Sunday 19 January 2014

മരിച്ചുപോകുമോ മലയാളഭാഷ

ജനയുഗം വാരിക - സെപ്തംബര്‍ 2007 - ലേഖകന്‍: അഷ്ടമൂര്‍ത്തി

സെപ്തംബര്‍ 20ലെ ഹിന്ദു പത്രത്തില്‍ ജീവന്‍ അപകടത്തിലായ ഭാഷകളെപ്പറ്റി ഒരു വാര്‍ത്തയുണ്ടു്. ആസ്ട്രേലിയയുടെ ഉള്‍നാടുകള്‍ മുതല്‍ സൈബീരിയ അടക്കം ഓക്ലഹോമ എന്ന അമേരിക്കന്‍ സംസ്ഥാനം വരെ ചരിത്രവും പാരമ്പര്യവുമുള്ള പലേ ഭാഷകളും മരിച്ചുകൊണ്ടിരിക്കുകയാണു്. ലോകത്തില്‍ ഇപ്പോള്‍ ആകെ 7000 ഭാഷകളുണ്ടു്. അതില്‍ ഒരെണ്ണം വീതം ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ മരിച്ചുപോയ്ക്കൊണ്ടിരിക്കയാണു്. അവയില്‍ ചിലതിനെയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണു് ചില ഭാഷാശാസ്ത്രജ്ഞന്മാര്‍.

ഭാഷ നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ അറിവു് നഷ്ടപ്പെടുക എന്നാണു് അര്‍ത്ഥമെന്നു് അവരിലൊരാളായ പ്രൊഫസര്‍ ഡേവിഡ് ഹാരിസണ്‍ പറയുന്നു. ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ നൂറ്റാണ്ടുകളുടെ മനുഷ്യചിന്തയാണു് നഷ്ടപ്പെടുന്നതു്. ഇന്നുള്ള ഭാഷകളില്‍ പകുതിയും ലിപിയില്ലാത്തതാണു്. അതുകൊണ്ടുതന്നെ ആ ഭാഷ സംസാരിക്കുന്ന അവസാനത്തെ ആള്‍ മരിച്ചുപോവുന്നതോടെ അതു് എന്നെന്നേക്കുമായി നശിച്ചു പോകുന്നു. നിഘണ്ടുവോ സാഹിത്യമോ ഒന്നും അവശേഷിപ്പിക്കാതെയാണല്ലോ അയാള്‍ യാത്രയാവുന്നതു്.

ഭാഷ നശിച്ചുപോവുന്നതു് എപ്പോഴാണു്? സമുദായത്തില്‍ സ്വന്തം ഭാഷ ഒരു തടസ്സമാണെന്നു പരുമ്പോഴാണു് എന്നു ഹാരിസണ്‍ പറയുന്നു. പ്രത്യേകിച്ചും കുട്ടികളുടെ ഭാഗത്തു നിന്നാണു് അതു സംഭവിക്കുക. എണ്‍പത്തിമൂന്നു് ഭാഷകളിലാണു് ലോകജനസംഖ്യയുടെ 80%-വും സംസാരിക്കുന്നതു്. ആകെയുള്ള ഭാഷകളില്‍ 3500 എണ്ണം ഉപയോഗിക്കുന്നതു് വെറും 0.02 ശതമാനമാണു്. അപ്പോള്‍ അവയുടെ ദയനീയാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. ജീവജാലങ്ങളേക്കാള്‍ വംശനാശഭീഷണി ഇപ്പോള്‍ ഭാഷകള്‍ക്കാണെന്നും പറയുന്നുണ്ടു് ഹാരിസണ്‍.

കൂടുതല്‍ പരതിനോക്കാന്‍ തോന്നിയതു് അപ്പോഴാണു്. ആകെ ഭാഷകള്‍ കൃത്യമായി പറഞ്ഞാല്‍ ഏഴായിരമല്ല. 6912 ആണു്. അതില്‍ പകുതിയോളം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നശിച്ചു പോകുമത്രേ. ഇപ്പോള്‍ത്തന്നെ മരണശയ്യയിലായ ഭാഷകള്‍ 516 എണ്ണമാണു്. മരണശയ്യായിലായി എന്നു വെച്ചാല്‍ വയസ്സായ വളരെ കുറച്ചു പേര്‍ മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്നാണു് അര്‍ത്ഥമാക്കുന്നതു്.

