രദ്ധ, 7. മാധുരി ..... തുടങ്ങിയ ഒട്ടേറെ 'ധ' യും 'ദ്ധ' യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു. "ഈ കടലാസില്‍ എഴുതിയ വാക്കുകളിലും 'ധ' യും 'ദ്ധ' യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ?"

മാഷിനനു് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്നു് മനസ്സിലായി. എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു. "അതായതു്, ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിനു് 'ദ്ധ' എന്ന അക്ഷരം തന്നെയാണു് ഉപയോഗിക്കേണ്ടിയിരുന്നതു്. പിന്നീട് ലിപി പരിഷ്കരണം വന്നപ്പോള്‍ ചില ഭേദഗതികള്‍ വരുത്തി. അതിന്റെ ഫലമായുണ്ടായതാണു് ഈ പ്രശ്നം. പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം നടത്തിയതു്". താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്തു് അദ്ധ്യപകനിലെ 'ദ്ധ' എന്ന അക്ഷരത്തിനു പകരം 'ധ' എന്നു തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്നു് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.

"അപ്പോള്‍ എന്തുകൊണ്ടു് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല?" കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു. മാഷിനു് ഉത്തരം പറയാനായില്ല. അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്നു് ഒരു മുരടനക്കം കേട്ടു. ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു. കോപം കൊണ്ടു് കത്തിജ്വലിച്ച മട്ടിലാണ് നില്‍പ്പ്! പട്ടണത്തിലെ ഒരു ബാങ്കിലാണു് അവര്‍ക്കു് ജോലി. ഉം, എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷു് ചെയ്തു.

അവര്‍ അതു് കാര്യമാക്കാതെ പറഞ്ഞു. "എന്റെ കുസൃതിക്കുട്ടാ. നീ പറഞ്ഞതു ശരി തന്ന്യാ‍. പിന്നെ, എന്താ ഇങ്ങനെ സംഭവിച്ചതു് എന്നു വെച്ചാല്‍ മാഷന്മാരോടു് എന്തും ആവാലോ! അതു് തന്നെ കാര്യം. അക്ഷരം മാറ്റുകയോ, ഗ്രേഡ് കുറക്കുകയോ, സെറ്റ് പരീക്ഷയെപ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം. ആരുണ്ടു് ചോദിക്കുവാന്‍."

മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി. അതിനുശേഷം തുടര്‍ന്നു "ഡോക്ടര്‍, എഞ്ചിനീയര്‍, ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്കു്. അല്ലെങ്കില്‍ വേണ്ട ഡ്രൈവര്‍, കണ്ടക്ടര്‍, ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്കു്. അപ്പോ വിവരം അറിയും"

ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്നു് കുസൃതിക്കുട്ടനു് മനസ്സിലായി. അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്നു് എണീറ്റു പോയി.

.

Sunday 19 January 2014

മരിച്ചുപോകുമോ മലയാളഭാഷ

ജനയുഗം വാരിക - സെപ്തംബര്‍ 2007 - ലേഖകന്‍: അഷ്ടമൂര്‍ത്തി

സെപ്തംബര്‍ 20ലെ ഹിന്ദു പത്രത്തില്‍ ജീവന്‍ അപകടത്തിലായ ഭാഷകളെപ്പറ്റി ഒരു വാര്‍ത്തയുണ്ടു്. ആസ്ട്രേലിയയുടെ ഉള്‍നാടുകള്‍ മുതല്‍ സൈബീരിയ അടക്കം ഓക്ലഹോമ എന്ന അമേരിക്കന്‍ സംസ്ഥാനം വരെ ചരിത്രവും പാരമ്പര്യവുമുള്ള പലേ ഭാഷകളും മരിച്ചുകൊണ്ടിരിക്കുകയാണു്. ലോകത്തില്‍ ഇപ്പോള്‍ ആകെ 7000 ഭാഷകളുണ്ടു്. അതില്‍ ഒരെണ്ണം വീതം ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ മരിച്ചുപോയ്ക്കൊണ്ടിരിക്കയാണു്. അവയില്‍ ചിലതിനെയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണു് ചില ഭാഷാശാസ്ത്രജ്ഞന്മാര്‍.

ഭാഷ നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ അറിവു് നഷ്ടപ്പെടുക എന്നാണു് അര്‍ത്ഥമെന്നു് അവരിലൊരാളായ പ്രൊഫസര്‍ ഡേവിഡ് ഹാരിസണ്‍ പറയുന്നു. ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ നൂറ്റാണ്ടുകളുടെ മനുഷ്യചിന്തയാണു് നഷ്ടപ്പെടുന്നതു്. ഇന്നുള്ള ഭാഷകളില്‍ പകുതിയും ലിപിയില്ലാത്തതാണു്. അതുകൊണ്ടുതന്നെ ആ ഭാഷ സംസാരിക്കുന്ന അവസാനത്തെ ആള്‍ മരിച്ചുപോവുന്നതോടെ അതു് എന്നെന്നേക്കുമായി നശിച്ചു പോകുന്നു. നിഘണ്ടുവോ സാഹിത്യമോ ഒന്നും അവശേഷിപ്പിക്കാതെയാണല്ലോ അയാള്‍ യാത്രയാവുന്നതു്.

ഭാഷ നശിച്ചുപോവുന്നതു് എപ്പോഴാണു്? സമുദായത്തില്‍ സ്വന്തം ഭാഷ ഒരു തടസ്സമാണെന്നു പരുമ്പോഴാണു് എന്നു ഹാരിസണ്‍ പറയുന്നു. പ്രത്യേകിച്ചും കുട്ടികളുടെ ഭാഗത്തു നിന്നാണു് അതു സംഭവിക്കുക. എണ്‍പത്തിമൂന്നു് ഭാഷകളിലാണു് ലോകജനസംഖ്യയുടെ 80%-വും സംസാരിക്കുന്നതു്. ആകെയുള്ള ഭാഷകളില്‍ 3500 എണ്ണം ഉപയോഗിക്കുന്നതു് വെറും 0.02 ശതമാനമാണു്. അപ്പോള്‍ അവയുടെ ദയനീയാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. ജീവജാലങ്ങളേക്കാള്‍ വംശനാശഭീഷണി ഇപ്പോള്‍ ഭാഷകള്‍ക്കാണെന്നും പറയുന്നുണ്ടു് ഹാരിസണ്‍.

കൂടുതല്‍ പരതിനോക്കാന്‍ തോന്നിയതു് അപ്പോഴാണു്. ആകെ ഭാഷകള്‍ കൃത്യമായി പറഞ്ഞാല്‍ ഏഴായിരമല്ല. 6912 ആണു്. അതില്‍ പകുതിയോളം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നശിച്ചു പോകുമത്രേ. ഇപ്പോള്‍ത്തന്നെ മരണശയ്യയിലായ ഭാഷകള്‍ 516 എണ്ണമാണു്. മരണശയ്യായിലായി എന്നു വെച്ചാല്‍ വയസ്സായ വളരെ കുറച്ചു പേര്‍ മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്നാണു് അര്‍ത്ഥമാക്കുന്നതു്.

