Friday 17 January 2014

ചില ഭാഷാചിന്തകള്‍

പഠിക്കാന്‍ എളുപ്പമുള്ളതു മാത്രം പഠിപ്പിക്കുന്ന രീതിയാണോ അതോ എളുപ്പമുള്ളതും പ്രയാസമുള്ളതും എന്നു വകതിരിവില്ലാതെ ഭാഷയെ സംബന്ധിക്കുന്ന എല്ലാം പഠിപ്പിക്കുന്ന ഒരു സമ്പ്രദായം വരുന്നതാണോ നല്ലതു്. ഭാഷയെ കൂടുതല്‍ ശക്തമാക്കാനുള്ള ശേഷി അടുത്ത തലമുറയ്ക്കുണ്ടാവാന്‍ അതു നല്ലതല്ലേ. ലിപിയെ ചൊല്ലി തര്‍ക്കിക്കുന്നതിനു പകരം എല്ലാവരും എല്ലാ ലിപിയും, വട്ടെഴുത്തും കോലെഴുത്തും തഩതും പഴയതും പുതിയതും എല്ലാം പഠിക്കുന്നതില്‍ എന്താണു് തെറ്റു്. അതില്‍ നിന്നും കാലഘട്ടത്തിഌതകുന്ന ഒരു നല്ലലിപി ഉടലെടുത്തു വരുന്നതെന്തായാലും ഭാഷയ്ക്കു നല്ലതല്ലേ?

മലയാളത്തിലെ 51 അക്ഷരങ്ങള്‍ കൂടാതെ ഏകദേശം അത്രയും തന്നെ ഹിന്ദി അക്ഷരങ്ങളും 26 ആംഗലേയ അക്ഷരങ്ങളും ചേര്‍ത്തു് ഏകദേശം 127 അടിസ്ഥാന അക്ഷരങ്ങള്‍ പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന മലയാളി കുട്ടികള്‍ ഇപ്പോള്‍ തന്നെ പഠിക്കുന്നുണ്ടു്. കൂടാതെ മലബാര്‍ പ്രദേശങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന അറബി അക്ഷരങ്ങള്‍ വേറെ. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും മറ്റും ചേര്‍ത്തു വരുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം വീണ്ടും കൂടുന്നുണ്ടു്. സ്വദേശം വിട്ടു പോകുന്നവര്‍ പഠിക്കുന്ന അന്യഭാഷാക്ഷരങ്ങള്‍ വേറെ. ഇവയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി മനുഷ്യന്റെ തലച്ചോറിനുണ്ടു്. പിന്നെന്താ പ്രശ്നം.

