Friday 13 December 2013

നല്ലൊരു നാളെ

ഭാഷ എന്നതു് ഒരു സംസ്ക്കാരത്തിന്റെ ചിഹ്നമാണു്. ആശയവിനിമയ മാര്‍ഗ്ഗമാണു്. കണ്ഠത്തിലുത്ഭവിക്കുന്ന വായ്മൊഴി കാതിനും കയ്യെഴുത്തിലുത്ഭവിക്കുന്ന വരമൊഴി കണ്ണിനും എന്നതു് ഭാഷയുടെ ഒരു സ്ഥിതിവിശേഷമാണു്. കര്‍ണ്ണഭാഷയും ദര്‍ശനഭാഷയും രണ്ടും പരസ്പരപൂരകങ്ങളാണു്. ഒന്നില്ലാതെ മറ്റൊന്നില്ല. ഇവ രണ്ടും പരസ്പരം ഇണചേര്‍ന്നു നില്‍ക്കുമ്പോഴാണു് ഭാഷയേയും അതുവഴി സംസ്ക്കാരത്തേയും തിരിച്ചറിയുന്നതു്. സംസ്ക്കാരം നല്ലതായി നിലകൊള്ളണമെങ്കില്‍ വായ്മൊഴി മാത്രമല്ല വരമൊഴിയും നന്നായി നിലകൊള്ളണം. ഉച്ചരിച്ചു കഴിഞ്ഞയുടന്‍ മാഞ്ഞു പോകുന്ന വായ്‌മൊഴി സാധാരണഗതിയില്‍ ശേഖരിക്കപ്പെടുന്നില്ല. വരമൊഴിയാകട്ടെ എപ്പോഴും ശേഖരിക്കപ്പെടുന്നു എന്നതിനാല്‍ വരും തലമുറകളുടെ മേല്‍ അവയ്ക്കുള്ള സ്വാധീനം അവഗണിക്കാവുന്നതല്ല. ഗുഹാചുമരുകള്‍, തടി, ശില, ശീല, ഓല, കടലാസ്, അച്ചടി എന്നിവയിലൂടെ കടന്നു പോന്നു് ഡിജിറ്റല്‍ രൂപം വരെ അവ എത്തിനില്‍ക്കുന്നു. കാലാകാലങ്ങളില്‍ വന്നു ഭവിച്ച പരിഷ്ക്കാരങ്ങള്‍ക്കു് അനുശൃതമായി ജീവിത ഗതിവിഗതി വിശേഷങ്ങള്‍ക്കു് മാറ്റം സംഭിവിക്കുന്നതൊടൊപ്പം വരമൊഴിക്കും മാറ്റം സംഭവിക്കുന്നു.

ഒരു ലാപ്റ്റോപ്പിനോളം വലിപ്പമുള്ള ടച്ച്സ്ക്രീന്‍ മൊബൈല്‍ പോക്കറ്റില്‍ തിരുകി, അതില്‍ ഘടിപ്പിച്ച വയറിന്റെ മറുതുമ്പു് കടുക്കനിട്ട കാതില്‍ കുത്തിത്തിരുകി, ശ്രവിക്കുന്ന മൈക്കള്‍ജാക്സണ്‍ന്റെ ചങ്കുതുരപ്പന്‍ ഗാനങ്ങളുടെ വട്ടുതാളത്തില്‍ ശരീരമാകെ ഉറഞ്ഞുതുള്ളി, സച്ചിന്‍ മാല കഴുത്തിലണിഞ്ഞു്, ഏതു നിമിഷവും ഊര്‍ന്നു പോകാവുന്ന തരം ഇറുക്കമുള്ള മുട്ടില്‍ തുളയുള്ള വക്കു് പിന്നിയ പരമാവധി നരച്ച ജീന്‍സ് ധരിച്ചു്, മറച്ചു വേക്കേണ്ട അവയവങ്ങള്‍ മുഴുപ്പിച്ചുകാട്ടി, ഷഡ്ഢിയുടെ ഇലാസ്റ്റിക്ക് പദര്‍ശിപ്പിച്ചു്, ഹെല്‍മറ്റില്ലാതെ മൂന്നു പേരായിട്ടു് മോട്ടാര്‍ ബൈക്കില്‍ ചെത്തിക്കറങ്ങി, അച്ഛനമ്മമാരെ ഡാഡിമമ്മി എന്നു സംബോധന ചെയ്തു മംഗ്ലീഷില്‍ മൊഴിയുന്ന മല്ലുവിനു മുന്നില്‍ ബോബനും മോളിയും എന്ന റ്റോംസിന്റെ കാര്‍ട്ടൂണിലെ അപ്പി ഹിപ്പി പോലും തോറ്റു പോവുകയേയുള്ളു. അല്പം അതിശയോക്തി കലര്‍ന്നതാണെങ്കിലും ഇതല്ലേ ഇന്നത്തെ യുവമലയാളി? മറ്റുള്ളവര്‍ക്കു് യാതൊന്നും അറിയില്ല എന്നു കൂടി പറയുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. ഇതാണോ മലയാളിയുടെ സംസ്ക്കാരം? അവന്റെ വിനയം എവിടെ പോയി?

