Sunday 29 December 2013

തനതു ലിപി തന്നെ വേണം


Mathrubhoomi Weekly 2013 Dec 29


ലേഖകന്‍ - മനോജ് കെ പുതിയവിള

ഈ ലേഖനത്തില്‍ ഉപയോഗിക്കപ്പെട്ട പുതുപദങ്ങള്‍

Copyleft - Copyright ന്റെ വിപരീതപദം.
വിഘടിതലിപിസഞ്ജയം - വേര്‍പിരിഞ്ഞു നില്‍ക്കുന്ന അക്ഷരക്കൂട്ടം.
സമ്പൂര്‍ണ്ണലിപിസഞ്ജയം - പൂര്‍ണ്ണമായി നിലകൊള്ളുന്ന അക്ഷരക്കൂട്ടം.

..ആട്ടം കാണുന്നതു് കഥയറിഞ്ഞിട്ടുവേണം.

പ്രസക്തഭാഗങ്ങള്‍

- 16-12-1967ല്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ കത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു് - "ഈ ലിപി (പുതിയലിപി) എഴുതാന്‍ പഠിപ്പിക്കരുതു്. അച്ചടിക്കും ടൈപ്പ്റൈറ്ററിനും വേണ്ടി മാത്രമാണു്."

- യൂണിക്കോഡ് എന്‍കോഡിംഗുമായി ബന്ധപ്പെട്ടു ഭാഷാപരമായ പലകാര്യങ്ങളും തീരുമാനിക്കേണ്ടതായിരുന്നെങ്കിലും സാംസ്കാരികം, വിദ്യഭ്യാസം തുടങ്ങിയ വകുപ്പുകളുമായോ ഈ രംഗങ്ങളിലെ യഥാര്‍ത്ഥ വിദഗ്ദ്ധരുമായോ കൂടിയാലോചിക്കാനോ സമഗ്രമായ പഠനം നടത്തി ശരിയായ തീരുമാനം എടുക്കാനോ ഈ വകുപ്പുകളെ ഏകോപിച്ചു പ്രവര്‍ത്തിപ്പിക്കുവാനോ ഉത്തരവാദപ്പെട്ടവര്‍ക്കു കഴിഞ്ഞില്ല.

- നമ്മുടെ ഭാഷാപണ്ഡിതരില്‍ മഹാഭൂരിപക്ഷവും കമ്പ്യൂട്ടറില്‍ ഒരു വരി ടൈപ്പു പോലും ചെയ്യാത്തവരോ തരം താണ എന്തോ ഒക്കെ ആയി കണക്കാക്കുന്നവരോ ആണു്. വേറെ ചിലരാകട്ടെ പണ്ടു പഠിച്ച പാഠം മാത്രം പാടുന്നവരും. റ്റൈപ്പ്റൈറ്ററിനു വേണ്ടി ലിപിയെ വെട്ടിമുറിച്ച മഹാവിപ്ലവത്തിന്റെ ഹാങ്ങോവറില്‍ നില്‍ക്കുകയും ആ നടപടിയുടെയും അതു നടപ്പാക്കിയ മഹാരഥന്മാരുടെയും പൈതൃകം അവകാശപ്പെടുകയും പുതിയ സാങ്കേതിക വിദ്യാമുന്നേറ്റങ്ങള്‍ മനസ്സിലാക്കാതെ അക്കാലത്തെ വാദങ്ങളുടെ തുടര്‍വാദങ്ങള്‍ നടത്തുകയുമൊക്കെയാണു് അവര്‍. മറുപക്ഷത്താകട്ടെ, ഭാഷാപഠനം അവഗണിക്കുകയും മാതൃഭാഷ അപമാനമായി കരുതുകയും നിവൃത്തികേടുകൊണ്ടു മാത്രം രണ്ടാം ഭാഷയായി പേരിനു വേണ്ടി പഠിച്ചെന്നു വരുത്തകയും ചെയ്ത പുതിയ തലമുറക്കരായ ഐ ടി വിദഗ്ദ്ധരും. അമ്പു കുമ്പളത്തും വില്ലു ചേപ്പാട്ടുമായി നമ്മള്‍ അങ്ങനെ നിഴല്‍യുദ്ധങ്ങള്‍ നയിച്ചു വിനോദിച്ചു കാലം ഒരുപാടു പാഴാക്കി.

- ഭാഷാസ്നേഹികളായ ശമ്പളമോ പ്രതിഫലമോ ഇല്ലാതെ പ്രവര്‍ത്തിച്ച ഒരു കൂട്ടം സുമനസ്സുകളുടെ ശ്രമഫലമായി മലയാളത്തിന്റെ യൂണിക്കോഡ് എന്‍കോഡിംഗും അതിന്റെ അനവധിയായ കമ്പ്യൂട്ടര്‍ പ്രയുക്തികളും ഇതിനകം യാഥാര്‍ത്ഥ്യമാകുകയും ആ രംഗങ്ങളിലെല്ലാം ഒട്ടേറെ മുന്നോട്ടു് പോകുകയും ആസന്നമരണമെന്നു പലരും ഭയന്നിരുന്ന മലയാളത്തിന്റെ നവവസന്തം ഇന്റര്‍നെറ്റിന്റെ മായാലോകത്തു് വിരിയിക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു.

- ഇന്റര്‍നെറ്റിലെ ഏതാണ്ടെല്ലാ സേവനദാതാക്കളും സ്വീകരിച്ചിരിക്കുന്നതു് തനതുലിപിസഞ്ജയം ആണെന്നതിനാല്‍ അതിന്റെ സാന്നിദ്ധ്യമാണു് സര്‍വ്വത്ര. അതു് ആ ലിപിസഞ്ജയത്തിന്റെ സ്വീകാര്യതയാണു് കാണിക്കുന്നതു്.