അവയില്‍ നമ്മുടെ ഭാഷകള്‍ വല്ലതുമുണ്ടോ എന്നാണു് ആദ്യം അന്വേഷിച്ചതു്. ഉവ്വു്. നാലു് ഇന്ത്യന്‍ ഭാഷകളുണ്ടു്. ആന്‍ഡമാനിലെ അപുസിക്വാര്‍, അസമിലെ ഖാംയുങ്, ഒറീസ്സയിലെ പരെംഗോ, മേഘാലയത്തിലെ രുഗാ. ഊഹിച്ചപോലെത്തന്നെ എല്ലാം ലിപിയില്ലാത്ത ഭാഷകളാണു്.

ലോകഭാഷാഭൂപടത്തില്‍ എവിടെയായിരിക്കും ഇന്ത്യന്‍ ഭാഷകളുടെ സ്ഥാനം? കൂടുതല്‍ പേര്‍ സംസാരിക്കുന്ന ക്രമമനുസരിച്ചു് ഹിന്ദിക്കു് 5-ഉം, ബംഗാളിക്കു് 7-ഉം, തെലുഗിനു് 12-ഉം, മറാഠിക്കു് 13-ഉം, തമിഴിനു് 16-ഉം ആണു് സ്ഥാനങ്ങള്‍. ഉര്‍ദ്ദുവിനാണു് ഇരുപതാം സ്ഥാനം. മലയാളത്തിനു്ഇരുപത്തിയേഴാം സ്ഥാനം ഉണ്ടു്. മൂന്നു കോടി എഴുപതു ലക്ഷം പേര്‍ സംസാരിക്കുന്നു. അതുകൊണ്ടു് പരിഭ്രമിക്കാനില്ല. ഓക്സിജന്‍ അത്യാവശ്യമായിട്ടില്ല.

ഓക്സിജന്‍ കൊടുക്കാറായില്ല എന്നതുകൊണ്ടുമാത്രം മരണമില്ല എന്നു പറയാനാവുമോ? അല്ലെങ്കില്‍ തന്നെ നമ്മുടെ ഭാഷയ്ക്കു് 1500 വര്‍ഷത്തേയോ മറ്റോ പഴക്കമേയുള്ളു. ഒരു കാലത്തു് പ്രതാപിയായിരുന്ന സംസ്കൃതത്തിന്റെ സ്ഥിതി നമുക്കറിയാം. കഷ്ടിപഷ്ടി 50,000 പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയാണു് ഇന്നതു്. അതുകൊണ്ടു് ഏറെ അഹങ്കാരമൊന്നും വേണ്ട.

ഭാഷ വളരുന്നതു് അതു് എല്ലാ വിഭാഗവും ഉപയോഗിക്കുമ്പോഴാണു്. അതിനു ഭരണം തന്നെ ആ ഭാഷയിലാക്കണം എന്നാണു് സര്‍ക്കാര്‍ നിശ്ചയം. പണ്ടുപണ്ടു് ടൈപ്പ്റൈറ്റര്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്തു് അതിനു വഴങ്ങുന്നതാവേണ്ടിയിരുന്നു ഭാഷ. അതിനുവേണ്ടി നമ്മുടെ ഭാഷയുടെ ലിപിവിന്യാസത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. എഴുപതുകളുടെ തുടക്കത്തിലായിരുന്നു അതു്. മാതൃഭൂമി പത്രത്തില്‍ ഒരു കോളം വാര്‍ത്ത പുതിയ ലിപി ഉപയോഗിച്ചു കൊടുക്കാന്‍ തുടങ്ങി. എന്‍ വി കൃഷ്ണവാര്യരുടെ ഉത്സാഹമായിരുന്നു അതെന്നു തോന്നുന്നു. തീരെ പരിചിതമല്ലാത്ത ആ ലിപവിന്യാസം അന്നു് പല യാഥാസ്ഥിതികരുടെയും നെറ്റി ചുളിപ്പിച്ചു. മലയാളം മരിക്കാന്‍ പോവുകയാണു് എന്നു് അവര്‍ മുറവിളി കൂട്ടി. ഇത്രയധികം കൂട്ടക്ഷരമുള്ള ഭാഷയെ മെരുക്കിയെടുക്കുക എളുപ്പമല്ല എന്നെങ്കിലും അവര്‍ മനസ്സിലാക്കേണ്ടിയിരുന്നു.

