Thursday 16 January 2014

മലയാളത്തിനു് സര്‍വകലാശാല വരുമ്പോള്‍


ലേഖകന്‍ - കെ എം ഭരതന്‍

തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വകലാശാല കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികള്‍ക്കു് സമര്‍പ്പിച്ചിരിക്കുകയാണു്. മുഴുവന്‍ മലയാളികള്‍ക്കും ആഹ്ലാദവും അഭിമാനവും പകരേണ്ട ഒരു ചരിത്രമുഹൂര്‍ത്തം. പക്ഷേ വാസ്തവത്തില്‍ അങ്ങനെയായോ എന്ന സന്ദേഹം ഇപ്പോഴുമുണ്ടു്. സര്‍വകലാശാലാ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണു് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയതു്. പത്തോളം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഒരു സര്‍വകലാശാല കൂടി വന്നു എന്നാണു് പൊതുവിലുള്ള പ്രതികരണം. എന്നാല്‍ വൈകിയാണെങ്കിലും ഒരു ചരിത്രനിയോഗം നാം ഏറ്റെടുത്തുവെന്ന പ്രതീതിയാണു ചിലര്‍ക്കുള്ളതു്. മലയാളത്തിനുമാത്രമായി എന്തിനാണു സര്‍വകലാശാല എന്നു ചോദിച്ചവരും വിരളമല്ല. ഒരു വിഷയത്തിനു മാത്രമായി സര്‍വകലാശാല എന്നതു് സര്‍വകലാശാലാ സങ്കല്‍പ്പത്തിനു തന്നെ ചേര്‍ന്നതല്ലെന്ന വാദക്കാരും ഉണ്ടു്. എന്നാല്‍ ആരോഗ്യം, കൃഷി, നിയമം, ഫിഷറീസ് തുടങ്ങിയ വിഷയങ്ങള്‍ക്കു് പ്രത്യേകമായി സര്‍വകലാശാലകള്‍ ആരംഭിച്ചപ്പോഴൊന്നും ഇത്തരം സന്ദേഹങ്ങള്‍ ആര്‍ക്കുമുണ്ടായിട്ടില്ല. ഒരു ഭാഷയ്ക്കു മാത്രമായി സര്‍വകലാശാല ആവശ്യമില്ലെന്നും അങ്ങനെ വന്നാല്‍ മറ്റുഭാഷകളും സര്‍വകലാശാലയ്ക്കു വേണ്ടി ആവശ്യപ്പെടുമെന്നും ഉള്ള അഭിപ്രായവും ചിലര്‍ക്കുണ്ടു്. എന്നാല്‍ മലയാളിയെ സംബന്ധിച്ചേടത്തോളം മറ്റേതെങ്കിലും ഭാഷയെപ്പോലെയല്ല മാതൃഭാഷയായ മലയാളം.

കേരളത്തിന്റെ പൊതുമണ്ഡലം രൂപപ്പെട്ടതും നിലനില്‍ക്കുന്നതും മലയാള ഭാഷയിലൂടെയാണു്. പൊതുമണ്ഡലം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള ഇടപെടലുകളും സമരങ്ങളും ആവിഷ്കരിക്കപ്പെട്ടതു മലയാളത്തിലൂടെയാണു്. മലയാളി അവന്റെ ജീവിതത്തെ ആവിഷ്കരിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലൂടെയാണു്. മലയും ആഴിയും അളവും അടയാളങ്ങള്‍ വച്ചിരിക്കുന്നതു് ഈ ഭാഷയില്‍ മാത്രമാണു്. കേരളത്തിന്റെ മണ്ണും പുഴയും വയലും സമുദ്രവും മാത്രമല്ല മനുഷ്യരും സൗന്ദര്യബോധവും കാലാവസ്ഥയുമെല്ലാം ഈ ഭാഷയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ മലയാളത്തിന്റെ ഭാവിയെന്നാല്‍ കേരളീയ ഭൂപ്രകൃതിയുടെയും മനുഷ്യരുടെയും പൊതുമണ്ഡലത്തിന്റെയും സംസ്കാരത്തിന്റെയും ഭാവി എന്നുകൂടിയാണര്‍ഥം. ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും വിള്ളല്‍ വീഴ്ത്തുന്ന കേരളീയ പൊതുമണ്ഡലത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള ചോദ്യവും "എമര്‍ജ്" ചെയ്തു വരുന്ന കേരളത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ചോദ്യവും മാതൃഭാഷയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്നു ഭിന്നമാകുന്നില്ല. മലയാളമെന്നാല്‍ കേരളീയ ഭൂപ്രകൃതിയുടെയും ചരിത്രത്തിന്റെയും മനുഷ്യജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അനുഭവസാകല്യമാണു്. ഈ മട്ടില്‍ കേരളീയ പൊതുമണ്ഡലത്തിന്റെ ഭൂതവര്‍ത്തമാനങ്ങളെ ആവരണം ചെയ്തുനില്‍ക്കുന്ന കവചമാണതു്. അത്തരമൊരു തലത്തിലേക്കുയരാന്‍ മാതൃഭാഷയ്ക്കല്ലാതെ മറ്റൊരു ഭാഷയ്ക്കും കഴിയില്ല.

