Monday 27 January 2014

ഭാഷമാത്രം ശ്രേഷ്ഠമായാല്‍ മതിയോ? അക്ഷരങ്ങള്‍ വേണ്ടേ?

കെ എച്ച് ഹുസൈന്‍ സംസാരിക്കുന്നു. Copy of post by നാലാമിടം on June 13, 2013

ശ്രേഷ്ഠ ഭാഷാ പ്രഖ്യാപനത്തോടെ സംവാദങ്ങളുടെ പെരുവഴിയിലാണു് നമ്മുടെ മലയാളം. ഭാഷയുടെ പല തലങ്ങള്‍ സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതിലൊന്നും ഇടം കിട്ടാതെ ഒരു സുപ്രധാന വിഷയം ദൂരെ മാറി നില്‍ക്കുന്നുണ്ടു് - മലയാളത്തിന്റെ അക്ഷരങ്ങള്‍. പൊതു ചര്‍ച്ചകള്‍ക്കോ അഭിപ്രായ സമന്വയങ്ങള്‍ക്കോ ഇടം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്കു് മാറ്റിയ ലിപി ഇന്നും നമ്മുടെ ചര്‍ച്ചകളുടെ പുറത്താണു്.

എന്നാല്‍, ഭാവിയുടെ മലയാള ലിപി എന്താവണമെന്ന ചര്‍ച്ച അനിവാര്യമായ സന്ധിയിലാണു് നമ്മള്‍. പുതിയ ലിപിയെന്നു പറഞ്ഞു പാഠപുസ്തകങ്ങളിലൂടെ സര്‍ക്കാര്‍ പോറ്റിവളര്‍ത്തിയ അക്ഷര സഞ്ചയങ്ങള്‍ ഭാഷാ സാങ്കേതികതയുടെ കാലത്തു് പിന്നിലേക്കു പോവുകയാണു്. പഴയതെന്നു പറഞ്ഞു തള്ളിക്കളഞ്ഞ ലിപി ഒരു സംഘം ഭാഷാപ്രേമികളുടെ മുന്‍കൈയില്‍ വിവരവിനിമയങ്ങളുടെ പാതയിലേക്കു് ഉജ്വലമായി തിരിച്ചെത്തുകയുമാണു്. ഇ-ബുക്കുകളുടെയും ഇ-റീഡറുകളുടെയും ഓപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്നിഷന്റെയും യാന്ത്രിക വിവര്‍ത്തനത്തിന്റെയും ഭാവിയിലേക്കു ലിപികളെ സജ്ജമാക്കേണ്ട നേരമാണിതു്. പുതുതായി രൂപം കൊണ്ട മലയാള സര്‍വ്വകലാശാലയുടെ ആലോചനകളില്‍ പോലും ഇതില്ല.

ഈ പശ്ചാത്തലത്തില്‍, ഗൌരവമേറിയ ഈ വിഷയം കേരളത്തിന്റെ പരിഗണനയ്ക്ക വെക്കുകയാണു് മലയാള ഭാഷാ സാങ്കേതികതയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ പ്രധാനിയായ കെ.എച്ച് ഹുസൈന്‍. 

ഭാഷയുടെ പഴമ ഒരു ഭാഷാസമൂഹത്തിന്റെ ആഴങ്ങളാണു്. മലയാളം ശ്രേഷ്ഠമാകുമ്പോള്‍ കടന്നുപോന്ന കാലത്തിന്റെ വിസ്തൃതിയോളം മലയാളി വലുതാകുന്നു.

ശ്രേഷ്ഠഭാഷാപദവി കിട്ടുന്നതിനായി പല സംഘടനകളുടെയും പണ്ഡിതരുടേയും അക്ഷീണശ്രമങ്ങളുണ്ടായിട്ടുണ്ടു്. മലയാളം അംഗീകരിക്കപ്പെടാനുള്ള സാദ്ധ്യതകള്‍ ഇതരഭാഷാപ്രേമികളുടെ ഇടപെടല്‍മൂലം പലപ്പോഴും മങ്ങിപ്പോയിരുന്നു. അതൊക്കെ മറികടന്നാണു് നമ്മുടെ മാതൃഭാഷ ഔദ്യോഗികമായി ശ്രേഷ്ഠപദവിയിലേക്കുയര്‍ത്തപ്പെടുന്നതു്. വര്‍ഗ്ഗ-ജാതിഭേദങ്ങളെ ഭാഷ അതിവര്‍ത്തിക്കുമ്പോഴും അതെത്രമാത്രം കക്ഷിരാഷ്ട്രീയപരിഗണനകള്‍ക്കു വിധേയമാണു് എന്നു കൂടി ഈ സന്ദര്‍ഭം വെളിവാക്കുന്നു.

അടുത്ത കാലത്തായി പൊതുമാദ്ധ്യമങ്ങളില്‍ ശ്രേഷ്ഠഭാഷാപദവിയെ കുറിച്ചു ധാരാളം ചര്‍ച്ചകളും അഭിമുഖങ്ങളും നാം കണ്ടു. സാഹിത്യകാരന്മാരും ഭാഷാവിദഗ്ദ്ധരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ഇതില്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും അനുമാനങ്ങളും ചരിത്രവസ്തുതകളും അവതരിപ്പിക്കപ്പെട്ടു. അത്ഭുതകരമെന്നു പറയട്ടെ പലരും പറയാന്‍ വിട്ടുപോയ ഒരു കാര്യമുണ്ടു്. നമ്മുടെ അക്ഷരങ്ങളെക്കുറിച്ചു്. അതേതു കോലത്തിലായാലും വേണ്ടിയില്ല, ശ്രേഷ്ഠപദവി കിട്ടിയാല്‍ മതി എന്നുവരെ തോന്നിച്ചു അക്ഷരത്തെക്കുറിച്ചുള്ള മൗനം. നൂറുകണക്കിനു സംവാദങ്ങളില്‍നിന്നും ഒറ്റപ്പെട്ട് സി. രാധാകൃഷ്ണന്‍ മാത്രം ‘മലയാള’ത്തിലെ പംക്തിയില്‍ ലിപിയെ സ്പര്‍ശിച്ചെഴുതി. വിവിധ സോഫ്റ്റ്‌വെയറുകളിലും പ്രയോഗങ്ങളിലും അക്ഷരങ്ങളുടെ ഏകീകരണം സാദ്ധ്യമാക്കണമെന്ന പ്രധാനപ്പെട്ട ഒരു തത്വം അദ്ദേഹം ഉന്നയിച്ചു.

അക്ഷരങ്ങളുടെ രൂപത്തെക്കുറിച്ചു് ഈയിടെ ഒരു തമിഴു് പണ്ഡിതനുമായി സംസാരിക്കാനിടയായി. അക്ഷരങ്ങള്‍ക്കു് രൂപങ്ങള്‍ കൈവരുന്നതിനെക്കുറിച്ചു് അദ്ദേഹം പറഞ്ഞ അഭിപ്രായം ‘ശബ്ദത്തില്‍ത്തന്നെ രൂപം അടങ്ങിയിരിക്കുന്നു, രൂപം ശബ്ദത്തിന്റെ പ്രതിബിംബമാണു്’ എന്നൊക്കെയായിരുന്നു. മലയാളിയ്ക്കു് ഇതു് വിചിത്രവും അസംബന്ധവുമായ വാദങ്ങളാണു് എന്നു് ഞാന്‍ പറഞ്ഞു. അക്ഷരങ്ങളുടെ രൂപങ്ങള്‍ക്കു് അത്ര പ്രാധാന്യമില്ലെന്നും, ആശയങ്ങളും അര്‍ത്ഥങ്ങളുമാണു് ഞങ്ങള്‍ക്ക് വലുതു് എന്നും കൂട്ടിച്ചേര്‍ത്തു. അക്ഷരങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്കരിക്കാമെന്നും അനാവശ്യമെന്നു തോന്നുന്നവ നഖം ചെത്തിമിനുക്കുന്നതു പോലെ ഒതുക്കിയെടുക്കാമെന്നും ആ വഴിക്കുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ നാല്പതുവര്‍ഷമായി കഠിനമായി മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. തമിഴു് പണ്ഡിതനു് ഇതൊന്നും ആലോചിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല. തര്‍ക്കിക്കാനോ തിരുത്താനോ അദ്ദേഹം മുതിര്‍ന്നതുമില്ല. സംസാരത്തിന്റെ അവസാനം ഒന്നു മാത്രം പറഞ്ഞു: “നിങ്ങളുടെ ഭാഷയ്ക്കു് അധികം ആയുസ്സില്ല.”

ലിപിയുടെ തനിമയും സമഗ്രതയും

1999 ല്‍ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. “ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി അതിന്റെ ലിപി മാറ്റലാണു്.” മലയാളം കമ്പ്യൂട്ടിംഗില്‍ മാതൃഭാഷയുടെ നഷ്ടപ്പെട്ടുപോയ എല്ലാ ലിപിരൂപങ്ങളും പുനഃസൃഷ്ടിക്കാന്‍ കഴിയും എന്നു് വാദിച്ച രചന അക്ഷരവേദിയുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഈ അഭിപ്രായപ്രകടനം ഉണ്ടായതു്. “നമ്മുടെ ഭാഷയ്ക്കു് നമ്മുടെ ലിപി” എന്നതായിരുന്നു രചനയുടെ സന്ദേശം. പതിനാലു വര്‍ഷങ്ങള്‍കൊണ്ടു് മലയാളഭാഷാസാങ്കേതികത കൈവരിച്ച വളര്‍ച്ചയുടെ ദിശാബോധം നിര്‍ണ്ണയിച്ചതു് ചിത്രജകുമാറിന്റെ നേതൃത്വത്തിലാരംഭിച്ച രചന അക്ഷരവേദിയായിരുന്നു. പിന്നീടതിന്റെ പ്രവര്‍ത്തനങ്ങള്‍ ‘സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് ‘ വിപുലപ്പെടുത്തുകയും ഭാഷാസാങ്കേതികതയുടെ വികസനത്തില്‍ സുപ്രധാന സംഭാവനകള്‍ നല്കുകയും ചെയ്തു.
ഈയടുത്തകാലംവരെ കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് രചനയ്ക്കെതിരായിരുന്നു. ലിപിപരിഷ്ക്കരണത്തിനു് നേതൃത്വം വഹിച്ചവരെന്നനിലയ്ക്കു് അവരുടെ എതിര്‍പ്പു് സ്വാഭാവികവുമായിരുന്നു. ഭാഷാസാങ്കേതികത ഇന്നെത്തിനില്ക്കുന്ന വളര്‍ച്ച നിരീക്ഷിക്കുമ്പോള്‍ മലയാളത്തിന്റെ എല്ലാ കൂട്ടക്ഷരങ്ങളും പ്രത്യേക സ്വരരൂപങ്ങളും ഉള്‍ക്കൊണ്ടു് രചന അവതരിപ്പിച്ച സമഗ്രലിപിസഞ്ചയം ഭാഷാവ്യവഹാരത്തിന്റെ അടിസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നു കാണാം. മലയാളത്തിലെ ക്ലാസ്സിക് ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും രചന ഉപയോഗിച്ചു തനതുലിപിയില്‍ ഇതിനകം അച്ചടിച്ചുകഴിഞ്ഞു.

ആദ്ധ്യാത്മരാമായണം (ഡി.സി.), ദശോപനിഷത്തു് (ഡി.സി.), ചതുര്‍വ്വേദം (മാതൃഭൂമി), സത്യവേദപുസ്തകം-ബൈബിള്‍ (ഗോസ്പല്‍ ഫോര്‍ ഏഷ്യ), യതിചരിതം (മലയാള പഠന ഗവേഷണകേന്ദ്രം) തുടങ്ങി ഇരുന്നൂറോളം ബൃഹത്ഗ്രന്ഥങ്ങളാണു് ഈ നിരയിലുള്ളതു്. യൂണികോഡ് ഭാഷാസാങ്കേതികതയുടെ വരവോടെ മലയാളത്തിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളൊക്കെ തനതുലിപി സാദ്ധ്യമാക്കുന്ന രചന, മീര എന്നീ ഫോണ്ടുകളിലാണു് പ്രസാധനം ചെയ്യപ്പെടുന്നതു്. പ്രമുഖ പത്രങ്ങളായ മാതൃഭൂമി, മംഗളം, ദേശാഭിമാനി, ചന്ദ്രിക എന്നിവ ഇതിലുള്‍പ്പെടും. യൂറോപ്യന്‍ ഭാഷകളേക്കാള്‍ പേജ്‌ഡെപ്തില്‍ മുന്നില്‍ നില്ക്കുന്ന മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നതു മലയാളത്തിന്റെ തനതുലിപിയാണു്. രചനയും മീരയുമാണു് അതിന്റെ ‘ഡിഫോള്‍ട്ട് ഫോണ്ടുകള്‍’.

പഴയതു്, പരിഷ്കരിച്ചതു്, ഏറ്റവും പുതിയതു്

‘പഴയലിപി’ അങ്ങനെ മലയാളത്തിന്റെ ‘ഏറ്റവും പുതിയ ലിപി’യായി മാറിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ ഏഴെട്ടുവര്‍ഷങ്ങളായി ഐ ടി അറ്റ് സ്കൂള്‍ ലിനക്‌സി (it@schoollinux) ലൂടെ മുപ്പതു് ലക്ഷത്തിലേറെ കുട്ടികള്‍ രചനയും മീരയും ഉപയോഗിച്ച് മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെട്ടുകഴിഞ്ഞു. കേരള ഐടി മിഷന്റെ കീഴിലുള്ള മലയാളം കമ്പ്യൂട്ടിംഗ് കോഴ്സ് മീര ഉപയോഗിച്ചു തനതുലിപിയിലാണു പഠിപ്പിക്കുന്നതു്. പാഠപുസ്തകങ്ങളെല്ലാം പരിഷ്കരിച്ച ലിപിയിലാണെന്നതോ, ഒന്നാംക്ലാസ്സുമുതല്‍ പഠിക്കുന്നതു് ‘പുതിയ ലിപി’യിലാണെന്നതോ വിദ്യാര്‍ത്ഥികള്‍ക്കു് തനതുലിപി പരിചയിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളതാണു് കൗതുകകരം.

മലയാളിയുടെ ചരിത്രബോധത്തിനും സൗന്ദര്യബോധത്തിനും ഇണങ്ങിയ യഥാര്‍ത്ഥ ലിപിരൂപം അന്യംനിന്നുപോകില്ലെന്ന രചനയുടെ വാദം ശരിവയ്ക്കുകയാണു പുതിയ തലമുറ. നാലോ അഞ്ചോ വര്‍ഷത്തെ ശ്രമവും ശ്രദ്ധയുമുണ്ടെങ്കില്‍ 40 വര്‍ഷത്തെ ലിപിസ്ഖലിതങ്ങളെ നേരെയാക്കിയെടുക്കാമെന്നുള്ളതാണു് യാഥാര്‍ത്ഥ്യം.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളം അച്ചടിയില്‍ വരാന്‍പോകുന്ന വമ്പിച്ചമാറ്റം ക്ലാസിക്കല്‍ അക്ഷരരൂപങ്ങളുടെ പുനഃസ്ഥാപനത്തിനു വേഗം കൂട്ടും. മലയാളം ടൈപ്പ്‌സെറ്റിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന അഡോബ് പേജ്‌മേക്കര്‍ യൂണീകോഡിലേക്കുള്ള ചുവടുവെയ്പാരംഭിച്ചിട്ടു് ഒരു വര്‍ഷം കഴിയുന്നു. അഡോബ് ഇന്‍ഡിസൈന്‍ സിസി7 (Adobe InDesign CC7) ല്‍ മലയാള അക്ഷരങ്ങളുടെ രൂപപ്പെടലി (Rendering) ലുണ്ടായ അപാകതകളൊക്കെ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിലെ രജീഷ് കെ. നമ്പ്യാരുടേയും അഡോബിലെ വിനോദ് ബാലകൃഷ്ണന്റേയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ മലയാളത്തിന്റെ ആയിരത്തോളം വരുന്ന എല്ലാ അക്ഷരരൂപങ്ങളും അനായാസമായി പേജ് ലേഔട്ടില്‍ ആവിഷ്കക്കരിക്കാം എന്നിടത്തു് എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി ഡിറ്റിപിയില്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്ന ISM ഗിസ്റ്റിന്റേയും പരിഷ്കരിച്ച ലിപിയുടേയും പ്രഭവകാലം അസ്തമിക്കുകയാണു്.

സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ അനേകായിരം കമ്പ്യൂട്ടറുകളില്‍ വേഡ്‌പ്രൊസസ്സിംഗില്‍ മീര ഫോണ്ടിന്റെ പ്രായോഗക്ഷമത ഇന്നു് അംഗീരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റിലെ മലയാളം സൈറ്റുകളിലും ബ്ലോഗുകളിലും തനതുലിപിയുടെ സ്വീകാര്യത ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണു്. സ്കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും തനതുലിപിയിലുള്ള മലയാളം കമ്പ്യൂട്ടിംഗ് പഠനം പൂര്‍വ്വാധികം വ്യാപകമാകുകയാണു്. പത്രമാസികകള്‍ പഴയ ലിപിയിലിറങ്ങാനുള്ള ഡിറ്റിപിയിലെ മുന്നൊരുക്കങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കകം പ്രസാധനവ്യവസായത്തെ അടിമുടി മാറ്റിമറിക്കും. ഇതിനൊക്കെ ആസ്പദമായ ഭാഷാസാങ്കേതികത മലയാളത്തിന്റെ ക്ലാസിക്കല്‍ അക്ഷരങ്ങളുടെ ആവിഷ്കാരത്തിനായി പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുകയാണു്.

ആഹ്ലാദകരമായ ഇത്തരമൊരവസ്ഥ, മറ്റൊരു മേഖലയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, സന്നിഗ്ദ്ധാവസ്ഥകളും സൃഷ്ടിക്കും. ഭാഷാസാങ്കേതികതയിലെ മാറ്റങ്ങള്‍ കണക്കാക്കാതെ പാഠപുസ്തകങ്ങള്‍ പഴഞ്ചനായ പരിഷ്കരിച്ച ലിപിയില്‍ത്തന്നെ അച്ചടിച്ചിറക്കാനുള്ള സംവിധാനങ്ങളും മനോഭാവങ്ങളുമാണു ഇപ്പോഴുമുള്ളതു് . ഈ വര്‍ഷം മുതല്‍ പരിഷ്കരിക്കാന്‍ പോകുന്ന മലയാളത്തിലെ പാഠപുസ്തകങ്ങള്‍ തനതുലിപിയില്‍ അച്ചടിച്ചു് ശ്രേഷ്ഠപദവിയെയും വരുംതലമുറയെയും നാം ആദരിക്കാന്‍ തയ്യാറാകണം. അതിനാവശ്യമായ എല്ലാ സാങ്കേതിക മികവും മലയാളം ഇന്നു് കൈവരിച്ചുകഴിഞ്ഞിട്ടുണ്ടു്.

ആയിരക്കണക്കിനു വരുന്ന വര്‍ഷങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണു് നാം ശ്രേഷ്ഠപദവി നേടിയെടുത്തതു്. മലയാള അക്ഷരരൂപങ്ങളുടെ വ്യക്തമായ പരിണാമം ആരംഭിക്കുന്നതു് 8-ാം നൂറ്റാണ്ടുമുതലാണെന്നു് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥമെഴുത്തും ‘നാനംമോന’വുമൊക്കെയായി മലയാള അക്ഷരങ്ങളുടെ രൂപങ്ങള്‍ പരിണമിക്കുകയും വികാസം പ്രാപിക്കുകയും ചെയ്ത ആയിരം വര്‍ഷങ്ങളില്‍ ദേവനാഗരിയിലുള്ള സംസ്കൃതഗ്രന്ഥങ്ങളുടെ മലയാളത്തിലേക്കുള്ള ലിപ്യന്തരണം കൂട്ടക്ഷരങ്ങളുടെ സമ്പന്നതയ്ക്കു് വഴിയൊരുക്കി. 1824 ല്‍ ബെഞ്ചമിന്‍ ബെയ്‌ലി അച്ചടിക്കായി ലോഹടൈപ്പുകളുണ്ടാക്കുന്നതോടെ അക്ഷരരൂപങ്ങള്‍ സ്ഥിരപ്പെടുകയും പുസ്തകപ്രസാധനത്തിലൂടെ കേരള ജനത സ്വന്തം അക്ഷരങ്ങള്‍ വ്യാപകമായി വായിക്കാനും പഠിക്കാനും ഇടവരികയും ചെയ്തു. ഭാരതീയഭാഷകളുടെ ലിപികള്‍ ബ്രഹ്മിലിപിയുടെ താവഴിയില്‍ പിറന്നതും പരിണമിച്ചതുമാണു്. സംയുക്താക്ഷരങ്ങളുടെ ഘടനയ്ക്കും വ്യജ്ഞന-സ്വരബന്ധങ്ങള്‍ക്കും ഒരു ദേശീയസ്വഭാവം കണ്ടെത്താന്‍ കഴിയും. ഈയൊരു ദേശീയതയെ മാനിച്ചുകൊണ്ടാണു് ബെയ്‌ലി മലയാള അക്ഷരങ്ങള്‍ രൂപകല്പനചെയ്തതു്.