Muscle പിടിക്കണോ എന്ന പദത്തിനു പകരം ദുര്‍വ്വാശി പിടിക്കണോ എന്നു് ചോദിക്കുന്നതല്ലേ ഉത്തമം എന്നു ചോദിക്കുന്നതില്‍ തെറ്റുണ്ടോ? രണ്ടിലേതായാലും ചോദ്യകര്‍ത്താവിനും ഉത്തരം പറയേണ്ട ആളിനും ആശയം വ്യക്തമാകും. ഉരുവിടുന്നതെല്ലാം മാതൃഭാഷയിലാവുന്നതു് നല്ലതു് തന്നെ എന്നിരിക്കിലും എല്ലാ വേളകളിലും അതു് അസാദ്ധ്യമാണു് പ്രത്യേകിച്ചും ശ്രോതാവു് അന്യഭാഷാപ്രയോഗിയാണെങ്കില്‍. മത സൗഹാര്‍ദ്ദം എന്നാല്‍ അന്യമതവികാരങ്ങളെ ബഹുമാനിക്കുകയെന്നതിലാണെന്ന പോലെ തന്നെ മാതൃഭാഷയെ സംരക്ഷിക്കുന്നതും അന്യഭാഷയെ അവഹേളിക്കാത്ത രീതിയില്‍ക്കൂടി ആയിരിക്കണം. ലോകത്തെ എല്ലാഭാഷയിലും അന്യഭാഷാ പദങ്ങള്‍ അതേപടിയോ രൂപഭേദപ്പെടുത്തിയ രീതിയിലോ പ്രയോഗിച്ചുപോരുന്നുണ്ടു്. അന്യഭാഷാപ്രദേശങ്ങളിലേക്കു് ചേക്കേറുമ്പോഴും അന്യഭാഷാജ്ഞാനം പങ്കിടുമ്പോഴും ആണു് ഇതിന്റെ ആവശ്യകത ഏറെ വേണ്ടിവരുന്നതു്. ഭാഷ കൊണ്ടുദ്ദേശിക്കുന്നതു് ആശയ വിനിമയം ആണെന്നിരിക്കേ ഈ വേളകളില്‍ അന്യനു മനസ്സിലാവാത്ത അവനവന്റെ മാതൃഭാഷ പ്രയോഗിക്കുന്നതിന്റെയും മാതൃഭാഷയില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്നതിന്റെയും ഔചിത്യക്കുറവു് ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലുള്ള സംഭാഷണം പൂര്‍ണ്ണമായോ ഭാഗികമായോ അന്യഭാഷയിലായാലും അതും ഔചിത്യമില്ലായ്മ തന്നെ. സംസാരശേഷിയില്ലാത്ത മൂകനുമായി ആശയവിനിമയം നടത്തുമ്പോള്‍ അവനറിയാവുന്നതു് ആംഗ്യഭാഷയാണോ അതോ ചുണ്ടനക്കമാണോ എന്ന തിരിച്ചറിവോടെ അവനു അറിയാവുന്ന രീതിയില്‍ തന്നെ നമ്മള്‍ അവനോടു് സംസാരിക്കേണ്ടിയിരിക്കുന്നു. അതു് ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ അവന്റെ ഭാഷ നമ്മള്‍ അംഗീകരിക്കുകയല്ലേ ചെയ്യുന്നതു്. ഇതേ സമീപനമായിരിക്കണം അന്യഭാഷക്കാരനോടു് നമ്മുടെ സമീപനം. എന്നാലേ പരസ്പരബഹുമാനം നിലനിന്നുകൊള്ളുകയുള്ളു.

ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിലെ ഭാഷാപഠനരീതികളെ എതിര്‍ക്കുന്നതിനു മുന്‍പു് അതു് കൂടുതല്‍ പ്രചാരം നേടാന്‍ കാരണമെന്താണെന്നു കൂടി പരിശോധിക്കുന്നതു് നന്നായിരിക്കും. മലയാളം ആദ്യഭാഷയാക്കിയാല്‍ മാത്രമേ മലയാളത്തിനു ഭാവിയുള്ളു എന്നു വാദിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കു് മലയാളത്തോടു് ചിറ്റമ്മനയമുണ്ടാകുമെന്നു ചിന്തിക്കുന്നതിലും കാര്യമില്ല. ഭാഷയോടുള്ള സ്നേഹം അടിച്ചേല്‍പ്പിക്കപ്പെടേണ്ട സംഗതിയല്ല. ശാസ്ത്രവിഷയങ്ങളിലുള്ള വിജ്ഞാനം ഏറ്റവും കൂടുതല്‍ ഉള്ളതും ലോകത്തു് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ എന്ന നിലയിലും ഇംഗ്ലീഷിനുള്ള സ്വാധീനം മറക്കാവുന്നതല്ല. ഇംഗ്ലീഷിനോടൊപ്പം ലോകത്തെ വേറെ ഏതു ഭാഷയും വളരണമെങ്കില്‍ എല്ലാ ഭാഷകളിലും എല്ലാവിധ പദപ്രയോഗങ്ങളും അതാതു ഭാഷകളില്‍ ലഭ്യമായിരിക്കണം. ഈ സ്ഥിതിവിശേഷത്തിലേക്കു വേണം മലയാളം വളരേണ്ടതു്. മലയാളത്തിലെ പദ സമ്പത്തു് വളര്‍ത്തിയെടുക്കാന്‍ മലയാളം അറിയാവുന്നവര്‍ക്കേ സാധിക്കുകയുള്ളു. പക്ഷെ പലപ്പോഴും ഇംഗ്ലീഷിലെ വാക്കുകള്‍ക്കു് പുതിയ തത്തുല്യ മലയാളപദം കണ്ടുപിടിച്ചു പ്രയോഗിക്കുന്നതില്‍ മലയാളിയും മലയാളഭാഷാവിദഗ്ദ്ധരും അതിനായി നിലകൊള്ളുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു പോലും ദയനീയമായി പരാജയപ്പെടുന്നതാണു് നാം കാണുന്നതു്. മലയാളഭാഷ ശ്രേഷ്ഠമാക്കാന്‍ ഈ കാര്യത്തിനു ഒരു നീക്കുപോക്കുണ്ടാക്കാതെ എളുപ്പത്തിനു് അന്യഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ചുപയോഗിക്കുന്ന രീതിയുടെ അനന്തരഫലത്തിന്റെ ഒരു വകഭേദമാണു് നാം ഇന്നു സര്‍വ്വസാധാരണമായി കണ്ടുവരുന്ന സങ്കരപദപ്രയോഗഭാഷയായ മംഗ്ലീഷെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭാഷ.