ആഫ്രിക്കന്‍ എഴുത്തുകാരനായ എന്‍ഗൂഗി, ആശയവിനിമയം എന്ന നിലയിലുള്ള ഭാഷയുടെ മൂന്നു തലങ്ങളെയും അതിന്റെ പ്രവര്‍ത്തനത്തെയും വിശദീകരിച്ചിട്ടുണ്ടു്. കാള്‍ മാര്‍ക്സ് ഒരിക്കല്‍ വിശേഷിപ്പിച്ച യഥാര്‍ഥ ജീവിതത്തിന്റെ ഭാഷയാണു് ഇതിലൊന്നു്. ഭാഷയെന്ന സമ്പൂര്‍ണമായ ആശയത്തിന്റെ അടിസ്ഥാനഘടകം കൂടിയാണിതു്. തൊഴില്‍മേഖലയില്‍ മനുഷ്യര്‍ ആത്മബന്ധം സ്ഥാപിക്കുന്നതും ജീവിതോപാധിയായ ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവ നേടുന്നതും പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഭാഷയിലൂടെയാണു്.

കൃഷിയിലായാലും കൈത്തൊഴിലിലായാലും ഒരു ഉല്‍പന്നമെന്നതു് അനേകം കൈയും മനസ്സും ചേര്‍ന്നുണ്ടാകുന്നതാണു്. ഇങ്ങനെ മാനുഷികമായ സഹകരണത്തിന്റെ ഭാഷയാണു് യഥാര്‍ഥ ജീവിതത്തിന്റെ ഭാഷ. ഉല്‍പാദനത്തിലെ ആശയവിനിമയമാണു ഭാഷയുടെ രണ്ടാമത്തെ തലം. ഇതു് യഥാര്‍ഥ ജീവിതത്തിന്റെ അനുകരണങ്ങളാണു്. വാക്കുകളുടെ അടയാള സ്തംഭങ്ങള്‍ വഴി ജീവിതോപാധിയെ ഉല്‍പാദിപ്പിക്കുകയും അതിനായി തങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ബന്ധങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഭാഷയാണു് ഇതു്. മനുഷ്യര്‍ക്കും പ്രകൃതിക്കുമിടയില്‍ കൈകള്‍ക്കുള്ള അതേ പ്രാധാന്യം മനുഷ്യര്‍ക്കിടയില്‍ വാക്കുകള്‍ക്കുമുണ്ടു്. കൈകള്‍ ഉപകരണങ്ങള്‍ വഴി പ്രകൃതിക്കും മനുഷ്യര്‍ക്കും ഇടയിലെ ബന്ധങ്ങളെ നിര്‍മിക്കുകയും യഥാര്‍ഥ ജീവിതത്തിന്റെ ഭാഷയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിടയിലെ ആശയവിനിമയം നിര്‍വഹിച്ചു വികസിക്കുന്ന സംസാരഭാഷ യഥാര്‍ഥ ജീവിതത്തിന്റെ അനുകരണങ്ങളും പുനരാവിഷ്കരണങ്ങളും ആയിത്തീരുന്നു. എഴുത്തുഭാഷയാണു ഭാഷയുടെ മൂന്നാമത്തെ പ്രവര്‍ത്തനതലം. പറയപ്പെടുന്ന ഭാഷയുടെ അനുകരണമാണു് എഴുത്തു്. ദൃശ്യപ്രതീകങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ രേഖപ്പെടുത്തല്‍ താരതമ്യേന വൈകിയുണ്ടായ ചരിത്രവികാസമാണു്. ഒരു ജനതയുടെ യഥാര്‍ഥ ജീവിതത്തിന്റെ ഭാഷ. അതല്ലെങ്കില്‍ അതിനോടു് ഏറ്റവും അടുത്തു നില്‍ക്കുന്ന ഭാഷ അവരുടെ മാതൃഭാഷയാണു്. അതിനാല്‍ അവരുടെ ഉല്‍പാദനബന്ധങ്ങളുടെ ഭാഷയും - സംസാര ഭാഷ - എഴുത്തുഭാഷയും മാതൃഭാഷതന്നെയാകണം. അങ്ങനെയല്ലെങ്കില്‍ യഥാര്‍ഥ ജീവിതവും ആശയലോകവും തമ്മില്‍ വലിയ വിടവുണ്ടാവും. യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍നിന്നു് അന്യവല്‍ക്കരിക്കപ്പെട്ട ആശയലോകമായിരിക്കും അവരുടേതു്. എല്ലാ അധിനിവേശകരും അധിനിവേശിത സമൂഹങ്ങളുടെ മാതൃഭാഷയെ തകര്‍ത്തു് സ്വന്തം ഭാഷയെ അവരുടെ ഭാഷയ്ക്കുമേല്‍ സ്ഥാപിച്ചതു് അധിനിവേശത്തെ എളുപ്പമാക്കി തീര്‍ക്കാനാണു്. ഇങ്ങനെ കോളനീകരണത്തിന്റെ ഭാഗമായി അന്യവല്‍ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ സമൂഹം ഭാഷയിലൂടെ സ്വതന്ത്രരായിത്തീരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണു്. ലിപിപോലും ഇല്ലാത്ത തങ്ങളുടെ ഭാഷകളെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനുള്ള സമരത്തിന്റെ ഭാഗമാണു് 2000ല്‍ എറിത്രിയയില്‍ നടത്തിയ അസ്മാറാ പ്രഖ്യാപനം (മാതൃഭാഷയില്‍ മാത്രമേ എഴുതുകയുള്ളൂ എന്ന എഴുത്തുകാരുടെ പ്രഖ്യാപനം). ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണു് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നതു് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണു്. ഇതു് അവരുടെ ജീവിത നിലവാരത്തെ ഒരു തരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണു് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും. മാതൃഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസം നിലനില്‍ക്കുന്ന രാജ്യങ്ങളാണു് ജീവിതനിലവാരസൂചികയില്‍ പിറകില്‍നില്‍ക്കുന്നതു് എന്നു സ്ഥിതിവിവരകണക്കുകളെ മുന്‍നിര്‍ത്തിയുള്ള കെ സേതുരാമന്റെ പഠനം (മലയാളത്തിന്റെ ഭാവി) പറയുന്നു. രണ്ടു നൂറ്റാണ്ടോളം ഫ്രഞ്ചു് ആധിപത്യത്തിനു കീഴിലായിരുന്ന ഇംഗ്ലണ്ടുകാരും ഇതു തിരിച്ചറിഞ്ഞിരുന്നു. ഇംഗ്ലീഷ് കോടതികളിലെ ഭരണഭാഷ ഫ്രഞ്ചും ലാറ്റിനുമായിരുന്നു. ഇതു സാധാരണക്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷാക്കി മാറ്റാന്‍ അവര്‍ക്കു് സമരം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് അല്ലാത്ത ഭാഷ കോടതിയില്‍ സംസാരിക്കുന്നവര്‍ക്കു് അന്‍പതു് പവന്‍ പിഴ ചുമത്തുന്ന നിയമം 1731-ല്‍ ജോര്‍ജ് രണ്ടാമന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണു് അവിടുത്തെ കോടതികളില്‍ മാതൃഭാഷ നടപ്പിലായതു്.