മലയാളത്തിന്റെ ക്ലാസിസ്സിസം വ്യക്തമായി അടയാളപ്പെടുന്നതു് നമ്മുടെ തനതുലിപിയിലാണു്. ഒന്നരനൂറ്റാണ്ടോളം സ്വയംപൂര്‍ണ്ണമായി വ്യവസ്ഥപ്പെട്ടു പ്രചരിച്ച മലയാളിയുടെ സ്വന്തം അക്ഷരങ്ങളായി അതു് മാറുകയും ചെയ്തു. 1970 കള്‍ക്കുശേഷം പരിഷ്കരിച്ച ലിപി പ്രചാരത്തിലായെങ്കിലും 2000ത്തോടെ ക്ലാസ്സിക് അക്ഷരങ്ങളിലേക്കു് വീണ്ടും മലയാളം എത്തിപ്പെട്ടു. ഇതു് പഴയതിന്റെ പുനരാവാഹനമല്ല. ഭാഷയുടെ നേര്‍രൂപങ്ങളുടെ കണ്ടെത്തലാണു്. പരിഷ്കരിച്ച ലിപിമൂലം അവ്യവസ്ഥമാക്കപ്പെട്ട ഭാഷാപഠനവും പ്രയോഗങ്ങളും നേര്‍വഴിക്കാക്കാന്‍ തനതുലിപിക്കേ കഴിയൂ എന്നു് ഭാഷാപണ്ഡിതരും സാഹിത്യകാരന്മാരും അദ്ധ്യാപകരും ഇന്നു തിരിച്ചറിയുന്നുണ്ടു്.

അക്ഷരവും വിദ്യാഭ്യാസവും

മലയാളത്തിനായി ഒരു സര്‍വ്വകലാശാല സ്ഥാപിതമായ സമയത്തു തന്നെയാണു് മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതു് എന്നതു് ശുഭസൂചകമാണു്. അക്ഷരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില ചിന്തകള്‍ ഈയവസരത്തില്‍ പ്രസക്തമാണു്. ലോകത്തു് ഏഴായിരം ഭാഷകളുള്ളതില്‍ 700 ഭാഷാസമൂഹങ്ങളില്‍ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നിലനില്ക്കുന്നുള്ളു. ഇതിന്റെ ഏകകാരണം 700 ഭാഷകള്‍ക്കേ ലിഖിതരൂപങ്ങളുള്ളൂ എന്നുള്ളതാണു്. വിദ്യാഭ്യാസവും സിലബസ്സും സ്കൂളുകളും സര്‍വ്വകലാശാലകളും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനശില അതിനാല്‍ അക്ഷരങ്ങളാണു്. മറ്റുവിഷയങ്ങള്‍ രേഖപ്പെടുത്തുന്നതും പഠനവിധേയമാകുന്നതും തലമുറകളിലേയ്ക്കു് കൈമാറുന്നതും അക്ഷരങ്ങളിലൂടെയാണു്.

കമ്പ്യൂട്ടറിന്റെ വരവോടെ അക്ഷരങ്ങളുടെ മാദ്ധ്യമങ്ങളും പ്രയോഗങ്ങളും വമ്പിച്ച മാറ്റങ്ങള്‍ക്കു് വിധേയമായിട്ടുണ്ട്. അച്ചടിക്കപ്പെടുന്നതെന്തും കമ്പ്യൂട്ടറിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടു്. കഴിഞ്ഞ 25 വര്‍ഷത്തെ മലയാളത്തിലെ കമ്പ്യൂട്ടര്‍ പ്രയോഗങ്ങള്‍ കേവലം വേഡ്‌പ്രോസസ്സിംഗിലും ഡിറ്റിപിയിലും ഒതുങ്ങിനില്ക്കുകയായിരുന്നു. ഇന്നു് സ്ഥിതി മാറിയിരിക്കുന്നു. യൂണികോഡ് മലയാളത്തിന്റെ വരവോടെ വിപുലമായ വിവരവ്യവസ്ഥകള്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മലയാളത്തിന്റെ അക്ഷരങ്ങളില്‍ത്തന്നെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളം വിക്കിയും ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇതിനു് ഉദാഹരണങ്ങളാണു്.

മാറുന്ന വായന, മാറാത്ത അക്ഷരങ്ങള്‍

കടലാസ്സിലെ അച്ചടിയും പ്രസാധനവും ഇനിയും നൂറ്റാണ്ടുകള്‍ അതേപടി നിലനില്ക്കും എന്ന വാദത്തിനു ഗൃഹാതുരത്വത്തിന്റെ പിന്‍ബലമേയുള്ളു. ഒരു ദശകത്തിനകം ലോകത്തിലെ പുസ്തകപ്രസാധനത്തിലെ വലിയൊരു പങ്കു് ഇ-ബുക്കുകളിലേയ്ക്കും ഇ-റീഡറുകളിലേയ്ക്കും ചേക്കേറും. ഇ-ബുക്കുകളുടേതു് ഒരു ഹരിതസാങ്കേതികതയാണെന്നുള്ളതാണു് കാരണം. പേപ്പര്‍ പള്‍പ്പിനുവേണ്ടിയുള്ള മരങ്ങളുടേയും വനങ്ങളുടേയും വന്‍തോതിലുള്ള നശീകരണം അധികകാലം മനുഷ്യനും ഭൂമിക്കും താങ്ങാന്‍ കഴിയില്ല. ഒരു പുസ്തകം വിപണിയിലിറക്കാനുള്ള സമയവും അദ്ധ്വാനവും പണവും നൂറിലൊന്നായി ചുരുകൂന്നതും ഇ-ബുക്ക്/റീഡറുകളുടെ വര്‍ദ്ധനവിനു കാരണമാണു്. പകല്‍ വെളിച്ചത്തില്‍ കടലാസ്സില്‍ അച്ചടിക്കപ്പെട്ട അക്ഷരങ്ങളേക്കാള്‍ തെളിമയും വ്യക്തതയും ഇന്നു് ഇ-റീഡറുകള്‍ക്കുണ്ടു്. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനും പേജുകള്‍ മറിക്കാനും ബുക്ക്മാര്‍ക്ക് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ നിരവധിയാണു്.

ഇരുട്ടില്‍ വായിക്കാന്‍ വിളക്കിന്റെ ആവശ്യവുമില്ല. അക്ഷരം ശബ്ദമായി രൂപാന്തരപ്പെടുത്തുന്ന ഇ-സ്പീക് സാങ്കേതികതയുടെ പൂര്‍ണ്ണതക്കായി മലയാളത്തിലുള്‍പ്പെടെ സാര്‍ത്ഥകമായ ഗവേഷണങ്ങള്‍ നടക്കുന്നു. കണ്ണുപയോഗിച്ചു വായിക്കാതെ കാതുകൊണ്ടു് വായിക്കാന്‍/കേള്‍ക്കാന്‍ കഴിയുന്ന അവസ്ഥ ആദ്യഘട്ടത്തില്‍ ഉപകാരപ്പെടുക കണ്ണുകാണാത്തവര്‍ക്കായിരിക്കും. വായനയുടെ പരമ്പരാഗതശീലങ്ങള്‍ ഇന്റര്‍നെറ്റും ഹൈപ്പര്‍ലിക്കൃം കഴിഞ്ഞ ഒരു ദശകത്തിനകത്തു് അട്ടിമറിച്ചതിന്റെ തുടര്‍ച്ച ‘ശ്രവണപാരായണ’ത്തിലേക്കു് സംക്രമിക്കുകയാണു്. വിവരസാങ്കേതികതയുടെ ഈയൊരു മുന്നേറ്റത്തില്‍ പരമ്പരാഗതമാധ്യമങ്ങള്‍ സങ്കല്പങ്ങള്‍ക്കതീതമായി രൂപാന്തരപ്പെടുകയും പോപ്പുലറൈസ് ചെയ്യുകയും ചെയ്യുമ്പോള്‍ മാറാതെ നില്ക്കുന്ന ഒന്നേയുള്ളൂ – അക്ഷരങ്ങള്‍. അവയില്ലാതെ ഇന്‍ഫര്‍മേഷന്‍ ടെകേ്‌നാളജിയില്ല. അതിന്റെ അനന്ത സാദ്ധ്യതകളുമില്ല.

മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകാശന-വിതരണരൂപങ്ങള്‍ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോവുകതന്നെ ചെയ്യും. അച്ചടി പ്രചാരത്തിലായപ്പോള്‍ ഓലയിലെഴുത്തു അപ്രത്യക്ഷമായതിനേക്കാള്‍ വേഗത്തിലാണിതു് സംഭവിക്കുക. അച്ചടിച്ച അക്ഷരങ്ങളെ ടെക്‌സ്റ്റ് ആയി പരിവര്‍ത്തനപ്പെടുത്തുന്ന ഓപ്റ്റിക്കല്‍ കാരക്ടര്‍ റെകഗ്നിഷന്‍ (OCR) , ഇതര ഭാരതീയഭാഷകളേക്കാള്‍ അത്യന്തം സങ്കീര്‍ണ്ണമായ പദസംയോജനങ്ങളുടേയും വര്‍ണ്ണങ്ങളുടേയും വെല്ലുവിളികള്‍ നേരിടുന്ന സെ്പല്‍ചെക്‌സിസ്റ്റം, ഇനിയും ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത യാന്ത്രിക വിവര്‍ത്തനം (Automatic Translation) . . . മലയാളം കടന്നുപോകേണ്ട വളര്‍ച്ചയുടെ പടവുകള്‍ നിരവധിയാണു്.

അക്ഷരങ്ങളുടെ കാലിഗ്രാഫിക് പാരമ്പര്യങ്ങളേയും ഇനിയും കണ്ടെത്തേണ്ട ടൈപ്പോഗ്രാഫിക് ജ്യാമിതികളേയും സംയോജിപ്പിച്ചു ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്യാനുള്ള പദ്ധതികള്‍ക്കു് ഇതുവരെ തുടക്കമായിട്ടില്ല. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മലയാളഭാഷാ സാങ്കേതികതയിലുണ്ടായ വളര്‍ച്ചയില്‍ സര്‍ഗ്ഗാത്മകമായ സംഭാവനകള്‍ നല്കിയതു് സര്‍ക്കാര്‍ ഏജന്‍സികളല്ല, സന്നദ്ധപ്രവര്‍ത്തകരാണു്. മലയാളം സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതെല്ലാം സമഗ്രമായി അവലോകനം ചെയ്യപ്പെടുമെന്നും ഉചിതമായ പദ്ധതികളാവിഷ്കരിച്ചു സന്നദ്ധപ്രവര്‍ത്തനങ്ങളെ മുന്നോട്ടു് നയിക്കുമെന്നുമുള്ള പ്രതീക്ഷ സൈബര്‍/ ഇ-മലയാളരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായിരുന്നു. പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സൈബര്‍ സാഹിത്യവും പഠനങ്ങളും അധികൃതരെ സ്പര്‍ശിച്ച മട്ടുകാണുന്നില്ല.

കമ്പ്യൂട്ടേഷനല്‍ ലിംഗിസ്റ്റിക്‌സിനും മലയാള അക്ഷരങ്ങളുടെ പരിപോഷണത്തിനും ഒരു ഫാക്കല്‍റ്റി മലയാളം സര്‍വ്വകലാശാലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതു് ആശങ്കകള്‍ക്കു് ഇടനല്കുന്നു. ശ്രേഷ്ഠമാക്കപ്പെടുമ്പോള്‍ ലഭിക്കുന്ന കോടികളില്‍ ഒരു രൂപയുടെ പരിഗണനപോലും മലയാള അക്ഷരസാങ്കേതികതയ്ക്ക് വേണ്ടതില്ലെന്നാണോ വിദ്യാഭ്യാസവിചക്ഷണര്‍ കരുതുന്നതു്? ഇനി അഥവാ ഏതെങ്കിലും പ്രോജക്ടുകളുടെ ഭാഗമായി ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പണം വകയിരുത്തിയാല്‍ ഏതക്ഷരങ്ങള്‍ക്കുവേണ്ടിയതു് വിനിയോഗിക്കും? കാലവും സാങ്കേതികതയും മലയാളിയും തള്ളിക്കളഞ്ഞ അംഗവൈകല്യം ബാധിച്ച അക്ഷരങ്ങള്‍ക്കുവേണ്ടിയോ?

കാബിനറ്റ് ഡിസിഷനിലും നൂറുകോടിയിലുമല്ല ശ്രേഷ്ഠത തിരയേണ്ടതു്. അക്ഷരങ്ങളിലാണു്. ഒരിക്കലും നശിക്കില്ലെന്നു് നാം അര്‍ത്ഥമോതുന്ന അക്ഷരങ്ങളില്‍ .

.

Wednesday 22 January 2014

കാലഹരണപ്പെട്ട സര്‍ക്കാര്‍ ഉത്തരവു് റദ്ദാക്കപ്പെടുമോ?

1971ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവു് വളരെ അധികം പഠനത്തിനു ശേഷം ഇറക്കിയതായിരുന്നുവെങ്കിലും അതില്‍ ഉപയോഗിച്ച പദങ്ങള്‍ പല രീതിയിലും വ്യാഖ്യാനം ചെയ്യാവുന്ന തരത്തിലായിരുന്നു.

'എഴുതുന്നതിനു് ഇപ്പോഴത്തെ സമ്പ്രദായം തന്നെ തുടര്‍ന്നുകൊണ്ടു് ടൈപ്പ്റൈറ്റിംഗിനും അച്ചടിയിലും പുതിയ സമ്പ്രദായം സ്വീകരിച്ചാല്‍ മതിയാകുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടു്' എന്നു് വളരെ ഒഴുക്കന്‍ മട്ടില്‍ ഉത്തരവിന്റെ അവസാനം പറയുന്നുണ്ടെങ്കിലും അതിനു മുമ്പു് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും വിപരീതമാണു്.


പടത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ അച്ചടിക്കുകയെന്നോ റ്റൈപ്പ് ചെയ്യുക എന്നോ അല്ല മറിച്ചു് "എഴുതുക" എന്നുള്ള പദം തന്നെയാണു് സ്വീകരിക്കുന്നതു്. കുട്ടികളെ പുതിയ ലിപി പഠിപ്പിച്ച അദ്ധ്യാപകരുടെ രക്ഷയ്ക്കായി എത്തുന്നതു് സര്‍ക്കാര്‍ ഉത്തരവിലെ ഈ പിഴവിലെ വിശകലനത്തിലാണു്.

സര്‍ക്കാര്‍ ഉത്തരവു് ശരിയായ രീതിയില്‍ വിശകലനം ചെയ്ത വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ പഴയ ലിപിയില്‍ തന്നെ എഴുതി ശീലിച്ചുപോന്നു. വിഘടിതലിപിയില്‍ എഴുതി ശീലിച്ച കുട്ടികള്‍ പണ്ടച്ചടിച്ച പുസ്തകങ്ങളിലെ ലിപിയുടെ സ്വാധീനത്താല്‍ സ്വയം അറിയാതെ സങ്കരലിപിപ്രയോഗികളായി മാറി. സാഹചര്യത്തിനു് ഇരയായതു് ഇവരുടെ കുറ്റമാണെന്നു പറയാനും കഴിയില്ല. താന്‍ എഴുതിപ്പഠിച്ച സങ്കരലിപി പെട്ടെന്നൊരു ദിവസം മാറുന്നു എന്നു കേള്‍ക്കുമ്പോള്‍ പഴയ തലമുറ അനുഭവിച്ച അതേ മാനസിക വിഭ്രാന്തി ഇക്കൂട്ടരേയും ബാധിക്കുന്നതു് സ്വാഭാവികം തന്നെ. പക്ഷെ, പണ്ടത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ വേദി ഇല്ലാതിരുന്നിടത്തു് ഇന്നത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വേദികള്‍ ഉണ്ടു്. അവര്‍ പ്രതികരിക്കുന്നുമുണ്ടു്. അതും വളരെ ശക്തിയുക്തം.

ഭാഷയുടെ വെല്ലുവിളികള്‍ക്കു് ഉപകരണം വഴങ്ങുമെങ്കില്‍ എന്തു കൊണ്ടു് അതു് പരമാവധി പ്രയോജനപ്പെടുത്തിക്കൂട?


അച്ചടിയും മലയാളം പഠനവും എളുപ്പമാക്കാന്‍ അച്ചടിഉപകരണങ്ങളുടെ സൗകര്യാര്‍ത്ഥവും കാലാകാലങ്ങളില്‍ ഉപേക്ഷിച്ച പല മലയാള അക്ഷരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഏകീകൃത അക്ഷരശൈലി ശ്രേഷ്ടഭാഷയ്ക്കു് ആവശ്യമാണു്. അതിലേക്കുള്ള ചര്‍ച്ചകള്‍ ഒറ്റക്കും ചെറിയ ചര്‍ച്ചാ സമൂഹമായും നടത്തിയിട്ടു് കാര്യമില്ല. കംപ്യൂട്ടറിലെ അനന്തസാദ്ധ്യതകളെപ്പറ്റി മലയാള പണ്ഡിതരും മലയാളത്തിലെ നിയമങ്ങളെപ്പറ്റി ഫോണ്ടു നിര്‍മ്മാതാക്കളും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. ഫോണ്ടു നിര്‍മ്മാതാക്കളും മലയാളം പണ്ഡിതരും പരസ്പരപൂരകമായി അവരവര്‍ക്കു് അറിയാവുന്ന വിജ്ഞാനം പരസ്പരം കൈമാറി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഏകീകൃത അഭിപ്രായം സ്വരൂപിച്ചു അദ്ധ്യാപകസംഘടനകളും അച്ചടിമാദ്ധ്യമങ്ങളുമായി കൂടിയാലോചിച്ചു് പ്രായോഗിക രീതിയില്‍ ഒരു ഏകീകൃത അച്ചടിലിപി സ്വീകരിക്കേണ്ടിയിരിക്കുന്നു.

അനാവശ്യ തര്‍ക്കങ്ങള്‍

1971 നു മുന്‍പു് പഴയ ലിപിയില്‍ പഠിച്ചവര്‍ക്കു് പുതിയ ലിപി തികച്ചും പുതിയ ഒരനുഭവം ആയിരുന്നെങ്കിലും രണ്ടു തരം ലിപികളും വായിച്ചു ശീലിച്ച പുതിയ തലമുറയ്ക്കു് പഴയ ലിപിയിലേക്കുള്ള മാറ്റം അത്ര ബുദ്ധിമുട്ടാവും എന്നു വാദിക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? പഴയ ലിപിയെന്നു പറഞ്ഞാല്‍ വയോജനങ്ങളുടെ ലിപിയാണോ, പുതിയ ലിപിയെന്നു പറഞ്ഞാല്‍ ജനകീയ ലിപിയാണോ, തനതു് ലിപി എന്നു പറഞ്ഞാല്‍ പ്രാചീനകാലം മുതല്‍ ഉപയോഗിച്ചു പോന്ന ലിപിയാണോ, ഒരു തരം ലിപിയില്‍ എഴുതി പഠിച്ചവര്‍ക്കു് മറ്റേ തരം ലിപി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമോ, കാണാന്‍ നല്ലതു് ഏതു ലിപിയാണു്, ശാസ്ത്രീയമായി ഏതു ലിപിയാണു ശരി എന്നീവക തര്‍ക്കങ്ങളിലേക്കു് കടന്നു് സമയം വെറുതെ കളയുന്നതിനു പകരം ലിപിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ ഏറ്റവും നല്ലതു് ചെയ്തുപോയ ഒരുബദ്ധം തിരുത്തുക എന്ന രീതിയില്‍, 1971ലെ ഉത്തരവു് റദ്ദാക്കുകയല്ലേ? അതല്ലേ എളുപ്പം? റ്റൈപ്പ്റൈറ്റര്‍ കാലഹരണപ്പെട്ട സ്ഥിതിക്കു് അതല്ലേ ന്യായം?

.