അവയില്‍ നമ്മുടെ ഭാഷകള്‍ വല്ലതുമുണ്ടോ എന്നാണു് ആദ്യം അന്വേഷിച്ചതു്. ഉവ്വു്. നാലു് ഇന്ത്യന്‍ ഭാഷകളുണ്ടു്. ആന്‍ഡമാനിലെ അപുസിക്വാര്‍, അസമിലെ ഖാംയുങ്, ഒറീസ്സയിലെ പരെംഗോ, മേഘാലയത്തിലെ രുഗാ. ഊഹിച്ചപോലെത്തന്നെ എല്ലാം ലിപിയില്ലാത്ത ഭാഷകളാണു്.

ലോകഭാഷാഭൂപടത്തില്‍ എവിടെയായിരിക്കും ഇന്ത്യന്‍ ഭാഷകളുടെ സ്ഥാനം? കൂടുതല്‍ പേര്‍ സംസാരിക്കുന്ന ക്രമമനുസരിച്ചു് ഹിന്ദിക്കു് 5-ഉം, ബംഗാളിക്കു് 7-ഉം, തെലുഗിനു് 12-ഉം, മറാഠിക്കു് 13-ഉം, തമിഴിനു് 16-ഉം ആണു് സ്ഥാനങ്ങള്‍. ഉര്‍ദ്ദുവിനാണു് ഇരുപതാം സ്ഥാനം. മലയാളത്തിനു്ഇരുപത്തിയേഴാം സ്ഥാനം ഉണ്ടു്. മൂന്നു കോടി എഴുപതു ലക്ഷം പേര്‍ സംസാരിക്കുന്നു. അതുകൊണ്ടു് പരിഭ്രമിക്കാനില്ല. ഓക്സിജന്‍ അത്യാവശ്യമായിട്ടില്ല.

ഓക്സിജന്‍ കൊടുക്കാറായില്ല എന്നതുകൊണ്ടുമാത്രം മരണമില്ല എന്നു പറയാനാവുമോ? അല്ലെങ്കില്‍ തന്നെ നമ്മുടെ ഭാഷയ്ക്കു് 1500 വര്‍ഷത്തേയോ മറ്റോ പഴക്കമേയുള്ളു. ഒരു കാലത്തു് പ്രതാപിയായിരുന്ന സംസ്കൃതത്തിന്റെ സ്ഥിതി നമുക്കറിയാം. കഷ്ടിപഷ്ടി 50,000 പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയാണു് ഇന്നതു്. അതുകൊണ്ടു് ഏറെ അഹങ്കാരമൊന്നും വേണ്ട.

ഭാഷ വളരുന്നതു് അതു് എല്ലാ വിഭാഗവും ഉപയോഗിക്കുമ്പോഴാണു്. അതിനു ഭരണം തന്നെ ആ ഭാഷയിലാക്കണം എന്നാണു് സര്‍ക്കാര്‍ നിശ്ചയം. പണ്ടുപണ്ടു് ടൈപ്പ്റൈറ്റര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്തു് അതിനു വഴങ്ങുന്നതാവേണ്ടിയിരുന്നു ഭാഷ. അതിനുവേണ്ടി നമ്മുടെ ഭാഷയുടെ ലിപിവിന്യാസത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. എഴുപതുകളുടെ തുടക്കത്തിലായിരുന്നു അതു്. മാതൃഭൂമി പത്രത്തില്‍ ഒരു കോളം വാര്‍ത്ത പുതിയ ലിപി ഉപയോഗിച്ചു കൊടുക്കാന്‍ തുടങ്ങി. എന്‍ വി കൃഷ്ണവാര്യരുടെ ഉത്സാഹമായിരുന്നു അതെന്നു തോന്നുന്നു. തീരെ പരിചിതമല്ലാത്ത ആ ലിപവിന്യാസം അന്നു് പല യാഥാസ്ഥിതികരുടെയും നെറ്റി ചുളിപ്പിച്ചു. മലയാളം മരിക്കാന്‍ പോവുകയാണു് എന്നു് അവര്‍ മുറവിളി കൂട്ടി. ഇത്രയധികം കൂട്ടക്ഷരമുള്ള ഭാഷയെ മെരുക്കിയെടുക്കുക എളുപ്പമല്ല എന്നെങ്കിലും അവര്‍ മനസ്സിലാക്കേണ്ടിയിരുന്നു.

സഞ്ജയന്‍ 1938-ല്‍ത്തന്നെ ഇതിനെ പരാമര്‍ശിച്ചിട്ടുണ്ടു്. 'അച്‌ച‌ുക‌ൂടക്‌കാര്‍ക്‌ക‌ു വേണ്‌ടി' എന്ന ലേഖനത്തില്‍. അടുത്ത കാലം വരെ സര്‍ക്കാര്‍ വക കത്തുകള്‍ വായിച്ചു തീര്‍ക്കുന്നതു് ഒരു തരം പീഡനം തന്നെയായിരുന്നു. മാതൃഭൂമി ഉപയോഗിച്ച ലിപിയും സഞ്ജയന്‍ പറഞ്ഞപോലെ 'പ്‌റതിഫലത്‌തിന്റെ കാര്‌യത്‌തില്‍ താങ്‌കള്‌ക്‌കിഷ്‌ടമെങ്‌ങനെയോ അങ്‌ങനെ ചെയ്‌യ‌ുന്‌നത് എനിക്‌ക് സമ്‌മതമാണെന്‌ന് പറയേണ്‌ടതില്‌ലല്‌ലോ' എന്ന മട്ടിലായിരുന്നു. യഥാസ്ഥിതികര്‍ ആശങ്കപ്പെട്ടതില്‍ അവരെ കുറ്റം പറയാന്‍ വയ്യ.

ഏതായാലും ലിപി പരിഷ്കരണസമിതി കൂറച്ചുകൂടി വിട്ടുവീഴ്ച ചെയ്തു് പുതിയ സമ്പ്രദായം നടപ്പിലാക്കി. അതാണു് ഇന്നു് സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള രീതി. കംപ്യൂട്ടര്‍ സാര്‍വത്രികമായപ്പോള്‍ ഉപയോഗിച്ചതും ഈ രീതി തന്നെ. പിന്നീടു് കെ എച്ച് ഹുസ്സൈനും ചിത്രജകുമാറും ചേര്‍ന്നുണ്ടാക്കിയ രചന സോഫ്റ്റ്‌വെയര്‍ പഴയ ലിപിയുടെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയെങ്കിലും അതു് വേണ്ടത്ര ജനകീയമായില്ല. പഴയ ലിപിയിലേക്കുള്ള മടങ്ങിപ്പോക്കു് അപ്പോഴേക്കും വായനക്കാര്‍ക്കു് അത്ര പ്രിയമല്ലാതായി. എം എസ് വേഡുമായി ഒത്തുപോവാനുള്ള വിഷമവും ഒരു കാരണമായിട്ടുണ്ടാവാം.

യഥാര്‍ത്ഥ പരാജയം അതായിരുന്നില്ല. മലയാളം സോഫ്റ്റ്‌വേറില്‍ ഒരു മാനകീകരണം ഉണ്ടാവാത്തതായിരുന്നു. അതുകൊണ്ടുതന്നെ നമുക്കു് ഈ രംഗത്തു് വേണ്ടത്ര മുന്നോട്ടു പോവാനായില്ല. സി-ഡാ്കിന്റെ ഐഎസ്എം ജിസ്റ്റ് ഏറ്റവും ജനപ്രീയമായിട്ടും പലരും അതു് ഏറ്റെടുത്തില്ല. ഓരോ പത്രവും സ്വന്തം സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസൗകര്യം വലുതാണു്.