സഞ്ജയന്‍ 1938-ല്‍ത്തന്നെ ഇതിനെ പരാമര്‍ശിച്ചിട്ടുണ്ടു്. 'അച്‌ച‌ുക‌ൂടക്‌കാര്‍ക്‌ക‌ു വേണ്‌ടി' എന്ന ലേഖനത്തില്‍. അടുത്ത കാലം വരെ സര്‍ക്കാര്‍ വക കത്തുകള്‍ വായിച്ചു തീര്‍ക്കുന്നതു് ഒരു തരം പീഡനം തന്നെയായിരുന്നു. മാതൃഭൂമി ഉപയോഗിച്ച ലിപിയും സഞ്ജയന്‍ പറഞ്ഞപോലെ 'പ്‌റതിഫലത്‌തിന്റെ കാര്‌യത്‌തില്‍ താങ്‌കള്‌ക്‌കിഷ്‌ടമെങ്‌ങനെയോ അങ്‌ങനെ ചെയ്‌യ‌ുന്‌നത് എനിക്‌ക് സമ്‌മതമാണെന്‌ന് പറയേണ്‌ടതില്‌ലല്‌ലോ' എന്ന മട്ടിലായിരുന്നു. യഥാസ്ഥിതികര്‍ ആശങ്കപ്പെട്ടതില്‍ അവരെ കുറ്റം പറയാന്‍ വയ്യ.

ഏതായാലും ലിപി പരിഷ്കരണസമിതി കൂറച്ചുകൂടി വിട്ടുവീഴ്ച ചെയ്തു് പുതിയ സമ്പ്രദായം നടപ്പിലാക്കി. അതാണു് ഇന്നു് സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള രീതി. കംപ്യൂട്ടര്‍ സാര്‍വത്രികമായപ്പോള്‍ ഉപയോഗിച്ചതും ഈ രീതി തന്നെ. പിന്നീടു് കെ എച്ച് ഹുസ്സൈനും ചിത്രജകുമാറും ചേര്‍ന്നുണ്ടാക്കിയ രചന സോഫ്റ്റ്‌വെയര്‍ പഴയ ലിപിയുടെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയെങ്കിലും അതു് വേണ്ടത്ര ജനകീയമായില്ല. പഴയ ലിപിയിലേക്കുള്ള മടങ്ങിപ്പോക്കു് അപ്പോഴേക്കും വായനക്കാര്‍ക്കു് അത്ര പ്രിയമല്ലാതായി. എം എസ് വേഡുമായി ഒത്തുപോവാനുള്ള വിഷമവും ഒരു കാരണമായിട്ടുണ്ടാവാം.

യഥാര്‍ത്ഥ പരാജയം അതായിരുന്നില്ല. മലയാളം സോഫ്റ്റ്‌വേറില്‍ ഒരു മാനകീകരണം ഉണ്ടാവാത്തതായിരുന്നു. അതുകൊണ്ടുതന്നെ നമുക്കു് ഈ രംഗത്തു് വേണ്ടത്ര മുന്നോട്ടു പോവാനായില്ല. സി-ഡാ്കിന്റെ ഐഎസ്എം ജിസ്റ്റ് ഏറ്റവും ജനപ്രീയമായിട്ടും പലരും അതു് ഏറ്റെടുത്തില്ല. ഓരോ പത്രവും സ്വന്തം സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസൗകര്യം വലുതാണു്.