Monday 20 January 2014

മലയാളം മാഷും ഒരു അക്ഷരമാറ്റവും

സ്ക്കൂള്‍ കഥകള്‍ April 18, 2011

Author: കരിപ്പാറ സുനില്‍, ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍.

ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം . മലയാളം മാഷ് പൂമുഖത്തിരുന്നു പ്രത്രം വായിക്കുകയായിരുന്നു ചായ അല്പാല്പം കുടിച്ചു കൊണ്ടു്. അന്നേരമാണു മാഷ് മുറ്റത്തു് ഒരു മുരടനക്കം കേട്ടതു്. മാഷ് പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നോക്കി. മുറ്റത്തു് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.

( കുസൃതിക്കുട്ടനെക്കുറിച്ചു് രണ്ടു് വാക്കു് :- മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണു് കുസൃതിക്കുട്ടന്‍. തൊട്ടടുത്ത ഹൈസ്കൂളിലാണു പഠിക്കുന്നതു്. കുസൃതിക്കുട്ടനു് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ടു്. പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണു് വരിക.)

മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു. മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി. മാഷിനു കാര്യം മനസ്സിലായി. എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണു് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നതു്. അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു "ചോദ്യം വേഗം പറഞ്ഞാട്ടെ"

പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല. അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു. എന്നീട്ട് മാഷോട് ചോദിച്ചു "ഇതില്‍ ഏതാ ശരി?"

മാഷ് കടലാസ് കഷണത്തിലേക്കു നോക്കി. അതില്‍ 1. അദ്ധ്യാപകന്‍ 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ടു്. ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു. അതിനുശേഷം പറഞ്ഞു "ഇതു രണ്ടും ശരിയാണു്"

"അതായതു്" കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി. " 'ദ്ധ' എന്ന അക്ഷരത്തിനു പകരം 'ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്നല്ലേ"

മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു. അതില്‍ 'ബുദ്ധന്‍' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു "ബുദ്ധന്‍ എന്ന വാക്കില്‍ 'ദ്ധ' ക്കു പകരം 'ധ ഉപയോഗിക്കുവാന്‍ പറ്റുമോ?"

മാഷ് വല്ലാതായി. കുസൃതിക്കുട്ടന്‍ വിട്ടില്ല "ബുധന്‍ എന്ന വാക്കില്‍ 'ധ' ക്കു പകരം ‍'ദ്ധ' ഉപയോഗിക്കുവാന്‍ പറ്റുമോ?"

"അതിപ്പോ ...................." മാഷിനു് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു. അതില്‍ 1. സാവധാനം, 2. ആയുധം, 3. യുദ്ധം, 4. ബുദ്ധിമുട്ടു്, 5. ബുദ്ധി, 6. ശ്രദ്ധ, 7. മാധുരി ..... തുടങ്ങിയ ഒട്ടേറെ 'ധ' യും 'ദ്ധ' യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു. "ഈ കടലാസില്‍ എഴുതിയ വാക്കുകളിലും 'ധ' യും 'ദ്ധ' യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ?"

മാഷിനനു് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്നു് മനസ്സിലായി. എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു. "അതായതു്, ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിനു് 'ദ്ധ' എന്ന അക്ഷരം തന്നെയാണു് ഉപയോഗിക്കേണ്ടിയിരുന്നതു്. പിന്നീട് ലിപി പരിഷ്കരണം വന്നപ്പോള്‍ ചില ഭേദഗതികള്‍ വരുത്തി. അതിന്റെ ഫലമായുണ്ടായതാണു് ഈ പ്രശ്നം. പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം നടത്തിയതു്". താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്തു് അദ്ധ്യപകനിലെ 'ദ്ധ' എന്ന അക്ഷരത്തിനു പകരം 'ധ' എന്നു തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്നു് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.

"അപ്പോള്‍ എന്തുകൊണ്ടു് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല?" കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു. മാഷിനു് ഉത്തരം പറയാനായില്ല. അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്നു് ഒരു മുരടനക്കം കേട്ടു. ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു. കോപം കൊണ്ടു് കത്തിജ്വലിച്ച മട്ടിലാണ് നില്‍പ്പ്! പട്ടണത്തിലെ ഒരു ബാങ്കിലാണു് അവര്‍ക്കു് ജോലി. ഉം, എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷു് ചെയ്തു.

അവര്‍ അതു് കാര്യമാക്കാതെ പറഞ്ഞു. "എന്റെ കുസൃതിക്കുട്ടാ. നീ പറഞ്ഞതു ശരി തന്ന്യാ‍. പിന്നെ, എന്താ ഇങ്ങനെ സംഭവിച്ചതു് എന്നു വെച്ചാല്‍ മാഷന്മാരോടു് എന്തും ആവാലോ! അതു് തന്നെ കാര്യം. അക്ഷരം മാറ്റുകയോ, ഗ്രേഡ് കുറക്കുകയോ, സെറ്റ് പരീക്ഷയെപ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം. ആരുണ്ടു് ചോദിക്കുവാന്‍."

മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി. അതിനുശേഷം തുടര്‍ന്നു "ഡോക്ടര്‍, എഞ്ചിനീയര്‍, ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്കു്. അല്ലെങ്കില്‍ വേണ്ട ഡ്രൈവര്‍, കണ്ടക്ടര്‍, ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്കു്. അപ്പോ വിവരം അറിയും"

ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്നു് കുസൃതിക്കുട്ടനു് മനസ്സിലായി. അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്നു് എണീറ്റു പോയി.

.

Sunday 19 January 2014

മരിച്ചുപോകുമോ മലയാളഭാഷ

ജനയുഗം വാരിക - സെപ്തംബര്‍ 2007 - ലേഖകന്‍: അഷ്ടമൂര്‍ത്തി

സെപ്തംബര്‍ 20ലെ ഹിന്ദു പത്രത്തില്‍ ജീവന്‍ അപകടത്തിലായ ഭാഷകളെപ്പറ്റി ഒരു വാര്‍ത്തയുണ്ടു്. ആസ്ട്രേലിയയുടെ ഉള്‍നാടുകള്‍ മുതല്‍ സൈബീരിയ അടക്കം ഓക്ലഹോമ എന്ന അമേരിക്കന്‍ സംസ്ഥാനം വരെ ചരിത്രവും പാരമ്പര്യവുമുള്ള പലേ ഭാഷകളും മരിച്ചുകൊണ്ടിരിക്കുകയാണു്. ലോകത്തില്‍ ഇപ്പോള്‍ ആകെ 7000 ഭാഷകളുണ്ടു്. അതില്‍ ഒരെണ്ണം വീതം ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ മരിച്ചുപോയ്ക്കൊണ്ടിരിക്കയാണു്. അവയില്‍ ചിലതിനെയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണു് ചില ഭാഷാശാസ്ത്രജ്ഞന്മാര്‍.

ഭാഷ നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ അറിവു് നഷ്ടപ്പെടുക എന്നാണു് അര്‍ത്ഥമെന്നു് അവരിലൊരാളായ പ്രൊഫസര്‍ ഡേവിഡ് ഹാരിസണ്‍ പറയുന്നു. ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ നൂറ്റാണ്ടുകളുടെ മനുഷ്യചിന്തയാണു് നഷ്ടപ്പെടുന്നതു്. ഇന്നുള്ള ഭാഷകളില്‍ പകുതിയും ലിപിയില്ലാത്തതാണു്. അതുകൊണ്ടുതന്നെ ആ ഭാഷ സംസാരിക്കുന്ന അവസാനത്തെ ആള്‍ മരിച്ചുപോവുന്നതോടെ അതു് എന്നെന്നേക്കുമായി നശിച്ചു പോകുന്നു. നിഘണ്ടുവോ സാഹിത്യമോ ഒന്നും അവശേഷിപ്പിക്കാതെയാണല്ലോ അയാള്‍ യാത്രയാവുന്നതു്.

ഭാഷ നശിച്ചുപോവുന്നതു് എപ്പോഴാണു്? സമുദായത്തില്‍ സ്വന്തം ഭാഷ ഒരു തടസ്സമാണെന്നു പരുമ്പോഴാണു് എന്നു ഹാരിസണ്‍ പറയുന്നു. പ്രത്യേകിച്ചും കുട്ടികളുടെ ഭാഗത്തു നിന്നാണു് അതു സംഭവിക്കുക. എണ്‍പത്തിമൂന്നു് ഭാഷകളിലാണു് ലോകജനസംഖ്യയുടെ 80%-വും സംസാരിക്കുന്നതു്. ആകെയുള്ള ഭാഷകളില്‍ 3500 എണ്ണം ഉപയോഗിക്കുന്നതു് വെറും 0.02 ശതമാനമാണു്. അപ്പോള്‍ അവയുടെ ദയനീയാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. ജീവജാലങ്ങളേക്കാള്‍ വംശനാശഭീഷണി ഇപ്പോള്‍ ഭാഷകള്‍ക്കാണെന്നും പറയുന്നുണ്ടു് ഹാരിസണ്‍.

കൂടുതല്‍ പരതിനോക്കാന്‍ തോന്നിയതു് അപ്പോഴാണു്. ആകെ ഭാഷകള്‍ കൃത്യമായി പറഞ്ഞാല്‍ ഏഴായിരമല്ല. 6912 ആണു്. അതില്‍ പകുതിയോളം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നശിച്ചു പോകുമത്രേ. ഇപ്പോള്‍ത്തന്നെ മരണശയ്യയിലായ ഭാഷകള്‍ 516 എണ്ണമാണു്. മരണശയ്യായിലായി എന്നു വെച്ചാല്‍ വയസ്സായ വളരെ കുറച്ചു പേര്‍ മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്നാണു് അര്‍ത്ഥമാക്കുന്നതു്.

അവയില്‍ നമ്മുടെ ഭാഷകള്‍ വല്ലതുമുണ്ടോ എന്നാണു് ആദ്യം അന്വേഷിച്ചതു്. ഉവ്വു്. നാലു് ഇന്ത്യന്‍ ഭാഷകളുണ്ടു്. ആന്‍ഡമാനിലെ അപുസിക്വാര്‍, അസമിലെ ഖാംയുങ്, ഒറീസ്സയിലെ പരെംഗോ, മേഘാലയത്തിലെ രുഗാ. ഊഹിച്ചപോലെത്തന്നെ എല്ലാം ലിപിയില്ലാത്ത ഭാഷകളാണു്.

ലോകഭാഷാഭൂപടത്തില്‍ എവിടെയായിരിക്കും ഇന്ത്യന്‍ ഭാഷകളുടെ സ്ഥാനം? കൂടുതല്‍ പേര്‍ സംസാരിക്കുന്ന ക്രമമനുസരിച്ചു് ഹിന്ദിക്കു് 5-ഉം, ബംഗാളിക്കു് 7-ഉം, തെലുഗിനു് 12-ഉം, മറാഠിക്കു് 13-ഉം, തമിഴിനു് 16-ഉം ആണു് സ്ഥാനങ്ങള്‍. ഉര്‍ദ്ദുവിനാണു് ഇരുപതാം സ്ഥാനം. മലയാളത്തിനു്ഇരുപത്തിയേഴാം സ്ഥാനം ഉണ്ടു്. മൂന്നു കോടി എഴുപതു ലക്ഷം പേര്‍ സംസാരിക്കുന്നു. അതുകൊണ്ടു് പരിഭ്രമിക്കാനില്ല. ഓക്സിജന്‍ അത്യാവശ്യമായിട്ടില്ല.

ഓക്സിജന്‍ കൊടുക്കാറായില്ല എന്നതുകൊണ്ടുമാത്രം മരണമില്ല എന്നു പറയാനാവുമോ? അല്ലെങ്കില്‍ തന്നെ നമ്മുടെ ഭാഷയ്ക്കു് 1500 വര്‍ഷത്തേയോ മറ്റോ പഴക്കമേയുള്ളു. ഒരു കാലത്തു് പ്രതാപിയായിരുന്ന സംസ്കൃതത്തിന്റെ സ്ഥിതി നമുക്കറിയാം. കഷ്ടിപഷ്ടി 50,000 പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയാണു് ഇന്നതു്. അതുകൊണ്ടു് ഏറെ അഹങ്കാരമൊന്നും വേണ്ട.

ഭാഷ വളരുന്നതു് അതു് എല്ലാ വിഭാഗവും ഉപയോഗിക്കുമ്പോഴാണു്. അതിനു ഭരണം തന്നെ ആ ഭാഷയിലാക്കണം എന്നാണു് സര്‍ക്കാര്‍ നിശ്ചയം. പണ്ടുപണ്ടു് ടൈപ്പ്റൈറ്റര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്തു് അതിനു വഴങ്ങുന്നതാവേണ്ടിയിരുന്നു ഭാഷ. അതിനുവേണ്ടി നമ്മുടെ ഭാഷയുടെ ലിപിവിന്യാസത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. എഴുപതുകളുടെ തുടക്കത്തിലായിരുന്നു അതു്. മാതൃഭൂമി പത്രത്തില്‍ ഒരു കോളം വാര്‍ത്ത പുതിയ ലിപി ഉപയോഗിച്ചു കൊടുക്കാന്‍ തുടങ്ങി. എന്‍ വി കൃഷ്ണവാര്യരുടെ ഉത്സാഹമായിരുന്നു അതെന്നു തോന്നുന്നു. തീരെ പരിചിതമല്ലാത്ത ആ ലിപവിന്യാസം അന്നു് പല യാഥാസ്ഥിതികരുടെയും നെറ്റി ചുളിപ്പിച്ചു. മലയാളം മരിക്കാന്‍ പോവുകയാണു് എന്നു് അവര്‍ മുറവിളി കൂട്ടി. ഇത്രയധികം കൂട്ടക്ഷരമുള്ള ഭാഷയെ മെരുക്കിയെടുക്കുക എളുപ്പമല്ല എന്നെങ്കിലും അവര്‍ മനസ്സിലാക്കേണ്ടിയിരുന്നു.

സഞ്ജയന്‍ 1938-ല്‍ത്തന്നെ ഇതിനെ പരാമര്‍ശിച്ചിട്ടുണ്ടു്. 'അച്‌ച‌ുക‌ൂടക്‌കാര്‍ക്‌ക‌ു വേണ്‌ടി' എന്ന ലേഖനത്തില്‍. അടുത്ത കാലം വരെ സര്‍ക്കാര്‍ വക കത്തുകള്‍ വായിച്ചു തീര്‍ക്കുന്നതു് ഒരു തരം പീഡനം തന്നെയായിരുന്നു. മാതൃഭൂമി ഉപയോഗിച്ച ലിപിയും സഞ്ജയന്‍ പറഞ്ഞപോലെ 'പ്‌റതിഫലത്‌തിന്റെ കാര്‌യത്‌തില്‍ താങ്‌കള്‌ക്‌കിഷ്‌ടമെങ്‌ങനെയോ അങ്‌ങനെ ചെയ്‌യ‌ുന്‌നത് എനിക്‌ക് സമ്‌മതമാണെന്‌ന് പറയേണ്‌ടതില്‌ലല്‌ലോ' എന്ന മട്ടിലായിരുന്നു. യഥാസ്ഥിതികര്‍ ആശങ്കപ്പെട്ടതില്‍ അവരെ കുറ്റം പറയാന്‍ വയ്യ.

ഏതായാലും ലിപി പരിഷ്കരണസമിതി കൂറച്ചുകൂടി വിട്ടുവീഴ്ച ചെയ്തു് പുതിയ സമ്പ്രദായം നടപ്പിലാക്കി. അതാണു് ഇന്നു് സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള രീതി. കംപ്യൂട്ടര്‍ സാര്‍വത്രികമായപ്പോള്‍ ഉപയോഗിച്ചതും ഈ രീതി തന്നെ. പിന്നീടു് കെ എച്ച് ഹുസ്സൈനും ചിത്രജകുമാറും ചേര്‍ന്നുണ്ടാക്കിയ രചന സോഫ്റ്റ്‌വെയര്‍ പഴയ ലിപിയുടെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയെങ്കിലും അതു് വേണ്ടത്ര ജനകീയമായില്ല. പഴയ ലിപിയിലേക്കുള്ള മടങ്ങിപ്പോക്കു് അപ്പോഴേക്കും വായനക്കാര്‍ക്കു് അത്ര പ്രിയമല്ലാതായി. എം എസ് വേഡുമായി ഒത്തുപോവാനുള്ള വിഷമവും ഒരു കാരണമായിട്ടുണ്ടാവാം.

യഥാര്‍ത്ഥ പരാജയം അതായിരുന്നില്ല. മലയാളം സോഫ്റ്റ്‌വേറില്‍ ഒരു മാനകീകരണം ഉണ്ടാവാത്തതായിരുന്നു. അതുകൊണ്ടുതന്നെ നമുക്കു് ഈ രംഗത്തു് വേണ്ടത്ര മുന്നോട്ടു പോവാനായില്ല. സി-ഡാ്കിന്റെ ഐഎസ്എം ജിസ്റ്റ് ഏറ്റവും ജനപ്രീയമായിട്ടും പലരും അതു് ഏറ്റെടുത്തില്ല. ഓരോ പത്രവും സ്വന്തം സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസൗകര്യം വലുതാണു്.

ഇതിനൊക്കെ ഒരു ബദല്‍ സഞ്ജയന്‍ ആ ലേഖനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. റോമന്‍ ലിപി സമ്പ്രദായം അംഗീകരിക്കുന്നതാണു് നല്ലതു് എന്നു്. ലേഖനം അവസാനിക്കുന്നതു്. athente abhiprayam, ningal enthu vicharikkunnu, Sir? Anganeyallenkil parayin! എന്നാണു്. അക്കാലത്തു് അതൊരു തമാശയായിട്ടേ തോന്നിയിട്ടുള്ളു. പക്ഷെ ഇന്നതു് വായിക്കുമ്പോള്‍ നമുക്കു് അത്ഭുതം തോന്നും. എസ് എം എസ്സിലും ഈ മെയിലിലും മറ്റുമായി ഈ സമ്പ്രദായം ഇന്നു് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സഞ്ജയന്‍ എത്ര ദീര്‍ഘദൃഷ്ടിയുള്ള ആളായിരുന്നു എന്നു് ഇപ്പോഴാണു് മനസ്സിലായതു്. ഒരു പക്ഷെ ഈ നൂറ്റാണ്ടിന്റെ ഒടുക്കമാവുമ്പോഴേക്കും മലയാളം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക ഇത്തരത്തിലായിരിക്കും. ക്രമേണ ഇപ്പോഴത്തെ നമ്മുടെ ലിപി പണ്ടത്തെ വട്ടെഴുത്തു പോലെ വായിക്കാന്‍ പറ്റാത്തതാകും. നമ്മുടെ പത്രങ്ങള്‍ പോലും ഈ സമ്പ്രദായം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവും. പഴയ പുസ്തകങ്ങളൊക്കെ ആര്‍ക്കും വായിക്കാന്‍ പറ്റാത്തവണ്ണം ഉപയോഗശൂന്യമാവും. അല്ലെങ്കില്‍ അവയൊക്കെ ഇപ്പറഞ്ഞ മംഗ്ലീഷിലേക്കു് മാറ്റേണ്ടിവരും.

ലിപി നഷ്ടപ്പെട്ടാല്‍ ഭാഷ നിലനില്‍ക്കുമോ? നമ്മുടെ ഭാഷയുടെ ആയുസ്സിനെപ്പറ്റി ആശങ്ക വീണ്ടുമുയരുന്നു. ഇനി എത്ര നൂറ്റാണ്ടുകള്‍ ഇതു നിലനില്‍ക്കും? ഒരു നാനൂറു കൊല്ലത്തിലധികം സാദ്ധ്യതയില്ല എന്നു വി കെ എന്‍ പറയാറുണ്ടായിരുന്നു. ടെക്നോളജിയുടെ കടന്നുകയറ്റമാണു് കാരണമായി പറഞ്ഞതു്. ഇന്നതു് കുറേശ്ശെക്കുറേശ്ശെയായി അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ മാത്രം ഒരു ലക്ഷം പേര്‍ മലയാളം മീഡിയത്തില്‍ നിന്നു് അക്കൊല്ലം കൊഴിഞ്ഞുപോയിട്ടുണ്ടു്. അക്കണക്കില്‍ ഒരു പത്തു ലക്ഷം പേര്‍ കേരളത്തിലൊട്ടാകെ മലയാളം ഉപേക്ഷിച്ചിട്ടുണ്ടാവണം. കുട്ടികള്‍ ഉപേക്ഷിക്കുന്നതാണു് ഒരു ഭാഷയുടെ മരണത്തിന്റെ തുടക്കം എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ടു്. അപ്രത്യക്ഷമാവുന്ന ഭാഷയുടെ ലക്ഷണം അതു് മാതൃഭാഷയായി കുട്ടികള്‍ പഠിക്കാതാവുമ്പോഴാണു് എന്നും. അതു രണ്ടും മലയാളത്തിനു് സംഭവിച്ചുകൊണ്ടിരിക്കുകയാണു്.

