Saturday 21 December 2013

ലിപി പരിഷ്ക്കരണ ഉത്തരവു് വീണ്ടും?

 റ്റൈപ്പടിക്കാന്‍ തുടക്കത്തില്‍ ഇറങ്ങിയ ഇംഗ്ലീഷിനെ ആശ്രയിച്ചുള്ള ആസ്കി മലയാളം ഫോണ്ടിനെയും ഇസ്കി മലയാളം ഫോണ്ടിനെയും പുറംതള്ളിക്കൊണ്ടു് യൂണിക്കോഡു് സമ്പ്രദായം വന്നു. റെണ്ടറിംഗു് എഞ്ചിനിന്റെ പ്രവര്‍ത്തനം മൂലം ഏതു തരം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും റ്റൈപ്പു് ചെയ്യുവാനും കംപ്യുട്ടര്‍ ഉപയോഗിച്ചു് അവ അച്ചടിക്കുവാനും സാധിക്കും എന്ന നില വന്നു. കഴിഞ്ഞ നാലു് പതിറ്റാണ്ടായി മലയാള ലിപിയെ ചൊല്ലിയുള്ള തര്‍ക്കത്തിനു് കംപ്യൂട്ടറിലെ യൂണിക്കോഡ് മലയാളം വിരാമമിട്ടു‍. യൂണിക്കോഡ് മലയാളം റ്റൈപ്പ് ചെയ്യാന്‍ ഉപയോഗിച്ച രീതി ട്രാന്‍സ്ലിറ്ററേഷനോ ഇന്‍സ്ക്രിപ്റ്റോ അതിന്റെ ലിപി പഴയതോ പുതിയതോ ഏതും ആയിക്കൊള്ളട്ടെ. പഴയ ലിപിയില്‍ എഴുതിപ്പഠിച്ചു് പുതിയ ലിപി വായിച്ചു മടുത്തവര്‍ക്കു് പഴയ ലിപിയിലും പുതിയ ലിപി മാത്രം പഠിച്ചു വളര്‍ന്നവര്‍ക്കു് അവരുടെ പുതിയ ലിപിയിലും യൂണിക്കോഡ് മലയാളം വായിക്കുവാന്‍ സാധിക്കും. വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടു് ആവശ്യത്തിനനുസരിച്ചു് മാറ്റിക്കൊടുത്താല്‍ മാത്രം മതിയാവും. പല പത്രമാദ്ധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വെബ് താളുകള്‍ പോലും യൂണിക്കോഡില്‍ ആക്കിക്കഴിഞ്ഞു.

യൂണിക്കോഡില്‍ എഴുതിയതു് ഏതു് ലിപിയിലും വായിക്കാം?

ഏതൊരു രേഖയും കംപ്യൂട്ടറില്‍ ശേഖരിച്ചു സൂക്ഷിക്കപ്പെടുന്നതു് ഒന്നും പൂജ്യവും അടങ്ങിയ സംഖ്യാസമൂഹമായിട്ടാണു്. ഓരോ അക്ഷരത്തിനും പ്രത്യേകം സംഖ്യാസമൂഹം നല്‍കപ്പെട്ട എന്‍കോഡിംഗ് രീതിയാണു് യൂണിക്കോഡ്. ഇതു് മലയാളത്തിനെന്നല്ല ലോകത്തെ എല്ലാ ഭാഷകള്‍ക്കും ബാധകമാണു്.