ഇതിനൊക്കെ ഒരു ബദല്‍ സഞ്ജയന്‍ ആ ലേഖനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. റോമന്‍ ലിപി സമ്പ്രദായം അംഗീകരിക്കുന്നതാണു് നല്ലതു് എന്നു്. ലേഖനം അവസാനിക്കുന്നതു്. athente abhiprayam, ningal enthu vicharikkunnu, Sir? Anganeyallenkil parayin! എന്നാണു്. അക്കാലത്തു് അതൊരു തമാശയായിട്ടേ തോന്നിയിട്ടുള്ളു. പക്ഷെ ഇന്നതു് വായിക്കുമ്പോള്‍ നമുക്കു് അത്ഭുതം തോന്നും. എസ് എം എസ്സിലും ഈ മെയിലിലും മറ്റുമായി ഈ സമ്പ്രദായം ഇന്നു് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സഞ്ജയന്‍ എത്ര ദീര്‍ഘദൃഷ്ടിയുള്ള ആളായിരുന്നു എന്നു് ഇപ്പോഴാണു് മനസ്സിലായതു്. ഒരു പക്ഷെ ഈ നൂറ്റാണ്ടിന്റെ ഒടുക്കമാവുമ്പോഴേക്കും മലയാളം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക ഇത്തരത്തിലായിരിക്കും. ക്രമേണ ഇപ്പോഴത്തെ നമ്മുടെ ലിപി പണ്ടത്തെ വട്ടെഴുത്തു പോലെ വായിക്കാന്‍ പറ്റാത്തതാകും. നമ്മുടെ പത്രങ്ങള്‍ പോലും ഈ സമ്പ്രദായം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവും. പഴയ പുസ്തകങ്ങളൊക്കെ ആര്‍ക്കും വായിക്കാന്‍ പറ്റാത്തവണ്ണം ഉപയോഗശൂന്യമാവും. അല്ലെങ്കില്‍ അവയൊക്കെ ഇപ്പറഞ്ഞ മംഗ്ലീഷിലേക്കു് മാറ്റേണ്ടിവരും.

ലിപി നഷ്ടപ്പെട്ടാല്‍ ഭാഷ നിലനില്‍ക്കുമോ? നമ്മുടെ ഭാഷയുടെ ആയുസ്സിനെപ്പറ്റി ആശങ്ക വീണ്ടുമുയരുന്നു. ഇനി എത്ര നൂറ്റാണ്ടുകള്‍ ഇതു നിലനില്‍ക്കും? ഒരു നാനൂറു കൊല്ലത്തിലധികം സാദ്ധ്യതയില്ല എന്നു വി കെ എന്‍ പറയാറുണ്ടായിരുന്നു. ടെക്നോളജിയുടെ കടന്നുകയറ്റമാണു് കാരണമായി പറഞ്ഞതു്. ഇന്നതു് കുറേശ്ശെക്കുറേശ്ശെയായി അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ മാത്രം ഒരു ലക്ഷം പേര്‍ മലയാളം മീഡിയത്തില്‍ നിന്നു് അക്കൊല്ലം കൊഴിഞ്ഞുപോയിട്ടുണ്ടു്. അക്കണക്കില്‍ ഒരു പത്തു ലക്ഷം പേര്‍ കേരളത്തിലൊട്ടാകെ മലയാളം ഉപേക്ഷിച്ചിട്ടുണ്ടാവണം. കുട്ടികള്‍ ഉപേക്ഷിക്കുന്നതാണു് ഒരു ഭാഷയുടെ മരണത്തിന്റെ തുടക്കം എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ടു്. അപ്രത്യക്ഷമാവുന്ന ഭാഷയുടെ ലക്ഷണം അതു് മാതൃഭാഷയായി കുട്ടികള്‍ പഠിക്കാതാവുമ്പോഴാണു് എന്നും. അതു രണ്ടും മലയാളത്തിനു് സംഭവിച്ചുകൊണ്ടിരിക്കുകയാണു്.

പോരാത്തതിനു് ഇന്നു് നമ്മുടെ ഭാഷയില്‍ മലയാളം വാക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോടു് വെറുതെ ഒരു കുശലം ചോദിച്ചതാണു് പ്രാതല്‍ കഴിഞ്ഞോ എന്നു്. കുട്ടിക്കു മനസ്സിലായില്ല. ചോദ്യം ആവര്‍ത്തിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ ബ്രേക്ഫാസ്റ്റ് കഴിഞ്ഞോ എന്നു ചോദിച്ചിട്ടേ മറുപടി കിട്ടിയുള്ള. എന്തിനു് ആ കുട്ടിയെ പരയണം? നമ്മുടെ പത്രങ്ങള്‍ പോലും ഇലക്ഷന്‍ വാഴ്സിറ്റി എന്നൊക്കെയല്ലേ എഴുതുന്നതു്! ടി വി യുടെ കാര്യം പറയാനുമില്ല. ഇപ്പോഴത്തെ ജനപ്രിയ പരിപാടിയായ റിയാലിറ്റി ഷോയില്‍ അധികം പേരും സംസാരിക്കുന്നതു് ഇംഗ്ലീഷിലോ ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിലോ ആണു്. 'ഈ സോങ് തന്നെ സെലക്റ്റ് ചെയ്യാന്‍ എന്താ റീസണ്‍' എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ എന്നും കേട്ടുകൊണ്ടിരിക്കുകയാണു്. കുന്നംകുളത്തുകാരനു് കുന്നംകുളം ഭാഷ, ഇരിഞ്ഞാലക്കുടക്കാരനു് ഇരിഞ്ഞാലക്കുട ഭാഷ എന്നു് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ടെങ്കിലും കേരളം മുഴുവന്‍ ഒരേ ഭാഷ സംസാരിക്കുന്ന കാലം അത്ര വിദൂരമല്ല. ഭാഷയുടെ തനിമ നഷ്ടപ്പെടുന്നതു് ഭാഷയുടെ മരണത്തിലേക്കുള്ള വഴി തുറക്കുകയല്ലേ?

ഭാഷയുടെ കൂട്ടമരണത്തില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം ഉണ്ടു് എന്നതാണു് ഏറ്റവും വലിയ തമാശ. മാത്രമല്ല അതു പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അവര്‍ക്കു് അഭിപ്രായമുണ്ടു്. ഭാഷയുടെ എണ്ണം കുറഞ്ഞാല്‍ ആശയവിനിമയം കുറേക്കൂടി എളുപ്പവും ശക്തവും ആവുംപോല്‍. വിവര്‍ത്തനത്തിനും മറ്റുമായി ഉപോയഗിക്കുന്ന പണവും സമയവും ലാഭിക്കാന്‍ കഴിയും. വ്യാപാരവിജയത്തിനു് ഉത്തമം ഒരൊറ്റ ഭാഷയ്ക്കു് വഴങ്ങിക്കൊടുക്കുകയാണു് എന്ന ഒരു തീവ്രവാദവുമുണ്ടു്.

അപ്പോള്‍ അതേതു ഭാഷയാവണം? അതിനക്കുറിച്ചാവും കലഹത്തിനു സാദ്ധ്യത. പലരും കരുതുന്നതു പോലെ അതു് ഇംഗ്ലീഷാവില്ല. അതിനു് 31 കോടി ആളുകളുടെ പിന്തുണയേയുള്ളു. 121 കോടിയുള്ള ചൈനീസിനു തന്നെയാണു് അതിനു് അര്‍ഹതയുള്ളതു്. പോരാത്തതിനു് 2050 ആവുമ്പോഴേക്കും ചൈനയാവും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന പ്രവചനവുമുണ്ടു്. 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധം വന്നപ്പോള്‍ ഇനി ചൈനയാണു് ഇന്ത്യ ഭരിക്കാന്‍ പോവുന്നതെന്നു് കരുതി തമിഴ് ബ്രാഹ്മണര്‍ ചൈനീസ് ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കാന്‍ തുടങ്ങി എന്നു് ഒരു വി കെ എന്‍ കഥയിലുണ്ടു്.