1731-നു മുമ്പുള്ള ഇംഗ്ലണ്ടിലെ സ്ഥിതിയാണു് ഇപ്പോഴും നമ്മുടേതെന്നു് എഴുമറ്റൂര്‍ രാജരാജവര്‍മ്മ (ഭാഷയും ഭരണഭാഷയും) ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍ കോടതിയും ഭരണവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലല്ല എന്നു മാത്രമല്ല, ഈ മേഖലകളില്‍ മാതൃഭാഷയുടെ സാന്നിധ്യം നാള്‍ക്കുനാള്‍ ദുര്‍ബലപ്പെടുകയുമാണു്. കേരളത്തിന്റെ ഭരണപരമോ സാങ്കേതികമോ വിജ്ഞാനപരമോ ആയ ആവശ്യങ്ങളെ നിറവേറ്റാന്‍ അപര്യാപ്തമായ ഭാഷയാണു് മലയാളമെന്ന ഒരു യുക്തി ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടു്. കേരളത്തിന്റെ സാമൂഹ്യമായ അനുഭവങ്ങളോ സാമൂഹ്യപരതയോ ഇല്ലാത്ത അന്യഭാഷകളിലൂടെ നിര്‍മിക്കപ്പെടുന്ന ആശയലോകത്തില്‍ നിന്നും പൊതുമണ്ഡലത്തില്‍നിന്നും ഈ യുക്തി കേരളീയന്റെ യഥാര്‍ഥ ജീവിതത്തെ അന്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടു്. ജനപക്ഷവികസനത്തിനു പകരം മൂലധന വികസനത്തിനായി കേരളത്തിന്റെ മണ്ണും മനസ്സും ഒരുക്കിയെടുക്കുന്നതില്‍ ഈ അന്യവല്‍ക്കരണ യുക്തിക്കു് ചെറുതല്ലാത്ത പങ്കാണുള്ളതു്. ഇവിടെ മാതൃഭാഷ വേണമോ എന്ന ചോദ്യം കേരളത്തിന്റെ മണ്ണും പൊതുമണ്ഡലവും നിലനില്‍ക്കണോ എന്ന ചോദ്യമായി പിടഞ്ഞുവീഴുന്ന സന്ദര്‍ഭത്തിലാണു മുഖ്യമന്ത്രി മലയാള സര്‍വകലാശാല പ്രഖ്യാപിക്കുന്നതു്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പൊതുസമൂഹം അഭിമുഖീകരിക്കുന്ന ഭാഷയുടെയും സ്വാതന്ത്ര്യത്തിന്റേതുമായ ഏതെങ്കിലും പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ പ്രഖ്യാപിത മലയാളം സര്‍വകലാശാല പ്രാപ്തമാണോ എന്നുകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ടു്. ഏറ്റവും പ്രാഥമികമായി സര്‍വകലാശാലയുടെ പഠനവകുപ്പുകളും കോഴ്സുകളും തന്നെയാണല്ലോ ഇത്തരം കാര്യങ്ങളെ പ്രതിഫലിപ്പിക്കുക. ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ കഴിഞ്ഞ മെയ്‌മാസത്തില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച സര്‍വകലാശാല രേഖയില്‍ അഞ്ചു പഠനകോശങ്ങളും (ഫാക്കല്‍റ്റി) ഒന്‍പതു് പഠനാലയങ്ങളും (സ്കൂള്‍) പന്ത്രണ്ടു് ബിരുദാനന്തരബിരുദ കോഴ്സുകളുമാണു് നിര്‍ദേശിച്ചിട്ടുള്ളതു് (ഉപദേശക സമിതി ഇതില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയതായും അറിയുന്നു. എന്നാല്‍ രേഖയ്ക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കു് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയോ രേഖയോ ലഭിച്ചിട്ടില്ല!). 1-ഭാഷാവിജ്ഞാനകോശം, 2-സാഹിത്യകോശം, 3-കലാകോശം, 4-പൈതൃക പഠനകോശം, 5-വിജ്ഞാന പൈതൃക കോശം എന്നിവയാണ് പഠനകോശങ്ങള്‍. 1-മലയാള ഭാഷാ പഠനാലയം, (സ്കൂള്‍ ഓഫ് മലയാളം ലാംഗ്വേജ്) 2-സാഹിത്യ പഠനാലയം (സ്കൂള്‍ ഓഫ് മലയാളം ലിറ്ററേച്ചര്‍) 3-താരതമ്യ സാഹിത്യപഠനാലയം (സ്കൂള്‍ ഓഫ് കംപാരറ്റീവ് ലിറ്ററേച്ചര്‍, 4-പരിഭാഷാപഠനാലയം (സ്കൂള്‍ ഓഫ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്), 5-രംഗകലാ പഠനാലയം (സ്കൂള്‍ ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്സ്), 6-ദൃശ്യകലാ - വാസ്തുവിദ്യാ പഠനാലയം (സ്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍), 7-സാംസ്കാരിക പഠനാലയം (സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ്) 8-മാധ്യമപഠനാലയം (സ്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ്) 9-വിജ്ഞാന പൈതൃക പഠനാലയം (സ്കൂള്‍ ഓഫ് ട്രഡീഷണല്‍ നോളജ് സിസ്റ്റം) എന്നിങ്ങനെയുള്ള പഠനാലയങ്ങളാണു് അഞ്ചു പഠനകോശങ്ങള്‍ക്കുമായുള്ളതു്. മലയാളം ഭാഷാശാസ്ത്രം, കവിത, നോവല്‍, നാടകം, കേരളീയ രംഗകലകള്‍, കേരളീയ സംഗീതം, കേരളീയ ദൃശ്യകല, സാംസ്കാരിക നരവംശശാസ്ത്രം, കേരള സംസ്കാര പഠനം, കേരളപൈതൃകപഠനം, കേരളമാധ്യമ പഠനം എന്നിങ്ങനെ 12 വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദകോഴ്സുകളുമാണു് സര്‍വകലാശാല വിഭാവനംചെയ്തിട്ടുള്ളതു്. എല്ലാ പഠനകോശങ്ങളും പ്രോജക്ടുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കുമുള്ള സാധ്യതകളുടെ മുന്‍ഗണനയും നിശ്ചയിച്ചിട്ടുണ്ടു്. മറ്റു ഭാഷാചരിത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടു് മലയാളഭാഷാ ചരിത്രത്തെ പഠിക്കുക, അതിന്റെ പ്രാചീനത നിശ്ചയിക്കുക (ക്ലാസിക്കല്‍ ഭാഷാപദവിയുടെ നൂറുകോടിയിലേക്കു് ഒരു കണ്ണുള്ളതു നല്ലതു തന്നെ) കംപ്യൂട്ടര്‍ സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ലിപിപരിഷ്കരണം, ആധുനിക ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനാവശ്യമായ പദസമുച്ചയനിര്‍മിതി എന്നിവ ഭാഷാ വിജ്ഞാനകോശത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നുണ്ടു്.