- സര്‍ക്കാരിന്റെ നിര്‍ദ്ദേശം അവഗണിച്ചു് 70-കള്‍ മുതല്‍ തനതുലിപി പഠിപ്പിക്കാതിരിക്കുകയും വിഘടിതലിപി എഴുതിപ്പഠിപ്പിക്കുകയും ചെയ്ത വിദ്യാഭ്യാസവകുപ്പ് വരുത്തിവച്ച ഒരു വിനയാണു് ഇന്നത്തെ തലമുറയ്ക്കു് തനതുലിപി എഴുതാന്‍ വശമില്ലാതാക്കിയതു്.

- ഏതു ലിപി കിട്ടാനും ഒരേ കീബോര്‍ഡില്‍ ഒരേ തരം ടൈപ്പിംഗ് ചെയ്താല്‍ മതി. ഇഷ്ടമുള്ള ലിപി തിരഞ്ഞെടുക്കാം. കൗതുകകരമായ കാര്യം,....

- ഇതിനു വഴി തുറക്കുന്ന വലിയൊരു ചുവടുവെപ്പായിരുന്നു ഇക്കൊല്ലം മൂന്നു് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങള്‍ ടെക്കിലും യൂണിക്കോഡ് ഫോണ്ടിലും രൂപകല്പനചെയ്തു പ്രസിദ്ധീകരിക്കാന്‍ നടത്തിയ ശ്രമം. എന്നാല്‍ വിദണ്ഡ‍വാദങ്ങളുയര്‍ത്തി ചില തല്പരകക്ഷിള്‍ അതു് അട്ടിമറിച്ചതായാണു് പത്രങ്ങളില്‍ കണ്ടതു്.

- ഈ ലിപിസഞ്ജയം ഉണ്ടാക്കുന്ന ഗണ്യമായ സ്ഥലലാഭം പരിഗണിച്ചു് പത്രമാസികകളെല്ലാം അതിവേഗം ഇതിലേക്കു് മാറാനാണു് സാദ്ധ്യത.....ടണ്‍ കണക്കിനു് കടലാസും അതിന്റെ വിലയുമാണു് ലാഭിക്കാന്‍ പോകുന്നതു്.....തനതു ലിപിയില്‍ നിന്നും വിഘടിതലിപിയിലേക്കുള്ള മാറ്റത്തില്‍ 10% മുതല്‍ 15% വരെ അധികം സ്ഥലം അച്ചടിക്കാനയെടുക്കും എന്നൊരു കണക്കു് മുന്‍പു തന്നെയുണ്ടു്. ക‌ു യും, ക‌ൂ യും, ക്‌ത യുമൊക്കെ പിരിച്ചു നീളം വെപ്പിക്കലായിരുന്നല്ലോ പരിഷ്ക്കരണം....100 പേജ് അച്ചടിക്കുന്ന പുസ്തകം 80 പേജായി ചുരുങ്ങുക എന്നതു് പ്രസാധനവ്യവസായത്തെ സംബന്ധിച്ചു് അവഗണിക്കാന്‍ കഴിയാത്ത കണക്കാണു്....അത്രയും സ്പേസില്‍ ഇടാന്‍ കഴിയുന്ന ഒരു ദിവസത്തെ പരസ്യങ്ങള്‍ക്കു് എത്ര ലക്ഷങ്ങളുടെ വില വരും?

- അച്ചടിച്ച പുസ്തകത്തിനു പുറമേ ഇ-പുസ്തക രീതിയില്‍ കമ്പ്യൂട്ടറുകളിലും മൊബൈലിലും ടാബ്ലറ്റുകളിലും എല്ലാം ലഭ്യമാക്കാനും കാഴ്ചശക്തിക്കുറവുള്ള കുട്ടികള്‍ക്കു് ടെക്സ്റ്റ് റ്റു സ്പീച്ച് സംവിധാനത്തിലൂടെ ശബ്ദിക്കുന്ന പുസ്തകങ്ങള്‍ ആയി ലഭ്യമാക്കാനും അന്ധര്‍ക്കായി ബ്രെയില്‍ ലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ പരിവര്‍ത്തിപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും.

- പത്രങ്ങള്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളും പുസ്തക പ്രസാധകരും സ്വന്തം പസിദ്ധീകരണങ്ങളില്‍ ഇതു് (മാനവീകരണം) പാലിക്കാന്‍ തീരുമാനിച്ചാല്‍ മതി.

- അടിവര കൊണ്ടു് പിശകു് ചൂണ്ടിക്കാണിക്കുന്ന സ്പെല്‍ ചെക്കും ഗ്രാമര്‍ചെക്കും ഏര്‍പ്പെടുത്തി അതും പരിഹരിക്കാം.

.

Monday 23 December 2013

വത്സ്യം, ഭിന്ന സംഖ്യ എന്നിവ കംപ്യൂട്ടറില്‍

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നല്‍കി എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ ഉണ്ടായ പ്രതികരണങ്ങള്‍ കെട്ടടങ്ങിയ ലക്ഷണമാണു്. മലയാളശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ!

അല്ലേലും സ്വന്തം നിലനില്പിന്റെ നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണു് മലയാളം ഭാഷയെ തിരിഞ്ഞു നോക്കാന്‍ സമയം?

എന്നിരുന്നാലും മലയാളി സ്വയം മാറുന്നു. മാറിക്കൊണ്ടേയിരിക്കുന്നു. തത്തുല്യ മലയാള പദങ്ങള്‍ നിലനില്‍ക്കേ തന്നെ അന്യഭാഷകളിലെ words യാതൊരു changeഉം വരുത്താതെ own ഭാഷയിലേക്കു് accept ചെയ്തു് ഇടകലര്‍ത്തി സംസാരിക്കാന്‍ use ചെയ്യുന്നതു് smarട്ടാണെന്നു കരുതുന്ന Malluവിനു് ഇനി സ്വന്തം മാതൃഭാഷയെപ്പറ്റിയുള്ള ബോധം എന്നെങ്കിലും തെളിയുമോ? മലയാളഭാഷക്കു് ശ്രേഷ്ഠഭാഷാപദവി ലഭിച്ചപ്പോള്‍ അല്പം ദിവസങ്ങള്‍ക്കെങ്കിലും അവന്‍ സന്തോഷിച്ചെന്നു കാണിച്ചെങ്കിലും അതു് express ചെയ്യുവാനും അവന്‍ use ചെയ്തതു് അന്യഭാഷ തന്നെ!