കൂട്ടുകാരേ, നിങ്ങളുടെ പക്കല്‍  ചൈനീസ്-മലയാളം ഭാഷാസഹായി ഉണ്ടോ ഒരു കോപ്പി കിട്ടാന്‍?

(28.09.2007)

.

നമ്മളെ ഭരിക്കാന്‍ നമ്മുടെ മലയാളം

ജനയുഗം മാസികയില്‍ വന്ന അഷ്ടമൂര്‍ത്തിയുടെ ലേഖനം

കൊല്ലങ്ങള്‍ക്കു മുമ്പാണ്. എന്നു വെച്ചാല്‍ 1967-ല്‍.  ചേര്‍പ്പ് ഹൈസ്‌കൂളില്‍ ഹെഡ് മാഷായിരുന്ന അച്ഛന് വിദ്യാഭ്യാസവകുപ്പില്‍നിന്ന് ഒരു കത്തു കിട്ടി.  ഭരണഭാഷ മലയാളമാക്കുന്നതില്‍ നിങ്ങള്‍ എന്തൊക്കെ നടപടി എടുത്തു എന്നു ബോധിപ്പിക്കാനുള്ള ആജ്ഞയായിരുന്നു അത്.  ഒരു നടപടിയും എടുത്തിട്ടില്ലെങ്കില്‍ ആ കുറ്റത്തിന് വിശദീകരണവും ചോദിച്ചിരുന്നു കത്തില്‍. കത്ത് പക്ഷേ ഇംഗ്ലീഷിലായിരുന്നു.  എന്തുകൊണ്ടാണോ ഈ കത്ത് നിങ്ങള്‍ക്ക് ഇംഗ്ലീഷിലെഴുതേണ്ടിവന്നത് അതു തന്നെയാണ് അമാന്തത്തിനു കാരണം എന്ന് അച്ഛന്‍ അതേ ഭാഷയില്‍ മറുപടിയെഴുതി. 

ഭരണഭാഷ മലയാളമാക്കാനുള്ള ഉത്സാഹം തുടങ്ങിവെച്ച ഇ എം എസ് സര്‍ക്കാരിന്റെ കാലമായിരുന്നു അത്.  ടൈപ്പ്‌റൈറ്ററിനു വഴങ്ങാന്‍ തക്കവണ്ണം മലയാള ലിപി പരിഷ്‌കരിക്കാന്‍ വേണ്ടി ശൂരനാട് കുഞ്ഞന്‍പിള്ളയെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി ഉണ്ടാക്കിയ സമയവുമായിരുന്നു. സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം എന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വന്ന വാര്‍ത്ത വായിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍മ്മ വന്നത്.  മലയാളം ഭരണഭാഷയാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ്.  പക്ഷേ മനസ്സിലാവാത്തത് മറ്റൊന്നാണ്.  എന്നു മുതലാണ് നമ്മുടെ ഭരണഭാഷ ഇംഗ്ലീഷായത്? ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പും വന്നതിനു ശേഷവും  ഇവിടെ ഭരണഭാഷ മലയാളമായിരുന്നു എന്ന് പഴയ രേഖകള്‍ നോക്കിയാലറിയാം. അന്നൊക്കെ നല്ല കയ്യക്ഷരമുള്ളവര്‍ക്ക് ഉദ്യോഗത്തിന് മുന്‍ഗണനയുമുണ്ടായിരുന്നു. പിന്നെ എന്നാണ് മലയാളം ഇറങ്ങിപ്പോയത്?  എപ്പോഴാണ് ഇംഗ്ലീഷ് കയറിപ്പറ്റിയത്? അത് സര്‍ക്കാരാപ്പീസുകളിലെ പൊതുജനം ശത്രു എന്ന സമീപനത്തിന്റെ ഭാഗമായിട്ടാണോ?  സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷ ഉപയോഗിക്കുകയാണല്ലോ അവരെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല വഴി.

ഏതായാലും മലയാളം തിരിച്ചുപിടിക്കേണ്ടത് ആവശ്യമായി വന്നുവെന്നത് യാഥാര്‍ഥ്യം. അതിനിടെ കയ്യെഴുത്ത് ഇറങ്ങിപ്പോയി ടൈപ്പ്‌റൈറ്റര്‍ സ്ഥലം പിടിച്ചിരുന്നു. മലയാളമാവട്ടെ ആ യന്ത്രത്തിനു വഴങ്ങിയില്ല. ബെഞ്ചമിന്‍ ബെയ്‌ലി രൂപകല്‍പന ചെയ്ത അറുന്നൂറോളം അച്ചുകളില്‍ പരന്നുകിടക്കുകയായിരുന്നു നമ്മുടെ ഭാഷ. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ കമ്മിറ്റി അത് ഇരുന്നൂറിനു താഴെയാക്കിക്കുറച്ചു. പിന്നീട് 1969-ല്‍ നിയമിക്കപ്പെട്ട മറ്റൊരു കമ്മിറ്റി അത് 90 ആക്കി ടൈപ്പ്‌റൈറ്ററുമായി മെരുക്കി.  'പ്രതിഫലത്തിന്റെ കാര്യത്തില്‍  താങ്കള്‍ക്കിഷ്ടമെങ്ങനെയോ അങ്ങനെ ചെയ്യുന്നത് എനിക്ക് സമ്മതമാണെന്ന് പറയേണ്ടതില്ലല്ലോ' എന്ന മട്ടിലായിരുന്നു അന്നത്തെ ടൈപ്പ്‌റൈറ്ററിലെ എഴുത്ത്.      

കമ്പ്യൂട്ടര്‍ എന്ന  ഉപകരണം ഇത്രത്തോളം പ്രചാരത്തിലെത്തുമെന്നും നമ്മുടെ ഭാഷ അതിനു വഴങ്ങിക്കൊടുക്കും എന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാലത്തായിരുന്നു ആ പരിഷ്‌കാരങ്ങള്‍. ഇതിനിടെ വിളംബരങ്ങള്‍ സൈക്ലോസ്റ്റൈല്‍ എന്ന ഉപകരണത്തിലടിച്ച സര്‍ക്കുലറുകള്‍ക്കു വഴിമാറിക്കൊടുത്തിരുന്നു.  കമ്പ്യൂട്ടര്‍ പ്രചാരത്തിലായതോടെ ടൈപ്പ്‌റൈറ്ററും സൈക്ലോസ്റ്റൈല്‍ യന്ത്രവും കാലഹരണപ്പെട്ടു.  ഇന്റര്‍നെറ്റ് വ്യാപകമായി.  മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി കുറച്ച് ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി ഇറങ്ങി.  കെ എച്ച് ഹുസൈന്‍, ആര്‍ ചിത്രജകുമാര്‍, എന്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി പഴയ മലയാള ലിപിയെ വീണ്ടെടുത്തു. ഹിരണ്‍ വേണുഗോപാല്‍, പി സുരേഷ്, കെവിന്‍, സിജി, വിശ്വപ്രഭ തുടങ്ങി നിരവധി ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു. ഭാഷാകമ്പ്യൂട്ടിങ്ങില്‍ നമുക്കുണ്ടായ നേട്ടം ഒരു സര്‍ക്കാര്‍ ഏജന്‍സിയും ചെയ്തതല്ല.  ജോലിത്തിരക്കിനിടെ ഒരു പ്രതിഫലവും പറ്റാതെ രാവു പകലാക്കി  ഈ ഉത്സാഹികള്‍ ഉണ്ടാക്കിയെടുത്തതാണ്.  അവരുടെ സേവനത്തിന് എത്ര വില കൊടുത്താലും മതിയാവില്ല.  