ഇതിനൊക്കെ ഒരു ബദല്‍ സഞ്ജയന്‍ ആ ലേഖനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. റോമന്‍ ലിപി സമ്പ്രദായം അംഗീകരിക്കുന്നതാണു് നല്ലതു് എന്നു്. ലേഖനം അവസാനിക്കുന്നതു്. athente abhiprayam, ningal enthu vicharikkunnu, Sir? Anganeyallenkil parayin! എന്നാണു്. അക്കാലത്തു് അതൊരു തമാശയായിട്ടേ തോന്നിയിട്ടുള്ളു. പക്ഷെ ഇന്നതു് വായിക്കുമ്പോള്‍ നമുക്കു് അത്ഭുതം തോന്നും. എസ് എം എസ്സിലും ഈ മെയിലിലും മറ്റുമായി ഈ സമ്പ്രദായം ഇന്നു് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സഞ്ജയന്‍ എത്ര ദീര്‍ഘദൃഷ്ടിയുള്ള ആളായിരുന്നു എന്നു് ഇപ്പോഴാണു് മനസ്സിലായതു്. ഒരു പക്ഷെ ഈ നൂറ്റാണ്ടിന്റെ ഒടുക്കമാവുമ്പോഴേക്കും മലയാളം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക ഇത്തരത്തിലായിരിക്കും. ക്രമേണ ഇപ്പോഴത്തെ നമ്മുടെ ലിപി പണ്ടത്തെ വട്ടെഴുത്തു പോലെ വായിക്കാന്‍ പറ്റാത്തതാകും. നമ്മുടെ പത്രങ്ങള്‍ പോലും ഈ സമ്പ്രദായം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവും. പഴയ പുസ്തകങ്ങളൊക്കെ ആര്‍ക്കും വായിക്കാന്‍ പറ്റാത്തവണ്ണം ഉപയോഗശൂന്യമാവും. അല്ലെങ്കില്‍ അവയൊക്കെ ഇപ്പറഞ്ഞ മംഗ്ലീഷിലേക്കു് മാറ്റേണ്ടിവരും.

ലിപി നഷ്ടപ്പെട്ടാല്‍ ഭാഷ നിലനില്‍ക്കുമോ? നമ്മുടെ ഭാഷയുടെ ആയുസ്സിനെപ്പറ്റി ആശങ്ക വീണ്ടുമുയരുന്നു. ഇനി എത്ര നൂറ്റാണ്ടുകള്‍ ഇതു നിലനില്‍ക്കും? ഒരു നാനൂറു കൊല്ലത്തിലധികം സാദ്ധ്യതയില്ല എന്നു വി കെ എന്‍ പറയാറുണ്ടായിരുന്നു. ടെക്നോളജിയുടെ കടന്നുകയറ്റമാണു് കാരണമായി പറഞ്ഞതു്. ഇന്നതു് കുറേശ്ശെക്കുറേശ്ശെയായി അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ മാത്രം ഒരു ലക്ഷം പേര്‍ മലയാളം മീഡിയത്തില്‍ നിന്നു് അക്കൊല്ലം കൊഴിഞ്ഞുപോയിട്ടുണ്ടു്. അക്കണക്കില്‍ ഒരു പത്തു ലക്ഷം പേര്‍ കേരളത്തിലൊട്ടാകെ മലയാളം ഉപേക്ഷിച്ചിട്ടുണ്ടാവണം. കുട്ടികള്‍ ഉപേക്ഷിക്കുന്നതാണു് ഒരു ഭാഷയുടെ മരണത്തിന്റെ തുടക്കം എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ടു്. അപ്രത്യക്ഷമാവുന്ന ഭാഷയുടെ ലക്ഷണം അതു് മാതൃഭാഷയായി കുട്ടികള്‍ പഠിക്കാതാവുമ്പോഴാണു് എന്നും. അതു രണ്ടും മലയാളത്തിനു് സംഭവിച്ചുകൊണ്ടിരിക്കുകയാണു്.