ഇപ്പറഞ്ഞ സ്ഥിതിവിശേഷം നിലനില്‍ക്കേ സ്വന്തം ഭാഷയില്‍ നിന്നും കാലാകാലങ്ങളില്‍ നഷ്ടപ്പെട്ടു പോയ ലിപിയിലെ ചില അക്ഷരങ്ങളെപ്പറ്റി അവന്‍ ബോധവാനാകുമോ? അവ തിരിച്ചു പിടിക്കുവാന്‍ അവന്‍ മെനക്കെടുമോ? യൂണിക്കോഡിലെ സായിപ്പിന്റെ സഹായത്തോടു കൂടി കംപ്യൂട്ടറില്‍ മലയാള അക്കങ്ങള്‍ ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ൦ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവ അപൂര്‍വ്വമായേ മലയാളികള്‍ ഉപയോഗിച്ചു കാണുന്നുള്ളു. ൰ ൱ ൲ എന്നീ അക്കങ്ങളും ൳ ൴ ൵ എന്നീ ഭിന്നസംഖ്യകളും ൠ ഌ ൡ കൢ കൣ ൹ എന്നീ അക്ഷരങ്ങളും യൂണിക്കോഡില്‍ പുതുതായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം പോലും മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതു് വിചിത്രം തന്നെ. അതേ സമയം രൂപയുടെ ചിഹ്നമായ ₹ ഉപയോഗിക്കാന്‍ മിക്കവര്‍ക്കും ധൃതിയുള്ളതായി കാണുന്നുണ്ടു താനും.

{ശ്രദ്ധിക്കുക : മുകളി‍ല്‍ കോടുത്തിരിക്കുന്ന മലയാളത്തിലെ പുതിയ അക്ഷരങ്ങള്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ കാണുന്നതു് ചതുരമായിട്ടോ, ചോദ്യചിഹ്നമായിട്ടോ, അര്‍ത്ഥശൂന്യമായ ചിഹ്നമായിട്ടോ ആണെങ്കില്‍ അവ ശരിക്കു വായിക്കുവാന്‍ സാധിക്കണമെങ്കില്‍ പുതുക്കിയ മലയാളം ഫോണ്ടു് ഏതെങ്കിലും ഉപയോഗിക്കുക}

.

Saturday 21 December 2013

ലിപി പരിഷ്ക്കരണ ഉത്തരവു് വീണ്ടും?

 റ്റൈപ്പടിക്കാന്‍ തുടക്കത്തില്‍ ഇറങ്ങിയ ഇംഗ്ലീഷിനെ ആശ്രയിച്ചുള്ള ആസ്കി മലയാളം ഫോണ്ടിനെയും ഇസ്കി മലയാളം ഫോണ്ടിനെയും പുറംതള്ളിക്കൊണ്ടു് യൂണിക്കോഡു് സമ്പ്രദായം വന്നു. റെണ്ടറിംഗു് എഞ്ചിനിന്റെ പ്രവര്‍ത്തനം മൂലം ഏതു തരം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും റ്റൈപ്പു് ചെയ്യുവാനും കംപ്യുട്ടര്‍ ഉപയോഗിച്ചു് അവ അച്ചടിക്കുവാനും സാധിക്കും എന്ന നില വന്നു. കഴിഞ്ഞ നാലു് പതിറ്റാണ്ടായി മലയാള ലിപിയെ ചൊല്ലിയുള്ള തര്‍ക്കത്തിനു് കംപ്യൂട്ടറിലെ യൂണിക്കോഡ് മലയാളം വിരാമമിട്ടു‍. യൂണിക്കോഡ് മലയാളം റ്റൈപ്പ് ചെയ്യാന്‍ ഉപയോഗിച്ച രീതി ട്രാന്‍സ്ലിറ്ററേഷനോ ഇന്‍സ്ക്രിപ്റ്റോ അതിന്റെ ലിപി പഴയതോ പുതിയതോ ഏതും ആയിക്കൊള്ളട്ടെ. പഴയ ലിപിയില്‍ എഴുതിപ്പഠിച്ചു് പുതിയ ലിപി വായിച്ചു മടുത്തവര്‍ക്കു് പഴയ ലിപിയിലും പുതിയ ലിപി മാത്രം പഠിച്ചു വളര്‍ന്നവര്‍ക്കു് അവരുടെ പുതിയ ലിപിയിലും യൂണിക്കോഡ് മലയാളം വായിക്കുവാന്‍ സാധിക്കും. വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടു് ആവശ്യത്തിനനുസരിച്ചു് മാറ്റിക്കൊടുത്താല്‍ മാത്രം മതിയാവും. പല പത്രമാദ്ധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വെബ് താളുകള്‍ പോലും യൂണിക്കോഡില്‍ ആക്കിക്കഴിഞ്ഞു.

യൂണിക്കോഡില്‍ എഴുതിയതു് ഏതു് ലിപിയിലും വായിക്കാം?

ഏതൊരു രേഖയും കംപ്യൂട്ടറില്‍ ശേഖരിച്ചു സൂക്ഷിക്കപ്പെടുന്നതു് ഒന്നും പൂജ്യവും അടങ്ങിയ സംഖ്യാസമൂഹമായിട്ടാണു്. ഓരോ അക്ഷരത്തിനും പ്രത്യേകം സംഖ്യാസമൂഹം നല്‍കപ്പെട്ട എന്‍കോഡിംഗ് രീതിയാണു് യൂണിക്കോഡ്. ഇതു് മലയാളത്തിനെന്നല്ല ലോകത്തെ എല്ലാ ഭാഷകള്‍ക്കും ബാധകമാണു്.