രണ്ടാമത്തെ പ്രതിബന്ധം മലയാളവാക്കുകളുടെ ക്ഷാമമായിരുന്നു.  ഭരണത്തിനു  വേണ്ടിയല്ലെങ്കിലും ശാസ്ത്ര-സാങ്കേതികവിഷയങ്ങള്‍ക്കു വേണ്ടി ഭാഷയ്ക്ക് ആവശ്യമായ വാക്കുകളുണ്ടാക്കുക എന്ന ദൗത്യമാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരുന്നത്.  ഇന്‍സ്റ്റിറ്റിയൂട്ട് എന്ന വാക്കിനുള്ള മലയാളം പോലും അതിനു കണ്ടെത്താനായില്ല എന്ന് നമ്മള്‍ പറയാറുണ്ടല്ലോ.  ഏതായാലും പുതിയ വാക്കുകള്‍ കാര്യമായി പ്രയോഗത്തില്‍ വന്നില്ല എന്നത് സത്യമാണ്. അവിടത്തെ രണ്ടു പ്രബലവിഭാഗങ്ങളില്‍ ഒന്ന് സംസ്‌കൃതത്തോടും മറ്റേത് ഇംഗ്ലീഷിനോടും ആധമര്‍ണ്യം പുലര്‍ത്തിയതുകൊണ്ടാവണം അത്.

സംസ്‌കൃതവും ഇംഗ്ലീഷുമല്ലാതെ നല്ല മലയാളിത്തമുള്ള വാക്കുകളായിരുന്നു നമുക്ക് ആവശ്യം. ഉദാഹരണം റാന്തല്‍ തന്നെ. Lantern എന്ന വാക്കില്‍നിന്ന് ലാന്തറും അതില്‍നിന്ന് റാന്തലും രൂപപ്പെട്ടതിന്റെ ഭംഗി നോക്കുക.  അത്തരം നല്ല ഒരു വാക്കുപോലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് സംഭാവന ചെയ്യാനായില്ല.  Chandelier എന്ന വാക്കിനുള്ള  മലയാളമായ  ബഹുശാഖാദീപം എന്ന വാക്കൊന്നും വായില്‍ക്കൊള്ളുന്നതായിരുന്നില്ല.      

ഇതിനൊക്കെപ്പുറമേ ഔദ്യോഗികഭാഷ ഒന്നു വേറെയാണ്.  ഇംഗ്ലീഷ് ശൈലിയെ അനുകരിച്ച് yours faithfully ക്ക്  മലയാളം അന്വേഷിച്ചു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.  സംവേദനക്ഷമമായ പുതിയൊരു ഭാഷാരീതി കണ്ടെത്തുകയാണ്.  മലയാളം ഇപ്പോള്‍ ശ്രേഷ്ഠഭാഷയാവാന്‍ പോവുന്നതു കൊണ്ട്  ഇതും  ശ്രേഷ്ഠമാക്കിക്കളയാം എന്നു വിചാരിക്കേണ്ട.  അതിന് സാഹിത്യഭംഗിയല്ല സംവേദനക്ഷമതയാണ് ആവശ്യം.  

ഔദ്യോഗികഭാഷയുടെ സ്വരം അധികാരത്തിന്റേതാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍നിന്ന് അറിയിപ്പുകള്‍ കിട്ടുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാവുന്നത് അതുകൊണ്ടാണ്.  ഇംഗ്ലീഷിന്റെ മാത്രം കാര്യമല്ല.  മലയാളത്തിനും അത് ബാധകമാണ്.  വര്‍ഷങ്ങള്‍ക്കുമുമ്പ് സഞ്ജയന്‍ അതിനേക്കുറിച്ച് പറയുന്നുണ്ട്   'കണ്ണുനീര്‍സമേതം' എന്ന ലേഖനത്തില്‍.  

ഈ അധികാരസ്വരം ഇംഗ്ലീഷിന്റെ ഗരിമയില്‍ ചോദ്യം ചെയ്യപ്പെടാതെ പോയേക്കാം.  പക്ഷേ ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഇത്തരം ഭാഷ തന്നെ ഉപയോഗിക്കേണ്ടതുണ്ടോ?  കടുപ്പത്തിന്റെയല്ല, അടുപ്പത്തിന്റെ ഭാഷ നമുക്ക് ഉപയോഗിച്ചുകൂടേ? സര്‍ക്കാര്‍ ആപ്പീസുകള്‍ കൂടുതല്‍ക്കൂടുതല്‍ ജനമൈത്രികളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ജോലി ലഭിച്ച് നാലു കൊല്ലത്തിനകം മലയാളത്തില്‍ യോഗ്യത നേടേണ്ടതുണ്ട്. അത് ന്യായവുമാണ്.  പക്ഷേ പരീക്ഷയുടെ രീതി എന്താണെന്ന് ഒരു രൂപവും കിട്ടിയിട്ടില്ല. എസ് കെ പൊറ്റെക്കാട്ടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന പുസ്തകത്തില്‍ ഒരു കഥ പറയുന്നുണ്ട്.  കിഴക്കേ ആഫ്രിക്കയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ആറു മാസത്തിനകം സ്വഹിലി പരീക്ഷ ജയിക്കണമെന്ന് നിയമമുണ്ടത്രേ.  വെള്ളക്കാരനായ മി. തോംസന്റെ പരീക്ഷകന്‍ അയാളുടെ സുഹൃത്തായിരുന്നു.  ബുദ്ധിമുട്ടിക്കില്ലെന്നും രണ്ടു ചോദ്യം മാത്രമേ ചോദിക്കൂ എന്നും സുഹൃത്ത് വാക്കു കൊടുത്തു.  പുറത്തുനില്‍ക്കുന്ന വേലക്കാരന്‍കുട്ടിയെ അകത്തേയ്ക്കു വിളിക്കാനായിരുന്നു വാചാപരീക്ഷയിലെ ആദ്യത്തെ ചോദ്യം.  തോംസണ്‍ ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.  പയ്യന്‍ അകത്തുവന്നു.  50 ശതമാനം മാര്‍ക്കായി. ഇനി അവനെ പുറത്തേയ്ക്കയയ്ക്കണം.  പക്ഷേ 'കൂജാ ഹാപ്പ'യോടെ സായ്‌വിന്റെ വൊക്കാബുലറി തീര്‍ന്നുപോയിരുന്നു.  സായ്‌വിന് വേറെയൊന്നും തോന്നിയില്ല.  മുറിക്കു പുറത്തേയ്ക്കു കടന്ന് വീണ്ടും ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.   വേലക്കാരന്‍ പുറത്തുപോയി!  തോംസണ്‍ നൂറില്‍ നൂറു മാര്‍ക്ക് വാങ്ങി പരീക്ഷ ജയിക്കുകയും ചെയ്തു.