ഉദാഹരണത്തിനു് മുല്ലപ്പൂ എന്ന വാക്കു് നോക്കാം. ടൈപ്പ് അടിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ലിപി ഏതാണെങ്കിലും ഈ വാക്കിനെ കംപ്യൂട്ടര്‍ മനസ്സിലാക്കുന്നതു് മ + ു + ല + ് + ല + പ + ് + പ + ൂ എന്നു് വേര്‍പെടുത്തി ഓരോ അക്ഷരങ്ങളുടെയും ഡിജിറ്റല്‍ കോഡായിട്ടാണു്. അക്ഷരങ്ങളുടെ ഡിജിറ്റല്‍ കോഡ് മ=22, ു=33, ല=44, ്=11, പ=55, ു=66 എന്നാണെന്നു സങ്കല്പിക്കുക. അപ്പോള്‍ മുല്ലപ്പൂ എന്ന വാക്കിനെ കംപ്യൂട്ടര്‍ മനസ്സിലാക്കുന്നതു് 22 + 33 + 44 + 11 + 44 + 55 + 11 + 55 + 66 എന്നായിട്ടായിരിക്കും. ഈ വിവരം ആണു് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ സ്റ്റോര്‍ ചെയ്യുന്നതു്. അല്ലാതെ പഴയ ലിപിയിലോ പുതിയ ലിപിയിലോ ഉള്ള അക്ഷരങ്ങള്‍ ആയിട്ടല്ല. സ്റ്റോര്‍ ചെയ്ത ഈ ഡിജിറ്റല്‍ കോഡ് വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടിനെ ആശ്രയിച്ചാണു് ലിപി രൂപപ്പെടുന്നതു്. അക്ഷരങ്ങളും ചിഹ്നങ്ങളും അവയ്ക്കു് എന്‍കോഡ് ചെയ്തിരിക്കുന്ന ഡിജിറ്റല്‍ വിവരവും അടങ്ങിയതാണു് ഫോണ്ടു്. ഫോണ്ടില്‍ അക്ഷരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പടങ്ങള്‍ അധവാ ഗ്ലിഫ് ആയിട്ടായിരിക്കും നല്‍കിയിരിക്കുന്നതു്. അവ പഴയ ലിപിയുടെയോ പുതിയ ലിപിയുടെയോ രൂപത്തില്‍ ആവാം. ഹാര്‍ഡ് ഡിസ്ക്കില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന 22 + 33 + 44 + 11 + 44 + 55 + 11 + 55 + 66 എന്ന ഡിജിറ്റല്‍ വിവരം വായിക്കുവാന്‍ കംപ്യൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഓരോ അക്കത്തിനും ഉതകുന്ന അക്ഷരം ഏതാണെന്നു ഫോണ്ടില്‍ തിരയും. അക്കത്തിനിണങ്ങുന്ന അക്ഷരം കിട്ടിയാല്‍ കംപ്യൂട്ടര്‍ അതിനെ മോണിറ്ററില്‍ നിരത്തി വയ്ക്കും. അധവാ ഇതില്‍ ഏതെങ്കിലും അക്ഷരം ഫോണ്ടില്‍ നിന്നും കിട്ടിയില്ല എങ്കില്‍ ആ അക്ഷരത്തിനു പകരം ചോദ്യചിഹ്നമോ ചതുരപ്പെട്ടിയോ ആയിട്ടു് മോണിറ്ററില്‍ കാണിക്കും. വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്ട് പഴയ ലിപി എങ്കില്‍ അതു് മുല്ലപ്പൂ എന്നും പുതിയ ലിപി എങ്കില്‍ അതു് മ‌ുല്ലപ്പ‌ൂ എന്നും തെളിയും.


പഴയ ലിപി ഉപയോഗിച്ചു ശീലച്ചവര്‍ മുഴുവന്‍ പേര്‍ക്കും പുതിയ ലിപിയില്‍ പഠിച്ചുതുടങ്ങിയ ഭൂരിഭാഗം പേര്‍ക്കും പഴയ ലിപിയോടാണു് താല്പര്യം എന്നിരിക്കേ അച്ചടി മേഘലയില്‍ വരാനിരിക്കുന്ന മാറ്റം എന്തായിരിക്കുമെന്നു കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. 1971 ല്‍ മലയാള ലിപിയെ വിരൂപമാക്കിയതില്‍ പങ്കുവഹിച്ചവര്‍ തന്നെ ഇതിനു് ഒരു സമാധാനം കാണ്ടെത്തും എന്നു് നമുക്കു് ആശിക്കാം. ശ്രേഷ്ഠഭാഷാപദവി കിട്ടിയ ഈ അവസരമാണു് ഒരു മാറ്റത്തിനു് ഏറ്റവും നല്ലതു്. ഒരു നല്ല നാളെയുടെ വാഗ്ദാനവുമായി വീണ്ടും ഒരു സര്‍ക്കാര്‍ ഉത്തരവു് ഉണ്ടാക്കാന്‍ ഇന്നത്തെ സര്‍ക്കാര്‍ തയ്യാറാവുമോ ആവോ.

.

No comments:

Post a Comment