പോരാത്തതിനു് ഇന്നു് നമ്മുടെ ഭാഷയില്‍ മലയാളം വാക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോടു് വെറുതെ ഒരു കുശലം ചോദിച്ചതാണു് പ്രാതല്‍ കഴിഞ്ഞോ എന്നു്. കുട്ടിക്കു മനസ്സിലായില്ല. ചോദ്യം ആവര്‍ത്തിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ ബ്രേക്ഫാസ്റ്റ് കഴിഞ്ഞോ എന്നു ചോദിച്ചിട്ടേ മറുപടി കിട്ടിയുള്ള. എന്തിനു് ആ കുട്ടിയെ പരയണം? നമ്മുടെ പത്രങ്ങള്‍ പോലും ഇലക്ഷന്‍ വാഴ്സിറ്റി എന്നൊക്കെയല്ലേ എഴുതുന്നതു്! ടി വി യുടെ കാര്യം പറയാനുമില്ല. ഇപ്പോഴത്തെ ജനപ്രിയ പരിപാടിയായ റിയാലിറ്റി ഷോയില്‍ അധികം പേരും സംസാരിക്കുന്നതു് ഇംഗ്ലീഷിലോ ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിലോ ആണു്. 'ഈ സോങ് തന്നെ സെലക്റ്റ് ചെയ്യാന്‍ എന്താ റീസണ്‍' എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ എന്നും കേട്ടുകൊണ്ടിരിക്കുകയാണു്. കുന്നംകുളത്തുകാരനു് കുന്നംകുളം ഭാഷ, ഇരിഞ്ഞാലക്കുടക്കാരനു് ഇരിഞ്ഞാലക്കുട ഭാഷ എന്നു് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ടെങ്കിലും കേരളം മുഴുവന്‍ ഒരേ ഭാഷ സംസാരിക്കുന്ന കാലം അത്ര വിദൂരമല്ല. ഭാഷയുടെ തനിമ നഷ്ടപ്പെടുന്നതു് ഭാഷയുടെ മരണത്തിലേക്കുള്ള വഴി തുറക്കുകയല്ലേ?

ഭാഷയുടെ കൂട്ടമരണത്തില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം ഉണ്ടു് എന്നതാണു് ഏറ്റവും വലിയ തമാശ. മാത്രമല്ല അതു പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അവര്‍ക്കു് അഭിപ്രായമുണ്ടു്. ഭാഷയുടെ എണ്ണം കുറഞ്ഞാല്‍ ആശയവിനിമയം കുറേക്കൂടി എളുപ്പവും ശക്തവും ആവുംപോല്‍. വിവര്‍ത്തനത്തിനും മറ്റുമായി ഉപോയഗിക്കുന്ന പണവും സമയവും ലാഭിക്കാന്‍ കഴിയും. വ്യാപാരവിജയത്തിനു് ഉത്തമം ഒരൊറ്റ ഭാഷയ്ക്കു് വഴങ്ങിക്കൊടുക്കുകയാണു് എന്ന ഒരു തീവ്രവാദവുമുണ്ടു്.

അപ്പോള്‍ അതേതു ഭാഷയാവണം? അതിനക്കുറിച്ചാവും കലഹത്തിനു സാദ്ധ്യത. പലരും കരുതുന്നതു പോലെ അതു് ഇംഗ്ലീഷാവില്ല. അതിനു് 31 കോടി ആളുകളുടെ പിന്തുണയേയുള്ളു. 121 കോടിയുള്ള ചൈനീസിനു തന്നെയാണു് അതിനു് അര്‍ഹതയുള്ളതു്. പോരാത്തതിനു് 2050 ആവുമ്പോഴേക്കും ചൈനയാവും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന പ്രവചനവുമുണ്ടു്. 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധം വന്നപ്പോള്‍ ഇനി ചൈനയാണു് ഇന്ത്യ ഭരിക്കാന്‍ പോവുന്നതെന്നു് കരുതി തമിഴ് ബ്രാഹ്മണര്‍ ചൈനീസ് ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കാന്‍ തുടങ്ങി എന്നു് ഒരു വി കെ എന്‍ കഥയിലുണ്ടു്.

കൂട്ടുകാരേ, നിങ്ങളുടെ പക്കല്‍  ചൈനീസ്-മലയാളം ഭാഷാസഹായി ഉണ്ടോ ഒരു കോപ്പി കിട്ടാന്‍?

(28.09.2007)

.

No comments:

Post a Comment