മലയാളക്കരക്കു് ഇന്നു അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിലകൊള്ളാന്‍ ആവുന്നുണ്ടോ? ദൈനംദിന ജീവിതത്തിനു ആവശ്യമുള്ള ഭക്ഷണം തൊഴില്‍ എന്നിവയ്ക്കു പോലും നമ്മള്‍ക്കു് സ്വയംപര്യാപ്തതയുണ്ടോ? ഈ സാഹചര്യത്തില്‍ ജീവിതമാര്‍ഗ്ഗത്തിനായി വിദേശത്തും മറ്റും പോകുന്നവര്‍ക്കു് ആശയവിനിമയത്തിനും തൊഴിലിനും അന്യഭാഷയെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിക്കു് മലയാളം മാത്രം പഠിക്കുന്നതു് കൊണ്ടു് പ്രയോജനമുണ്ടോ? അപ്പോള്‍ അവര്‍ക്കു് സ്വന്തം നിലനില്‍പ്പിനു് അന്യഭാഷാ പഠനം അത്യാവശ്യമാണു്, പ്രത്യേകിച്ചും ലോകത്തെവിടെ ചെന്നാലും പ്രായോഗികമാവുന്ന ഇംഗ്ലീഷു് പഠനം.

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ സ്ഥിതി എന്തായാലും സ്വന്തം മാതൃഭാഷ എന്ന നിലയില്‍ മലയാളം സ്ക്കൂളുകളില്‍ പഠിക്കുന്നതു് മലയാളിക്കു് ആവശ്യമാണു താനും. അതു് ആദ്യഭാഷയാണോ രണ്ടാം ഭാഷയാണോ എന്നതില്‍ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. മലയാളം മീഡീയം ഇംഗ്ലീഷു് മീഡിയം എന്നീ രീതിയില്‍ രണ്ടു തരത്തിലുള്ള വിദ്യാഭാസസമ്പ്രദായം ഇന്നു സംസ്ഥാനത്തു് നിലവിലുണ്ടു്. അതില്‍ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടതു് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ആണു്. ഒരു സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടു് ഏതു ഭാഷയിലായിരിക്കണം നാട്ടുകാര്‍ പഠിക്കേണ്ടതു് എന്നു് തീരുമാനിച്ചു് ഒരു സര്‍ക്കാര്‍ ഉത്തരവിറക്കി അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. പഠനം ദ്വിഭാഷയിലും അതിനു അധികമായി മുന്നാമൊതൊരു ഭാഷയും കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റി മറിക്കേണ്ട കാര്യമല്ല. പ്രാധമികപഠനഭാഷ ഏതാണെങ്കിലും മലയാളത്തിനോടു് പ്രിയമുള്ളവര്‍ എന്തായാലും അതു് പഠിച്ചുകൊള്ളും. താല്‍പ്പര്യം ഇല്ലാത്തവര്‍ അന്യഭാഷ പഠിക്കുന്ന രീതിയില്‍ തന്നെ തുടരും. പുതിയ ലിപി കൈയെഴുത്തില്‍ ഉപയോഗിക്കരുതു് എന്നൊരു ഉത്തരവു് പാലിച്ച മലയാളികള്‍ എത്രപേര്‍ കേരളസംസ്ഥാനത്തുണ്ടു് എന്നു പിരശോധിച്ചാല്‍ തന്നെ ഇതു മനസ്സിലാവും.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു. കേന്ദ്രത്തില്‍ പോയി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വഴക്കുണ്ടാക്കി നേടിയെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി. കേന്ദ്രത്തില്‍ നിന്നും കുറച്ചു് സാമ്പത്തിക സഹായം കിട്ടും എന്നും മലയാളികളുടെ അഭിമാനം ലോകദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടു എന്നും അല്ലാതെ അതുകൊണ്ടു് മലയാള ഭാഷയ്ക്കു് എന്തു നേട്ടമുണ്ടായി എന്നു ചോദിക്കുന്നതു് അന്യരല്ല, മലയാളികള്‍ തന്നെയാണു് എന്ന സ്ഥിതിക്കു കാരണക്കാരാരാണു്? കേന്ദ്രസര്‍ക്കാരാണോ? അതോ ഇരുന്നൂറു് വര്‍ഷത്തെ ഭരണത്തിനിടയില്‍ തങ്ങളുടെ ഭാഷ ഒരു ജനതയെ അടിച്ചേല്‍പ്പിച്ച ബ്രിട്ടീഷ് സായിപ്പാണോ?