ഉദാഹരണത്തിനു് മുല്ലപ്പൂ എന്ന വാക്കു് നോക്കാം. ടൈപ്പ് അടിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ലിപി ഏതാണെങ്കിലും ഈ വാക്കിനെ കംപ്യൂട്ടര്‍ മനസ്സിലാക്കുന്നതു് മ + ു + ല + ് + ല + പ + ് + പ + ൂ എന്നു് വേര്‍പെടുത്തി ഓരോ അക്ഷരങ്ങളുടെയും ഡിജിറ്റല്‍ കോഡായിട്ടാണു്. അക്ഷരങ്ങളുടെ ഡിജിറ്റല്‍ കോഡ് മ=22, ു=33, ല=44, ്=11, പ=55, ു=66 എന്നാണെന്നു സങ്കല്പിക്കുക. അപ്പോള്‍ മുല്ലപ്പൂ എന്ന വാക്കിനെ കംപ്യൂട്ടര്‍ മനസ്സിലാക്കുന്നതു് 22 + 33 + 44 + 11 + 44 + 55 + 11 + 55 + 66 എന്നായിട്ടായിരിക്കും. ഈ വിവരം ആണു് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ സ്റ്റോര്‍ ചെയ്യുന്നതു്. അല്ലാതെ പഴയ ലിപിയിലോ പുതിയ ലിപിയിലോ ഉള്ള അക്ഷരങ്ങള്‍ ആയിട്ടല്ല. സ്റ്റോര്‍ ചെയ്ത ഈ ഡിജിറ്റല്‍ കോഡ് വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടിനെ ആശ്രയിച്ചാണു് ലിപി രൂപപ്പെടുന്നതു്. അക്ഷരങ്ങളും ചിഹ്നങ്ങളും അവയ്ക്കു് എന്‍കോഡ് ചെയ്തിരിക്കുന്ന ഡിജിറ്റല്‍ വിവരവും അടങ്ങിയതാണു് ഫോണ്ടു്. ഫോണ്ടില്‍ അക്ഷരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പടങ്ങള്‍ അധവാ ഗ്ലിഫ് ആയിട്ടായിരിക്കും നല്‍കിയിരിക്കുന്നതു്. അവ പഴയ ലിപിയുടെയോ പുതിയ ലിപിയുടെയോ രൂപത്തില്‍ ആവാം. ഹാര്‍ഡ് ഡിസ്ക്കില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന 22 + 33 + 44 + 11 + 44 + 55 + 11 + 55 + 66 എന്ന ഡിജിറ്റല്‍ വിവരം വായിക്കുവാന്‍ കംപ്യൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഓരോ അക്കത്തിനും ഉതകുന്ന അക്ഷരം ഏതാണെന്നു ഫോണ്ടില്‍ തിരയും. അക്കത്തിനിണങ്ങുന്ന അക്ഷരം കിട്ടിയാല്‍ കംപ്യൂട്ടര്‍ അതിനെ മോണിറ്ററില്‍ നിരത്തി വയ്ക്കും. അധവാ ഇതില്‍ ഏതെങ്കിലും അക്ഷരം ഫോണ്ടില്‍ നിന്നും കിട്ടിയില്ല എങ്കില്‍ ആ അക്ഷരത്തിനു പകരം ചോദ്യചിഹ്നമോ ചതുരപ്പെട്ടിയോ ആയിട്ടു് മോണിറ്ററില്‍ കാണിക്കും. വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്ട് പഴയ ലിപി എങ്കില്‍ അതു് മുല്ലപ്പൂ എന്നും പുതിയ ലിപി എങ്കില്‍ അതു് മ‌ുല്ലപ്പ‌ൂ എന്നും തെളിയും.


പഴയ ലിപി ഉപയോഗിച്ചു ശീലച്ചവര്‍ മുഴുവന്‍ പേര്‍ക്കും പുതിയ ലിപിയില്‍ പഠിച്ചുതുടങ്ങിയ ഭൂരിഭാഗം പേര്‍ക്കും പഴയ ലിപിയോടാണു് താല്പര്യം എന്നിരിക്കേ അച്ചടി മേഘലയില്‍ വരാനിരിക്കുന്ന മാറ്റം എന്തായിരിക്കുമെന്നു കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. 1971 ല്‍ മലയാള ലിപിയെ വിരൂപമാക്കിയതില്‍ പങ്കുവഹിച്ചവര്‍ തന്നെ ഇതിനു് ഒരു സമാധാനം കാണ്ടെത്തും എന്നു് നമുക്കു് ആശിക്കാം. ശ്രേഷ്ഠഭാഷാപദവി കിട്ടിയ ഈ അവസരമാണു് ഒരു മാറ്റത്തിനു് ഏറ്റവും നല്ലതു്. ഒരു നല്ല നാളെയുടെ വാഗ്ദാനവുമായി വീണ്ടും ഒരു സര്‍ക്കാര്‍ ഉത്തരവു് ഉണ്ടാക്കാന്‍ ഇന്നത്തെ സര്‍ക്കാര്‍ തയ്യാറാവുമോ ആവോ.

.

Saturday 14 December 2013

മലയാള പണ്ഡിതന്‍ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു



"// പ്രാധമികമായി അഞ്ചും ഏഴും ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങളില്‍ പഴയ ലിപി അനുവര്‍ത്തിക്കാനാണു് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതു് //" - അഞ്ചിലേയും ഏഴിലേയും മാത്രം പാഠപുസ്തകങ്ങള്‍ പഴയ ലിപിയില്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനം എന്താണാവോ? പഴയ ലിപിയിലേക്കു് തിരിച്ചു പോക്കു് അത്യാവശ്യമാണെങ്കില്‍ അതു് തുടങ്ങേണ്ടതു് ഒന്നാം തരത്തില്‍ നിന്നല്ലേ? ഗൃഹപാഠം ചെയ്യാന്‍ ഒന്നാം തരത്തിലെ കുട്ടികളെ സഹായിക്കുന്ന അച്ഛനമ്മമാര്‍ പഠിച്ചതു് പുതിയ ലിപിയിലാണെന്നതു് കൊണ്ടു് അവര്‍ക്കതു് ബുദ്ധിമുട്ടാകും എന്നതിനാല്‍‍ പ്രക്ഷോഭം ഉണ്ടാക്കുമെന്നു പേടിച്ചിട്ടാണോ സര്‍ക്കാരിന്റെ ഈ പരിഷ്ക്കാരം?

