Saturday 14 December 2013

മലയാള പണ്ഡിതന്‍ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു



"// പ്രാധമികമായി അഞ്ചും ഏഴും ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങളില്‍ പഴയ ലിപി അനുവര്‍ത്തിക്കാനാണു് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതു് //" - അഞ്ചിലേയും ഏഴിലേയും മാത്രം പാഠപുസ്തകങ്ങള്‍ പഴയ ലിപിയില്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനം എന്താണാവോ? പഴയ ലിപിയിലേക്കു് തിരിച്ചു പോക്കു് അത്യാവശ്യമാണെങ്കില്‍ അതു് തുടങ്ങേണ്ടതു് ഒന്നാം തരത്തില്‍ നിന്നല്ലേ? ഗൃഹപാഠം ചെയ്യാന്‍ ഒന്നാം തരത്തിലെ കുട്ടികളെ സഹായിക്കുന്ന അച്ഛനമ്മമാര്‍ പഠിച്ചതു് പുതിയ ലിപിയിലാണെന്നതു് കൊണ്ടു് അവര്‍ക്കതു് ബുദ്ധിമുട്ടാകും എന്നതിനാല്‍‍ പ്രക്ഷോഭം ഉണ്ടാക്കുമെന്നു പേടിച്ചിട്ടാണോ സര്‍ക്കാരിന്റെ ഈ പരിഷ്ക്കാരം?

"// മെഡിക്കല്‍ എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസം ഉന്നതതലങ്ങളില്‍ തന്നെ മാതൃഭാഷയിലായിരിക്കണമെന്നു് പല വിദഗ്ദ്ധരും ആവശ്യപ്പെട്ടതു് അംഗീകരിച്ചില്ല //" - ഫൈല്‍, പീരിയഡ്, ക്ലാസ്സ്, ടെക്നിക്കല്‍, എന്‍ജിനീയറിംഗ്, മെഡിക്കല്‍, ഇന്‍സ്റ്റിറ്റ്യൂട്ടു് എന്നീ പദങ്ങള്‍ക്കു പോലും തത്തുല്യമലയാളപദം മലയാളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു പോലും സൃഷ്ടിക്കാന്‍ സാധിക്കാത്തിടത്തു് ശാസ്ത്രിയവിഷയപഠനമാദ്ധ്യമവും മലയാളത്തില്‍ ആക്കണമെന്നു ആവശ്യമുന്നയിക്കുമ്പോള്‍ ഈ വിഷയങ്ങളില്‍ ലഭ്യമായ വിവരങ്ങള്‍ ഭൂരിഭാഗവും ഇംഗ്ലീഷിലാണെന്നും അവയിലെ നാമങ്ങള്‍ എല്ലാം മലയാളീകരിക്കുന്നതു് അസാദ്ധ്യമാണെന്നും നാം മറന്നു പോകുന്നില്ലേ? 

"// വ്യത്യസ്ത ലിപി കാരണം കമ്പ്യൂട്ടിംഗ് ഭാഷയില്‍ മലയാളം ഏറെ ബുദ്ധിമുട്ടുന്നുണ്ടു് //" - ആസ്കി ഫോണ്ടിന്റെ കാര്യത്തില്‍ ഇതു് ശരിയായിരിക്കാം പക്ഷെ യൂണിക്കോഡില്‍ ഈ പ്രശ്നം ഇല്ല. അതിനാല്‍ ആസ്കിയില്‍ നിന്നും യൂണിക്കോഡിലേക്കു് മാറുകയേ വേണ്ടൂ. ടൈപ്പടിച്ച മലയാളം ഏതു ലിപിയില്‍ ആയാലും ഉപയോക്താവിനു് ഇഷ്ടമുള്ള ലിപിയില്‍ വായിക്കണമെങ്കില്‍ അവനവനു് ഇഷ്ടമുള്ള ഫോണ്ടു് ഉപയോഗിക്കുകയേ വേണ്ടൂ എന്നു് പലര്‍ക്കും അറിയില്ല.

"// ...നേരത്തേ നിലവിലുള്ള കൈയെഴുത്തു് രീതിക്കു് ഒരു മാറ്റവും വരുത്തിക്കൂടാ എന്നും അദ്ധാപകരെക്കൊണ്ടു് കുട്ടികളോടു് നിര്‍ദ്ദേശിപ്പിക്കാന്‍ വിദഗ്ദ്ധര്‍ ശ്രദ്ധിക്കണമായിരുന്നു //" - പാഠപുസ്തകങ്ങള്‍ പുതിയ ലിപിയില്‍ അച്ചടിച്ചതു് അദ്ധ്യാപകരോ അവരുടെ മേലുദ്യോഗസ്ഥരോ വിദഗ്ദ്ധരോ ആയിരുന്നുവെങ്കില്‍ ഈ പറഞ്ഞതില്‍ കഴമ്പുണ്ടെന്നു പറയാമായിരുന്നു. പാഠപുസ്തകങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ അക്ഷരങ്ങള്‍ അദ്ധ്യാപകര്‍ എഴുതിക്കാണിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ചോദ്യം ചെയ്തതില്‍ തെറ്റു് ആരുടേതാണു്? അതിന്റെ ഫലമല്ലേ സങ്കരലിപി?

പഴയ ലിപി പഴയ ലിപി എന്നാവര്‍ത്തിച്ചു വാദിക്കുന്ന ലേഖനങ്ങള്‍ എല്ലാം പുതിയ ലിപിയില്‍ തന്നെ!

ഒന്നോര്‍ത്താല്‍ മലയാളിയുടെ സ്വതസിദ്ധമായ നിസ്സംഗതയല്ലേ എല്ലാത്തിനും കാരണം? അതിനു പരിഹാരമുണ്ടാവുമോ? കണ്ടറിയണം. 

No comments:

Post a Comment