മലയാളഭാഷയ്ക്കു് സംഭാവന നല്‍കിയ ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍,(പഴയ കാല സാഹിത്യകാരുടെ എണ്ണം എടുക്കാല്‍ കൈപ്പത്തിയിലെ വിരലുകള്‍ മതിയാവില്ല) മുതല്‍പേരുടെ നിലവാരത്തിലേക്കോ അതിനപ്പുറമോ ഉയരാന്‍ ശ്രമിക്കുന്ന സാഹിത്യകാര്‍ മലയാളത്തില്‍ എത്രപേര്‍ ഇന്നുണ്ടു് ? ധാരാളം ആള്‍ക്കാര്‍ ഉണ്ടെന്നു തന്നെ കരുതുക. കരുതുകയല്ല, ഉണ്ടെന്നു തന്നെ അംഗീകരിക്കുക. പഴയവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകള്‍ക്കൊപ്പം തോളോടുതോള്‍ നില്‍ക്കാവുന്ന സംഭാവനകള്‍ നല്‍കിയവര്‍ എത്ര പേര്‍? സംസാരിക്കുമ്പോഴും അവരവരുടെ കൃതികളിലും ആംഗലേയ പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ മലയാളം ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ എത്രപേര്‍? എന്തിനധികം പറയുന്നു മലയാളികള്‍ കണ്‍മുന്‍പില്‍ കാണുന്ന സിനിമകളുടെ പേരില്‍ പോലും ധാരാളം ആംഗലേയപദങ്ങളില്‍ ഇറങ്ങുന്നില്ലേ? അപ്പോള്‍ പിന്നെ ആം ആദ്മി (നിലവിലുള്ള പുതിയ പ്രയോഗം - ഹിന്ദിയില്‍ നിന്നും കടമെടുത്തതു്) യുടെ കാര്യം പറഞ്ഞിട്ടു കാര്യമുണ്ടോ?

കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ പോകുന്ന ധനസഹായമെങ്കിലും നല്ലവണ്ണം പ്രയോജനപ്പെടും (?) എന്നു നമുക്കാശിക്കാം.

ഇനി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ പല തരം ആയി വിഭജിക്കാം. 1 .പരമ്പരാഗതഭാഷാസമ്പത്തു് സംരിക്ഷിക്കുക 2. അടിസ്ഥാന പഠന-ഗവേഷണസൗകര്യം വര്‍ദ്ധിപ്പിക്കുക 3. ഭാഷയെ ബലപ്പെടുത്തുക 4. വിദ്യാഭ്യാസം മെച്ചപ്പെടുത്തുക

മലയാളഭാഷയിലെ പരമ്പരാഗത സമ്പത്തുകളെല്ലാം ആരുമായി പങ്കിടാതെ കാലയവനികയില്‍ മറയുന്ന രീതി മാറി അവ ശേഖരിക്കപ്പെടണം. ആര്‍ക്കു് എപ്പോള്‍ വേണമെങ്കിലും അവ ലഭ്യമാവുകയും വരും തലമുറയ്ക്കു് അവ പ്രയോജനപ്പെടുന്ന രീതിയില്‍ പ്രായോഗികമാക്കുവാന്‍ സാദ്ധ്യമാവുകയും വേണം.