"// മെഡിക്കല്‍ എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസം ഉന്നതതലങ്ങളില്‍ തന്നെ മാതൃഭാഷയിലായിരിക്കണമെന്നു് പല വിദഗ്ദ്ധരും ആവശ്യപ്പെട്ടതു് അംഗീകരിച്ചില്ല //" - ഫൈല്‍, പീരിയഡ്, ക്ലാസ്സ്, ടെക്നിക്കല്‍, എന്‍ജിനീയറിംഗ്, മെഡിക്കല്‍, ഇന്‍സ്റ്റിറ്റ്യൂട്ടു് എന്നീ പദങ്ങള്‍ക്കു പോലും തത്തുല്യമലയാളപദം മലയാളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു പോലും സൃഷ്ടിക്കാന്‍ സാധിക്കാത്തിടത്തു് ശാസ്ത്രിയവിഷയപഠനമാദ്ധ്യമവും മലയാളത്തില്‍ ആക്കണമെന്നു ആവശ്യമുന്നയിക്കുമ്പോള്‍ ഈ വിഷയങ്ങളില്‍ ലഭ്യമായ വിവരങ്ങള്‍ ഭൂരിഭാഗവും ഇംഗ്ലീഷിലാണെന്നും അവയിലെ നാമങ്ങള്‍ എല്ലാം മലയാളീകരിക്കുന്നതു് അസാദ്ധ്യമാണെന്നും നാം മറന്നു പോകുന്നില്ലേ? 

"// വ്യത്യസ്ത ലിപി കാരണം കമ്പ്യൂട്ടിംഗ് ഭാഷയില്‍ മലയാളം ഏറെ ബുദ്ധിമുട്ടുന്നുണ്ടു് //" - ആസ്കി ഫോണ്ടിന്റെ കാര്യത്തില്‍ ഇതു് ശരിയായിരിക്കാം പക്ഷെ യൂണിക്കോഡില്‍ ഈ പ്രശ്നം ഇല്ല. അതിനാല്‍ ആസ്കിയില്‍ നിന്നും യൂണിക്കോഡിലേക്കു് മാറുകയേ വേണ്ടൂ. ടൈപ്പടിച്ച മലയാളം ഏതു ലിപിയില്‍ ആയാലും ഉപയോക്താവിനു് ഇഷ്ടമുള്ള ലിപിയില്‍ വായിക്കണമെങ്കില്‍ അവനവനു് ഇഷ്ടമുള്ള ഫോണ്ടു് ഉപയോഗിക്കുകയേ വേണ്ടൂ എന്നു് പലര്‍ക്കും അറിയില്ല.

"// ...നേരത്തേ നിലവിലുള്ള കൈയെഴുത്തു് രീതിക്കു് ഒരു മാറ്റവും വരുത്തിക്കൂടാ എന്നും അദ്ധാപകരെക്കൊണ്ടു് കുട്ടികളോടു് നിര്‍ദ്ദേശിപ്പിക്കാന്‍ വിദഗ്ദ്ധര്‍ ശ്രദ്ധിക്കണമായിരുന്നു //" - പാഠപുസ്തകങ്ങള്‍ പുതിയ ലിപിയില്‍ അച്ചടിച്ചതു് അദ്ധ്യാപകരോ അവരുടെ മേലുദ്യോഗസ്ഥരോ വിദഗ്ദ്ധരോ ആയിരുന്നുവെങ്കില്‍ ഈ പറഞ്ഞതില്‍ കഴമ്പുണ്ടെന്നു പറയാമായിരുന്നു. പാഠപുസ്തകങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ അക്ഷരങ്ങള്‍ അദ്ധ്യാപകര്‍ എഴുതിക്കാണിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ചോദ്യം ചെയ്തതില്‍ തെറ്റു് ആരുടേതാണു്? അതിന്റെ ഫലമല്ലേ സങ്കരലിപി?

പഴയ ലിപി പഴയ ലിപി എന്നാവര്‍ത്തിച്ചു വാദിക്കുന്ന ലേഖനങ്ങള്‍ എല്ലാം പുതിയ ലിപിയില്‍ തന്നെ!

ഒന്നോര്‍ത്താല്‍ മലയാളിയുടെ സ്വതസിദ്ധമായ നിസ്സംഗതയല്ലേ എല്ലാത്തിനും കാരണം? അതിനു പരിഹാരമുണ്ടാവുമോ? കണ്ടറിയണം. 