പോരാത്തതിനു് ഇന്നു് നമ്മുടെ ഭാഷയില്‍ മലയാളം വാക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോടു് വെറുതെ ഒരു കുശലം ചോദിച്ചതാണു് പ്രാതല്‍ കഴിഞ്ഞോ എന്നു്. കുട്ടിക്കു മനസ്സിലായില്ല. ചോദ്യം ആവര്‍ത്തിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ ബ്രേക്ഫാസ്റ്റ് കഴിഞ്ഞോ എന്നു ചോദിച്ചിട്ടേ മറുപടി കിട്ടിയുള്ള. എന്തിനു് ആ കുട്ടിയെ പരയണം? നമ്മുടെ പത്രങ്ങള്‍ പോലും ഇലക്ഷന്‍ വാഴ്സിറ്റി എന്നൊക്കെയല്ലേ എഴുതുന്നതു്! ടി വി യുടെ കാര്യം പറയാനുമില്ല. ഇപ്പോഴത്തെ ജനപ്രിയ പരിപാടിയായ റിയാലിറ്റി ഷോയില്‍ അധികം പേരും സംസാരിക്കുന്നതു് ഇംഗ്ലീഷിലോ ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിലോ ആണു്. 'ഈ സോങ് തന്നെ സെലക്റ്റ് ചെയ്യാന്‍ എന്താ റീസണ്‍' എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ എന്നും കേട്ടുകൊണ്ടിരിക്കുകയാണു്. കുന്നംകുളത്തുകാരനു് കുന്നംകുളം ഭാഷ, ഇരിഞ്ഞാലക്കുടക്കാരനു് ഇരിഞ്ഞാലക്കുട ഭാഷ എന്നു് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ടെങ്കിലും കേരളം മുഴുവന്‍ ഒരേ ഭാഷ സംസാരിക്കുന്ന കാലം അത്ര വിദൂരമല്ല. ഭാഷയുടെ തനിമ നഷ്ടപ്പെടുന്നതു് ഭാഷയുടെ മരണത്തിലേക്കുള്ള വഴി തുറക്കുകയല്ലേ?

ഭാഷയുടെ കൂട്ടമരണത്തില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം ഉണ്ടു് എന്നതാണു് ഏറ്റവും വലിയ തമാശ. മാത്രമല്ല അതു പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അവര്‍ക്കു് അഭിപ്രായമുണ്ടു്. ഭാഷയുടെ എണ്ണം കുറഞ്ഞാല്‍ ആശയവിനിമയം കുറേക്കൂടി എളുപ്പവും ശക്തവും ആവുംപോല്‍. വിവര്‍ത്തനത്തിനും മറ്റുമായി ഉപോയഗിക്കുന്ന പണവും സമയവും ലാഭിക്കാന്‍ കഴിയും. വ്യാപാരവിജയത്തിനു് ഉത്തമം ഒരൊറ്റ ഭാഷയ്ക്കു് വഴങ്ങിക്കൊടുക്കുകയാണു് എന്ന ഒരു തീവ്രവാദവുമുണ്ടു്.

അപ്പോള്‍ അതേതു ഭാഷയാവണം? അതിനക്കുറിച്ചാവും കലഹത്തിനു സാദ്ധ്യത. പലരും കരുതുന്നതു പോലെ അതു് ഇംഗ്ലീഷാവില്ല. അതിനു് 31 കോടി ആളുകളുടെ പിന്തുണയേയുള്ളു. 121 കോടിയുള്ള ചൈനീസിനു തന്നെയാണു് അതിനു് അര്‍ഹതയുള്ളതു്. പോരാത്തതിനു് 2050 ആവുമ്പോഴേക്കും ചൈനയാവും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന പ്രവചനവുമുണ്ടു്. 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധം വന്നപ്പോള്‍ ഇനി ചൈനയാണു് ഇന്ത്യ ഭരിക്കാന്‍ പോവുന്നതെന്നു് കരുതി തമിഴ് ബ്രാഹ്മണര്‍ ചൈനീസ് ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കാന്‍ തുടങ്ങി എന്നു് ഒരു വി കെ എന്‍ കഥയിലുണ്ടു്.

കൂട്ടുകാരേ, നിങ്ങളുടെ പക്കല്‍  ചൈനീസ്-മലയാളം ഭാഷാസഹായി ഉണ്ടോ ഒരു കോപ്പി കിട്ടാന്‍?

(28.09.2007)

.

നമ്മളെ ഭരിക്കാന്‍ നമ്മുടെ മലയാളം

ജനയുഗം മാസികയില്‍ വന്ന അഷ്ടമൂര്‍ത്തിയുടെ ലേഖനം

കൊല്ലങ്ങള്‍ക്കു മുമ്പാണ്. എന്നു വെച്ചാല്‍ 1967-ല്‍.  ചേര്‍പ്പ് ഹൈസ്‌കൂളില്‍ ഹെഡ് മാഷായിരുന്ന അച്ഛന് വിദ്യാഭ്യാസവകുപ്പില്‍നിന്ന് ഒരു കത്തു കിട്ടി.  ഭരണഭാഷ മലയാളമാക്കുന്നതില്‍ നിങ്ങള്‍ എന്തൊക്കെ നടപടി എടുത്തു എന്നു ബോധിപ്പിക്കാനുള്ള ആജ്ഞയായിരുന്നു അത്.  ഒരു നടപടിയും എടുത്തിട്ടില്ലെങ്കില്‍ ആ കുറ്റത്തിന് വിശദീകരണവും ചോദിച്ചിരുന്നു കത്തില്‍. കത്ത് പക്ഷേ ഇംഗ്ലീഷിലായിരുന്നു.  എന്തുകൊണ്ടാണോ ഈ കത്ത് നിങ്ങള്‍ക്ക് ഇംഗ്ലീഷിലെഴുതേണ്ടിവന്നത് അതു തന്നെയാണ് അമാന്തത്തിനു കാരണം എന്ന് അച്ഛന്‍ അതേ ഭാഷയില്‍ മറുപടിയെഴുതി. 

ഭരണഭാഷ മലയാളമാക്കാനുള്ള ഉത്സാഹം തുടങ്ങിവെച്ച ഇ എം എസ് സര്‍ക്കാരിന്റെ കാലമായിരുന്നു അത്.  ടൈപ്പ്‌റൈറ്ററിനു വഴങ്ങാന്‍ തക്കവണ്ണം മലയാള ലിപി പരിഷ്‌കരിക്കാന്‍ വേണ്ടി ശൂരനാട് കുഞ്ഞന്‍പിള്ളയെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി ഉണ്ടാക്കിയ സമയവുമായിരുന്നു. സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം എന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വന്ന വാര്‍ത്ത വായിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍മ്മ വന്നത്.  മലയാളം ഭരണഭാഷയാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ്.  പക്ഷേ മനസ്സിലാവാത്തത് മറ്റൊന്നാണ്.  എന്നു മുതലാണ് നമ്മുടെ ഭരണഭാഷ ഇംഗ്ലീഷായത്? ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പും വന്നതിനു ശേഷവും  ഇവിടെ ഭരണഭാഷ മലയാളമായിരുന്നു എന്ന് പഴയ രേഖകള്‍ നോക്കിയാലറിയാം. അന്നൊക്കെ നല്ല കയ്യക്ഷരമുള്ളവര്‍ക്ക് ഉദ്യോഗത്തിന് മുന്‍ഗണനയുമുണ്ടായിരുന്നു. പിന്നെ എന്നാണ് മലയാളം ഇറങ്ങിപ്പോയത്?  എപ്പോഴാണ് ഇംഗ്ലീഷ് കയറിപ്പറ്റിയത്? അത് സര്‍ക്കാരാപ്പീസുകളിലെ പൊതുജനം ശത്രു എന്ന സമീപനത്തിന്റെ ഭാഗമായിട്ടാണോ?  സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷ ഉപയോഗിക്കുകയാണല്ലോ അവരെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല വഴി.

ഏതായാലും മലയാളം തിരിച്ചുപിടിക്കേണ്ടത് ആവശ്യമായി വന്നുവെന്നത് യാഥാര്‍ഥ്യം. അതിനിടെ കയ്യെഴുത്ത് ഇറങ്ങിപ്പോയി ടൈപ്പ്‌റൈറ്റര്‍ സ്ഥലം പിടിച്ചിരുന്നു. മലയാളമാവട്ടെ ആ യന്ത്രത്തിനു വഴങ്ങിയില്ല. ബെഞ്ചമിന്‍ ബെയ്‌ലി രൂപകല്‍പന ചെയ്ത അറുന്നൂറോളം അച്ചുകളില്‍ പരന്നുകിടക്കുകയായിരുന്നു നമ്മുടെ ഭാഷ. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ കമ്മിറ്റി അത് ഇരുന്നൂറിനു താഴെയാക്കിക്കുറച്ചു. പിന്നീട് 1969-ല്‍ നിയമിക്കപ്പെട്ട മറ്റൊരു കമ്മിറ്റി അത് 90 ആക്കി ടൈപ്പ്‌റൈറ്ററുമായി മെരുക്കി.  'പ്രതിഫലത്തിന്റെ കാര്യത്തില്‍  താങ്കള്‍ക്കിഷ്ടമെങ്ങനെയോ അങ്ങനെ ചെയ്യുന്നത് എനിക്ക് സമ്മതമാണെന്ന് പറയേണ്ടതില്ലല്ലോ' എന്ന മട്ടിലായിരുന്നു അന്നത്തെ ടൈപ്പ്‌റൈറ്ററിലെ എഴുത്ത്.      

കമ്പ്യൂട്ടര്‍ എന്ന  ഉപകരണം ഇത്രത്തോളം പ്രചാരത്തിലെത്തുമെന്നും നമ്മുടെ ഭാഷ അതിനു വഴങ്ങിക്കൊടുക്കും എന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാലത്തായിരുന്നു ആ പരിഷ്‌കാരങ്ങള്‍. ഇതിനിടെ വിളംബരങ്ങള്‍ സൈക്ലോസ്റ്റൈല്‍ എന്ന ഉപകരണത്തിലടിച്ച സര്‍ക്കുലറുകള്‍ക്കു വഴിമാറിക്കൊടുത്തിരുന്നു.  കമ്പ്യൂട്ടര്‍ പ്രചാരത്തിലായതോടെ ടൈപ്പ്‌റൈറ്ററും സൈക്ലോസ്റ്റൈല്‍ യന്ത്രവും കാലഹരണപ്പെട്ടു.  ഇന്റര്‍നെറ്റ് വ്യാപകമായി.  മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി കുറച്ച് ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി ഇറങ്ങി.  കെ എച്ച് ഹുസൈന്‍, ആര്‍ ചിത്രജകുമാര്‍, എന്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി പഴയ മലയാള ലിപിയെ വീണ്ടെടുത്തു. ഹിരണ്‍ വേണുഗോപാല്‍, പി സുരേഷ്, കെവിന്‍, സിജി, വിശ്വപ്രഭ തുടങ്ങി നിരവധി ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു. ഭാഷാകമ്പ്യൂട്ടിങ്ങില്‍ നമുക്കുണ്ടായ നേട്ടം ഒരു സര്‍ക്കാര്‍ ഏജന്‍സിയും ചെയ്തതല്ല.  ജോലിത്തിരക്കിനിടെ ഒരു പ്രതിഫലവും പറ്റാതെ രാവു പകലാക്കി  ഈ ഉത്സാഹികള്‍ ഉണ്ടാക്കിയെടുത്തതാണ്.  അവരുടെ സേവനത്തിന് എത്ര വില കൊടുത്താലും മതിയാവില്ല.  

രണ്ടാമത്തെ പ്രതിബന്ധം മലയാളവാക്കുകളുടെ ക്ഷാമമായിരുന്നു.  ഭരണത്തിനു  വേണ്ടിയല്ലെങ്കിലും ശാസ്ത്ര-സാങ്കേതികവിഷയങ്ങള്‍ക്കു വേണ്ടി ഭാഷയ്ക്ക് ആവശ്യമായ വാക്കുകളുണ്ടാക്കുക എന്ന ദൗത്യമാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരുന്നത്.  ഇന്‍സ്റ്റിറ്റിയൂട്ട് എന്ന വാക്കിനുള്ള മലയാളം പോലും അതിനു കണ്ടെത്താനായില്ല എന്ന് നമ്മള്‍ പറയാറുണ്ടല്ലോ.  ഏതായാലും പുതിയ വാക്കുകള്‍ കാര്യമായി പ്രയോഗത്തില്‍ വന്നില്ല എന്നത് സത്യമാണ്. അവിടത്തെ രണ്ടു പ്രബലവിഭാഗങ്ങളില്‍ ഒന്ന് സംസ്‌കൃതത്തോടും മറ്റേത് ഇംഗ്ലീഷിനോടും ആധമര്‍ണ്യം പുലര്‍ത്തിയതുകൊണ്ടാവണം അത്.

സംസ്‌കൃതവും ഇംഗ്ലീഷുമല്ലാതെ നല്ല മലയാളിത്തമുള്ള വാക്കുകളായിരുന്നു നമുക്ക് ആവശ്യം. ഉദാഹരണം റാന്തല്‍ തന്നെ. Lantern എന്ന വാക്കില്‍നിന്ന് ലാന്തറും അതില്‍നിന്ന് റാന്തലും രൂപപ്പെട്ടതിന്റെ ഭംഗി നോക്കുക.  അത്തരം നല്ല ഒരു വാക്കുപോലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് സംഭാവന ചെയ്യാനായില്ല.  Chandelier എന്ന വാക്കിനുള്ള  മലയാളമായ  ബഹുശാഖാദീപം എന്ന വാക്കൊന്നും വായില്‍ക്കൊള്ളുന്നതായിരുന്നില്ല.      

ഇതിനൊക്കെപ്പുറമേ ഔദ്യോഗികഭാഷ ഒന്നു വേറെയാണ്.  ഇംഗ്ലീഷ് ശൈലിയെ അനുകരിച്ച് yours faithfully ക്ക്  മലയാളം അന്വേഷിച്ചു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.  സംവേദനക്ഷമമായ പുതിയൊരു ഭാഷാരീതി കണ്ടെത്തുകയാണ്.  മലയാളം ഇപ്പോള്‍ ശ്രേഷ്ഠഭാഷയാവാന്‍ പോവുന്നതു കൊണ്ട്  ഇതും  ശ്രേഷ്ഠമാക്കിക്കളയാം എന്നു വിചാരിക്കേണ്ട.  അതിന് സാഹിത്യഭംഗിയല്ല സംവേദനക്ഷമതയാണ് ആവശ്യം.  

ഔദ്യോഗികഭാഷയുടെ സ്വരം അധികാരത്തിന്റേതാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍നിന്ന് അറിയിപ്പുകള്‍ കിട്ടുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാവുന്നത് അതുകൊണ്ടാണ്.  ഇംഗ്ലീഷിന്റെ മാത്രം കാര്യമല്ല.  മലയാളത്തിനും അത് ബാധകമാണ്.  വര്‍ഷങ്ങള്‍ക്കുമുമ്പ് സഞ്ജയന്‍ അതിനേക്കുറിച്ച് പറയുന്നുണ്ട്   'കണ്ണുനീര്‍സമേതം' എന്ന ലേഖനത്തില്‍.  

ഈ അധികാരസ്വരം ഇംഗ്ലീഷിന്റെ ഗരിമയില്‍ ചോദ്യം ചെയ്യപ്പെടാതെ പോയേക്കാം.  പക്ഷേ ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഇത്തരം ഭാഷ തന്നെ ഉപയോഗിക്കേണ്ടതുണ്ടോ?  കടുപ്പത്തിന്റെയല്ല, അടുപ്പത്തിന്റെ ഭാഷ നമുക്ക് ഉപയോഗിച്ചുകൂടേ? സര്‍ക്കാര്‍ ആപ്പീസുകള്‍ കൂടുതല്‍ക്കൂടുതല്‍ ജനമൈത്രികളായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ജോലി ലഭിച്ച് നാലു കൊല്ലത്തിനകം മലയാളത്തില്‍ യോഗ്യത നേടേണ്ടതുണ്ട്. അത് ന്യായവുമാണ്.  പക്ഷേ പരീക്ഷയുടെ രീതി എന്താണെന്ന് ഒരു രൂപവും കിട്ടിയിട്ടില്ല. എസ് കെ പൊറ്റെക്കാട്ടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന പുസ്തകത്തില്‍ ഒരു കഥ പറയുന്നുണ്ട്.  കിഴക്കേ ആഫ്രിക്കയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ആറു മാസത്തിനകം സ്വഹിലി പരീക്ഷ ജയിക്കണമെന്ന് നിയമമുണ്ടത്രേ.  വെള്ളക്കാരനായ മി. തോംസന്റെ പരീക്ഷകന്‍ അയാളുടെ സുഹൃത്തായിരുന്നു.  ബുദ്ധിമുട്ടിക്കില്ലെന്നും രണ്ടു ചോദ്യം മാത്രമേ ചോദിക്കൂ എന്നും സുഹൃത്ത് വാക്കു കൊടുത്തു.  പുറത്തുനില്‍ക്കുന്ന വേലക്കാരന്‍കുട്ടിയെ അകത്തേയ്ക്കു വിളിക്കാനായിരുന്നു വാചാപരീക്ഷയിലെ ആദ്യത്തെ ചോദ്യം.  തോംസണ്‍ ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.  പയ്യന്‍ അകത്തുവന്നു.  50 ശതമാനം മാര്‍ക്കായി. ഇനി അവനെ പുറത്തേയ്ക്കയയ്ക്കണം.  പക്ഷേ 'കൂജാ ഹാപ്പ'യോടെ സായ്‌വിന്റെ വൊക്കാബുലറി തീര്‍ന്നുപോയിരുന്നു.  സായ്‌വിന് വേറെയൊന്നും തോന്നിയില്ല.  മുറിക്കു പുറത്തേയ്ക്കു കടന്ന് വീണ്ടും ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.   വേലക്കാരന്‍ പുറത്തുപോയി!  തോംസണ്‍ നൂറില്‍ നൂറു മാര്‍ക്ക് വാങ്ങി പരീക്ഷ ജയിക്കുകയും ചെയ്തു.

 ഇങ്ങനെ ഒരു പ്രഹസനമൊന്നുമാവില്ല നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന യോഗ്യതാപ്പരീക്ഷ എന്ന് ആശിക്കുക. സകലമാന സാക്ഷ്യപത്രങ്ങള്‍ക്കുമായി നൂറുനൂറു സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങുന്നവരോട് അവര്‍ക്കു മനസ്സിലാവുന്ന ഭാഷ പറയണം.  അതിന് അവരെ പ്രാപ്തരാക്കുന്ന രീതിയിലാവണമല്ലോ ആ പഠനം. അതിന് സാക്ഷരതാസംരംഭത്തിലേപ്പോലെ  മലയാളത്തില്‍ ഒപ്പിടാന്‍ പഠിച്ചാല്‍ മതിയാവില്ല. 

ഭരണഭാഷ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.  അതിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ എന്തുകൊണ്ട് അതു നടപ്പാക്കാന്‍ അമാന്തം നേരിട്ടു എന്ന് അതാത് വകുപ്പുകളിലേയ്ക്ക്  ചെല്ലുന്ന അന്വേഷണക്കത്തുകളെങ്കിലും മലയാളഭാഷയില്‍ എഴുതപ്പെടുമെന്ന് ആശിക്കാം അല്ലേ?

Friday 17 January 2014

ചില ഭാഷാചിന്തകള്‍

പഠിക്കാന്‍ എളുപ്പമുള്ളതു മാത്രം പഠിപ്പിക്കുന്ന രീതിയാണോ അതോ എളുപ്പമുള്ളതും പ്രയാസമുള്ളതും എന്നു വകതിരിവില്ലാതെ ഭാഷയെ സംബന്ധിക്കുന്ന എല്ലാം പഠിപ്പിക്കുന്ന ഒരു സമ്പ്രദായം വരുന്നതാണോ നല്ലതു്. ഭാഷയെ കൂടുതല്‍ ശക്തമാക്കാനുള്ള ശേഷി അടുത്ത തലമുറയ്ക്കുണ്ടാവാന്‍ അതു നല്ലതല്ലേ. ലിപിയെ ചൊല്ലി തര്‍ക്കിക്കുന്നതിനു പകരം എല്ലാവരും എല്ലാ ലിപിയും, വട്ടെഴുത്തും കോലെഴുത്തും തഩതും പഴയതും പുതിയതും എല്ലാം പഠിക്കുന്നതില്‍ എന്താണു് തെറ്റു്. അതില്‍ നിന്നും കാലഘട്ടത്തിഌതകുന്ന ഒരു നല്ലലിപി ഉടലെടുത്തു വരുന്നതെന്തായാലും ഭാഷയ്ക്കു നല്ലതല്ലേ?

