Monday 23 December 2013

വത്സ്യം, ഭിന്ന സംഖ്യ എന്നിവ കംപ്യൂട്ടറില്‍

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നല്‍കി എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ ഉണ്ടായ പ്രതികരണങ്ങള്‍ കെട്ടടങ്ങിയ ലക്ഷണമാണു്. മലയാളശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ!

അല്ലേലും സ്വന്തം നിലനില്പിന്റെ നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണു് മലയാളം ഭാഷയെ തിരിഞ്ഞു നോക്കാന്‍ സമയം?

എന്നിരുന്നാലും മലയാളി സ്വയം മാറുന്നു. മാറിക്കൊണ്ടേയിരിക്കുന്നു. തത്തുല്യ മലയാള പദങ്ങള്‍ നിലനില്‍ക്കേ തന്നെ അന്യഭാഷകളിലെ words യാതൊരു changeഉം വരുത്താതെ own ഭാഷയിലേക്കു് accept ചെയ്തു് ഇടകലര്‍ത്തി സംസാരിക്കാന്‍ use ചെയ്യുന്നതു് smarട്ടാണെന്നു കരുതുന്ന Malluവിനു് ഇനി സ്വന്തം മാതൃഭാഷയെപ്പറ്റിയുള്ള ബോധം എന്നെങ്കിലും തെളിയുമോ? മലയാളഭാഷക്കു് ശ്രേഷ്ഠഭാഷാപദവി ലഭിച്ചപ്പോള്‍ അല്പം ദിവസങ്ങള്‍ക്കെങ്കിലും അവന്‍ സന്തോഷിച്ചെന്നു കാണിച്ചെങ്കിലും അതു് express ചെയ്യുവാനും അവന്‍ use ചെയ്തതു് അന്യഭാഷ തന്നെ!

ഇപ്പറഞ്ഞ സ്ഥിതിവിശേഷം നിലനില്‍ക്കേ സ്വന്തം ഭാഷയില്‍ നിന്നും കാലാകാലങ്ങളില്‍ നഷ്ടപ്പെട്ടു പോയ ലിപിയിലെ ചില അക്ഷരങ്ങളെപ്പറ്റി അവന്‍ ബോധവാനാകുമോ? അവ തിരിച്ചു പിടിക്കുവാന്‍ അവന്‍ മെനക്കെടുമോ? യൂണിക്കോഡിലെ സായിപ്പിന്റെ സഹായത്തോടു കൂടി കംപ്യൂട്ടറില്‍ മലയാള അക്കങ്ങള്‍ ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ൦ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവ അപൂര്‍വ്വമായേ മലയാളികള്‍ ഉപയോഗിച്ചു കാണുന്നുള്ളു. ൰ ൱ ൲ എന്നീ അക്കങ്ങളും ൳ ൴ ൵ എന്നീ ഭിന്നസംഖ്യകളും ൠ ഌ ൡ കൢ കൣ ൹ എന്നീ അക്ഷരങ്ങളും യൂണിക്കോഡില്‍ പുതുതായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം പോലും മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതു് വിചിത്രം തന്നെ. അതേ സമയം രൂപയുടെ ചിഹ്നമായ ₹ ഉപയോഗിക്കാന്‍ മിക്കവര്‍ക്കും ധൃതിയുള്ളതായി കാണുന്നുണ്ടു താനും.

{ശ്രദ്ധിക്കുക : മുകളി‍ല്‍ കോടുത്തിരിക്കുന്ന മലയാളത്തിലെ പുതിയ അക്ഷരങ്ങള്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ കാണുന്നതു് ചതുരമായിട്ടോ, ചോദ്യചിഹ്നമായിട്ടോ, അര്‍ത്ഥശൂന്യമായ ചിഹ്നമായിട്ടോ ആണെങ്കില്‍ അവ ശരിക്കു വായിക്കുവാന്‍ സാധിക്കണമെങ്കില്‍ പുതുക്കിയ മലയാളം ഫോണ്ടു് ഏതെങ്കിലും ഉപയോഗിക്കുക}

.

No comments:

Post a Comment