Friday 13 December 2013

നല്ലൊരു നാളെ

ഭാഷ എന്നതു് ഒരു സംസ്ക്കാരത്തിന്റെ ചിഹ്നമാണു്. ആശയവിനിമയ മാര്‍ഗ്ഗമാണു്. കണ്ഠത്തിലുത്ഭവിക്കുന്ന വായ്മൊഴി കാതിനും കയ്യെഴുത്തിലുത്ഭവിക്കുന്ന വരമൊഴി കണ്ണിനും എന്നതു് ഭാഷയുടെ ഒരു സ്ഥിതിവിശേഷമാണു്. കര്‍ണ്ണഭാഷയും ദര്‍ശനഭാഷയും രണ്ടും പരസ്പരപൂരകങ്ങളാണു്. ഒന്നില്ലാതെ മറ്റൊന്നില്ല. ഇവ രണ്ടും പരസ്പരം ഇണചേര്‍ന്നു നില്‍ക്കുമ്പോഴാണു് ഭാഷയേയും അതുവഴി സംസ്ക്കാരത്തേയും തിരിച്ചറിയുന്നതു്. സംസ്ക്കാരം നല്ലതായി നിലകൊള്ളണമെങ്കില്‍ വായ്മൊഴി മാത്രമല്ല വരമൊഴിയും നന്നായി നിലകൊള്ളണം. ഉച്ചരിച്ചു കഴിഞ്ഞയുടന്‍ മാഞ്ഞു പോകുന്ന വായ്‌മൊഴി സാധാരണഗതിയില്‍ ശേഖരിക്കപ്പെടുന്നില്ല. വരമൊഴിയാകട്ടെ എപ്പോഴും ശേഖരിക്കപ്പെടുന്നു എന്നതിനാല്‍ വരും തലമുറകളുടെ മേല്‍ അവയ്ക്കുള്ള സ്വാധീനം അവഗണിക്കാവുന്നതല്ല. ഗുഹാചുമരുകള്‍, തടി, ശില, ശീല, ഓല, കടലാസ്, അച്ചടി എന്നിവയിലൂടെ കടന്നു പോന്നു് ഡിജിറ്റല്‍ രൂപം വരെ അവ എത്തിനില്‍ക്കുന്നു. കാലാകാലങ്ങളില്‍ വന്നു ഭവിച്ച പരിഷ്ക്കാരങ്ങള്‍ക്കു് അനുശൃതമായി ജീവിത ഗതിവിഗതി വിശേഷങ്ങള്‍ക്കു് മാറ്റം സംഭിവിക്കുന്നതൊടൊപ്പം വരമൊഴിക്കും മാറ്റം സംഭവിക്കുന്നു.

ഒരു ലാപ്റ്റോപ്പിനോളം വലിപ്പമുള്ള ടച്ച്സ്ക്രീന്‍ മൊബൈല്‍ പോക്കറ്റില്‍ തിരുകി, അതില്‍ ഘടിപ്പിച്ച വയറിന്റെ മറുതുമ്പു് കടുക്കനിട്ട കാതില്‍ കുത്തിത്തിരുകി, ശ്രവിക്കുന്ന മൈക്കള്‍ജാക്സണ്‍ന്റെ ചങ്കുതുരപ്പന്‍ ഗാനങ്ങളുടെ വട്ടുതാളത്തില്‍ ശരീരമാകെ ഉറഞ്ഞുതുള്ളി, സച്ചിന്‍ മാല കഴുത്തിലണിഞ്ഞു്, ഏതു നിമിഷവും ഊര്‍ന്നു പോകാവുന്ന തരം ഇറുക്കമുള്ള മുട്ടില്‍ തുളയുള്ള വക്കു് പിന്നിയ പരമാവധി നരച്ച ജീന്‍സ് ധരിച്ചു്, മറച്ചു വേക്കേണ്ട അവയവങ്ങള്‍ മുഴുപ്പിച്ചുകാട്ടി, ഷഡ്ഢിയുടെ ഇലാസ്റ്റിക്ക് പദര്‍ശിപ്പിച്ചു്, ഹെല്‍മറ്റില്ലാതെ മൂന്നു പേരായിട്ടു് മോട്ടാര്‍ ബൈക്കില്‍ ചെത്തിക്കറങ്ങി, അച്ഛനമ്മമാരെ ഡാഡിമമ്മി എന്നു സംബോധന ചെയ്തു മംഗ്ലീഷില്‍ മൊഴിയുന്ന മല്ലുവിനു മുന്നില്‍ ബോബനും മോളിയും എന്ന റ്റോംസിന്റെ കാര്‍ട്ടൂണിലെ അപ്പി ഹിപ്പി പോലും തോറ്റു പോവുകയേയുള്ളു. അല്പം അതിശയോക്തി കലര്‍ന്നതാണെങ്കിലും ഇതല്ലേ ഇന്നത്തെ യുവമലയാളി? മറ്റുള്ളവര്‍ക്കു് യാതൊന്നും അറിയില്ല എന്നു കൂടി പറയുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. ഇതാണോ മലയാളിയുടെ സംസ്ക്കാരം? അവന്റെ വിനയം എവിടെ പോയി?

പുലരാന്‍ ഏഴരനാഴികയില്‍ കുളിരാര്‍ന്നകുളത്തില്‍ നീന്തിക്കുളിച്ചു് ഈറനുടുത്തു് നിര്‍മ്മാല്യം തൊഴുതു് ചന്ദനക്കുറി ചാര്‍ത്തി തിരിച്ചുവന്നു് ഓട്ടുകിണ്ടി ചരിച്ചു് കാലു് കഴുകി ഉമ്മറക്കോലായിലേക്കു് കയറിയിരുന്നു് ദിനപ്പത്രം വായിച്ചു് പുളിയിലക്കരമുണ്ടുടുത്തു് കാലന്‍കുടയേന്തി നാട്ടുമ്പുറത്തിടവഴിയിലൂടെ നടന്നുനീങ്ങി വയലേലകളിലെ കൃഷി നോക്കി തിരിച്ചു വന്നു്കുത്തരിച്ചോറുണ്ടു് നാലും കൂട്ടി മുറുക്കി ഓലവിശറി വീശി ചൂടകറ്റി ഉച്ചയുറക്കത്തിലാണ്ടുണര്‍ന്നു് അമ്പലപ്പറമ്പിലെ കൂട്ടുകാരോടൊപ്പം വെടിപറഞ്ഞു് നാമജപനിബിഢമായ തറവാട്ടിലേക്കു് തിരിച്ചു വന്നു് കാര്‍ന്നോരെ വന്ദിച്ചു് അത്താഴമുണ്ടുറുക്കത്തിലേക്ക് വഴുതിവീഴുന്ന മലയാളി പുത്തന്‍ തലമുറക്കു് അപ്രാപ്യമായ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