 ഇങ്ങനെ ഒരു പ്രഹസനമൊന്നുമാവില്ല നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന യോഗ്യതാപ്പരീക്ഷ എന്ന് ആശിക്കുക. സകലമാന സാക്ഷ്യപത്രങ്ങള്‍ക്കുമായി നൂറുനൂറു സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങുന്നവരോട് അവര്‍ക്കു മനസ്സിലാവുന്ന ഭാഷ പറയണം.  അതിന് അവരെ പ്രാപ്തരാക്കുന്ന രീതിയിലാവണമല്ലോ ആ പഠനം. അതിന് സാക്ഷരതാസംരംഭത്തിലേപ്പോലെ  മലയാളത്തില്‍ ഒപ്പിടാന്‍ പഠിച്ചാല്‍ മതിയാവില്ല. 

ഭരണഭാഷ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.  അതിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ എന്തുകൊണ്ട് അതു നടപ്പാക്കാന്‍ അമാന്തം നേരിട്ടു എന്ന് അതാത് വകുപ്പുകളിലേയ്ക്ക്  ചെല്ലുന്ന അന്വേഷണക്കത്തുകളെങ്കിലും മലയാളഭാഷയില്‍ എഴുതപ്പെടുമെന്ന് ആശിക്കാം അല്ലേ?

Friday 17 January 2014

ചില ഭാഷാചിന്തകള്‍

പഠിക്കാന്‍ എളുപ്പമുള്ളതു മാത്രം പഠിപ്പിക്കുന്ന രീതിയാണോ അതോ എളുപ്പമുള്ളതും പ്രയാസമുള്ളതും എന്നു വകതിരിവില്ലാതെ ഭാഷയെ സംബന്ധിക്കുന്ന എല്ലാം പഠിപ്പിക്കുന്ന ഒരു സമ്പ്രദായം വരുന്നതാണോ നല്ലതു്. ഭാഷയെ കൂടുതല്‍ ശക്തമാക്കാനുള്ള ശേഷി അടുത്ത തലമുറയ്ക്കുണ്ടാവാന്‍ അതു നല്ലതല്ലേ. ലിപിയെ ചൊല്ലി തര്‍ക്കിക്കുന്നതിനു പകരം എല്ലാവരും എല്ലാ ലിപിയും, വട്ടെഴുത്തും കോലെഴുത്തും തഩതും പഴയതും പുതിയതും എല്ലാം പഠിക്കുന്നതില്‍ എന്താണു് തെറ്റു്. അതില്‍ നിന്നും കാലഘട്ടത്തിഌതകുന്ന ഒരു നല്ലലിപി ഉടലെടുത്തു വരുന്നതെന്തായാലും ഭാഷയ്ക്കു നല്ലതല്ലേ?

മലയാളത്തിലെ 51 അക്ഷരങ്ങള്‍ കൂടാതെ ഏകദേശം അത്രയും തന്നെ ഹിന്ദി അക്ഷരങ്ങളും 26 ആംഗലേയ അക്ഷരങ്ങളും ചേര്‍ത്തു് ഏകദേശം 127 അടിസ്ഥാന അക്ഷരങ്ങള്‍ പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന മലയാളി കുട്ടികള്‍ ഇപ്പോള്‍ തന്നെ പഠിക്കുന്നുണ്ടു്. കൂടാതെ മലബാര്‍ പ്രദേശങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന അറബി അക്ഷരങ്ങള്‍ വേറെ. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും മറ്റും ചേര്‍ത്തു വരുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം വീണ്ടും കൂടുന്നുണ്ടു്. സ്വദേശം വിട്ടു പോകുന്നവര്‍ പഠിക്കുന്ന അന്യഭാഷാക്ഷരങ്ങള്‍ വേറെ. ഇവയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി മനുഷ്യന്റെ തലച്ചോറിനുണ്ടു്. പിന്നെന്താ പ്രശ്നം.

Muscle പിടിക്കണോ എന്ന പദത്തിനു പകരം ദുര്‍വ്വാശി പിടിക്കണോ എന്നു് ചോദിക്കുന്നതല്ലേ ഉത്തമം എന്നു ചോദിക്കുന്നതില്‍ തെറ്റുണ്ടോ? രണ്ടിലേതായാലും ചോദ്യകര്‍ത്താവിനും ഉത്തരം പറയേണ്ട ആളിനും ആശയം വ്യക്തമാകും. ഉരുവിടുന്നതെല്ലാം മാതൃഭാഷയിലാവുന്നതു് നല്ലതു് തന്നെ എന്നിരിക്കിലും എല്ലാ വേളകളിലും അതു് അസാദ്ധ്യമാണു് പ്രത്യേകിച്ചും ശ്രോതാവു് അന്യഭാഷാപ്രയോഗിയാണെങ്കില്‍. മത സൗഹാര്‍ദ്ദം എന്നാല്‍ അന്യമതവികാരങ്ങളെ ബഹുമാനിക്കുകയെന്നതിലാണെന്ന പോലെ തന്നെ മാതൃഭാഷയെ സംരക്ഷിക്കുന്നതും അന്യഭാഷയെ അവഹേളിക്കാത്ത രീതിയില്‍ക്കൂടി ആയിരിക്കണം. ലോകത്തെ എല്ലാഭാഷയിലും അന്യഭാഷാ പദങ്ങള്‍ അതേപടിയോ രൂപഭേദപ്പെടുത്തിയ രീതിയിലോ പ്രയോഗിച്ചുപോരുന്നുണ്ടു്. അന്യഭാഷാപ്രദേശങ്ങളിലേക്കു് ചേക്കേറുമ്പോഴും അന്യഭാഷാജ്ഞാനം പങ്കിടുമ്പോഴും ആണു് ഇതിന്റെ ആവശ്യകത ഏറെ വേണ്ടിവരുന്നതു്. ഭാഷ കൊണ്ടുദ്ദേശിക്കുന്നതു് ആശയ വിനിമയം ആണെന്നിരിക്കേ ഈ വേളകളില്‍ അന്യനു മനസ്സിലാവാത്ത അവനവന്റെ മാതൃഭാഷ പ്രയോഗിക്കുന്നതിന്റെയും മാതൃഭാഷയില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്നതിന്റെയും ഔചിത്യക്കുറവു് ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലുള്ള സംഭാഷണം പൂര്‍ണ്ണമായോ ഭാഗികമായോ അന്യഭാഷയിലായാലും അതും ഔചിത്യമില്ലായ്മ തന്നെ. സംസാരശേഷിയില്ലാത്ത മൂകനുമായി ആശയവിനിമയം നടത്തുമ്പോള്‍ അവനറിയാവുന്നതു് ആംഗ്യഭാഷയാണോ അതോ ചുണ്ടനക്കമാണോ എന്ന തിരിച്ചറിവോടെ അവനു അറിയാവുന്ന രീതിയില്‍ തന്നെ നമ്മള്‍ അവനോടു് സംസാരിക്കേണ്ടിയിരിക്കുന്നു. അതു് ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ അവന്റെ ഭാഷ നമ്മള്‍ അംഗീകരിക്കുകയല്ലേ ചെയ്യുന്നതു്. ഇതേ സമീപനമായിരിക്കണം അന്യഭാഷക്കാരനോടു് നമ്മുടെ സമീപനം. എന്നാലേ പരസ്പരബഹുമാനം നിലനിന്നുകൊള്ളുകയുള്ളു.

ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിലെ ഭാഷാപഠനരീതികളെ എതിര്‍ക്കുന്നതിനു മുന്‍പു് അതു് കൂടുതല്‍ പ്രചാരം നേടാന്‍ കാരണമെന്താണെന്നു കൂടി പരിശോധിക്കുന്നതു് നന്നായിരിക്കും. മലയാളം ആദ്യഭാഷയാക്കിയാല്‍ മാത്രമേ മലയാളത്തിനു ഭാവിയുള്ളു എന്നു വാദിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കു് മലയാളത്തോടു് ചിറ്റമ്മനയമുണ്ടാകുമെന്നു ചിന്തിക്കുന്നതിലും കാര്യമില്ല. ഭാഷയോടുള്ള സ്നേഹം അടിച്ചേല്‍പ്പിക്കപ്പെടേണ്ട സംഗതിയല്ല. ശാസ്ത്രവിഷയങ്ങളിലുള്ള വിജ്ഞാനം ഏറ്റവും കൂടുതല്‍ ഉള്ളതും ലോകത്തു് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ എന്ന നിലയിലും ഇംഗ്ലീഷിനുള്ള സ്വാധീനം മറക്കാവുന്നതല്ല. ഇംഗ്ലീഷിനോടൊപ്പം ലോകത്തെ വേറെ ഏതു ഭാഷയും വളരണമെങ്കില്‍ എല്ലാ ഭാഷകളിലും എല്ലാവിധ പദപ്രയോഗങ്ങളും അതാതു ഭാഷകളില്‍ ലഭ്യമായിരിക്കണം. ഈ സ്ഥിതിവിശേഷത്തിലേക്കു വേണം മലയാളം വളരേണ്ടതു്. മലയാളത്തിലെ പദ സമ്പത്തു് വളര്‍ത്തിയെടുക്കാന്‍ മലയാളം അറിയാവുന്നവര്‍ക്കേ സാധിക്കുകയുള്ളു. പക്ഷെ പലപ്പോഴും ഇംഗ്ലീഷിലെ വാക്കുകള്‍ക്കു് പുതിയ തത്തുല്യ മലയാളപദം കണ്ടുപിടിച്ചു പ്രയോഗിക്കുന്നതില്‍ മലയാളിയും മലയാളഭാഷാവിദഗ്ദ്ധരും അതിനായി നിലകൊള്ളുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു പോലും ദയനീയമായി പരാജയപ്പെടുന്നതാണു് നാം കാണുന്നതു്. മലയാളഭാഷ ശ്രേഷ്ഠമാക്കാന്‍ ഈ കാര്യത്തിനു ഒരു നീക്കുപോക്കുണ്ടാക്കാതെ എളുപ്പത്തിനു് അന്യഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ചുപയോഗിക്കുന്ന രീതിയുടെ അനന്തരഫലത്തിന്റെ ഒരു വകഭേദമാണു് നാം ഇന്നു സര്‍വ്വസാധാരണമായി കണ്ടുവരുന്ന സങ്കരപദപ്രയോഗഭാഷയായ മംഗ്ലീഷെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭാഷ.

മലയാളക്കരക്കു് ഇന്നു അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിലകൊള്ളാന്‍ ആവുന്നുണ്ടോ? ദൈനംദിന ജീവിതത്തിനു ആവശ്യമുള്ള ഭക്ഷണം തൊഴില്‍ എന്നിവയ്ക്കു പോലും നമ്മള്‍ക്കു് സ്വയംപര്യാപ്തതയുണ്ടോ? ഈ സാഹചര്യത്തില്‍ ജീവിതമാര്‍ഗ്ഗത്തിനായി വിദേശത്തും മറ്റും പോകുന്നവര്‍ക്കു് ആശയവിനിമയത്തിനും തൊഴിലിനും അന്യഭാഷയെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിക്കു് മലയാളം മാത്രം പഠിക്കുന്നതു് കൊണ്ടു് പ്രയോജനമുണ്ടോ? അപ്പോള്‍ അവര്‍ക്കു് സ്വന്തം നിലനില്‍പ്പിനു് അന്യഭാഷാ പഠനം അത്യാവശ്യമാണു്, പ്രത്യേകിച്ചും ലോകത്തെവിടെ ചെന്നാലും പ്രായോഗികമാവുന്ന ഇംഗ്ലീഷു് പഠനം.

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ സ്ഥിതി എന്തായാലും സ്വന്തം മാതൃഭാഷ എന്ന നിലയില്‍ മലയാളം സ്ക്കൂളുകളില്‍ പഠിക്കുന്നതു് മലയാളിക്കു് ആവശ്യമാണു താനും. അതു് ആദ്യഭാഷയാണോ രണ്ടാം ഭാഷയാണോ എന്നതില്‍ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. മലയാളം മീഡീയം ഇംഗ്ലീഷു് മീഡിയം എന്നീ രീതിയില്‍ രണ്ടു തരത്തിലുള്ള വിദ്യാഭാസസമ്പ്രദായം ഇന്നു സംസ്ഥാനത്തു് നിലവിലുണ്ടു്. അതില്‍ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടതു് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ആണു്. ഒരു സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടു് ഏതു ഭാഷയിലായിരിക്കണം നാട്ടുകാര്‍ പഠിക്കേണ്ടതു് എന്നു് തീരുമാനിച്ചു് ഒരു സര്‍ക്കാര്‍ ഉത്തരവിറക്കി അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. പഠനം ദ്വിഭാഷയിലും അതിനു അധികമായി മുന്നാമൊതൊരു ഭാഷയും കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റി മറിക്കേണ്ട കാര്യമല്ല. പ്രാധമികപഠനഭാഷ ഏതാണെങ്കിലും മലയാളത്തിനോടു് പ്രിയമുള്ളവര്‍ എന്തായാലും അതു് പഠിച്ചുകൊള്ളും. താല്‍പ്പര്യം ഇല്ലാത്തവര്‍ അന്യഭാഷ പഠിക്കുന്ന രീതിയില്‍ തന്നെ തുടരും. പുതിയ ലിപി കൈയെഴുത്തില്‍ ഉപയോഗിക്കരുതു് എന്നൊരു ഉത്തരവു് പാലിച്ച മലയാളികള്‍ എത്രപേര്‍ കേരളസംസ്ഥാനത്തുണ്ടു് എന്നു പിരശോധിച്ചാല്‍ തന്നെ ഇതു മനസ്സിലാവും.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു. കേന്ദ്രത്തില്‍ പോയി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വഴക്കുണ്ടാക്കി നേടിയെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി. കേന്ദ്രത്തില്‍ നിന്നും കുറച്ചു് സാമ്പത്തിക സഹായം കിട്ടും എന്നും മലയാളികളുടെ അഭിമാനം ലോകദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടു എന്നും അല്ലാതെ അതുകൊണ്ടു് മലയാള ഭാഷയ്ക്കു് എന്തു നേട്ടമുണ്ടായി എന്നു ചോദിക്കുന്നതു് അന്യരല്ല, മലയാളികള്‍ തന്നെയാണു് എന്ന സ്ഥിതിക്കു കാരണക്കാരാരാണു്? കേന്ദ്രസര്‍ക്കാരാണോ? അതോ ഇരുന്നൂറു് വര്‍ഷത്തെ ഭരണത്തിനിടയില്‍ തങ്ങളുടെ ഭാഷ ഒരു ജനതയെ അടിച്ചേല്‍പ്പിച്ച ബ്രിട്ടീഷ് സായിപ്പാണോ?