മലയാളത്തിലെ 51 അക്ഷരങ്ങള്‍ കൂടാതെ ഏകദേശം അത്രയും തന്നെ ഹിന്ദി അക്ഷരങ്ങളും 26 ആംഗലേയ അക്ഷരങ്ങളും ചേര്‍ത്തു് ഏകദേശം 127 അടിസ്ഥാന അക്ഷരങ്ങള്‍ പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന മലയാളി കുട്ടികള്‍ ഇപ്പോള്‍ തന്നെ പഠിക്കുന്നുണ്ടു്. കൂടാതെ മലബാര്‍ പ്രദേശങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന അറബി അക്ഷരങ്ങള്‍ വേറെ. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും മറ്റും ചേര്‍ത്തു വരുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം വീണ്ടും കൂടുന്നുണ്ടു്. സ്വദേശം വിട്ടു പോകുന്നവര്‍ പഠിക്കുന്ന അന്യഭാഷാക്ഷരങ്ങള്‍ വേറെ. ഇവയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി മനുഷ്യന്റെ തലച്ചോറിനുണ്ടു്. പിന്നെന്താ പ്രശ്നം.

Muscle പിടിക്കണോ എന്ന പദത്തിനു പകരം ദുര്‍വ്വാശി പിടിക്കണോ എന്നു് ചോദിക്കുന്നതല്ലേ ഉത്തമം എന്നു ചോദിക്കുന്നതില്‍ തെറ്റുണ്ടോ? രണ്ടിലേതായാലും ചോദ്യകര്‍ത്താവിനും ഉത്തരം പറയേണ്ട ആളിനും ആശയം വ്യക്തമാകും. ഉരുവിടുന്നതെല്ലാം മാതൃഭാഷയിലാവുന്നതു് നല്ലതു് തന്നെ എന്നിരിക്കിലും എല്ലാ വേളകളിലും അതു് അസാദ്ധ്യമാണു് പ്രത്യേകിച്ചും ശ്രോതാവു് അന്യഭാഷാപ്രയോഗിയാണെങ്കില്‍. മത സൗഹാര്‍ദ്ദം എന്നാല്‍ അന്യമതവികാരങ്ങളെ ബഹുമാനിക്കുകയെന്നതിലാണെന്ന പോലെ തന്നെ മാതൃഭാഷയെ സംരക്ഷിക്കുന്നതും അന്യഭാഷയെ അവഹേളിക്കാത്ത രീതിയില്‍ക്കൂടി ആയിരിക്കണം. ലോകത്തെ എല്ലാഭാഷയിലും അന്യഭാഷാ പദങ്ങള്‍ അതേപടിയോ രൂപഭേദപ്പെടുത്തിയ രീതിയിലോ പ്രയോഗിച്ചുപോരുന്നുണ്ടു്. അന്യഭാഷാപ്രദേശങ്ങളിലേക്കു് ചേക്കേറുമ്പോഴും അന്യഭാഷാജ്ഞാനം പങ്കിടുമ്പോഴും ആണു് ഇതിന്റെ ആവശ്യകത ഏറെ വേണ്ടിവരുന്നതു്. ഭാഷ കൊണ്ടുദ്ദേശിക്കുന്നതു് ആശയ വിനിമയം ആണെന്നിരിക്കേ ഈ വേളകളില്‍ അന്യനു മനസ്സിലാവാത്ത അവനവന്റെ മാതൃഭാഷ പ്രയോഗിക്കുന്നതിന്റെയും മാതൃഭാഷയില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്നതിന്റെയും ഔചിത്യക്കുറവു് ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലുള്ള സംഭാഷണം പൂര്‍ണ്ണമായോ ഭാഗികമായോ അന്യഭാഷയിലായാലും അതും ഔചിത്യമില്ലായ്മ തന്നെ. സംസാരശേഷിയില്ലാത്ത മൂകനുമായി ആശയവിനിമയം നടത്തുമ്പോള്‍ അവനറിയാവുന്നതു് ആംഗ്യഭാഷയാണോ അതോ ചുണ്ടനക്കമാണോ എന്ന തിരിച്ചറിവോടെ അവനു അറിയാവുന്ന രീതിയില്‍ തന്നെ നമ്മള്‍ അവനോടു് സംസാരിക്കേണ്ടിയിരിക്കുന്നു. അതു് ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ അവന്റെ ഭാഷ നമ്മള്‍ അംഗീകരിക്കുകയല്ലേ ചെയ്യുന്നതു്. ഇതേ സമീപനമായിരിക്കണം അന്യഭാഷക്കാരനോടു് നമ്മുടെ സമീപനം. എന്നാലേ പരസ്പരബഹുമാനം നിലനിന്നുകൊള്ളുകയുള്ളു.

ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിലെ ഭാഷാപഠനരീതികളെ എതിര്‍ക്കുന്നതിനു മുന്‍പു് അതു് കൂടുതല്‍ പ്രചാരം നേടാന്‍ കാരണമെന്താണെന്നു കൂടി പരിശോധിക്കുന്നതു് നന്നായിരിക്കും. മലയാളം ആദ്യഭാഷയാക്കിയാല്‍ മാത്രമേ മലയാളത്തിനു ഭാവിയുള്ളു എന്നു വാദിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കു് മലയാളത്തോടു് ചിറ്റമ്മനയമുണ്ടാകുമെന്നു ചിന്തിക്കുന്നതിലും കാര്യമില്ല. ഭാഷയോടുള്ള സ്നേഹം അടിച്ചേല്‍പ്പിക്കപ്പെടേണ്ട സംഗതിയല്ല. ശാസ്ത്രവിഷയങ്ങളിലുള്ള വിജ്ഞാനം ഏറ്റവും കൂടുതല്‍ ഉള്ളതും ലോകത്തു് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ എന്ന നിലയിലും ഇംഗ്ലീഷിനുള്ള സ്വാധീനം മറക്കാവുന്നതല്ല. ഇംഗ്ലീഷിനോടൊപ്പം ലോകത്തെ വേറെ ഏതു ഭാഷയും വളരണമെങ്കില്‍ എല്ലാ ഭാഷകളിലും എല്ലാവിധ പദപ്രയോഗങ്ങളും അതാതു ഭാഷകളില്‍ ലഭ്യമായിരിക്കണം. ഈ സ്ഥിതിവിശേഷത്തിലേക്കു വേണം മലയാളം വളരേണ്ടതു്. മലയാളത്തിലെ പദ സമ്പത്തു് വളര്‍ത്തിയെടുക്കാന്‍ മലയാളം അറിയാവുന്നവര്‍ക്കേ സാധിക്കുകയുള്ളു. പക്ഷെ പലപ്പോഴും ഇംഗ്ലീഷിലെ വാക്കുകള്‍ക്കു് പുതിയ തത്തുല്യ മലയാളപദം കണ്ടുപിടിച്ചു പ്രയോഗിക്കുന്നതില്‍ മലയാളിയും മലയാളഭാഷാവിദഗ്ദ്ധരും അതിനായി നിലകൊള്ളുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു പോലും ദയനീയമായി പരാജയപ്പെടുന്നതാണു് നാം കാണുന്നതു്. മലയാളഭാഷ ശ്രേഷ്ഠമാക്കാന്‍ ഈ കാര്യത്തിനു ഒരു നീക്കുപോക്കുണ്ടാക്കാതെ എളുപ്പത്തിനു് അന്യഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ചുപയോഗിക്കുന്ന രീതിയുടെ അനന്തരഫലത്തിന്റെ ഒരു വകഭേദമാണു് നാം ഇന്നു സര്‍വ്വസാധാരണമായി കണ്ടുവരുന്ന സങ്കരപദപ്രയോഗഭാഷയായ മംഗ്ലീഷെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭാഷ.

മലയാളക്കരക്കു് ഇന്നു അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിലകൊള്ളാന്‍ ആവുന്നുണ്ടോ? ദൈനംദിന ജീവിതത്തിനു ആവശ്യമുള്ള ഭക്ഷണം തൊഴില്‍ എന്നിവയ്ക്കു പോലും നമ്മള്‍ക്കു് സ്വയംപര്യാപ്തതയുണ്ടോ? ഈ സാഹചര്യത്തില്‍ ജീവിതമാര്‍ഗ്ഗത്തിനായി വിദേശത്തും മറ്റും പോകുന്നവര്‍ക്കു് ആശയവിനിമയത്തിനും തൊഴിലിനും അന്യഭാഷയെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിക്കു് മലയാളം മാത്രം പഠിക്കുന്നതു് കൊണ്ടു് പ്രയോജനമുണ്ടോ? അപ്പോള്‍ അവര്‍ക്കു് സ്വന്തം നിലനില്‍പ്പിനു് അന്യഭാഷാ പഠനം അത്യാവശ്യമാണു്, പ്രത്യേകിച്ചും ലോകത്തെവിടെ ചെന്നാലും പ്രായോഗികമാവുന്ന ഇംഗ്ലീഷു് പഠനം.

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ സ്ഥിതി എന്തായാലും സ്വന്തം മാതൃഭാഷ എന്ന നിലയില്‍ മലയാളം സ്ക്കൂളുകളില്‍ പഠിക്കുന്നതു് മലയാളിക്കു് ആവശ്യമാണു താനും. അതു് ആദ്യഭാഷയാണോ രണ്ടാം ഭാഷയാണോ എന്നതില്‍ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. മലയാളം മീഡീയം ഇംഗ്ലീഷു് മീഡിയം എന്നീ രീതിയില്‍ രണ്ടു തരത്തിലുള്ള വിദ്യാഭാസസമ്പ്രദായം ഇന്നു സംസ്ഥാനത്തു് നിലവിലുണ്ടു്. അതില്‍ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടതു് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ആണു്. ഒരു സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടു് ഏതു ഭാഷയിലായിരിക്കണം നാട്ടുകാര്‍ പഠിക്കേണ്ടതു് എന്നു് തീരുമാനിച്ചു് ഒരു സര്‍ക്കാര്‍ ഉത്തരവിറക്കി അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. പഠനം ദ്വിഭാഷയിലും അതിനു അധികമായി മുന്നാമൊതൊരു ഭാഷയും കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റി മറിക്കേണ്ട കാര്യമല്ല. പ്രാധമികപഠനഭാഷ ഏതാണെങ്കിലും മലയാളത്തിനോടു് പ്രിയമുള്ളവര്‍ എന്തായാലും അതു് പഠിച്ചുകൊള്ളും. താല്‍പ്പര്യം ഇല്ലാത്തവര്‍ അന്യഭാഷ പഠിക്കുന്ന രീതിയില്‍ തന്നെ തുടരും. പുതിയ ലിപി കൈയെഴുത്തില്‍ ഉപയോഗിക്കരുതു് എന്നൊരു ഉത്തരവു് പാലിച്ച മലയാളികള്‍ എത്രപേര്‍ കേരളസംസ്ഥാനത്തുണ്ടു് എന്നു പിരശോധിച്ചാല്‍ തന്നെ ഇതു മനസ്സിലാവും.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു. കേന്ദ്രത്തില്‍ പോയി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വഴക്കുണ്ടാക്കി നേടിയെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി. കേന്ദ്രത്തില്‍ നിന്നും കുറച്ചു് സാമ്പത്തിക സഹായം കിട്ടും എന്നും മലയാളികളുടെ അഭിമാനം ലോകദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടു എന്നും അല്ലാതെ അതുകൊണ്ടു് മലയാള ഭാഷയ്ക്കു് എന്തു നേട്ടമുണ്ടായി എന്നു ചോദിക്കുന്നതു് അന്യരല്ല, മലയാളികള്‍ തന്നെയാണു് എന്ന സ്ഥിതിക്കു കാരണക്കാരാരാണു്? കേന്ദ്രസര്‍ക്കാരാണോ? അതോ ഇരുന്നൂറു് വര്‍ഷത്തെ ഭരണത്തിനിടയില്‍ തങ്ങളുടെ ഭാഷ ഒരു ജനതയെ അടിച്ചേല്‍പ്പിച്ച ബ്രിട്ടീഷ് സായിപ്പാണോ?

മലയാളഭാഷയ്ക്കു് സംഭാവന നല്‍കിയ ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍,(പഴയ കാല സാഹിത്യകാരുടെ എണ്ണം എടുക്കാല്‍ കൈപ്പത്തിയിലെ വിരലുകള്‍ മതിയാവില്ല) മുതല്‍പേരുടെ നിലവാരത്തിലേക്കോ അതിനപ്പുറമോ ഉയരാന്‍ ശ്രമിക്കുന്ന സാഹിത്യകാര്‍ മലയാളത്തില്‍ എത്രപേര്‍ ഇന്നുണ്ടു് ? ധാരാളം ആള്‍ക്കാര്‍ ഉണ്ടെന്നു തന്നെ കരുതുക. കരുതുകയല്ല, ഉണ്ടെന്നു തന്നെ അംഗീകരിക്കുക. പഴയവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകള്‍ക്കൊപ്പം തോളോടുതോള്‍ നില്‍ക്കാവുന്ന സംഭാവനകള്‍ നല്‍കിയവര്‍ എത്ര പേര്‍? സംസാരിക്കുമ്പോഴും അവരവരുടെ കൃതികളിലും ആംഗലേയ പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ മലയാളം ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ എത്രപേര്‍? എന്തിനധികം പറയുന്നു മലയാളികള്‍ കണ്‍മുന്‍പില്‍ കാണുന്ന സിനിമകളുടെ പേരില്‍ പോലും ധാരാളം ആംഗലേയപദങ്ങളില്‍ ഇറങ്ങുന്നില്ലേ? അപ്പോള്‍ പിന്നെ ആം ആദ്മി (നിലവിലുള്ള പുതിയ പ്രയോഗം - ഹിന്ദിയില്‍ നിന്നും കടമെടുത്തതു്) യുടെ കാര്യം പറഞ്ഞിട്ടു കാര്യമുണ്ടോ?

കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ പോകുന്ന ധനസഹായമെങ്കിലും നല്ലവണ്ണം പ്രയോജനപ്പെടും (?) എന്നു നമുക്കാശിക്കാം.

ഇനി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ പല തരം ആയി വിഭജിക്കാം. 1 .പരമ്പരാഗതഭാഷാസമ്പത്തു് സംരിക്ഷിക്കുക 2. അടിസ്ഥാന പഠന-ഗവേഷണസൗകര്യം വര്‍ദ്ധിപ്പിക്കുക 3. ഭാഷയെ ബലപ്പെടുത്തുക 4. വിദ്യാഭ്യാസം മെച്ചപ്പെടുത്തുക

മലയാളഭാഷയിലെ പരമ്പരാഗത സമ്പത്തുകളെല്ലാം ആരുമായി പങ്കിടാതെ കാലയവനികയില്‍ മറയുന്ന രീതി മാറി അവ ശേഖരിക്കപ്പെടണം. ആര്‍ക്കു് എപ്പോള്‍ വേണമെങ്കിലും അവ ലഭ്യമാവുകയും വരും തലമുറയ്ക്കു് അവ പ്രയോജനപ്പെടുന്ന രീതിയില്‍ പ്രായോഗികമാക്കുവാന്‍ സാദ്ധ്യമാവുകയും വേണം.

നിലവിലുള്ള ഒരു പ്രാധമികവിദ്യാലയത്തിന്റെ നാമധേയം മാറ്റി യൂണിവേര്‍സിറ്റി എന്നാക്കി പുരോഗമനം വരുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശൈലി മാറണം. വിമാനത്താവളങ്ങളും, കായികസ്ഥലങ്ങളും പുതുതായി ഉണ്ടാക്കാന്‍ സ്ഥലം കണ്ടെത്താമെങ്കില്‍ മലയാള സര്‍വ്വകലാശാലയ്ക്കും സ്ഥലം കണ്ടെത്താനാണോ പ്രയാസം? തങ്ങളുടെ നിയോജകമണ്ഡലത്തിലായിരിക്കണം എന്നു ആരും ശഠിക്കാതിരുന്നാല്‍ തന്നെ വഴി എളുപ്പമാകും. എത്ര ഏക്കര്‍ സ്ഥലം അതിനായി വിട്ടുകൊടുക്കണം എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളു. തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരകം അതു പോലെ തന്നെ തുടരുന്നതില്‍ എന്താണു് തെറ്റു്? വേറെ സ്ഥലം കണ്ടെത്തുന്നതല്ലേ നല്ലതു്? അങ്ങനെയാകുമ്പോള്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കേന്ദ്രസഹായം പ്രായാഗികമായി പ്രയോജനപ്പെടുത്താവുന്നതല്ലേയുള്ളു.

ഭാഷയെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ തന്നെ മുന്‍കൈ എടുത്താല്‍ തന്നെ ധാരാളം. മലയാളക്കരയിലെ സാഹിത്യകാരന്മാര്‍ക്കു് മാസത്തില്‍ ഒരിക്കലെങ്കിലും ഒത്തൊരുമിക്കാന്‍ ഒരു വേദി സര്‍ക്കാര്‍ തന്നെ ഒരുക്കട്ടെ. മലയാള സാഹിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളും മലയാളഭാഷയെ എങ്ങനെ കൂടുതല്‍ ശക്തമാക്കാം എന്ന ചര്‍ച്ചകള്‍ക്കും ഇതു വഴിയൊരുക്കും. അന്യഭാഷാപദങ്ങള്‍ മലയാളീകരിക്കാനും അവ പ്രചരിപ്പിക്കാനും ഉള്ള ശ്രമവും ഉണ്ടാവണം. ഒരു ദിവസം ഒരു വാക്കു് എന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ വഴി ഇതു് ചെയ്യാവുന്നതല്ലേയുള്ളു.

വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നാളത്തെ നാടിന്റെ സമ്പത്താണു്. പാഠപുസ്തകങ്ങള്‍ക്കു പുറമെ ഭാഷയുടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്കു് അവസരം ലഭിക്കാന്‍ പാഠശാലകളിലെ പുസ്തകശാലകള്‍ മെച്ചപ്പെടുത്തണം. ഭാഷാചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, പദ്യസാഹിത്യം, ഗദ്യസാഹിത്യം തുടങ്ങി ഭാഷയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും പ്രാധമികതലങ്ങളില്‍ തന്നെ പഠിച്ചു തുടങ്ങട്ടെ. മറ്റു ഭാഷകളെ പോലെ മലയാളം പഠനം അത്ര എളുപ്പമുള്ള കാര്യമല്ല. പഠനം എങ്ങനെ എളുപ്പമാക്കാം എന്നു ചിന്തിച്ചു് അതിനനുസരിച്ചു് പഠിപ്പിക്കുന്ന രീതിയും ഭാഷയും തിരുത്തി പ്രയോഗിക്കുകയല്ല വേണ്ടതു്. തനിക്കു വേണ്ടി ഭാഷ എങ്ങനെ വഴങ്ങും എന്നു ശ്രമിക്കുന്നതിനു പകരം ഭാഷയുടെ ആവശ്യത്തിനനുസരിച്ചു് തനിക്കു് എങ്ങനെ ഉയരാന്‍ സാധിക്കും എന്ന ചിന്താഗതിയിലേക്കു് മലയാളി വളരണം.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.