പഴയതിനെ പുകഴ്ത്തി സ്വീകരിക്കാനോ പുതിയതിനെ എതിര്‍ത്തു് തള്ളിക്കളയാനോ ശ്രമിക്കുക എന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. നിങ്ങള്‍ കരുതുന്നതെല്ലാം തെറ്റാണെന്നോ ഇവിടെ പറയുന്നതു മാത്രം ശരിയാണെന്നോ കല്പിക്കാന്‍ ഈ ബ്ലോഗര്‍ ആളല്ല. മലയാളം ലിപി കീറിമുറിച്ചു് പുതിയ ലിപിയെന്നോമനപ്പേരിട്ടു് റ്റൈപ്പടിച്ചും അച്ചടിച്ചും ഉപയോഗിക്കപ്പെടുത്തുന്നതും, അതു് ക്രമേണ കയ്യെഴുത്തില്‍ പ്രചുരപ്രചാരം നേടുന്നതും, ലിപി പരിഷ്ക്കരണം വരെ ഉപയോഗിച്ചുപോന്ന ഭംഗിയുള്ള തനി മലയാളത്തിനു് പഴയ ലിപി എന്നു് പേരു് കല്‍പ്പിക്കുന്നതും, പില്‍ക്കാലത്തതു് പുതിയ ലിപിയാണു് നല്ല മലയാളം ലിപി എന്നു് വാദിക്കപ്പെടുന്നതും കണ്ടും കേട്ടും വളര്‍ന്ന ആളാണു് ഈയുള്ളവന്‍. യന്ത്രയെഴുത്തിനു കയ്യെഴുത്തു് വഴിമാറിക്കൊടുക്കുന്നതു് കണ്ടു് പകച്ചു നോക്കി നിന്ന ഒരു കാലഘട്ടത്തിന്റെ നിസ്സഹായസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി എന്നു വേണമെങ്കില്‍ വിളിച്ചുകൊള്ളു.

അച്ചടിയന്ത്രത്തിനു വേണ്ടി ലിപിയുടെ എണ്ണം വെട്ടിച്ചുരുക്കിയ പ്രശ്നം ഇന്നു് ഡിജിറ്റല്‍ ഫോണ്ട് നിര്‍മ്മാണ മേഘലയിലും നിലനില്‍ക്കുന്നുണ്ടു്. പഴയ ലിപിയിലേക്കുള്ള ഒരു തിരിച്ചു പോക്കിനു് തടസ്സമായി നില്‍ക്കുന്നതു് ഇന്നും അക്ഷരങ്ങളുടെ എണ്ണം തന്നെയാണു്. ഫോണ്ട് നിര്‍മ്മാണമേഘലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും പുതിയ ലിപിയുടെ വക്താക്കള്‍ ആണു്. പോരാത്തതിനു് 900ത്തോളം ഗ്ലിഫ് വരച്ചുണ്ടാക്കേണ്ടിവരുന്നതിനാല്‍ പഴയ ലിപിയില്‍ ഉള്ള ഫോണ്ടിന്റെ നിര്‍മ്മാണം പണ്ടത്തെ അച്ചടി അച്ചു നിര്‍മ്മാണം പോലെ തന്നെ കൂടുതല്‍ ശ്രമകരമാണു് താനും. ഈ സ്ഥിതിക്കു് പഴയ ലിപിയിലുള്ള ഫോണ്ടുകള്‍ വിഭിന്ന രൂപങ്ങളില്‍ ഉല്പാദിക്കപ്പെടാന്‍ സാദ്ധ്യതകള്‍ കുറവാണു്. 300ല്‍ പരം പുതിയ ലിപിയിലെ ഫോണ്ടുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യാമാകുമ്പോള്‍ പഴയ ലിപിയിലുള്ള ഫോണ്ടുകള്‍ വിരലില്‍ എണ്ണാവുന്ന അത്രയേ ഉള്ളു എന്നതു് തന്നെ ഇതിനു് തെളിവാണു്.

ഭാഷ എന്നതു് ഒരിക്കലും മാറ്റം വരാത്ത ഒന്നാണെന്നു പറയുന്നില്ല. അര്‍ത്ഥവ്യത്യാസം വന്നു ഭവിച്ച അനേകം വാക്കുകള്‍ മലയാളത്തിലുണ്ടു്. മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷയിലുമുണ്ടു്. ഭയങ്കരം എന്നാല്‍ ഭയം ഉണ്ടാക്കുന്നതു് എന്നതിനു പകരം ഏറ്റവും നല്ലതെന്നു് അര്‍ത്ഥം മാറിയില്ലേ? വേറെയും ഉണ്ടു്. ഉദാഹരണത്തിനു് ചെത്തു് എന്ന വാക്കു് മുറിക്കുക എന്ന അര്‍ത്ഥത്തില്‍ നിന്നും മാറ്റം വന്നില്ലേ? അടിപൊളി, കലക്കന്‍, പണി കിട്ടി, എന്നിങ്ങനെ ഓര്‍ത്തെടുത്താല്‍ ധാരാളം വാക്കുകള്‍ ഉദാഹരണമായി പറയാം. ഇംഗ്ലീഷില്‍ gay എന്ന വാക്കിനര്‍ത്ഥം സന്തോഷം എന്നതില്‍ നിന്നും മാറിയില്ലെ? അതു പോലെ terrfic, awesome, fabulous, awful, cute, diaper, egghead, aflfuent, aerial എല്ലാം അര്‍ത്ഥം മാറിയ വാക്കുകള്‍ ആണു്. BTW, എന്തിനധികം പറയുന്നു smsലും chatലും ഉപയോഗിക്കുന്ന ഭാഷ എവിടെ കിടക്കുന്നു, സാക്ഷാല്‍ ബ്രിട്ടീഷ് സ്പെല്ലിംഗ് എവിടെ കിടക്കുന്നു! OMG!