മലയാളഭാഷയ്ക്കു് സംഭാവന നല്‍കിയ ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍,(പഴയ കാല സാഹിത്യകാരുടെ എണ്ണം എടുക്കാല്‍ കൈപ്പത്തിയിലെ വിരലുകള്‍ മതിയാവില്ല) മുതല്‍പേരുടെ നിലവാരത്തിലേക്കോ അതിനപ്പുറമോ ഉയരാന്‍ ശ്രമിക്കുന്ന സാഹിത്യകാര്‍ മലയാളത്തില്‍ എത്രപേര്‍ ഇന്നുണ്ടു് ? ധാരാളം ആള്‍ക്കാര്‍ ഉണ്ടെന്നു തന്നെ കരുതുക. കരുതുകയല്ല, ഉണ്ടെന്നു തന്നെ അംഗീകരിക്കുക. പഴയവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകള്‍ക്കൊപ്പം തോളോടുതോള്‍ നില്‍ക്കാവുന്ന സംഭാവനകള്‍ നല്‍കിയവര്‍ എത്ര പേര്‍? സംസാരിക്കുമ്പോഴും അവരവരുടെ കൃതികളിലും ആംഗലേയ പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ മലയാളം ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ എത്രപേര്‍? എന്തിനധികം പറയുന്നു മലയാളികള്‍ കണ്‍മുന്‍പില്‍ കാണുന്ന സിനിമകളുടെ പേരില്‍ പോലും ധാരാളം ആംഗലേയപദങ്ങളില്‍ ഇറങ്ങുന്നില്ലേ? അപ്പോള്‍ പിന്നെ ആം ആദ്മി (നിലവിലുള്ള പുതിയ പ്രയോഗം - ഹിന്ദിയില്‍ നിന്നും കടമെടുത്തതു്) യുടെ കാര്യം പറഞ്ഞിട്ടു കാര്യമുണ്ടോ?

കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ പോകുന്ന ധനസഹായമെങ്കിലും നല്ലവണ്ണം പ്രയോജനപ്പെടും (?) എന്നു നമുക്കാശിക്കാം.

ഇനി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ പല തരം ആയി വിഭജിക്കാം. 1 .പരമ്പരാഗതഭാഷാസമ്പത്തു് സംരിക്ഷിക്കുക 2. അടിസ്ഥാന പഠന-ഗവേഷണസൗകര്യം വര്‍ദ്ധിപ്പിക്കുക 3. ഭാഷയെ ബലപ്പെടുത്തുക 4. വിദ്യാഭ്യാസം മെച്ചപ്പെടുത്തുക

മലയാളഭാഷയിലെ പരമ്പരാഗത സമ്പത്തുകളെല്ലാം ആരുമായി പങ്കിടാതെ കാലയവനികയില്‍ മറയുന്ന രീതി മാറി അവ ശേഖരിക്കപ്പെടണം. ആര്‍ക്കു് എപ്പോള്‍ വേണമെങ്കിലും അവ ലഭ്യമാവുകയും വരും തലമുറയ്ക്കു് അവ പ്രയോജനപ്പെടുന്ന രീതിയില്‍ പ്രായോഗികമാക്കുവാന്‍ സാദ്ധ്യമാവുകയും വേണം.

നിലവിലുള്ള ഒരു പ്രാധമികവിദ്യാലയത്തിന്റെ നാമധേയം മാറ്റി യൂണിവേര്‍സിറ്റി എന്നാക്കി പുരോഗമനം വരുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശൈലി മാറണം. വിമാനത്താവളങ്ങളും, കായികസ്ഥലങ്ങളും പുതുതായി ഉണ്ടാക്കാന്‍ സ്ഥലം കണ്ടെത്താമെങ്കില്‍ മലയാള സര്‍വ്വകലാശാലയ്ക്കും സ്ഥലം കണ്ടെത്താനാണോ പ്രയാസം? തങ്ങളുടെ നിയോജകമണ്ഡലത്തിലായിരിക്കണം എന്നു ആരും ശഠിക്കാതിരുന്നാല്‍ തന്നെ വഴി എളുപ്പമാകും. എത്ര ഏക്കര്‍ സ്ഥലം അതിനായി വിട്ടുകൊടുക്കണം എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളു. തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരകം അതു പോലെ തന്നെ തുടരുന്നതില്‍ എന്താണു് തെറ്റു്? വേറെ സ്ഥലം കണ്ടെത്തുന്നതല്ലേ നല്ലതു്? അങ്ങനെയാകുമ്പോള്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കേന്ദ്രസഹായം പ്രായാഗികമായി പ്രയോജനപ്പെടുത്താവുന്നതല്ലേയുള്ളു.

ഭാഷയെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ തന്നെ മുന്‍കൈ എടുത്താല്‍ തന്നെ ധാരാളം. മലയാളക്കരയിലെ സാഹിത്യകാരന്മാര്‍ക്കു് മാസത്തില്‍ ഒരിക്കലെങ്കിലും ഒത്തൊരുമിക്കാന്‍ ഒരു വേദി സര്‍ക്കാര്‍ തന്നെ ഒരുക്കട്ടെ. മലയാള സാഹിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളും മലയാളഭാഷയെ എങ്ങനെ കൂടുതല്‍ ശക്തമാക്കാം എന്ന ചര്‍ച്ചകള്‍ക്കും ഇതു വഴിയൊരുക്കും. അന്യഭാഷാപദങ്ങള്‍ മലയാളീകരിക്കാനും അവ പ്രചരിപ്പിക്കാനും ഉള്ള ശ്രമവും ഉണ്ടാവണം. ഒരു ദിവസം ഒരു വാക്കു് എന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ വഴി ഇതു് ചെയ്യാവുന്നതല്ലേയുള്ളു.

വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നാളത്തെ നാടിന്റെ സമ്പത്താണു്. പാഠപുസ്തകങ്ങള്‍ക്കു പുറമെ ഭാഷയുടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്കു് അവസരം ലഭിക്കാന്‍ പാഠശാലകളിലെ പുസ്തകശാലകള്‍ മെച്ചപ്പെടുത്തണം. ഭാഷാചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, പദ്യസാഹിത്യം, ഗദ്യസാഹിത്യം തുടങ്ങി ഭാഷയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും പ്രാധമികതലങ്ങളില്‍ തന്നെ പഠിച്ചു തുടങ്ങട്ടെ. മറ്റു ഭാഷകളെ പോലെ മലയാളം പഠനം അത്ര എളുപ്പമുള്ള കാര്യമല്ല. പഠനം എങ്ങനെ എളുപ്പമാക്കാം എന്നു ചിന്തിച്ചു് അതിനനുസരിച്ചു് പഠിപ്പിക്കുന്ന രീതിയും ഭാഷയും തിരുത്തി പ്രയോഗിക്കുകയല്ല വേണ്ടതു്. തനിക്കു വേണ്ടി ഭാഷ എങ്ങനെ വഴങ്ങും എന്നു ശ്രമിക്കുന്നതിനു പകരം ഭാഷയുടെ ആവശ്യത്തിനനുസരിച്ചു് തനിക്കു് എങ്ങനെ ഉയരാന്‍ സാധിക്കും എന്ന ചിന്താഗതിയിലേക്കു് മലയാളി വളരണം.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.