മണ്‍മറഞ്ഞ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ സമാഹരിക്കുക, എഴുത്തുകാരുടെ ജീവിതവും സാഹിത്യവും ദൃശ്യരൂപത്തില്‍ രേഖപ്പെടുത്തുക, സാഹിത്യത്തിന്റെ വിപുലമായ മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കാണു് സാഹിത്യപഠനകോശം മുന്‍ഗണനല്‍കുന്നതു്. മലയാള സാഹിത്യത്തിലെ പ്രസ്ഥാനങ്ങള്‍ക്കു സമാനമായ അന്യഭാഷകളിലെ സാഹിത്യപ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുക, മലയാളത്തിലേക്കും പുറത്തേക്കുമുള്ള വിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ പ്രസാധകരുമായി ചേര്‍ന്നു് മലയാളകൃതികള്‍ക്കു് ആഗോളനിലവാരമുള്ള വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും സാഹിത്യ പഠനകോശത്തിന്റെ ലക്ഷ്യങ്ങളാണു്. കേരളീയ പരമ്പരാഗത കലകളുടെയും ക്ലാസിക്കല്‍ കലകളുടെയും അക്കാദമിക പഠനമാണു് കലാകോശം ലക്ഷ്യമിടുന്നതു്. ഇവ ഡോക്യുമെന്റ് ചെയ്യുന്നതിനും മുന്‍ഗണന നല്‍കുന്നു.

കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണു് പൈതൃകപഠനകോശം പ്രാധാന്യം കല്‍പ്പിക്കുന്നതു്. ഗണിതം, ആയുര്‍വേദം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗോത്രവിജ്ഞാനം ഇവയെക്കുറിച്ചുള്ള പഠനം, ഇതിന്റെ പരിരക്ഷ, ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇവയ്ക്കുള്ള സ്വീകാര്യതയെക്കുറിച്ചുള്ള പര്യാലോചനകള്‍ തുടങ്ങിയവയാണു് വിജ്ഞാനപൈതൃകകോശം ലക്ഷ്യമാക്കുന്നതു്. രാജാരവിവര്‍മ, സ്വാതിതിരുനാള്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കുമാരനാശാന്‍, സി വി രാമന്‍പിള്ള എന്നിവരുടെ പേരിലുള്ള പഠന ചെയറുകളും സര്‍വകലാശാലയിലുണ്ടാകും (പ്രതിമയാക്കി നിര്‍ത്തി അപമാനിച്ചതിന്റെ ക്ഷീണം ചെയറിലിരുത്തി ആദരിച്ചാല്‍ മാറുമോ എന്ന ചൊല്ല് പഴഞ്ചൊല്ലാകുമോ ആവോ!). ഈ രേഖയില്‍ എവിടെയാണു് മലയാളത്തിന്റെയും മലയാളിയുടെയും ഭാവിയെക്കുറിച്ചുള്ള സൂചനകള്‍? ഭാവിപ്രതീക്ഷയിലേക്കു കാലെടുത്തുവയ്ക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്തു് ഇംഗ്ലീഷിലും മരണാടിയന്തരച്ചടങ്ങിന്റെ ക്ഷണക്കത്തു് മലയാളത്തിലും അച്ചടിക്കുന്ന മലയാളിയുടെ അതേ കാഴ്ചപ്പാടുതന്നെയാണോ ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകേണ്ടത്? മലയാളകൃതികളെ ആഗോളതലത്തിലെത്തിക്കാനുള്ള പരിഭാഷാപഠനാലയത്തിന്റെ നിര്‍ദേശവും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യക്കനുസരിച്ചരിച്ചു് മലയാള ലിപി പരിഷ്ക്കരിക്കാനും ആധുനിക ശാസ്ത്രവിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാനാവശ്യമായ മട്ടില്‍ പദസമുച്ചയം നിര്‍മിക്കാനുമുള്ള ഭാഷാവിജ്ഞാനകോശത്തിന്റെ നിര്‍ദേശങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഭാവിയെ സംബന്ധിക്കുന്ന യാതൊന്നും ഈ രേഖയിലില്ല. ഭൂതകാലാവേശിതരായ കുറേയാളുകളെ സൃഷ്ടിക്കുന്ന ഫോസിലുകളുടെയും പുരാരേഖകളുടെയും സമാഹാരമാകരുതു് മലയാളം സര്‍വകലാശാല. പരിഭാഷ, ലിപി പരിഷ്കരണം, പദസമുച്ചയ നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്കായി നേരത്തെതന്നെ നമുക്കു് പ്രോജക്ടുകള്‍ നടപ്പിലുണ്ടു്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതു മൂന്നും ഉണ്ടു്. പ്രാദേശിക വിജ്ഞാനത്തിന്റെയും സാംസ്കാരത്തിന്റെയും പഠനം, പരിപോഷണം, മലയാളത്തിലുള്ള വിജ്ഞാന രൂപീകരണം തുടങ്ങിയവ കേരളസര്‍വകലാശാലയുടെയും തുടക്കത്തിലുള്ള പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇവയൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല വിപരീതഫലങ്ങളാണു് കൂടുതല്‍ ഉണ്ടാക്കിയിട്ടുള്ളതും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദനിര്‍മാണ പരിശ്രമവും ലിപി പരിഷ്കരണശ്രമവും അതാതു് മേഖലകളിലെ പണ്ഡിതന്മാരില്‍നിന്നുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടു്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നിട്ടും പല സ്വതന്ത്രഗ്രൂപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടുത്തെത്താന്‍പോലും ഇവര്‍ക്കായില്ല. തത്വങ്ങളുണ്ടായാല്‍ മാത്രം പോരാ, അവയ്ക്കുപിന്നിലെ ദര്‍ശനങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ തിരിച്ചറിയുകയും ഈ തിരിച്ചറിവിനെ ഇച്ഛാശക്തിയാക്കി മാറ്റുകയുംചെയ്യുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കൂടി നമുക്കുണ്ടാവണം. അപ്പോള്‍ ചോദ്യങ്ങള്‍ ലളിതവും ഋജുവുമായിത്തീരും. കേരളത്തിന്റെ സാമൂഹ്യ പൊതുമണ്ഡലത്തെ മതനിരപേക്ഷ പൊതുമണ്ഡലമായി ശക്തിപ്പെടുത്തുന്ന സംവിധാനമായി മലയാളം സര്‍വകലാശാലയെ ഉയര്‍ത്താന്‍ ഇപ്പോഴത്തെ കേരളസര്‍ക്കാരിനു കഴിയുമോ? മൂലധന വികസനത്തിനുപകരം ജനപക്ഷ വികസനത്തിനുചേര്‍ന്ന ഭാഷയും സംസ്കാരവും ലോകബോധവും ഉല്‍പാദിപ്പിക്കുന്ന സ്ഥാപനമായി മാറാന്‍ അതിനുകഴിയുമോ? ഇതെല്ലാം കഴിയണമെങ്കില്‍ മലയാളമെന്നാല്‍ തുമ്പപ്പൂവും