നിലവിലുള്ള ഒരു പ്രാധമികവിദ്യാലയത്തിന്റെ നാമധേയം മാറ്റി യൂണിവേര്‍സിറ്റി എന്നാക്കി പുരോഗമനം വരുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശൈലി മാറണം. വിമാനത്താവളങ്ങളും, കായികസ്ഥലങ്ങളും പുതുതായി ഉണ്ടാക്കാന്‍ സ്ഥലം കണ്ടെത്താമെങ്കില്‍ മലയാള സര്‍വ്വകലാശാലയ്ക്കും സ്ഥലം കണ്ടെത്താനാണോ പ്രയാസം? തങ്ങളുടെ നിയോജകമണ്ഡലത്തിലായിരിക്കണം എന്നു ആരും ശഠിക്കാതിരുന്നാല്‍ തന്നെ വഴി എളുപ്പമാകും. എത്ര ഏക്കര്‍ സ്ഥലം അതിനായി വിട്ടുകൊടുക്കണം എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളു. തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരകം അതു പോലെ തന്നെ തുടരുന്നതില്‍ എന്താണു് തെറ്റു്? വേറെ സ്ഥലം കണ്ടെത്തുന്നതല്ലേ നല്ലതു്? അങ്ങനെയാകുമ്പോള്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കേന്ദ്രസഹായം പ്രായാഗികമായി പ്രയോജനപ്പെടുത്താവുന്നതല്ലേയുള്ളു.

ഭാഷയെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ തന്നെ മുന്‍കൈ എടുത്താല്‍ തന്നെ ധാരാളം. മലയാളക്കരയിലെ സാഹിത്യകാരന്മാര്‍ക്കു് മാസത്തില്‍ ഒരിക്കലെങ്കിലും ഒത്തൊരുമിക്കാന്‍ ഒരു വേദി സര്‍ക്കാര്‍ തന്നെ ഒരുക്കട്ടെ. മലയാള സാഹിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളും മലയാളഭാഷയെ എങ്ങനെ കൂടുതല്‍ ശക്തമാക്കാം എന്ന ചര്‍ച്ചകള്‍ക്കും ഇതു വഴിയൊരുക്കും. അന്യഭാഷാപദങ്ങള്‍ മലയാളീകരിക്കാനും അവ പ്രചരിപ്പിക്കാനും ഉള്ള ശ്രമവും ഉണ്ടാവണം. ഒരു ദിവസം ഒരു വാക്കു് എന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ വഴി ഇതു് ചെയ്യാവുന്നതല്ലേയുള്ളു.

വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നാളത്തെ നാടിന്റെ സമ്പത്താണു്. പാഠപുസ്തകങ്ങള്‍ക്കു പുറമെ ഭാഷയുടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്കു് അവസരം ലഭിക്കാന്‍ പാഠശാലകളിലെ പുസ്തകശാലകള്‍ മെച്ചപ്പെടുത്തണം. ഭാഷാചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, പദ്യസാഹിത്യം, ഗദ്യസാഹിത്യം തുടങ്ങി ഭാഷയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും പ്രാധമികതലങ്ങളില്‍ തന്നെ പഠിച്ചു തുടങ്ങട്ടെ. മറ്റു ഭാഷകളെ പോലെ മലയാളം പഠനം അത്ര എളുപ്പമുള്ള കാര്യമല്ല. പഠനം എങ്ങനെ എളുപ്പമാക്കാം എന്നു ചിന്തിച്ചു് അതിനനുസരിച്ചു് പഠിപ്പിക്കുന്ന രീതിയും ഭാഷയും തിരുത്തി പ്രയോഗിക്കുകയല്ല വേണ്ടതു്. തനിക്കു വേണ്ടി ഭാഷ എങ്ങനെ വഴങ്ങും എന്നു ശ്രമിക്കുന്നതിനു പകരം ഭാഷയുടെ ആവശ്യത്തിനനുസരിച്ചു് തനിക്കു് എങ്ങനെ ഉയരാന്‍ സാധിക്കും എന്ന ചിന്താഗതിയിലേക്കു് മലയാളി വളരണം.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.

No comments:

Post a Comment