പഴയതിനേയും പുതിയതിനേയും ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും തുറക്കാനല്ല മറിച്ചു് ഇന്നു് ആര്‍ക്കേതു വേണമെന്ന നിലയില്‍ ഇല്ക്ട്രോണിക്ക് ലിപി ഉപയോഗിക്കാം എന്നതു് ഊന്നിപ്പറയാന്‍ മാത്രമാണു് ഇവിടെ ശ്രമിക്കുന്നതു്. നിങ്ങള്‍ യൂണിക്കോഡില്‍ എഴുതുന്നതു് ഏതു ലിപിയില്‍ ആയാലും അതു് വായിക്കുന്ന ആളിനു് അവനവനു് ഇഷ്ടമുള്ള ലിപിയില്‍ അതു് വായിക്കുവാന്‍ സാധിക്കും എന്നതിനാല്‍ ഇതിനു വേണ്ടിയുള്ള അര്‍ത്ഥശൂന്യമായ വാദഗതികള്‍ ഉപേക്ഷിച്ചു് പഴഞ്ചനായ ആസ്കിയെ പുറംതള്ളിക്കൊണ്ടു് യൂണിക്കോഡ് സമ്പ്രദായം എല്ലാ മേഘലകളിലും വരുത്തുവാനുള്ള ശ്രമത്തിനായിരിക്കണം ചര്‍ച്ചകള്‍ മുന്‍തൂക്കം കൊടുക്കേണ്ടതു്.

പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതു് അച്ചടിമേഘലയില്‍ മാത്രമാണു്. കാരണം അച്ചടിച്ച ലിപിയില്‍ തന്നെ അവ വായിക്കേണ്ടതായിട്ടു വരുന്നു. പക്ഷെ അച്ചടിക്കാന്‍ നമുക്കു് ഇന്ന ലിപി തന്നെ വേണമെന്നു വാശി പിടിക്കുന്നതിനു പകരം റ്റൈപ്പിംഗില്‍ യൂണിക്കോഡു് സമ്പ്രദായം എത്രയും വേഗം വരുത്തുവാനുള്ള ശ്രമം ആണു് ആദ്യം വേണ്ടതു്. ഇലക്ട്രോണിക്ക് രേഖങ്ങള്‍ യൂണിക്കോഡില്‍ തന്നെ ആയിക്കഴിഞ്ഞാല്‍ കാലക്രമേണ ജനം തീരുമാനിക്കും ഏതു ലിപിയാണു് അതു് വായിക്കുവാന്‍ ഉത്തമം എന്നു്. അതല്ലേ നല്ലതു്? അതിനല്ലേ നിലനില്പുണ്ടാവുകയുള്ളു.

പുതിയതൊന്നു സ്വീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പഴയതിലേക്കൊരു തിരിച്ചു പോക്കു് മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ ലിപിയില്‍ നിന്നും കുറച്ചു കൂടി പുതിയതിലേക്കല്ലാതെ പഴയതിലേക്കു് ഒരു മാറ്റം സംഭവ്യമാണെന്നു പറയുക വയ്യ. പുതിയതായി ഇറങ്ങിയ ലിപിക്കു് പുതിയ ലിപി എന്നു പേരു് ഇട്ടു എന്നല്ലാതെ അതു വരെ നിലവില്‍ ഉണ്ടായിരുന്നതിനു് പഴയ ലിപി എന്ന പേരു് ആരും ഇട്ടതല്ല. അതങ്ങനെ വന്നു ഭവിച്ചു എന്നു മാത്രമേ ഉള്ളു. ചിലര്‍ അതിനെ തനതു് ലിപിയെന്നു് വിളിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തനതു് എന്നാല്‍ ഒറിജിനല്‍ എന്നൊരു വ്യാഘ്യാനം ഉണ്ടെന്ന വാദം വെറുതെ ഒരു വാദത്തിനു വേണ്ടി മാത്രം വാദിച്ചതാണെന്നു വേണം കരുതുവാന്‍. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നു കവി പാടിയതു പോലെ ആണു് ലിപിയോടുള്ള സ്നേഹവും. അതിന്റെ പ്രതിഫലനമാണു് പല ചര്‍ച്ചകളിലും തല പൊക്കുന്നതും. പഴയ ലിപിയെ സ്നേഹിക്കുന്നതിനു പഴയ തലമുറയെയും പുതിയ ലിപിയെ സ്നേഹിക്കുന്നതിനു പുതിയ തലമുറയെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രണ്ടും സ്വാഭിവികം ആണു്. മലയാളത്തിനു നല്ലതു് ഏതാണെന്നു് കാലത്തിനു മാത്രമേ തെളിയിക്കാന്‍ പറ്റു. അതിനു വേണ്ടി കാത്തിരിക്കുന്ന സമയത്തു് യൂണിക്കോഡിനെപ്പറ്റി മാത്രം ചിന്തിക്കുന്നതായിരിക്കും ഉത്തമം.

ആസ്കിയും ഇസ്കിയും മറ്റും ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യം അവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. യൂണിക്കോഡിലേക്കുള്ള വഴി തുറന്നു വച്ചതു് അവയാണെന്ന കാര്യം മറക്കാതെ കാലഹരണപ്പെട്ട അവയ്ക്കു് അര്‍ഹിക്കുന്ന പ്രാധാന്യം ചരിത്രത്തില്‍ നല്‍കിക്കൊണ്ടു് അവയെ എന്നും ഓര്‍മ്മയില്‍ താലോലിച്ചുകൊണ്ടു് യൂണിക്കോഡ് സമ്പ്രദായത്തിലേക്കുള്ള മാറ്റം പൂര്‍ണ്ണമാക്കാന്‍ പ്രയത്നിക്കകയാണു് ഈ വേളയില്‍ അത്യാന്താപേക്ഷിതമായിരിക്കുന്നതു്. ലിപിയെ ചൊല്ലിയുള്ള തര്‍ക്കം നമുക്കു് തല്‍ക്കാലം മറക്കാം. അതാണു് നല്ലതു്. അതാണു് വേണ്ടതു്. നമുക്കു് യൂണിക്കോഡിനെപ്പറ്റി മാത്രം സംസാരിക്കാം. അതു് എല്ലാ മേഘലയിലും വരുത്തുവാന്‍ പ്രയത്നിക്കാം.