മുത്തങ്ങച്ചെടിയും വള്ളംകളിയും ഉപ്പുമാങ്ങയുമാണെന്ന ധാരണയില്‍നിന്നു പുറത്തുകടക്കാനെങ്കിലും നമുക്കുകഴിയണം. ഏറ്റവും ചുരുങ്ങിയതു്, അതു് റോക്കറ്റു വിക്ഷേപണ കേന്ദ്രമായ തുമ്പയും ആദിവാസി ഭൂസമരത്തിന്റെ ചോരവീണ വയനാട്ടിലെ മുത്തങ്ങയുമാണെന്നെങ്കിലും സമ്മതിക്കണം. റോക്കറ്റിന്റെ സാങ്കേതിക വിദ്യ മലയാളത്തില്‍ പഠിപ്പിക്കുകയും മലയാളത്തില്‍ "കൗണ്ട് ഡൗണ്‍" നടത്തി റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്യുന്നൊരു കാലത്തെ നമുക്കു് സങ്കല്‍പിക്കാനാകണം. നിവര്‍ന്നു കിടക്കാനുള്ള ആറടി മണ്ണിനോടൊപ്പം ആദിവാസിക്കു് അവന്റെ കൃഷിഭൂമിയും സ്വന്തം ഭാഷയുടെയും സംസ്കാരത്തിന്റെയും ആകാശവും കൈവരുന്ന സുദിനത്തെ സ്വപ്നം കാണാനാകണം. വര്‍ത്തമാനത്തിലും ഭാവിയിലുമായി നിലനില്‍ക്കുന്ന കേരളത്തിന്റെ പ്രശ്നങ്ങളെയും പ്രതീക്ഷകളെയും ആവശ്യങ്ങളെയും നിറവേറ്റാനുള്ള ഭാഷയും അനുബന്ധസംസ്കാരവുമാണു് മലയാളമെന്നു തിരിച്ചറിയേണ്ടതുണ്ടു്. അത്രയും തിരിച്ചറിവെങ്കിലും ഉണ്ടായാല്‍ എമ്പ്രാശ്ശന്റെ വെളിച്ചത്തില്‍ വാരസ്യാരുടെ സദ്യ നടത്താന്‍ ആരും ഒരുമ്പെടുകയില്ലല്ലോ. എഴുത്തച്ഛനു മുമ്പു് നമുക്കു് ചെറുശ്ശേരിയും കണ്ണശ്ശന്മാരുമുണ്ടായിരുന്നു. എഴുത്തച്ഛനുശേഷവും ഉണ്ടായി നിരവധി കവികളും എഴുത്തുകാരും. മലയാളം എന്ന വാക്കു് ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മൂന്നരക്കോടിയോളം വരുന്ന മലയാളികളെയും ഉള്‍ക്കൊള്ളുന്നു. അങ്ങനെയെങ്കില്‍ മലയാളം സര്‍വകലാശാലയില്‍ മലയാളത്തിനുമുന്നില്‍ എഴുത്തച്ഛന്റെ പേരുമാത്രമായി എഴുതി വച്ചതെന്തിനെന്നു് "പയ്യന്‍സ്" ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? മലപ്പുറം ജില്ലയില്‍ തന്നെ തേഞ്ഞിപ്പാലത്തു് പ്രവര്‍ത്തിക്കുന്ന കലിക്കറ്റ് സര്‍വകലാശാലയ്ക്ക് അയ്യായിരം ഏക്കറും പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അലിഗഢ് സര്‍വകലാശാലാ കേന്ദ്രത്തിനു് നാലായിരം ഏക്കറും ഭൂമിനല്‍കിയ സര്‍ക്കാരിനു് മലയാളം സര്‍വകലാശാലയ്ക്കും അയ്യായിരം ഏക്കറെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതായിരുന്നു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ മലയാളം സര്‍വകലാശാലയ്ക്കനുവദിച്ച നൂറേക്കര്‍ തന്നെ തിരൂരിലും തിരുനാവായയിലും ആതവനാടുമായി പലതായിമുറിച്ച് സര്‍വകലാശാലയെ പലജാതികളായി തിരിക്കുകയാണു് ചെയ്യുന്നതു്. തൊട്ടടുത്തു് തിരുനാവായയില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃത സര്‍വകലാശാല ഉപകേന്ദ്രംപോലും ഒരൊറ്റ ക്യാമ്പസിലാണെന്നു് സര്‍ക്കാരിനറിയാത്തതല്ല. പാണക്കാട്ടു് തുടങ്ങാനിരിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിനുപോലും 75 ഏക്കര്‍സ്ഥലം ഒരൊറ്റ ക്യാമ്പസായാണു് അനുവദിക്കാന്‍ പോകുന്നതെന്നു് പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ ഭാഷാപഠനം മാത്രമല്ല, ഈ ഭാഷയിലൂടെ ഏറ്റവും പുതിയ ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍പോലും പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളതായും പത്രവാര്‍ത്തകള്‍ ഉണ്ടു്. ഒരു ഭാഗത്തു് മലയാളത്തിനു് സര്‍വകലാശാല പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ മറുഭാഗത്തു് മലയാളത്തിനു് ഇത്രയെല്ലാം മതി എന്ന സമീപനവും ഉണ്ടു്. അല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു് - ങ ട 103/11/ 6 5 2011 - ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും അലമാരയിലെ പൊടിപിടിച്ച കടലാസുമാത്രമായി തുടരില്ലല്ലോ. ഇതു നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മാറ്റാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തിയിട്ടായാലും സ്വന്തം ഉത്തരവിനോടെങ്കിലുമുള്ള ബാധ്യതയും ആത്മാര്‍ഥതയും നിറവേറ്റാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.