പുലരാന്‍ ഏഴരനാഴികയില്‍ കുളിരാര്‍ന്നകുളത്തില്‍ നീന്തിക്കുളിച്ചു് ഈറനുടുത്തു് നിര്‍മ്മാല്യം തൊഴുതു് ചന്ദനക്കുറി ചാര്‍ത്തി തിരിച്ചുവന്നു് ഓട്ടുകിണ്ടി ചരിച്ചു് കാലു് കഴുകി ഉമ്മറക്കോലായിലേക്കു് കയറിയിരുന്നു് ദിനപ്പത്രം വായിച്ചു് പുളിയിലക്കരമുണ്ടുടുത്തു് കാലന്‍കുടയേന്തി നാട്ടുമ്പുറത്തിടവഴിയിലൂടെ നടന്നുനീങ്ങി വയലേലകളിലെ കൃഷി നോക്കി തിരിച്ചു വന്നു്കുത്തരിച്ചോറുണ്ടു് നാലും കൂട്ടി മുറുക്കി ഓലവിശറി വീശി ചൂടകറ്റി ഉച്ചയുറക്കത്തിലാണ്ടുണര്‍ന്നു് അമ്പലപ്പറമ്പിലെ കൂട്ടുകാരോടൊപ്പം വെടിപറഞ്ഞു് നാമജപനിബിഢമായ തറവാട്ടിലേക്കു് തിരിച്ചു വന്നു് കാര്‍ന്നോരെ വന്ദിച്ചു് അത്താഴമുണ്ടുറുക്കത്തിലേക്ക് വഴുതിവീഴുന്ന മലയാളി പുത്തന്‍ തലമുറക്കു് അപ്രാപ്യമായ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

പഴയതിനെ പുകഴ്ത്തി സ്വീകരിക്കാനോ പുതിയതിനെ എതിര്‍ത്തു് തള്ളിക്കളയാനോ ശ്രമിക്കുക എന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. നിങ്ങള്‍ കരുതുന്നതെല്ലാം തെറ്റാണെന്നോ ഇവിടെ പറയുന്നതു മാത്രം ശരിയാണെന്നോ കല്പിക്കാന്‍ ഈ ബ്ലോഗര്‍ ആളല്ല. മലയാളം ലിപി കീറിമുറിച്ചു് പുതിയ ലിപിയെന്നോമനപ്പേരിട്ടു് റ്റൈപ്പടിച്ചും അച്ചടിച്ചും ഉപയോഗിക്കപ്പെടുത്തുന്നതും, അതു് ക്രമേണ കയ്യെഴുത്തില്‍ പ്രചുരപ്രചാരം നേടുന്നതും, ലിപി പരിഷ്ക്കരണം വരെ ഉപയോഗിച്ചുപോന്ന ഭംഗിയുള്ള തനി മലയാളത്തിനു് പഴയ ലിപി എന്നു് പേരു് കല്‍പ്പിക്കുന്നതും, പില്‍ക്കാലത്തതു് പുതിയ ലിപിയാണു് നല്ല മലയാളം ലിപി എന്നു് വാദിക്കപ്പെടുന്നതും കണ്ടും കേട്ടും വളര്‍ന്ന ആളാണു് ഈയുള്ളവന്‍. യന്ത്രയെഴുത്തിനു കയ്യെഴുത്തു് വഴിമാറിക്കൊടുക്കുന്നതു് കണ്ടു് പകച്ചു നോക്കി നിന്ന ഒരു കാലഘട്ടത്തിന്റെ നിസ്സഹായസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി എന്നു വേണമെങ്കില്‍ വിളിച്ചുകൊള്ളു.