Thursday 16 January 2014

മലയാളത്തിനു് സര്‍വകലാശാല വരുമ്പോള്‍


ലേഖകന്‍ - കെ എം ഭരതന്‍

തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വകലാശാല കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികള്‍ക്കു് സമര്‍പ്പിച്ചിരിക്കുകയാണു്. മുഴുവന്‍ മലയാളികള്‍ക്കും ആഹ്ലാദവും അഭിമാനവും പകരേണ്ട ഒരു ചരിത്രമുഹൂര്‍ത്തം. പക്ഷേ വാസ്തവത്തില്‍ അങ്ങനെയായോ എന്ന സന്ദേഹം ഇപ്പോഴുമുണ്ടു്. സര്‍വകലാശാലാ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണു് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയതു്. പത്തോളം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഒരു സര്‍വകലാശാല കൂടി വന്നു എന്നാണു് പൊതുവിലുള്ള പ്രതികരണം. എന്നാല്‍ വൈകിയാണെങ്കിലും ഒരു ചരിത്രനിയോഗം നാം ഏറ്റെടുത്തുവെന്ന പ്രതീതിയാണു ചിലര്‍ക്കുള്ളതു്. മലയാളത്തിനുമാത്രമായി എന്തിനാണു സര്‍വകലാശാല എന്നു ചോദിച്ചവരും വിരളമല്ല. ഒരു വിഷയത്തിനു മാത്രമായി സര്‍വകലാശാല എന്നതു് സര്‍വകലാശാലാ സങ്കല്‍പ്പത്തിനു തന്നെ ചേര്‍ന്നതല്ലെന്ന വാദക്കാരും ഉണ്ടു്. എന്നാല്‍ ആരോഗ്യം, കൃഷി, നിയമം, ഫിഷറീസ് തുടങ്ങിയ വിഷയങ്ങള്‍ക്കു് പ്രത്യേകമായി സര്‍വകലാശാലകള്‍ ആരംഭിച്ചപ്പോഴൊന്നും ഇത്തരം സന്ദേഹങ്ങള്‍ ആര്‍ക്കുമുണ്ടായിട്ടില്ല. ഒരു ഭാഷയ്ക്കു മാത്രമായി സര്‍വകലാശാല ആവശ്യമില്ലെന്നും അങ്ങനെ വന്നാല്‍ മറ്റുഭാഷകളും സര്‍വകലാശാലയ്ക്കു വേണ്ടി ആവശ്യപ്പെടുമെന്നും ഉള്ള അഭിപ്രായവും ചിലര്‍ക്കുണ്ടു്. എന്നാല്‍ മലയാളിയെ സംബന്ധിച്ചേടത്തോളം മറ്റേതെങ്കിലും ഭാഷയെപ്പോലെയല്ല മാതൃഭാഷയായ മലയാളം.

കേരളത്തിന്റെ പൊതുമണ്ഡലം രൂപപ്പെട്ടതും നിലനില്‍ക്കുന്നതും മലയാള ഭാഷയിലൂടെയാണു്. പൊതുമണ്ഡലം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള ഇടപെടലുകളും സമരങ്ങളും ആവിഷ്കരിക്കപ്പെട്ടതു മലയാളത്തിലൂടെയാണു്. മലയാളി അവന്റെ ജീവിതത്തെ ആവിഷ്കരിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലൂടെയാണു്. മലയും ആഴിയും അളവും അടയാളങ്ങള്‍ വച്ചിരിക്കുന്നതു് ഈ ഭാഷയില്‍ മാത്രമാണു്. കേരളത്തിന്റെ മണ്ണും പുഴയും വയലും സമുദ്രവും മാത്രമല്ല മനുഷ്യരും സൗന്ദര്യബോധവും കാലാവസ്ഥയുമെല്ലാം ഈ ഭാഷയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ മലയാളത്തിന്റെ ഭാവിയെന്നാല്‍ കേരളീയ ഭൂപ്രകൃതിയുടെയും മനുഷ്യരുടെയും പൊതുമണ്ഡലത്തിന്റെയും സംസ്കാരത്തിന്റെയും ഭാവി എന്നുകൂടിയാണര്‍ഥം. ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും വിള്ളല്‍ വീഴ്ത്തുന്ന കേരളീയ പൊതുമണ്ഡലത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള ചോദ്യവും "എമര്‍ജ്" ചെയ്തു വരുന്ന കേരളത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ചോദ്യവും മാതൃഭാഷയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്നു ഭിന്നമാകുന്നില്ല. മലയാളമെന്നാല്‍ കേരളീയ ഭൂപ്രകൃതിയുടെയും ചരിത്രത്തിന്റെയും മനുഷ്യജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അനുഭവസാകല്യമാണു്. ഈ മട്ടില്‍ കേരളീയ പൊതുമണ്ഡലത്തിന്റെ ഭൂതവര്‍ത്തമാനങ്ങളെ ആവരണം ചെയ്തുനില്‍ക്കുന്ന കവചമാണതു്. അത്തരമൊരു തലത്തിലേക്കുയരാന്‍ മാതൃഭാഷയ്ക്കല്ലാതെ മറ്റൊരു ഭാഷയ്ക്കും കഴിയില്ല.

ആഫ്രിക്കന്‍ എഴുത്തുകാരനായ എന്‍ഗൂഗി, ആശയവിനിമയം എന്ന നിലയിലുള്ള ഭാഷയുടെ മൂന്നു തലങ്ങളെയും അതിന്റെ പ്രവര്‍ത്തനത്തെയും വിശദീകരിച്ചിട്ടുണ്ടു്. കാള്‍ മാര്‍ക്സ് ഒരിക്കല്‍ വിശേഷിപ്പിച്ച യഥാര്‍ഥ ജീവിതത്തിന്റെ ഭാഷയാണു് ഇതിലൊന്നു്. ഭാഷയെന്ന സമ്പൂര്‍ണമായ ആശയത്തിന്റെ അടിസ്ഥാനഘടകം കൂടിയാണിതു്. തൊഴില്‍മേഖലയില്‍ മനുഷ്യര്‍ ആത്മബന്ധം സ്ഥാപിക്കുന്നതും ജീവിതോപാധിയായ ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവ നേടുന്നതും പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഭാഷയിലൂടെയാണു്.

കൃഷിയിലായാലും കൈത്തൊഴിലിലായാലും ഒരു ഉല്‍പന്നമെന്നതു് അനേകം കൈയും മനസ്സും ചേര്‍ന്നുണ്ടാകുന്നതാണു്. ഇങ്ങനെ മാനുഷികമായ സഹകരണത്തിന്റെ ഭാഷയാണു് യഥാര്‍ഥ ജീവിതത്തിന്റെ ഭാഷ. ഉല്‍പാദനത്തിലെ ആശയവിനിമയമാണു ഭാഷയുടെ രണ്ടാമത്തെ തലം. ഇതു് യഥാര്‍ഥ ജീവിതത്തിന്റെ അനുകരണങ്ങളാണു്. വാക്കുകളുടെ അടയാള സ്തംഭങ്ങള്‍ വഴി ജീവിതോപാധിയെ ഉല്‍പാദിപ്പിക്കുകയും അതിനായി തങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ബന്ധങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഭാഷയാണു് ഇതു്. മനുഷ്യര്‍ക്കും പ്രകൃതിക്കുമിടയില്‍ കൈകള്‍ക്കുള്ള അതേ പ്രാധാന്യം മനുഷ്യര്‍ക്കിടയില്‍ വാക്കുകള്‍ക്കുമുണ്ടു്. കൈകള്‍ ഉപകരണങ്ങള്‍ വഴി പ്രകൃതിക്കും മനുഷ്യര്‍ക്കും ഇടയിലെ ബന്ധങ്ങളെ നിര്‍മിക്കുകയും യഥാര്‍ഥ ജീവിതത്തിന്റെ ഭാഷയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിടയിലെ ആശയവിനിമയം നിര്‍വഹിച്ചു വികസിക്കുന്ന സംസാരഭാഷ യഥാര്‍ഥ ജീവിതത്തിന്റെ അനുകരണങ്ങളും പുനരാവിഷ്കരണങ്ങളും ആയിത്തീരുന്നു. എഴുത്തുഭാഷയാണു ഭാഷയുടെ മൂന്നാമത്തെ പ്രവര്‍ത്തനതലം. പറയപ്പെടുന്ന ഭാഷയുടെ അനുകരണമാണു് എഴുത്തു്. ദൃശ്യപ്രതീകങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ രേഖപ്പെടുത്തല്‍ താരതമ്യേന വൈകിയുണ്ടായ ചരിത്രവികാസമാണു്. ഒരു ജനതയുടെ യഥാര്‍ഥ ജീവിതത്തിന്റെ ഭാഷ. അതല്ലെങ്കില്‍ അതിനോടു് ഏറ്റവും അടുത്തു നില്‍ക്കുന്ന ഭാഷ അവരുടെ മാതൃഭാഷയാണു്. അതിനാല്‍ അവരുടെ ഉല്‍പാദനബന്ധങ്ങളുടെ ഭാഷയും - സംസാര ഭാഷ - എഴുത്തുഭാഷയും മാതൃഭാഷതന്നെയാകണം. അങ്ങനെയല്ലെങ്കില്‍ യഥാര്‍ഥ ജീവിതവും ആശയലോകവും തമ്മില്‍ വലിയ വിടവുണ്ടാവും. യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍നിന്നു് അന്യവല്‍ക്കരിക്കപ്പെട്ട ആശയലോകമായിരിക്കും അവരുടേതു്. എല്ലാ അധിനിവേശകരും അധിനിവേശിത സമൂഹങ്ങളുടെ മാതൃഭാഷയെ തകര്‍ത്തു് സ്വന്തം ഭാഷയെ അവരുടെ ഭാഷയ്ക്കുമേല്‍ സ്ഥാപിച്ചതു് അധിനിവേശത്തെ എളുപ്പമാക്കി തീര്‍ക്കാനാണു്. ഇങ്ങനെ കോളനീകരണത്തിന്റെ ഭാഗമായി അന്യവല്‍ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ സമൂഹം ഭാഷയിലൂടെ സ്വതന്ത്രരായിത്തീരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണു്. ലിപിപോലും ഇല്ലാത്ത തങ്ങളുടെ ഭാഷകളെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനുള്ള സമരത്തിന്റെ ഭാഗമാണു് 2000ല്‍ എറിത്രിയയില്‍ നടത്തിയ അസ്മാറാ പ്രഖ്യാപനം (മാതൃഭാഷയില്‍ മാത്രമേ എഴുതുകയുള്ളൂ എന്ന എഴുത്തുകാരുടെ പ്രഖ്യാപനം). ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണു് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നതു് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണു്. ഇതു് അവരുടെ ജീവിത നിലവാരത്തെ ഒരു തരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണു് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും. മാതൃഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസം നിലനില്‍ക്കുന്ന രാജ്യങ്ങളാണു് ജീവിതനിലവാരസൂചികയില്‍ പിറകില്‍നില്‍ക്കുന്നതു് എന്നു സ്ഥിതിവിവരകണക്കുകളെ മുന്‍നിര്‍ത്തിയുള്ള കെ സേതുരാമന്റെ പഠനം (മലയാളത്തിന്റെ ഭാവി) പറയുന്നു. രണ്ടു നൂറ്റാണ്ടോളം ഫ്രഞ്ചു് ആധിപത്യത്തിനു കീഴിലായിരുന്ന ഇംഗ്ലണ്ടുകാരും ഇതു തിരിച്ചറിഞ്ഞിരുന്നു. ഇംഗ്ലീഷ് കോടതികളിലെ ഭരണഭാഷ ഫ്രഞ്ചും ലാറ്റിനുമായിരുന്നു. ഇതു സാധാരണക്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷാക്കി മാറ്റാന്‍ അവര്‍ക്കു് സമരം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് അല്ലാത്ത ഭാഷ കോടതിയില്‍ സംസാരിക്കുന്നവര്‍ക്കു് അന്‍പതു് പവന്‍ പിഴ ചുമത്തുന്ന നിയമം 1731-ല്‍ ജോര്‍ജ് രണ്ടാമന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണു് അവിടുത്തെ കോടതികളില്‍ മാതൃഭാഷ നടപ്പിലായതു്.

1731-നു മുമ്പുള്ള ഇംഗ്ലണ്ടിലെ സ്ഥിതിയാണു് ഇപ്പോഴും നമ്മുടേതെന്നു് എഴുമറ്റൂര്‍ രാജരാജവര്‍മ്മ (ഭാഷയും ഭരണഭാഷയും) ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍ കോടതിയും ഭരണവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലല്ല എന്നു മാത്രമല്ല, ഈ മേഖലകളില്‍ മാതൃഭാഷയുടെ സാന്നിധ്യം നാള്‍ക്കുനാള്‍ ദുര്‍ബലപ്പെടുകയുമാണു്. കേരളത്തിന്റെ ഭരണപരമോ സാങ്കേതികമോ വിജ്ഞാനപരമോ ആയ ആവശ്യങ്ങളെ നിറവേറ്റാന്‍ അപര്യാപ്തമായ ഭാഷയാണു് മലയാളമെന്ന ഒരു യുക്തി ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടു്. കേരളത്തിന്റെ സാമൂഹ്യമായ അനുഭവങ്ങളോ സാമൂഹ്യപരതയോ ഇല്ലാത്ത അന്യഭാഷകളിലൂടെ നിര്‍മിക്കപ്പെടുന്ന ആശയലോകത്തില്‍ നിന്നും പൊതുമണ്ഡലത്തില്‍നിന്നും ഈ യുക്തി കേരളീയന്റെ യഥാര്‍ഥ ജീവിതത്തെ അന്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടു്. ജനപക്ഷവികസനത്തിനു പകരം മൂലധന വികസനത്തിനായി കേരളത്തിന്റെ മണ്ണും മനസ്സും ഒരുക്കിയെടുക്കുന്നതില്‍ ഈ അന്യവല്‍ക്കരണ യുക്തിക്കു് ചെറുതല്ലാത്ത പങ്കാണുള്ളതു്. ഇവിടെ മാതൃഭാഷ വേണമോ എന്ന ചോദ്യം കേരളത്തിന്റെ മണ്ണും പൊതുമണ്ഡലവും നിലനില്‍ക്കണോ എന്ന ചോദ്യമായി പിടഞ്ഞുവീഴുന്ന സന്ദര്‍ഭത്തിലാണു മുഖ്യമന്ത്രി മലയാള സര്‍വകലാശാല പ്രഖ്യാപിക്കുന്നതു്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പൊതുസമൂഹം അഭിമുഖീകരിക്കുന്ന ഭാഷയുടെയും സ്വാതന്ത്ര്യത്തിന്റേതുമായ ഏതെങ്കിലും പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ പ്രഖ്യാപിത മലയാളം സര്‍വകലാശാല പ്രാപ്തമാണോ എന്നുകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ടു്. ഏറ്റവും പ്രാഥമികമായി സര്‍വകലാശാലയുടെ പഠനവകുപ്പുകളും കോഴ്സുകളും തന്നെയാണല്ലോ ഇത്തരം കാര്യങ്ങളെ പ്രതിഫലിപ്പിക്കുക. ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ കഴിഞ്ഞ മെയ്‌മാസത്തില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച സര്‍വകലാശാല രേഖയില്‍ അഞ്ചു പഠനകോശങ്ങളും (ഫാക്കല്‍റ്റി) ഒന്‍പതു് പഠനാലയങ്ങളും (സ്കൂള്‍) പന്ത്രണ്ടു് ബിരുദാനന്തരബിരുദ കോഴ്സുകളുമാണു് നിര്‍ദേശിച്ചിട്ടുള്ളതു് (ഉപദേശക സമിതി ഇതില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയതായും അറിയുന്നു. എന്നാല്‍ രേഖയ്ക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കു് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയോ രേഖയോ ലഭിച്ചിട്ടില്ല!). 1-ഭാഷാവിജ്ഞാനകോശം, 2-സാഹിത്യകോശം, 3-കലാകോശം, 4-പൈതൃക പഠനകോശം, 5-വിജ്ഞാന പൈതൃക കോശം എന്നിവയാണ് പഠനകോശങ്ങള്‍. 1-മലയാള ഭാഷാ പഠനാലയം, (സ്കൂള്‍ ഓഫ് മലയാളം ലാംഗ്വേജ്) 2-സാഹിത്യ പഠനാലയം (സ്കൂള്‍ ഓഫ് മലയാളം ലിറ്ററേച്ചര്‍) 3-താരതമ്യ സാഹിത്യപഠനാലയം (സ്കൂള്‍ ഓഫ് കംപാരറ്റീവ് ലിറ്ററേച്ചര്‍, 4-പരിഭാഷാപഠനാലയം (സ്കൂള്‍ ഓഫ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്), 5-രംഗകലാ പഠനാലയം (സ്കൂള്‍ ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്സ്), 6-ദൃശ്യകലാ - വാസ്തുവിദ്യാ പഠനാലയം (സ്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍), 7-സാംസ്കാരിക പഠനാലയം (സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ്) 8-മാധ്യമപഠനാലയം (സ്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ്) 9-വിജ്ഞാന പൈതൃക പഠനാലയം (സ്കൂള്‍ ഓഫ് ട്രഡീഷണല്‍ നോളജ് സിസ്റ്റം) എന്നിങ്ങനെയുള്ള പഠനാലയങ്ങളാണു് അഞ്ചു പഠനകോശങ്ങള്‍ക്കുമായുള്ളതു്. മലയാളം ഭാഷാശാസ്ത്രം, കവിത, നോവല്‍, നാടകം, കേരളീയ രംഗകലകള്‍, കേരളീയ സംഗീതം, കേരളീയ ദൃശ്യകല, സാംസ്കാരിക നരവംശശാസ്ത്രം, കേരള സംസ്കാര പഠനം, കേരളപൈതൃകപഠനം, കേരളമാധ്യമ പഠനം എന്നിങ്ങനെ 12 വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദകോഴ്സുകളുമാണു് സര്‍വകലാശാല വിഭാവനംചെയ്തിട്ടുള്ളതു്. എല്ലാ പഠനകോശങ്ങളും പ്രോജക്ടുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കുമുള്ള സാധ്യതകളുടെ മുന്‍ഗണനയും നിശ്ചയിച്ചിട്ടുണ്ടു്. മറ്റു ഭാഷാചരിത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടു് മലയാളഭാഷാ ചരിത്രത്തെ പഠിക്കുക, അതിന്റെ പ്രാചീനത നിശ്ചയിക്കുക (ക്ലാസിക്കല്‍ ഭാഷാപദവിയുടെ നൂറുകോടിയിലേക്കു് ഒരു കണ്ണുള്ളതു നല്ലതു തന്നെ) കംപ്യൂട്ടര്‍ സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ലിപിപരിഷ്കരണം, ആധുനിക ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനാവശ്യമായ പദസമുച്ചയനിര്‍മിതി എന്നിവ ഭാഷാ വിജ്ഞാനകോശത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നുണ്ടു്.

മണ്‍മറഞ്ഞ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ സമാഹരിക്കുക, എഴുത്തുകാരുടെ ജീവിതവും സാഹിത്യവും ദൃശ്യരൂപത്തില്‍ രേഖപ്പെടുത്തുക, സാഹിത്യത്തിന്റെ വിപുലമായ മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കാണു് സാഹിത്യപഠനകോശം മുന്‍ഗണനല്‍കുന്നതു്. മലയാള സാഹിത്യത്തിലെ പ്രസ്ഥാനങ്ങള്‍ക്കു സമാനമായ അന്യഭാഷകളിലെ സാഹിത്യപ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുക, മലയാളത്തിലേക്കും പുറത്തേക്കുമുള്ള വിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ പ്രസാധകരുമായി ചേര്‍ന്നു് മലയാളകൃതികള്‍ക്കു് ആഗോളനിലവാരമുള്ള വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും സാഹിത്യ പഠനകോശത്തിന്റെ ലക്ഷ്യങ്ങളാണു്. കേരളീയ പരമ്പരാഗത കലകളുടെയും ക്ലാസിക്കല്‍ കലകളുടെയും അക്കാദമിക പഠനമാണു് കലാകോശം ലക്ഷ്യമിടുന്നതു്. ഇവ ഡോക്യുമെന്റ് ചെയ്യുന്നതിനും മുന്‍ഗണന നല്‍കുന്നു.

കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണു് പൈതൃകപഠനകോശം പ്രാധാന്യം കല്‍പ്പിക്കുന്നതു്. ഗണിതം, ആയുര്‍വേദം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗോത്രവിജ്ഞാനം ഇവയെക്കുറിച്ചുള്ള പഠനം, ഇതിന്റെ പരിരക്ഷ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇവയ്ക്കുള്ള സ്വീകാര്യതയെക്കുറിച്ചുള്ള പര്യാലോചനകള്‍ തുടങ്ങിയവയാണു് വിജ്ഞാനപൈതൃകകോശം ലക്ഷ്യമാക്കുന്നതു്. രാജാരവിവര്‍മ, സ്വാതിതിരുനാള്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കുമാരനാശാന്‍, സി വി രാമന്‍പിള്ള എന്നിവരുടെ പേരിലുള്ള പഠന ചെയറുകളും സര്‍വകലാശാലയിലുണ്ടാകും (പ്രതിമയാക്കി നിര്‍ത്തി അപമാനിച്ചതിന്റെ ക്ഷീണം ചെയറിലിരുത്തി ആദരിച്ചാല്‍ മാറുമോ എന്ന ചൊല്ല് പഴഞ്ചൊല്ലാകുമോ ആവോ!). ഈ രേഖയില്‍ എവിടെയാണു് മലയാളത്തിന്റെയും മലയാളിയുടെയും ഭാവിയെക്കുറിച്ചുള്ള സൂചനകള്‍? ഭാവിപ്രതീക്ഷയിലേക്കു കാലെടുത്തുവയ്ക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്തു് ഇംഗ്ലീഷിലും മരണാടിയന്തരച്ചടങ്ങിന്റെ ക്ഷണക്കത്തു് മലയാളത്തിലും അച്ചടിക്കുന്ന മലയാളിയുടെ അതേ കാഴ്ചപ്പാടുതന്നെയാണോ ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകേണ്ടത്? മലയാളകൃതികളെ ആഗോളതലത്തിലെത്തിക്കാനുള്ള പരിഭാഷാപഠനാലയത്തിന്റെ നിര്‍ദേശവും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യക്കനുസരിച്ചരിച്ചു് മലയാള ലിപി പരിഷ്ക്കരിക്കാനും ആധുനിക ശാസ്ത്രവിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാനാവശ്യമായ മട്ടില്‍ പദസമുച്ചയം നിര്‍മിക്കാനുമുള്ള ഭാഷാവിജ്ഞാനകോശത്തിന്റെ നിര്‍ദേശങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഭാവിയെ സംബന്ധിക്കുന്ന യാതൊന്നും ഈ രേഖയിലില്ല. ഭൂതകാലാവേശിതരായ കുറേയാളുകളെ സൃഷ്ടിക്കുന്ന ഫോസിലുകളുടെയും പുരാരേഖകളുടെയും സമാഹാരമാകരുതു് മലയാളം സര്‍വകലാശാല. പരിഭാഷ, ലിപി പരിഷ്കരണം, പദസമുച്ചയ നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്കായി നേരത്തെതന്നെ നമുക്കു് പ്രോജക്ടുകള്‍ നടപ്പിലുണ്ടു്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതു മൂന്നും ഉണ്ടു്. പ്രാദേശിക വിജ്ഞാനത്തിന്റെയും സാംസ്കാരത്തിന്റെയും പഠനം, പരിപോഷണം, മലയാളത്തിലുള്ള വിജ്ഞാന രൂപീകരണം തുടങ്ങിയവ കേരളസര്‍വകലാശാലയുടെയും തുടക്കത്തിലുള്ള പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇവയൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല വിപരീതഫലങ്ങളാണു് കൂടുതല്‍ ഉണ്ടാക്കിയിട്ടുള്ളതും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദനിര്‍മാണ പരിശ്രമവും ലിപി പരിഷ്കരണശ്രമവും അതാതു് മേഖലകളിലെ പണ്ഡിതന്മാരില്‍നിന്നുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടു്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നിട്ടും പല സ്വതന്ത്രഗ്രൂപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടുത്തെത്താന്‍പോലും ഇവര്‍ക്കായില്ല. തത്വങ്ങളുണ്ടായാല്‍ മാത്രം പോരാ, അവയ്ക്കുപിന്നിലെ ദര്‍ശനങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ തിരിച്ചറിയുകയും ഈ തിരിച്ചറിവിനെ ഇച്ഛാശക്തിയാക്കി മാറ്റുകയുംചെയ്യുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കൂടി നമുക്കുണ്ടാവണം. അപ്പോള്‍ ചോദ്യങ്ങള്‍ ലളിതവും ഋജുവുമായിത്തീരും. കേരളത്തിന്റെ സാമൂഹ്യ പൊതുമണ്ഡലത്തെ മതനിരപേക്ഷ പൊതുമണ്ഡലമായി ശക്തിപ്പെടുത്തുന്ന സംവിധാനമായി മലയാളം സര്‍വകലാശാലയെ ഉയര്‍ത്താന്‍ ഇപ്പോഴത്തെ കേരളസര്‍ക്കാരിനു കഴിയുമോ? മൂലധന വികസനത്തിനുപകരം ജനപക്ഷ വികസനത്തിനുചേര്‍ന്ന ഭാഷയും സംസ്കാരവും ലോകബോധവും ഉല്‍പാദിപ്പിക്കുന്ന സ്ഥാപനമായി മാറാന്‍ അതിനുകഴിയുമോ? ഇതെല്ലാം കഴിയണമെങ്കില്‍ മലയാളമെന്നാല്‍ തുമ്പപ്പൂവും മുത്തങ്ങച്ചെടിയും വള്ളംകളിയും ഉപ്പുമാങ്ങയുമാണെന്ന ധാരണയില്‍നിന്നു പുറത്തുകടക്കാനെങ്കിലും നമുക്കുകഴിയണം. ഏറ്റവും ചുരുങ്ങിയതു്, അതു് റോക്കറ്റു വിക്ഷേപണ കേന്ദ്രമായ തുമ്പയും ആദിവാസി ഭൂസമരത്തിന്റെ ചോരവീണ വയനാട്ടിലെ മുത്തങ്ങയുമാണെന്നെങ്കിലും സമ്മതിക്കണം. റോക്കറ്റിന്റെ സാങ്കേതിക വിദ്യ മലയാളത്തില്‍ പഠിപ്പിക്കുകയും മലയാളത്തില്‍ "കൗണ്ട് ഡൗണ്‍" നടത്തി റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്യുന്നൊരു കാലത്തെ നമുക്കു് സങ്കല്‍പിക്കാനാകണം. നിവര്‍ന്നു കിടക്കാനുള്ള ആറടി മണ്ണിനോടൊപ്പം ആദിവാസിക്കു് അവന്റെ കൃഷിഭൂമിയും സ്വന്തം ഭാഷയുടെയും സംസ്കാരത്തിന്റെയും ആകാശവും കൈവരുന്ന സുദിനത്തെ സ്വപ്നം കാണാനാകണം. വര്‍ത്തമാനത്തിലും ഭാവിയിലുമായി നിലനില്‍ക്കുന്ന കേരളത്തിന്റെ പ്രശ്നങ്ങളെയും പ്രതീക്ഷകളെയും ആവശ്യങ്ങളെയും നിറവേറ്റാനുള്ള ഭാഷയും അനുബന്ധസംസ്കാരവുമാണു് മലയാളമെന്നു തിരിച്ചറിയേണ്ടതുണ്ടു്. അത്രയും തിരിച്ചറിവെങ്കിലും ഉണ്ടായാല്‍ എമ്പ്രാശ്ശന്റെ വെളിച്ചത്തില്‍ വാരസ്യാരുടെ സദ്യ നടത്താന്‍ ആരും ഒരുമ്പെടുകയില്ലല്ലോ. എഴുത്തച്ഛനു മുമ്പു് നമുക്കു് ചെറുശ്ശേരിയും കണ്ണശ്ശന്മാരുമുണ്ടായിരുന്നു. എഴുത്തച്ഛനുശേഷവും ഉണ്ടായി നിരവധി കവികളും എഴുത്തുകാരും. മലയാളം എന്ന വാക്കു് ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മൂന്നരക്കോടിയോളം വരുന്ന മലയാളികളെയും ഉള്‍ക്കൊള്ളുന്നു. അങ്ങനെയെങ്കില്‍ മലയാളം സര്‍വകലാശാലയില്‍ മലയാളത്തിനുമുന്നില്‍ എഴുത്തച്ഛന്റെ പേരുമാത്രമായി എഴുതി വച്ചതെന്തിനെന്നു് "പയ്യന്‍സ്" ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? മലപ്പുറം ജില്ലയില്‍ തന്നെ തേഞ്ഞിപ്പാലത്തു് പ്രവര്‍ത്തിക്കുന്ന കലിക്കറ്റ് സര്‍വകലാശാലയ്ക്ക് അയ്യായിരം ഏക്കറും പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അലിഗഢ് സര്‍വകലാശാലാ കേന്ദ്രത്തിനു് നാലായിരം ഏക്കറും ഭൂമിനല്‍കിയ സര്‍ക്കാരിനു് മലയാളം സര്‍വകലാശാലയ്ക്കും അയ്യായിരം ഏക്കറെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതായിരുന്നു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ മലയാളം സര്‍വകലാശാലയ്ക്കനുവദിച്ച നൂറേക്കര്‍ തന്നെ തിരൂരിലും തിരുനാവായയിലും ആതവനാടുമായി പലതായിമുറിച്ച് സര്‍വകലാശാലയെ പലജാതികളായി തിരിക്കുകയാണു് ചെയ്യുന്നതു്. തൊട്ടടുത്തു് തിരുനാവായയില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃത സര്‍വകലാശാല ഉപകേന്ദ്രംപോലും ഒരൊറ്റ ക്യാമ്പസിലാണെന്നു് സര്‍ക്കാരിനറിയാത്തതല്ല. പാണക്കാട്ടു് തുടങ്ങാനിരിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിനുപോലും 75 ഏക്കര്‍സ്ഥലം ഒരൊറ്റ ക്യാമ്പസായാണു് അനുവദിക്കാന്‍ പോകുന്നതെന്നു് പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ ഭാഷാപഠനം മാത്രമല്ല, ഈ ഭാഷയിലൂടെ ഏറ്റവും പുതിയ ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍പോലും പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളതായും പത്രവാര്‍ത്തകള്‍ ഉണ്ടു്. ഒരു ഭാഗത്തു് മലയാളത്തിനു് സര്‍വകലാശാല പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ മറുഭാഗത്തു് മലയാളത്തിനു് ഇത്രയെല്ലാം മതി എന്ന സമീപനവും ഉണ്ടു്. അല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു് - ങ ട 103/11/ 6 5 2011 - ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും അലമാരയിലെ പൊടിപിടിച്ച കടലാസുമാത്രമായി തുടരില്ലല്ലോ. ഇതു നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മാറ്റാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തിയിട്ടായാലും സ്വന്തം ഉത്തരവിനോടെങ്കിലുമുള്ള ബാധ്യതയും ആത്മാര്‍ഥതയും നിറവേറ്റാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.

വാസ്തവത്തില്‍ പാണക്കാട്ടു് തുടങ്ങാനിരിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് ഇന്‍സ്റ്റിറ്റ്യൂട്ടും അറബി, ഉര്‍ദു തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റനവധി ഭാഷാ പഠനകേന്ദ്രങ്ങളും മലയാളം സര്‍വകലാശാലയുടെ ഭാഗമായാണു് പ്രവര്‍ത്തിക്കേണ്ടതു്. ലോകത്തെ മലയാളത്തിലൂടെ അറിയാനും മലയാളത്തെ ലോകത്തിനു് അറിയിച്ചുകൊടുക്കാനുമുള്ള ജാലകമായി മാറാന്‍ ഈ സര്‍വകലാശാലയ്ക്കു് കഴിയണം. അതോടൊപ്പം ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍കൂടി മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മട്ടില്‍ ഭാവി വിജ്ഞാനത്തിന്റെ ഭാഷയായി മലയാളത്തെമാറ്റാന്‍ സര്‍വകലാശാലയ്ക്കു് കഴിയണം.

അറുപത്തിനാലു് വിദേശഭാഷകള്‍ പഠിപ്പിക്കുന്ന ഹീബ്രു സര്‍വകലാശാല ഇക്കാര്യത്തില്‍ നമുക്കു മാതൃകയാവേണ്ടതാണു്. 1918-ലാണ് ഇതു് സ്ഥാപിച്ചതു്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇതിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. സിഗ്മണ്ട് ഫ്രോയ്ഡ് ഈ സര്‍വകലാശാലയുടെ ആദ്യകാല ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു. ഈ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതു് ലോക പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന എഡ്മണ്ട് ലാന്‍ഡുവാണ്. സര്‍വകലാശാലാ തലവനാകാന്‍ ഏറ്റവും ആദ്യം പരിഗണിച്ച പേരുകളില്‍ ഒന്നു് ഇദ്ദേഹത്തിന്റെതായിരുന്നു. ഇവരെല്ലാം തങ്ങളുടെ ഗൗരവമാര്‍ന്ന പ്രബന്ധങ്ങള്‍ ആദ്യം എഴുതിയിരുന്നതു് ഹീബ്രുവിലായിരുന്നു.

മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ചിതറിപ്പോയ ഒരു ജനതയെ ആധുനികസ്വത്വമുള്ള അതിശക്തമായ ഒരു സമൂഹമായി വികസിപ്പിച്ചെടുത്തതില്‍ ഈ സര്‍വകലാശാലയ്ക്കുള്ള പങ്കു് വളരെ വലുതാണു്. മൃതപ്രായമായി, വിജ്ഞാനശേഷി നഷ്ടപ്പെട്ടുപോയ ഒരു ഭാഷയെ ആധുനിക ലോകഭാഷകളിലൊന്നായി വികസിപ്പിച്ചെടുത്തതും ഈ സര്‍വകലാശാല തന്നെയാണു്. ഇന്നു് ലോകത്തിലെ ഏറ്റവും മികച്ച ചുരുക്കം ചില സര്‍വകലാശാലകളിലൊന്നു കൂടിയാണു് ഹീബ്രുസര്‍വകലാശാല. 1962-ലാണ് പാട്യാലയില്‍ പഞ്ചാബി സര്‍വകലാശാല നിലവില്‍ വന്നതു്. 1981-ല്‍ തഞ്ചാവൂരിലെ തമിഴു് സര്‍വകലാശാലയും 1985-ല്‍ നമ്പള്ളിയിലെ തെലുങ്ക് സര്‍വകലാശാലയും 1991-ല്‍ ഹമ്പിയിലെ കന്നട സര്‍വകലാശാലയും 1997-ല്‍ ആന്ധ്രയിലെ കുപ്പത്ത് ദ്രാവിഡ സര്‍വകലാശാലയും നിലവില്‍ വന്നു. അതാതിടങ്ങളിലെ ഭാഷയുടെയും സംസ്കാരത്തിന്റെയും സ്ഥിതി അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ ഈ സര്‍വകലാശാലകള്‍ക്കു കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ മാതൃഭാഷയെ അതാതു ജനസമൂഹത്തിന്റെ ഭാവിയുടെ ഭാഷയായി മാറ്റാനോ, വിജ്ഞാന രൂപീകരണത്തിന്റെ ഭാഷയായി മാറ്റാനോ ഈ സര്‍വകലാശാലകള്‍ക്കു് കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നെല്ലാം പാഠങ്ങളുള്‍ക്കൊണ്ടുവേണം മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടരാന്‍. അതല്ലെങ്കില്‍ കേരളപ്പിറവി ദിനത്തില്‍ ആദിവാസികളോടൊപ്പം കോല്‍ക്കളി കളിച്ചും കേരളീയ വേഷമെന്നപേരില്‍ സെറ്റ് സാരിയുടുത്തും തിരുവാതിര കളിച്ചും വഞ്ചിക്കുകയും സ്വയംവഞ്ചിതരാവുകയും ചെയ്യുന്ന മലയാളിയുടെ വഞ്ചനാ ചരിത്രത്തിലെ മറ്റൊരലങ്കാരം മാത്രമായിപ്പോകും മലയാളം സര്‍വകലാശാല.

വൈകിയാണെങ്കിലും ഈ സര്‍ക്കാര്‍ മാതൃഭാഷയ്ക്കുവേണ്ടി സര്‍വകലാശാല തുടങ്ങിയതുകൊണ്ടുമാത്രമാണു് ഇത്തരത്തിലൊരു ചര്‍ച്ചപോലും സംഗതമായിത്തീര്‍ന്നതു്. അതുകൊണ്ടുതന്നെ അതിനെ ലക്ഷ്യത്തിലേക്കെത്തിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ടു്. ഒപ്പം അതൊരലങ്കാരമായി മാറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയബോധവും ഇച്ഛാശക്തിയും കലര്‍ന്ന ഇടപെടലുകള്‍ കേരളീയ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉയര്‍ന്നുവരണം.

.

Plan to Introduce Old Script Dropped

News - newindianexpress.com - 11th December 2013

By Sovi Vidyadharan - THIRUVANANTHAPURAM

The State Council for Educational Research and Training (SCERT) has decided to shelve for the time being its plan to introduce the old script (pazhaya lipi) in Malayalam school textbooks of Classes V and VII in copyright-free Unicode format after an expert committee appointed by the Council opposed the move.

 The demand for introducing the old script was in tune with recommendations of eminent  littérateurs who wanted to revert to the traditional script of Malayalam especially after it gained classical language status recently.

‘’The expert committee was of the opinion that abrupt introduction of the old script from Class V onwards would confuse the students and that it has to be done in a phased manner,’’ SCERT Director K A Hashim told ‘Express’.

The expert committee comprising of educationalists including Dr George Onakkur was constituted to review the textbooks of Classes I, III, V and VII which were revised recently as part of the periodic curriculum revision exercise.  However, sources in SCERT pointed out that the opportunity to frame textbooks of Classes V and VII in Unicode format this year was lost due to the expert panel’s last minute opposition.   

 ‘’Adoption of Unicode format could have enabled conversion of school textbooks into electronic format much easier.Also, it is more suited to be adapted to software such as Espeak which can enable blind students to interpret texts without any external help,’’ said an SCERT official who is part of the curriculum revision process.

The expert committee’s opposition to introduction of the old script comes as the revised textbooks were all set for printing.

‘’This will further delay printing of textbooks as the entire content will have to be typesetted all over again,’’ said the SCERT official.‘Express’ has accessed a copy of the minutes of the expert committee meeting held on November 27 which said: ‘’The old script should be introduced to students only in a phased manner.

Detailed discussions should be held before carrying out a revision of the script and an expert committee should be constituted for the purpose.’’  

The expert panel also asked SCERT to initiate steps to amend the existing Government Order of 1971 which had declared the new script as the official font.

.

Wednesday 15 January 2014

പാഠപുസ്തകം 2015 - 2016, പഴയ ലിപിയില്‍?

വാര്‍ത്ത - Deepika.com - Dated 09 Jan, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകളിലെ മലയാള പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുന്നു. യൂണിക്കോഡ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഏതു ഭാഷയും വഴങ്ങുമെന്നുള്ളതു കൊണ്ടാണു് പഴയലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ തിരിച്ചു പോകുന്നതു്. പരിഷ്ക്കാരത്തിനു് അദ്ധ്യാപക സംഘട‌നകളുടെ സഹകരണം കൂടി ലഭിച്ചതോടെ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയില്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാനാണു് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.

70കളിലാണു് പുതിയ ലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ മാറ്റിയതു്. അഞ്ചു്, ഏഴു് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇടതു് അദ്ധ്യാപക സംഘടനകള്‍ എതിര്‍ത്തു രംഗത്തു വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുഴുവന്‍ ക്ലാസ്സുകളിലും പഴയ ലിപി ഒരു പോലെ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ സംഘടനകള്‍ അനുകൂലിക്കുകയും ചെയ്തു.

------------------------------------------------------------------------------------

വാര്‍ത്ത - Madhyamam - Dated 09 Jan, 2019

പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങളിലെ രണ്ടാം ഭാഗത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തു് ഒന്നു് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2015 -16 അദ്ധ്യയനവര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്ക് (യുനീകോഡ്) മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിദഗ്ദ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടികള്‍ തീരുമാനിക്കുക. നേരത്തേ അഞ്ച്, ഏഴ് ക്ളാസുകളിലെ മലയാളം പാഠപുസ്തകം 2014-15 അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഭാഗികമായ ലിപി പരിഷ്കരണം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്നും വിശദമായ പഠനത്തിനുശേഷം സമഗ്രപരിഷ്കരണം നടത്താനും പാഠപുസ്തക പരിശോധനക്കായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അടുത്ത അദ്ധ്യയനവര്‍ഷം രണ്ടു് പാഠപുസ്തകങ്ങളില്‍ ലിപി മാറ്റം വരുത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പരിഗണിച്ചാണു് കോര്‍ കമ്മിറ്റി യോഗം 2015-16 വര്‍ഷത്തില്‍ ഒന്നിച്ചു് ലിപി പരിഷ്കരണം നടത്താന്‍ തീരുമാനിച്ചത്.

1971 മാര്‍ച്ച് 23നു് വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ രൂപത്തിലേക്കു് ലിപി മാറ്റിയതു്. ടൈപ്പ്റൈറ്റര്‍ യന്ത്രത്തിലെ സൗകര്യാര്‍ത്ഥം അന്നു് നടന്ന ലിപി പരിഷ്കരണത്തിനെതിരെ ഭാഷാ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശമുന്നയിച്ചിരുന്നു.

അടുത്ത അദ്ധ്യയനവര്‍ഷം പരിഷ്കരണം നടക്കുന്ന ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു്, പ്ലസ് വണ്‍ ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിനു് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. പ്ലസ് വണ്‍ ക്ലാസുകളിലെ 37 പരിഷ്കരിച്ച പാഠപുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടും.