വാസ്തവത്തില്‍ പാണക്കാട്ടു് തുടങ്ങാനിരിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് ഇന്‍സ്റ്റിറ്റ്യൂട്ടും അറബി, ഉര്‍ദു തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റനവധി ഭാഷാ പഠനകേന്ദ്രങ്ങളും മലയാളം സര്‍വകലാശാലയുടെ ഭാഗമായാണു് പ്രവര്‍ത്തിക്കേണ്ടതു്. ലോകത്തെ മലയാളത്തിലൂടെ അറിയാനും മലയാളത്തെ ലോകത്തിനു് അറിയിച്ചുകൊടുക്കാനുമുള്ള ജാലകമായി മാറാന്‍ ഈ സര്‍വകലാശാലയ്ക്കു് കഴിയണം. അതോടൊപ്പം ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍കൂടി മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മട്ടില്‍ ഭാവി വിജ്ഞാനത്തിന്റെ ഭാഷയായി മലയാളത്തെമാറ്റാന്‍ സര്‍വകലാശാലയ്ക്കു് കഴിയണം.

അറുപത്തിനാലു് വിദേശഭാഷകള്‍ പഠിപ്പിക്കുന്ന ഹീബ്രു സര്‍വകലാശാല ഇക്കാര്യത്തില്‍ നമുക്കു മാതൃകയാവേണ്ടതാണു്. 1918-ലാണ് ഇതു് സ്ഥാപിച്ചതു്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇതിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. സിഗ്മണ്ട് ഫ്രോയ്ഡ് ഈ സര്‍വകലാശാലയുടെ ആദ്യകാല ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു. ഈ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതു് ലോക പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന എഡ്മണ്ട് ലാന്‍ഡുവാണ്. സര്‍വകലാശാലാ തലവനാകാന്‍ ഏറ്റവും ആദ്യം പരിഗണിച്ച പേരുകളില്‍ ഒന്നു് ഇദ്ദേഹത്തിന്റെതായിരുന്നു. ഇവരെല്ലാം തങ്ങളുടെ ഗൗരവമാര്‍ന്ന പ്രബന്ധങ്ങള്‍ ആദ്യം എഴുതിയിരുന്നതു് ഹീബ്രുവിലായിരുന്നു.

മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ചിതറിപ്പോയ ഒരു ജനതയെ ആധുനികസ്വത്വമുള്ള അതിശക്തമായ ഒരു സമൂഹമായി വികസിപ്പിച്ചെടുത്തതില്‍ ഈ സര്‍വകലാശാലയ്ക്കുള്ള പങ്കു് വളരെ വലുതാണു്. മൃതപ്രായമായി, വിജ്ഞാനശേഷി നഷ്ടപ്പെട്ടുപോയ ഒരു ഭാഷയെ ആധുനിക ലോകഭാഷകളിലൊന്നായി വികസിപ്പിച്ചെടുത്തതും ഈ സര്‍വകലാശാല തന്നെയാണു്. ഇന്നു് ലോകത്തിലെ ഏറ്റവും മികച്ച ചുരുക്കം ചില സര്‍വകലാശാലകളിലൊന്നു കൂടിയാണു് ഹീബ്രുസര്‍വകലാശാല. 1962-ലാണ് പാട്യാലയില്‍ പഞ്ചാബി സര്‍വകലാശാല നിലവില്‍ വന്നതു്. 1981-ല്‍ തഞ്ചാവൂരിലെ തമിഴു് സര്‍വകലാശാലയും 1985-ല്‍ നമ്പള്ളിയിലെ തെലുങ്ക് സര്‍വകലാശാലയും 1991-ല്‍ ഹമ്പിയിലെ കന്നട സര്‍വകലാശാലയും 1997-ല്‍ ആന്ധ്രയിലെ കുപ്പത്ത് ദ്രാവിഡ സര്‍വകലാശാലയും നിലവില്‍ വന്നു. അതാതിടങ്ങളിലെ ഭാഷയുടെയും സംസ്കാരത്തിന്റെയും സ്ഥിതി അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ ഈ സര്‍വകലാശാലകള്‍ക്കു കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ മാതൃഭാഷയെ അതാതു ജനസമൂഹത്തിന്റെ ഭാവിയുടെ ഭാഷയായി മാറ്റാനോ, വിജ്ഞാന രൂപീകരണത്തിന്റെ ഭാഷയായി മാറ്റാനോ ഈ സര്‍വകലാശാലകള്‍ക്കു് കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നെല്ലാം പാഠങ്ങളുള്‍ക്കൊണ്ടുവേണം മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടരാന്‍. അതല്ലെങ്കില്‍ കേരളപ്പിറവി ദിനത്തില്‍ ആദിവാസികളോടൊപ്പം കോല്‍ക്കളി കളിച്ചും കേരളീയ വേഷമെന്നപേരില്‍ സെറ്റ് സാരിയുടുത്തും തിരുവാതിര കളിച്ചും വഞ്ചിക്കുകയും സ്വയംവഞ്ചിതരാവുകയും ചെയ്യുന്ന മലയാളിയുടെ വഞ്ചനാ ചരിത്രത്തിലെ മറ്റൊരലങ്കാരം മാത്രമായിപ്പോകും മലയാളം സര്‍വകലാശാല.

വൈകിയാണെങ്കിലും ഈ സര്‍ക്കാര്‍ മാതൃഭാഷയ്ക്കുവേണ്ടി സര്‍വകലാശാല തുടങ്ങിയതുകൊണ്ടുമാത്രമാണു് ഇത്തരത്തിലൊരു ചര്‍ച്ചപോലും സംഗതമായിത്തീര്‍ന്നതു്. അതുകൊണ്ടുതന്നെ അതിനെ ലക്ഷ്യത്തിലേക്കെത്തിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ടു്. ഒപ്പം അതൊരലങ്കാരമായി മാറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയബോധവും ഇച്ഛാശക്തിയും കലര്‍ന്ന ഇടപെടലുകള്‍ കേരളീയ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉയര്‍ന്നുവരണം.

.

No comments:

Post a Comment