അച്ചടിയന്ത്രത്തിനു വേണ്ടി ലിപിയുടെ എണ്ണം വെട്ടിച്ചുരുക്കിയ പ്രശ്നം ഇന്നു് ഡിജിറ്റല്‍ ഫോണ്ട് നിര്‍മ്മാണ മേഘലയിലും നിലനില്‍ക്കുന്നുണ്ടു്. പഴയ ലിപിയിലേക്കുള്ള ഒരു തിരിച്ചു പോക്കിനു് തടസ്സമായി നില്‍ക്കുന്നതു് ഇന്നും അക്ഷരങ്ങളുടെ എണ്ണം തന്നെയാണു്. ഫോണ്ട് നിര്‍മ്മാണമേഘലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും പുതിയ ലിപിയുടെ വക്താക്കള്‍ ആണു്. പോരാത്തതിനു് 900ത്തോളം ഗ്ലിഫ് വരച്ചുണ്ടാക്കേണ്ടിവരുന്നതിനാല്‍ പഴയ ലിപിയില്‍ ഉള്ള ഫോണ്ടിന്റെ നിര്‍മ്മാണം പണ്ടത്തെ അച്ചടി അച്ചു നിര്‍മ്മാണം പോലെ തന്നെ കൂടുതല്‍ ശ്രമകരമാണു് താനും. ഈ സ്ഥിതിക്കു് പഴയ ലിപിയിലുള്ള ഫോണ്ടുകള്‍ വിഭിന്ന രൂപങ്ങളില്‍ ഉല്പാദിക്കപ്പെടാന്‍ സാദ്ധ്യതകള്‍ കുറവാണു്. 300ല്‍ പരം പുതിയ ലിപിയിലെ ഫോണ്ടുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യാമാകുമ്പോള്‍ പഴയ ലിപിയിലുള്ള ഫോണ്ടുകള്‍ വിരലില്‍ എണ്ണാവുന്ന അത്രയേ ഉള്ളു എന്നതു് തന്നെ ഇതിനു് തെളിവാണു്.

ഭാഷ എന്നതു് ഒരിക്കലും മാറ്റം വരാത്ത ഒന്നാണെന്നു പറയുന്നില്ല. അര്‍ത്ഥവ്യത്യാസം വന്നു ഭവിച്ച അനേകം വാക്കുകള്‍ മലയാളത്തിലുണ്ടു്. മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷയിലുമുണ്ടു്. ഭയങ്കരം എന്നാല്‍ ഭയം ഉണ്ടാക്കുന്നതു് എന്നതിനു പകരം ഏറ്റവും നല്ലതെന്നു് അര്‍ത്ഥം മാറിയില്ലേ? വേറെയും ഉണ്ടു്. ഉദാഹരണത്തിനു് ചെത്തു് എന്ന വാക്കു് മുറിക്കുക എന്ന അര്‍ത്ഥത്തില്‍ നിന്നും മാറ്റം വന്നില്ലേ? അടിപൊളി, കലക്കന്‍, പണി കിട്ടി, എന്നിങ്ങനെ ഓര്‍ത്തെടുത്താല്‍ ധാരാളം വാക്കുകള്‍ ഉദാഹരണമായി പറയാം. ഇംഗ്ലീഷില്‍ gay എന്ന വാക്കിനര്‍ത്ഥം സന്തോഷം എന്നതില്‍ നിന്നും മാറിയില്ലെ? അതു പോലെ terrfic, awesome, fabulous, awful, cute, diaper, egghead, aflfuent, aerial എല്ലാം അര്‍ത്ഥം മാറിയ വാക്കുകള്‍ ആണു്. BTW, എന്തിനധികം പറയുന്നു smsലും chatലും ഉപയോഗിക്കുന്ന ഭാഷ എവിടെ കിടക്കുന്നു, സാക്ഷാല്‍ ബ്രിട്ടീഷ് സ്പെല്ലിംഗ് എവിടെ കിടക്കുന്നു! OMG!

പഴയതിനേയും പുതിയതിനേയും ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും തുറക്കാനല്ല മറിച്ചു് ഇന്നു് ആര്‍ക്കേതു വേണമെന്ന നിലയില്‍ ഇല്ക്ട്രോണിക്ക് ലിപി ഉപയോഗിക്കാം എന്നതു് ഊന്നിപ്പറയാന്‍ മാത്രമാണു് ഇവിടെ ശ്രമിക്കുന്നതു്. നിങ്ങള്‍ യൂണിക്കോഡില്‍ എഴുതുന്നതു് ഏതു ലിപിയില്‍ ആയാലും അതു് വായിക്കുന്ന ആളിനു് അവനവനു് ഇഷ്ടമുള്ള ലിപിയില്‍ അതു് വായിക്കുവാന്‍ സാധിക്കും എന്നതിനാല്‍ ഇതിനു വേണ്ടിയുള്ള അര്‍ത്ഥശൂന്യമായ വാദഗതികള്‍ ഉപേക്ഷിച്ചു് പഴഞ്ചനായ ആസ്കിയെ പുറംതള്ളിക്കൊണ്ടു് യൂണിക്കോഡ് സമ്പ്രദായം എല്ലാ മേഘലകളിലും വരുത്തുവാനുള്ള ശ്രമത്തിനായിരിക്കണം ചര്‍ച്ചകള്‍ മുന്‍തൂക്കം കൊടുക്കേണ്ടതു്.

പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതു് അച്ചടിമേഘലയില്‍ മാത്രമാണു്. കാരണം അച്ചടിച്ച ലിപിയില്‍ തന്നെ അവ വായിക്കേണ്ടതായിട്ടു വരുന്നു. പക്ഷെ അച്ചടിക്കാന്‍ നമുക്കു് ഇന്ന ലിപി തന്നെ വേണമെന്നു വാശി പിടിക്കുന്നതിനു പകരം റ്റൈപ്പിംഗില്‍ യൂണിക്കോഡു് സമ്പ്രദായം എത്രയും വേഗം വരുത്തുവാനുള്ള ശ്രമം ആണു് ആദ്യം വേണ്ടതു്. ഇലക്ട്രോണിക്ക് രേഖങ്ങള്‍ യൂണിക്കോഡില്‍ തന്നെ ആയിക്കഴിഞ്ഞാല്‍ കാലക്രമേണ ജനം തീരുമാനിക്കും ഏതു ലിപിയാണു് അതു് വായിക്കുവാന്‍ ഉത്തമം എന്നു്. അതല്ലേ നല്ലതു്? അതിനല്ലേ നിലനില്പുണ്ടാവുകയുള്ളു.

പുതിയതൊന്നു സ്വീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പഴയതിലേക്കൊരു തിരിച്ചു പോക്കു് മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ ലിപിയില്‍ നിന്നും കുറച്ചു കൂടി പുതിയതിലേക്കല്ലാതെ പഴയതിലേക്കു് ഒരു മാറ്റം സംഭവ്യമാണെന്നു പറയുക വയ്യ. പുതിയതായി ഇറങ്ങിയ ലിപിക്കു് പുതിയ ലിപി എന്നു പേരു് ഇട്ടു എന്നല്ലാതെ അതു വരെ നിലവില്‍ ഉണ്ടായിരുന്നതിനു് പഴയ ലിപി എന്ന പേരു് ആരും ഇട്ടതല്ല. അതങ്ങനെ വന്നു ഭവിച്ചു എന്നു മാത്രമേ ഉള്ളു. ചിലര്‍ അതിനെ തനതു് ലിപിയെന്നു് വിളിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തനതു് എന്നാല്‍ ഒറിജിനല്‍ എന്നൊരു വ്യാഘ്യാനം ഉണ്ടെന്ന വാദം വെറുതെ ഒരു വാദത്തിനു വേണ്ടി മാത്രം വാദിച്ചതാണെന്നു വേണം കരുതുവാന്‍. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നു കവി പാടിയതു പോലെ ആണു് ലിപിയോടുള്ള സ്നേഹവും. അതിന്റെ പ്രതിഫലനമാണു് പല ചര്‍ച്ചകളിലും തല പൊക്കുന്നതും. പഴയ ലിപിയെ സ്നേഹിക്കുന്നതിനു പഴയ തലമുറയെയും പുതിയ ലിപിയെ സ്നേഹിക്കുന്നതിനു പുതിയ തലമുറയെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രണ്ടും സ്വാഭിവികം ആണു്. മലയാളത്തിനു നല്ലതു് ഏതാണെന്നു് കാലത്തിനു മാത്രമേ തെളിയിക്കാന്‍ പറ്റു. അതിനു വേണ്ടി കാത്തിരിക്കുന്ന സമയത്തു് യൂണിക്കോഡിനെപ്പറ്റി മാത്രം ചിന്തിക്കുന്നതായിരിക്കും ഉത്തമം.

ആസ്കിയും ഇസ്കിയും മറ്റും ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യം അവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. യൂണിക്കോഡിലേക്കുള്ള വഴി തുറന്നു വച്ചതു് അവയാണെന്ന കാര്യം മറക്കാതെ കാലഹരണപ്പെട്ട അവയ്ക്കു് അര്‍ഹിക്കുന്ന പ്രാധാന്യം ചരിത്രത്തില്‍ നല്‍കിക്കൊണ്ടു് അവയെ എന്നും ഓര്‍മ്മയില്‍ താലോലിച്ചുകൊണ്ടു് യൂണിക്കോഡ് സമ്പ്രദായത്തിലേക്കുള്ള മാറ്റം പൂര്‍ണ്ണമാക്കാന്‍ പ്രയത്നിക്കകയാണു് ഈ വേളയില്‍ അത്യാന്താപേക്ഷിതമായിരിക്കുന്നതു്. ലിപിയെ ചൊല്ലിയുള്ള തര്‍ക്കം നമുക്കു് തല്‍ക്കാലം മറക്കാം. അതാണു് നല്ലതു്. അതാണു് വേണ്ടതു്. നമുക്കു് യൂണിക്കോഡിനെപ്പറ്റി മാത്രം സംസാരിക്കാം. അതു് എല്ലാ മേഘലയിലും വരുത്തുവാന്‍ പ്രയത്നിക്കാം.

No comments:

Post a Comment