ടി.ടി.സിക്കു് പകരമായി വന്ന ഡി. എഡ് കോഴ്സിന്റെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ എല്ലാവര്‍ഷവും നവംബറിലും രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രിലിലും നടത്താനുമുള്ള നിര്‍ദേശം സബ്കമ്മിറ്റിയുടെ പരിഗണനയ്ക്കു് വിട്ടു. കോഴ്സ് കാലയളവില്‍ പരീക്ഷ വിജയിക്കാത്തവര്‍ക്കു് അതിനു് ശേഷം പരമാവധി മൂന്നു് വര്‍ഷം വരെ സമയം അനുവദിക്കാനും തീരുമാനിച്ചു.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറികളില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതകളില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പു് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

നിലവില്‍ കോളജുകളില്‍ നടപ്പാക്കുന്ന അഡീഷല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പദ്ധതി ഹയര്‍സെക്കന്‍ഡറിയില്‍ നടപ്പാക്കുന്നതിനു് രൂപരേഖ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ , വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയെ നിയമിച്ചു.

-----------------------------------------------------------------------------

വാര്‍ത്ത - Janmabhoomi -

ലിപി പരിഷ്കരണം: സമിതി നിര്‍ദ്ദേശം തള്ളി

തിരുവനന്തപുരം: പരിഷ്കരിച്ച സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ലിപി പരിഷ്കരണം നടത്താനുള്ള തീരുമാനം റദ്ദാക്കാനുള്ള വിദഗ്ദ്ധസമിതിയുടെ നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി. പാഠപുസ്തക അച്ചടിയില്‍ ക്രിയേറ്റീവ്‌ കോമണ്‍സ്‌ സ്വതന്ത്ര ലൈസന്‍സ്‌, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, യൂണിക്കോഡ്‌, തനതുലിപി എന്നിവ നടപ്പാക്കുന്നതിനു തടസമായ വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശമാണു് കരിക്കുലം കമ്മിറ്റി തള്ളിയതു്‌. നേരത്തെ കരിക്കുലം കമ്മിറ്റിയെടുത്ത തീരുമാനം അട്ടിമറിച്ചതിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു് അടുത്തവര്‍ഷം മുതല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തക അച്ചടി ലിപി രൂപത്തിലാക്കാന്‍ തീരുമാനിച്ചതു്‌. കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിലാണു് ലിപി പരിഷ്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചതു്‌. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങള്‍ ഈ രൂപത്തില്‍ പരിഷ്കരിക്കാനായിരുന്നു തീരുമാനം. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തിനു് വിധേയമായി ഇതു് നടപ്പാക്കാനായിരുന്നു നിര്‍ദേശം.

---------------------------------------------------------------------------------

വാര്‍ത്ത - Mangalam.com - Story Dated: Friday, January 10, 2014 01:35

പാഠപുസ്തകങ്ങളില്‍ ലിപി പരിഷ്‌കരണം നടപ്പാക്കും

തിരുവനന്തപുരം: പരിഷ്ക്കരിച്ച സ്ക്കൂള്‍ പാഠപുസ്തകങ്ങളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ലിപി പരിഷ്ക്കരണം നടത്താനുള്ള തീരുമാനം റദ്ദാക്കാനുള്ള വിദഗ്ദ്ധസമിതിയുടെ നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി.

പാഠപുസ്തക അച്ചടിയില്‍ ക്രിയേറ്റീവ്‌ കോമണ്‍സ്‌ സ്വതന്ത്ര ലൈസന്‍സ്‌, സ്വതന്ത്ര സോഫ്റ്റ്‌വേയര്‍‍, യൂണിക്കോഡ്‌, തനതുലിപി എന്നിവ നടപ്പാക്കുന്നതിനു തടസമായ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശമാണു് തള്ളിയതു്‌. കരിക്കുലം കമ്മിറ്റി നേരത്തെയെടുത്ത തീരുമാനം അട്ടിമറിച്ചതിനെതിരേ രൂക്ഷമായ വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണു് അടുത്തവര്‍ഷം മുതല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തക അച്ചടി ലിപി രൂപത്തിലാക്കാന്‍ തീരുമാനിച്ചതു്‌. പഴയ ലിപിയില്‍ ഇക്കൊല്ലം അച്ചടി നടത്താനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടതു് മംഗളം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ ലിപി പരിഷ്ക്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ തീരുമാനിച്ചതു്‌. ആദ്യഘട്ടത്തില്‍ അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങള്‍ ഈ രൂപത്തില്‍ പരിഷ്ക്കരിക്കാനായിരുന്നു നവംബര്‍ 11നു് ചേര്‍ന്ന കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചതു്‌. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കാനായിരുന്നു ധാരണ. എന്നാല്‍, ദിവസങ്ങള്‍ക്ക്‌ മുമ്പു് ചേര്‍ന്ന വിദഗ്ദ്ധ സമിതി ലിപി പരിഷ്ക്കരണത്തെ എതിര്‍ത്തു. ഈ നിര്‍ദേശമാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തള്ളിയതു്‌.

ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പരിഷ്ക്കരിച്ച 37 പാഠപുസ്തകങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതില്‍ 12 പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു് എന്‍.സി.ഇ.ആര്‍.ടിയാണു്‌. 1, 3, 5, 7 ക്ലാസുകളിലെ ഇംഗ്ലീഷ്‌ മീഡിയം പാഠപുസ്തങ്ങള്‍ക്കും കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഈ ക്ലാസുകളിലെ രണ്ടാംഭാഗം പുസ്തകത്തിനും യോഗം അംഗീകാരം നല്‍കി. ടീച്ചേഴ്സ്‌ എലിജിബിലിറ്റി ടെസ്റ്റ്‌ ക്ലാസുകള്‍ അടുത്തവര്‍ഷം മുതല്‍ ജൂണില്‍ത്തന്നെ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സിന്റെ പരീക്ഷാ നടത്തിപ്പു് കാര്യക്ഷമമാക്കും.

--------------------------------------------------------------------

വാര്‍ത്ത - news.keralakaumudi.com - Posted on: Friday, 10 January 2014 

സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പഴയ ലിപി വീണ്ടും

തിരുവനന്തപുരം: ഒന്നു് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2015 - 16 അദ്ധ്യയന വര്‍ഷം മുതല്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.

അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഭാഗികമായ ലിപി പരിഷ്കരണത്തില്‍ എതിര്‍പ്പു് വന്നതിനാലാണു് 2015 -16 മുതല്‍ മുഴുവന്‍ ക്ലാസുകളിലെയും മലയാളം മാദ്ധ്യമത്തിലുളള പുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുന്നതു്.

അടുത്ത അദ്ധ്യയന വര്‍ഷം പരിഷ്ക്കരിക്കുന്ന ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു്, പ്ലസ്‌വണ്‍  ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിനു് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. പ്ലസ് വണ്‍ ക്ലാസുകളിലെ 37 പാഠപുസ്തകങ്ങളും ഇതില്‍പ്പെടും.

ടി. ടി. സിക്ക് പകരമുള്ള ഡി. എഡ് കോഴ്സിന്റെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ എല്ലാവര്‍ഷവും നവംബറിലും, രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രിലിലും നടത്താനുമുള്ള നിര്‍ദേശം സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. കോഴ്സ് കാലയളവില്‍ പരീക്ഷ വിജയിക്കാത്തവര്‍ക്ക് തുടര്‍ന്നു് മൂന്നു് വര്‍ഷം വരെ സമയം അനുവദിക്കും.

വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതകളില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.

അഡിഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പാക്കുന്നതിനു് രൂപരേഖ സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയമിച്ചു. സൗഹൃദ, നിര്‍ഭയ, കൗമാര വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ചട്ടക്കൂടു് തയ്യാറാക്കാനുള്ള സമിതിക്കും രൂപം നല്‍കി. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബ് അദ്ധ്യക്ഷത വഹിച്ചു.

-----------------------------------------------------

വാര്‍ത്ത - Deshabhimani.com - Posted on: 14-Nov-2013 12:41 AM

ലിപി തീരുമാനം പ്രായോഗിക ബുദ്ധിമുട്ടു് പരിഗണിക്കാതെ

തിരു: അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലാക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദ്യപടിയായി ഉ, ഋ, റ എന്നീ അക്ഷരങ്ങള്‍ കൂട്ടക്ഷരമായി വരുന്ന അക്ഷരങ്ങളായിരിക്കും പഴയ ലിപിയില്‍ അച്ചടിക്കുക. അതേ സമയം, നിലവിലുള്ള ഉപയോഗത്തിലും നല്ലൊരു ശതമാനം അദ്ധ്യാപകര്‍ പഠിച്ചതും പുതിയ ലിപിയാണെന്നതിനാല്‍ പരിഷ്കാരത്തിനു് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണു്. ഈ ക്ലാസുകളിലെ മറ്റു് വിഷയങ്ങളും മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളുമെല്ലാം പുതിയ ലിപിയില്‍ത്തന്നെ രണ്ടെണ്ണം മാത്രം പഴയ രീതിയില്‍ തുടരുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. പഠിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു് വ്യക്തമാക്കി കെ എസ്ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാനാണു് സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതു്. ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു് ക്ലാസുകളിലേക്കു് തയ്യാറാക്കിയ 45 പുസ്തകങ്ങളെ കുറിച്ചു് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ തീരുമാനത്തിനനുസരിച്ചു് മാറ്റം വരുത്തിയശേഷം മാത്രമേ പുസ്തകങ്ങള്‍ അച്ചടിക്കൂ. അഞ്ചാം ക്ലാസിലെ സയന്‍സു്, സാമൂഹ്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രത്യേകം പരിശോധിക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃത രീതിയില്‍നിന്നു് മാറുകയും ക്ലാസ് മുറിയിലെ നാലു് ചുവരുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുപോക്കിനെ കെഎസ്ടിഎ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകളുടെ പ്രതിനിധികള്‍ ചോദ്യം ചെയ്തു. ഇതു് സംബന്ധിച്ചു് കെഎസ്ടിഎ പ്രത്യേക കുറിപ്പു് നല്‍കി. ഈ കുറിപ്പ് ചര്‍ച്ചചെയ്ത ശേഷം വിശദമായ പരിശോധന നടത്താന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍ദേശിച്ചു. കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന അഫ്സല്‍ ഉലമ പ്രിലിമിനറി ഹയര്‍ സെക്കന്‍ഡറിക്കു് തുല്യമായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. വിഎച്ച്എസ്സികളിലെ നോണ്‍വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനു് വിദൂരപഠനം വഴിയുള്ള പി ജി കോഴ്സും മതിയെന്നു് യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയകുമാര്‍, ഡിപിഐ ബിജു പ്രഭാകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

----------------------------------------------------------------

വാര്‍ത്ത - doolnews.comNovember 13th, 2013

പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു്

തിരുവനന്തപുരം: ശ്രേഷ്ഠ മലയാളത്തിന്റെ മഹിമ കുട്ടികളെ പരിചയപ്പെടുത്താനായി സ്കൂള്‍ പാഠപുസ്തകം പഴയ ലിപിയിലേക്കാക്കുന്നു. അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകങ്ങളാണു് പഴയ ലിപിയിലെഴുതുന്നതു്.

1973 മുതല്‍ ടൈപ്പ് റൈറ്ററിന്റെ സൗകര്യത്തിന് വേണ്ടിയാണു് മലയാളത്തില്‍ പുതി ലിപി സ്വീകരിച്ചതു്. എന്നാല്‍ ഭാഷയുടെ ശക്തിയും സൗന്ദര്യവും പഴയ ലിപിയിലാണെന്ന തിരിച്ചറിവിലാണു് പഴയ ലിപിയിലേക്കു് തന്നെ മാറുന്നതു്.

ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്തകങ്ങള്‍ക്കു് അംഗീകാരം നല്‍കും. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കത്തിലാണു് മാറ്റമുള്ളതു്. പാഠപുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. പാഠപുസ്തക പരിഷ്കരണ കാലത്തെല്ലാം കേരളത്തില്‍ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനുള്ള സാദ്ധ്യത പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണു് എസ്.സി.ഇ.ആര്‍.ടി.

മൂന്നുവരെയുള്ള ക്ലാസുകളില്‍ രക്ഷിതാക്കള്‍ക്കു് കൈപുസ്തകം പുതുതായി ഏര്‍പ്പെടുത്തും. വ്യാകരണത്തിനു് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഠനം മൂന്നാം തരം മുതല്‍ തുടങ്ങും.
വ്യാകരണ പഠനം ഭാഷയോടു് താല്‍പ്പര്യം കുറയ്ക്കുന്നുവെന്ന വിലയിരുത്തലില്‍ ഇടക്കാലത്തു് അവ ഒഴിവാക്കിയിരുന്നെങ്കിലും നിലവാരത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു് വീണ്ടും തിരിച്ചു് കൊണ്ടുവരുന്നതു്. ആരോഗ്യം, ഗതാഗത നിയമങ്ങള്‍, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയാണിതു്. കഴിഞ്ഞ പ്രാവശ്യം ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്തകം വിവാദമായതിനാല്‍ മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യ സമരം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാം ഭാഗത്തിലാണു് ഉള്‍പ്പെടുത്തുന്നതു്. പാഠ്യപദ്ധതി പരിഷ്കാരം വിവാദമാകാതിരിക്കാനാണിതു്.

വാര്‍ത്ത - Mathrubhoomi.com - Posted on: 13 Nov 2013

പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് തിരിച്ചുപോകുന്നു
അനീഷ് ജേക്കബ്‌

* രക്ഷിതാക്കള്‍ക്കും കൈപ്പുസ്തകം

തിരുവനന്തപുരം: ശ്രേഷ്ഠ മലയാളത്തിന്റെ തനിമ കുട്ടികളെ പരിചയപ്പെടുത്താനായി സ്കൂള്‍ പാഠപുസ്തകം പഴയ ലിപിയിലാക്കുന്നു. അഞ്ചാംക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളാണു് പഴയ ലിപിയിലെഴുതുന്നതു്.

1973 മുതലാണു് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയ ലിപി സ്വീകരിച്ചതു്. ടൈപ്പ്‌റൈറ്ററിന്റെ സൗകര്യത്തിനുവേണ്ടിയാണു് മലയാളത്തില്‍ അന്നു് ലിപി പരിഷ്കരണമുണ്ടായതു്. എന്നാല്‍ ഭാഷയുടെ സൗന്ദര്യവും ശക്തിയും പഴയ ലിപിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു് അവയിലേക്ക് തിരിച്ചുപോകാന്‍ പ്രേരണയായതു്.

പാഠപുസ്തകങ്ങളുടെ ആദ്യഭാഗത്തിന്റെ രചന പൂര്‍ത്തിയായി. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്തകങ്ങള്‍ക്കു് അംഗീകാരം നല്‍കും. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കത്തിലാണു് കാര്യമായ മാറ്റം. ശാസ്ത്രപുസ്തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിയുടെ മാതൃക തുടരുന്നു.

പാഠപുസ്തക പരിഷ്കാരം എക്കാലത്തും കേരളത്തില്‍ വിവാദമായിട്ടുള്ളതിനാല്‍ തര്‍ക്കത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണു് എസ്.സി.ഇ.ആര്‍.ടി. വിവിധ ഫോക്കസ് ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിച്ചു് കരടു് പുസ്തകങ്ങള്‍ വിലയിരുത്തിവരുന്നു. 'പച്ച'യെന്ന വീരാന്‍കുട്ടിയുടെ കവിത ആദ്യ കരടില്‍ ഉണ്ടായിരുന്നു. കവിതയുടെ ഉള്ളടക്കം പരിസ്ഥിതിയായിരുന്നെങ്കിലും പച്ച ബ്ലൗസ് നിഷ്കര്‍ഷിച്ചതും മറ്റും വിവാദമായ പശ്ചാത്തലത്തില്‍ ഈ കവിത ഒഴിവാക്കാനാണു് രണ്ടാമതെടുത്ത തീരുമാനം.

മൂന്നുവരെയുള്ള ക്ലാസുകളില്‍ രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം പുതുതായി ഏര്‍പ്പെടുത്തും. നേരത്തെ അധ്യാപകര്‍ക്കു് നല്‍കിയിരുന്ന കൈപ്പുസ്തകത്തില്‍ ചേര്‍ത്തിരുന്ന അഭ്യാസം ഓരോ പാഠത്തിന്റെയും അവസാനം ചേര്‍ക്കും. പണ്ടുണ്ടായിരുന്ന ഈ രീതി കഴിഞ്ഞ പുസ്തക പരിഷ്കരണത്തില്‍ ഒഴിവാക്കിയതായിരുന്നു.

വ്യാകരണത്തിനു് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. മൂന്നാം ക്ലാസ് മുതല്‍ തന്നെ വ്യാകരണപഠനം ലഘുവായി തുടങ്ങും. നിലവിലുള്ള പാഠപുസ്തകത്തില്‍ ഉപമ, ഉത്പ്രേക്ഷ, രൂപകം എന്നിവ ഹൈസ്കൂളിലാണു് കാര്യമായി പഠിക്കുന്നതു്. വ്യാകരണം ഭാഷാപഠനത്തോടുള്ള താത്പര്യം കുറയ്ക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു് ഇടക്കാലത്തു് അവ ഒഴിവാക്കിയിരുന്നതു്. എന്നാല്‍ ഇതു നിലവാരത്തെ ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു് വ്യാകരണ പഠനം തിരിച്ചുവരുന്നതു്.

ശ്രീനാരായണ ദര്‍ശനങ്ങള്‍ പല ക്ലാസുകളിലായി വരുന്നുണ്ടു്. ശ്രീനാരായണന്‍ എന്ന ഒരു പാഠം തന്നെ മലയാള പുസ്തകത്തിലുണ്ടു്. കൂടാതെ സാമൂഹ്യപാഠത്തില്‍ നവോത്ഥാന നായകരുടെ കൂട്ടത്തിലും ശ്രീനാരായണഗുരുവിനെക്കുറിച്ചു് വിശദമായ പഠനമുണ്ടു്. ആരോഗ്യപരിരക്ഷ, ഗതാഗത നിയമങ്ങള്‍, പരിസ്ഥിതി പഠനം എന്നീ മേഖലകളില്‍ കൂടുതല്‍ പഠനങ്ങള്‍ പാഠ്യപദ്ധതി ലക്ഷ്യമിടുന്നു.

സംസ്കൃത പുസ്തകത്തില്‍ പുരാണേതിഹാസങ്ങള്‍ക്കപ്പുറം പരിസ്ഥിതിയും സാമൂഹ്യകാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്കൃത പുസ്തകങ്ങളില്‍ ഗീതയില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്തിട്ടുണ്ടു്. ആഘോഷങ്ങള്‍ ഓണം, ക്രിസ്മസ്, റംസാന്‍ എന്നിവയിലൊതുക്കി.

പാഠപുസ്തകങ്ങളുടെ എണ്ണം കൂടി. ഒന്നു്, രണ്ടു് ക്ലാസുകളില്‍ മലയാളം, ഇ.വി.എസ്. എന്നിവയ്ക്കായി ഒരു പുസ്തകവും ഗണിതത്തിനു് ഒരു പുസ്തകവും ഉണ്ടു്. മറ്റു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം പുസ്തകമാണു്. ശരാശരി 11 അധ്യായങ്ങളുള്ള പുസ്തകങ്ങളുടെ ആദ്യഭാഗമാണു് അടുത്തവര്‍ഷമാദ്യം ഇറങ്ങുക.

കഴിഞ്ഞപ്രാവശ്യം ഏഴാംക്ലാസ് സാമൂഹ്യപാഠപുസ്തകം വിവാദമായതിനാല്‍ ഇപ്രാവശ്യം മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യസമരം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാംഭാഗത്തിലാണു് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതു്. പാഠ്യപദ്ധതി പരിഷ്കാരം വിവാദത്തില്‍പ്പെടേണ്ടെന്നു കരുതിയാണിതു്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ക്കു് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും ഒറ്റപ്പെട്ട വിപ്ലവസമരങ്ങള്‍ക്കു് മുന്‍തൂക്കം ലഭിച്ചെന്നുമായിരുന്നു കഴിഞ്ഞപ്രാവശ്യത്തെ വിമര്‍ശം. 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗവും ഏറെ എതിര്‍പ്പുകള്‍ക്കു് വഴിതെളിച്ചിരുന്നു. 

Metro വാര്‍ത്ത
Sudinamonline.com


.
.