Sunday, 18 August 2013

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി പ്രഖ്യാപിച്ചു

മാതൃഭൂമി മെയു് 23, 2013

2012 ഡിസംബര്‍ 19-നു കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധസമിതി മലയാളത്തിനു് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതു് അംഗീകരിച്ചു. 2013 മേയു് 23-നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായാഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗികരിച്ചു. തത്തുല്യ അംഗീകാരം നേടിയ മറ്റു ഭാഷകള്‍ തമിഴു് (2004ല്‍ ), സംസ്കൃതം (2005ല്‍ ), തെലുങ്കു് (2008ല്‍ ), കന്നട (2008ല്‍ ) എന്നിവയാണു്. 2000 വര്‍ഷം പഴക്കമാണു് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള അര്‍ഹത. 2300 വര്‍ഷത്തെ മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്തു് അഞ്ചാമതായിട്ടാണെങ്കിലും മലയാളഭാഷയ്ക്കു് ശ്രേഷ്ഠ പദവി നല്‍കപ്പെട്ടു. (മലയാളത്തിനു 2000 വര്‍ഷത്തെ പഴക്കമില്ല എന്നു തുടക്കത്തില്‍ പറഞ്ഞതു് നമ്മുടെ സ്വന്തം സാഹിത്യ അക്കാദമി തന്നെ ആയിരുന്നുവെന്നു ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു് നല്ലതു്. സ്വന്തം സ്ഥാപനത്തിന്റെ നാമകരണത്തിലെ 'അക്കാദമി' എന്ന പദം ഇന്നും അതു പോലെ തന്നെ നിലനില്‍ക്കുന്നു എന്നതു് ഒരു വിരോധാഭാസമായി തുടരുന്നു ! )

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍

1. 2000ല്‍പരം പഴക്കമുള്ള ചരിത്രരേഖകള്‍, സാഹിത്യകൃതികള്‍ ഉണ്ടായിരിക്കണം.
2. പാരമ്പര്യമായി ലഭിച്ച അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടായിരിക്കണം.
3. മറ്റു ഭാഷകളില്‍ നിന്നും സ്വീകരിച്ചിട്ടില്ലാത്ത തനതു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം.
4. പരിവര്‍ത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതനഭാഷയില്‍ നിന്നും പ്രകടമായ വ്യത്യാസമുണ്ടായിരിക്കണം.

വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നും ലഭിച്ച എ ഡി 832ല്‍ എഴുതപ്പെട്ട വാഴപ്പള്ളി ശാസനമാണു് മലയാളത്തിലെ ഏറ്റവും പഴയ രേഖയായി ചരിത്രകാരന്മാര്‍ വാദിച്ചതു്.

പതിനഞ്ചാം നൂറ്റാണ്ടു വരെ നിലവിലുണ്ടായിരുന്ന ചുറ്റെഴുത്താണു് മലയാളത്തിലെ ആദ്യത്തെ ലിപിയായി അംഗീകരിക്കപ്പെട്ടതു്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണു് മലയാളത്തിനു് 51 അക്ഷരങ്ങളായി ചിട്ടപ്പെടുത്തി ആധുനിക ഭാഷാസമ്പ്രദായം ഏര്‍പ്പെടുത്തിയതു്. പില്‍ക്കാലത്തു് റ്റൈപ്പു്റൈട്ടറിനു വേണ്ടി പത്രക്കാരുടെ അച്ചടി എളുപ്പമാക്കുവാന്‍ വേണ്ടി 1971ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തോടുകൂടി കൂട്ടക്ഷരങ്ങള്‍ കീറി മുറിച്ചു. പഴയ തനതു രീതിയില്‍ മലയാളം ലിപി കമ്പ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യാവുന്ന രീതിയില്‍ സജ്ജമാക്കിയെടുക്കുവാന്‍ സര്‍ക്കാരോ മാധ്യമങ്ങളോ അല്ല, മറിച്ചു് മലയാളത്തെ സ്നേഹിക്കുന്ന ഒരു പറ്റം നിസ്വാര്‍ദ്ധമതികളായ വിദേശ മലയാളികളാണെന്നു പ്രത്യേകിച്ചു് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന മലയാളം അവരുടെ സംഭാവന തന്നെയാണു്.

സംസാരിക്കുന്നവരുടെ എണ്ണം കൊണ്ടു് മുപ്പതാമത്തെ സ്ഥാനമാണു് മലയാളത്തിനു് ഇന്നുള്ളതു്. ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മലയാളം പിന്‍തള്ളപ്പെടും.

ഇനി എന്തു് ?

ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെട്ട ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നല്‍കപ്പെടും. യു ജി സി സെന്റര്‍ ഓഫു് എക്സലന്‍സു്, മറ്റു് സര്‍വ്വകലാശാലകളില്‍ ഭാഷാ ചെയറുകള്‍, എല്ലാ വര്‍ഷവും രണ്ടു രാജ്യാന്തര പുരസ്ക്കാരങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ ശ്രേഷ്ഠഭാഷകള്‍ക്കു് ലഭിക്കും.

തമിഴു്നാട്ടിലും മറ്റും സ്ഥാപിച്ചതു പോലെ ഈ തുക ഉപയോഗിച്ചു് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടു് രൂപവല്‍ക്കരിക്കാനാണു് ആലോചിക്കുന്നതെന്നറിയുന്നു. ഇതിനു പുറമെ യു ജി സി യുടെ കീഴില്‍ ഒരു പ്രത്യേക ഭാഷാപഠനകേന്ദ്രം രൂപവല്‍ക്കരിക്കാനായും പദ്ധതി ഉണ്ടെന്നറിയുന്നു.

എന്തൊക്കെ ആയാലും സ്ഥാപനത്തിനു പേരിടുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടു് എന്നോ തത്തുല്യമായ ആംഗലേയ പദമോ അതിന്റെ നാമകരണത്തില്‍ ഉപയോഗിക്കാതെ തികച്ചും മലയാളപദം ഉപയോഗിക്കുമെന്നു നമുക്കു് പ്രത്യാശിക്കാം.

അണിയറ പ്രവര്‍ത്തനം - DC Books

കേരളത്തെയും കേരളീയരെയും ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള ഭാഷാ വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ വന്നത്. മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രതികൂല തീരുമാനമൊന്നും എടുക്കാനിടയില്ലാത്തതു കൊണ്ട് പദവി ലഭ്യമായി എന്ന ഉറപ്പിലാണ് കേരളം. ക്ലാസ്സിക് പദവിയിലേക്ക് ഭാഷ ഉയരുന്നതോടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് കൈരളിയെ കാത്തിരിക്കുന്നത് എന്നതും നല്ല വാര്‍ത്ത തന്നെ.

2012 ജനുവരി 21നു ചേര്‍ന്ന വിദഗ്ധ സമിതി മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പദവിക്കായി സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും വീണ്ടും മുറവിളികളുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ട് ഭാഷയുടെ പഴക്കം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വീണ്ടും കൂടിയ വിദഗ്ധ സമിതിക്കു മുമ്പാകെ എത്തിയ കേരളത്തിന്റെ പ്രതിനിധികള്‍ എന്തുകൊണ്ട് മലയാളം ശ്രേഷ്ഠഭാഷയാകണം എന്നതിന് നിരത്തിയ തെളിവുകള്‍ വെല്ലുവിളിക്കാനാകാത്തതായതും സമിതിയെ ശുപാര്‍ശയ്ക്ക് പ്രേരിപ്പിച്ചു.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ കെ ജയകുമാര്‍, ഡോ. എം ജി എസ് നാരായണന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രൊഫ. ബി ഗോപിനാഥന്‍ എന്നിവരായിരുന്നു മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷാ പദവിയിലേക്കുയര്‍ത്താനുള്ള വാദങ്ങളുമായെത്തിയത്. മൂന്നു മണിക്കൂറില്‍ അവര്‍ ഭാഷയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രം കൃത്യമായി അവതരിപ്പിച്ചതോടെ എതിര്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പോലും നിശബ്ദരാവുകയും ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം എടുക്കുകയുമായിരുന്നു.

മലയാളം തമിഴിനെയും കന്നഡത്തിനെയും ആശ്രയിച്ചു നില്‍ക്കുന്ന ഭാഷയല്ലെന്ന് അംഗങ്ങള്‍ വാദിച്ചു. മലയാളം രൂപം കൊണ്ടത് തമിഴില്‍ നിന്നാണെന്ന വാദത്തെയും നിരാകരിച്ച സംഘം സംഘകാല സാഹിത്യം തമിഴിനു പുറമെ മലയാളത്തിനു കൂടി അവകാശപ്പെട്ടതാണെന്ന് തെളിയിച്ചു. ചിലപ്പതികാരം ഉണ്ടായത് കേരളത്തിലാണെന്ന് തെളിയിക്കാനും സംഘത്തിനു കഴിഞ്ഞു.

ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതോടെ ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി നൂറു കോടി രൂപയുടെ സഹായം ലഭിക്കും. ഓരോ വര്‍ഷവും രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഭാഷയ്ക്ക് നല്‍കാനും അനുമതി കിട്ടും. യു ജി സിയുടെ ആഭിമുഖ്യത്തില്‍ ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിതമാകും.

ശ്രേഷ്ഠം മലയാളം
തുടര്‍ന്നു വായിക്കുക
DC Books
വാദപ്രതിവാദം

No comments:

Post a Comment